Monday, August 25, 2014

നോവല്‍ - അദ്ധ്യായം - 37.

 '' ദീപൂ, എഴുന്നേൽക്ക് '' വലിയമ്മ മുതുകത്ത് തട്ടി വിളിക്കുകയാണ്. വൈകിയെത്തിയ ഉറക്കത്തിന്ന് പിരിഞ്ഞുപോവാൻ അതിലേറെ മടി.

'' സമയം എത്രയായി '' കിടന്ന കിടപ്പിൽ ചോദിച്ചു.

'' പത്തര ''.

ഒരു ഞെട്ടലാണ് തോന്നിയത്. പപ്പനമ്മാമനെ എട്ടു മണിക്കു മുമ്പ് വീട്ടിൽ എത്തിക്കാമെന്ന് ഏറ്റതാണ്. സമയം പോയത് അറിഞ്ഞില്ല.

'' പപ്പനമ്മാമനെ കൊണ്ടു പോവണ്ടേ '' പിടഞ്ഞെഴുന്നേൽക്കുന്നതിന്നിടെ ചോദിച്ചു.

'' അദ്ദേഹം വീടെത്തിയിട്ട് മണിക്കൂർ മൂന്നാവും ''.

'' എന്നെ വിളിച്ചില്ലല്ലോ ''.

'' ഞാൻ വിളിക്കാൻ വന്നതാ. ആ കുട്ടി ഉറങ്ങിക്കോട്ടെ. ബുദ്ധിമുട്ടിക്കണ്ടാ എന്ന് അദ്ദേഹം പറഞ്ഞതോണ്ട് വിളിച്ചില്ല ''.

'' എന്നിട്ട് എങ്ങിനെ പോയി ''.

'' ഉണ്ണിക്കുട്ടൻ ഒരു ഓട്ടോറിക്ഷ വിളിച്ചിട്ടു വന്ന് അതിൽ കയറ്റി വിട്ടു ''.

പപ്പനമ്മാമന്ന് നടന്ന് ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്കിലും അതല്ലല്ലോ ശരി. ഒരു കാര്യം ചെയ്യാമെന്ന് ഏറ്റിട്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ. മനസ്സിൽ കുറ്റബോധം തോന്നി. വൈകിയെത്തിയ ഉറക്കത്തിനെ ശപിച്ചു.

'' ഇനി മടിപിടിച്ച് ഇരിക്കണ്ടാ. ഒരു സ്ഥലംവരെ പോവാനുണ്ട് ''.

'' എവിടേക്കാ ''.

'' അതൊക്കെ പറയാം‌. ആദ്യം പല്ലുതേച്ച് ആഹാരം കഴിക്കാൻ നോക്ക്. കുളി അവിടെ പോയി വന്നിട്ടാവാം ''.

മരണംനടന്ന ഏതോ ഒരു വീട്ടിലേക്കാണെന്ന് മനസ്സിലായി. ഉറക്കമുണർന്ന് എഴുന്നേറ്റതും  മരണവാർത്ത കേൾക്കണ്ടാ എന്നുവെച്ചിട്ടാവും വലിയമ്മ ആ വിവരം പറയാത്തത്. പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ച് എത്തുമ്പോൾ ഡൈനിങ്ങ് ടേബിളിൽ പ്രാതൽ റെഡിയായിരിക്കുന്നുണ്ട്. വെളേപ്പത്തിനും കറിയ്ക്കും നല്ല സ്വാദ്. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.

'' നമ്മുടെ ജാനുമുത്തി മരിച്ച്വോത്രേ '' വലിയമ്മ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. മുത്തിയമ്മ ഇതുവരെ മരിച്ചില്ലെന്നോ ? തറവാട്ടിൽ നിന്ന് ഭാഗം പിരിഞ്ഞ് അക്കരെ താമസമാക്കിയ ഒരു അമ്മാമൻറെ ഭാര്യയായിരുന്നു അവർ‌. കുട്ടിക്കാലത്ത് അക്കരെ വീട്ടിൽ പലതവണ വലിയമ്മയോടൊപ്പം പോയിട്ടുണ്ട്. അന്നേ ജാനുമുത്തി  ഒരു പടുവൃദ്ധയായിരുന്നു.

'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ജാനുമുത്തിയെ ഓർമ്മയില്ലേ ''.

'' ഉവ്വ് ''. കാണാൻചെല്ലുമ്പോഴൊക്കെ ജാനുമുത്തി എന്തെങ്കിലും തരാറുണ്ട്. പഴകി പൂപ്പൽ പിടിച്ച ബിസ്ക്കറ്റോ, എണ്ണച്ചുക്കടിക്കുന്ന വാഴക്ക വറ്റലോ അളിഞ്ഞു തുടങ്ങിയ നേന്ത്രപ്പഴമോ ആയിരിക്കും സ്നേഹത്തോടെ വെച്ചു നീട്ടുന്നത്. തിന്നാൻ കൊള്ളാത്ത അവ വാങ്ങി പോക്കറ്റിലിടും‌. പോരാൻ നേരത്ത് വഴിയോരത്ത് വലിച്ചെറിയും.

'' തിന്നാൻ കൊള്ളാത്ത സാധനങ്ങൾ തരാറുള്ള മുത്തിയമ്മയല്ലേ ''.

'' അപ്പോൾ നീ മറന്നിട്ടില്ല '' വലിയമ്മ ചിരിച്ചു '' അതായിരുന്നു അയമ്മടെ പ്രകൃതം‌. വയസ്സായ ആളല്ലേ എന്നു വിചാരിച്ച് കാണാൻ ചെല്ലുന്നവർ  തിന്നാനുള്ളത് എന്തെങ്കിലും കൊണ്ടുപോയി കൊടുക്കും‌. തള്ള അതൊന്നും തിന്നില്ല. അപ്പോൾത്തന്നെ ആർക്കെങ്കിലും കൊടുത്താൽ അവരെങ്കിലും തിന്നും‌. അതും ചെയ്യില്ല. ഒടുവിൽ വെച്ചിരുന്ന് കേടു വന്നാൽ അതെടുത്ത് മറ്റൊള്ളോർക്ക് കൊടുക്കും ''.

'' ജാനുമുത്തിക്ക് എത്ര വയസ്സ് കാണും ''.

''  നൂറു വയസ്സ് ആയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്. കുറച്ചായി ഞാൻ കാണാൻ ചെന്നിട്ട് ''.

'' നമ്മൾ ആരേയെങ്കിലും അറിയിക്കാനുണ്ടോ ''.

'' മാഷേട്ടനും സുമിത്രയും പോയശേഷമാണ് ഫോൺ വന്നത്. ഉച്ചയ്ക്ക് മുമ്പ് ശവമെടുക്കും എന്നു പറഞ്ഞു.  ആ വിവരം ഞാൻ രണ്ടാളോടും വിളിച്ച് പറയുകയും ചെയ്തു ''.

വലിയമ്മ കാറിൻറെ മുൻസീറ്റിൽ  ഇരുന്നു. നടന്നു പോവുകയാണെങ്കിൽ പുഴയുടെ മറുകരയിലെ ആ വീട്ടിലേക്ക് രണ്ടോ രണ്ടരയോ കിലോമീറ്ററേ ഉണ്ടാവൂ. മുമ്പ് പുഴയിറങ്ങി കടന്ന് പോവുമായിരുന്നു. ഇപ്പോൾ ആരും അതിന്ന് മിനക്കെടാറില്ല. മെയിൻ റോഡിൽ നിന്ന് തെക്കോട്ടേക്ക് പോവുന്ന പാതയിലൂടെ ചെന്നാൽ പതിപ്പാലമുണ്ട്. ബസ്സ് സർവ്വീസ് ഉള്ള പാതയിലെ ആ പാലം കനത്ത മഴക്കാലത്ത് വെള്ളത്തിനടിയിലാവും‌. ദിവസങ്ങളോളം അതിലെ ഗതാഗതം ഉണ്ടാവില്ല.

'' ശവം ഐവർമഠത്തിലേക്ക് കൊണ്ടുപോവും എന്നാ പറഞ്ഞത്. അതാണ് സൗകര്യം. വീട്ടുകാരൊന്നും അറിയേണ്ട.  പറഞ്ഞ കാശ് കൊടുത്താൽ മതി '' വലിയമ്മ എന്തോ ആലോചനയിലാണ്.

'' എന്താ ആലോചിക്കുന്നത് ''.

'' മുമ്പൊക്കെ ആരെങ്കിലും മരിച്ചു എന്ന് അറിഞ്ഞാൽ മതി. ചുറ്റുപാടും ഉള്ള ആളുകൾ ഒത്തുകൂടും‌. പിന്നെ ശവം എടുത്ത് കിടത്തലായി. കത്തിച്ച നിലവിളക്കും പരാർപ്പും തലഭാഗത്ത് വെക്കുമ്പോഴേക്ക് നാട്ടിൽ വിവരം കൊടുക്കാൻ ആളെ വിടും‌. മാവു മുറിക്കാനും ശവദഹനത്തിന്ന് വേണ്ട സാധനങ്ങൾ വാങ്ങാനും പണിക്കാരെ പറഞ്ഞയയ്ക്കും‌. ഒന്നും ആരോടും പറയേണ്ട കാര്യമില്ല. കണ്ടറിഞ്ഞ് ഓരോരുത്തര് ചെയ്തോളും‌. ഇപ്പോൾ അതാണോ സ്ഥിതി. അപ്പുറത്തെ വീട്ടിൽ ഒരാള് മരിച്ചു കിടക്കുമ്പോഴാവും ഇപ്പുറത്തെ വീട്ടിൽ സദ്യയും ആഘോഷവും ''.

'' ഡെഡ് ബോഡി കൊണ്ടുപോയിട്ടല്ലേ നമ്മൾ തിരിച്ചു പോരൂ ''.

'' അതൊന്നും വേണ്ടാ. അവിടെ ചെന്ന് ആളെ കാണിക്കണം. കുറച്ചുനേരം നിന്നിട്ട് നമുക്ക് മടങ്ങി പോരാം ''.

പതിപ്പാലം കടന്നശേഷം ആദ്യത്തെ വളവിനടുത്തു നിന്ന് കാർ ഇടത്തോട്ട് തിരിച്ചു. മുമ്പ് ചരൽപ്പാതയായിരുന്ന വഴി ടാറിട്ടിരിക്കുന്നു. പടിക്കലായി കാർനിർത്തി, വലിയമ്മയോടൊപ്പം നടന്നു. തുണിപ്പന്തലിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേലകൾ മിക്കതും ഒഴിഞ്ഞു കിടപ്പുണ്ട്.

വാതിൽപ്പടിക്കരികെ ചെരിപ്പഴിച്ചുവെച്ച് അകത്തേക്ക്ചെന്നു. ശവശരീരം വെച്ച ഫ്രീസറിന്നുമുകളിൽ ആരോ ഒരുറീത്ത് വെച്ചിരിക്കുന്നു. ജാനുമുത്തി ഒർമ്മയായി മാറാൻ ഏതാനും നാഴിക മാത്രം‌. 

ഒരു നിമിഷം ആ ശരീരത്തിലേക്ക് നോക്കി. വായിൽവെക്കാൻ കൊള്ളാത്ത എന്തെങ്കിലും കുട്ടികൾക്ക്കൊടുപ്പാനായി അവർ കരുതിയിട്ടുണ്ടാവുമോ? തലയ്ക്കൽ കത്തിച്ചുവെച്ച ചന്ദനത്തിരികളിൽ നിന്ന് ഉയരുന്ന പുകയ്ക്ക് മരണത്തിൻറെ ഗന്ധമാണ്. ഏറെനേരം അത് സഹിക്കാനാവില്ല. പോരാൻ നേരത്ത് വലിയമ്മയെ നോക്കി. അവർ സ്ത്രീകൾക്കിടയിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മുൻവരിയിലെ ഒരു കസേലയിൽ  ഇരുന്നു. പരിചയമുള്ള ഒരു മുഖവും കാണാനില്ല. കുറെ നേരം ഒറ്റയ്ക്കിരുന്നാൽ ബോറടിക്കും‌. പക്ഷെ അത് വേണ്ടി വന്നില്ല.

'' സുഭദ്ര ടീച്ചറുടെ ആരാ '' പ്രായം‌ ചെന്ന ഒരാൾ അടുത്തു വന്ന് ചോദിച്ചു.

'' മകൻ '' ഒറ്റവാക്കിൽ മറുപടി ഒതുക്കി.

'' അതിന് ടീച്ചർക്ക് ഒരു മകളല്ലേ ഉള്ളൂ ''.

'' സുഭദ്ര ടീച്ചർ എൻറെ വലിയമ്മയാണ്. സുശീലടീച്ചറുടെ മകനാണ് ഞാൻ ''

'' അങ്ങിനെ പറയിൻ‌. ആക്സിഡൻറിൽപെട്ട് അച്ഛൻറെ ഒരു കാൽ പോയി അല്ലേ ''.

ഉവ്വെന്ന മട്ടിൽ തലയാട്ടി.

'' മൂന്ന് ടീച്ചർമാർക്കും എന്നെ നല്ലോണം അറിയും. ഡ്രൈവറ് ഗോവിന്ദൻ‌ നായർ എന്നു പറഞ്ഞാൽ അറിയാത്ത ആരാ ഈ നാട്ടിൽ ഉള്ളത്.  ആട്ടേ. എന്നാ ലീവിൽ വന്നത്, എത്ര ദിവസം ലീവുണ്ട് ''.

'' വന്നിട്ട് ഒരു മാസം ആവാറായി. ഇനി ഒരു മാസംകൂടി ഉണ്ടാവും '' ഇനി എന്തെങ്കിലും ചോദിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റണം‌.

'' ബോഡി എടുക്കാറായോ ''.

'' പന്ത്രണ്ട് മണി എന്നാ പറഞ്ഞത്. അപ്പഴയ്ക്ക് ആവ്വോന്നാ സംശയം‌. ഒരു പെരക്കുട്ടി ഡെൽഹിയിലുണ്ട്. അയാൾ വന്നിട്ടു വേണം എടുക്കാൻ ''.

'' അയാൾ എപ്പോൾ എത്തും ''.

'' എപ്പൊഴാ എന്ന് പറയാൻ പറ്റില്ല. വിമാനത്തിൽ വന്ന് കൊയമ്പത്തൂരിൽ ഇറങ്ങി എന്ന് പറഞ്ഞു. അവിടുന്നിങ്ങോട്ട് ടാക്സിയിലാണ് യാത്ര. റോഡ് പണി കാരണം മെല്ലേ വരാൻ പറ്റൂ. പോരാത്തതിന്ന് വാളയാറിൽ എന്നും ട്രാഫിക്ക് ബ്ലോക്കുണ്ടാവും. അതൊക്കെ കടന്നിട്ട് എത്തണ്ടേ ''.

'' എന്തായിരുന്നു അസുഖം ''.

'' അങ്ങിനെ പറയത്തക്ക ഒരു സൂക്കടും അവർക്ക് ഉണ്ടായിരുന്നില്ല. വരുന്ന എടവത്തിൽ നൂറാം പിറന്നാൾ ആഘോഷിക്കാനിരുന്നതാ. അത് നടക്കാതെ പോയി ''.

വലിയമ്മ പുറത്തേക്ക് വന്നതും എഴുന്നേറ്റു.

'' മാഷേട്ടനും സുമിത്രയും പപ്പനമ്മാമനും  ഒക്കെ വന്നു പോയത്രേ ''  അവർ പറഞ്ഞു '' നമുക്കും പോവാം ''.

'' അല്ലാ. ശവം എടുക്കും മുമ്പ് പോവ്വാണോ '' അയാൾ വിടുന്ന മട്ടില്ല.

'' ചെന്നിട്ട് ഒരു സ്ഥലം വരെ പോവാനുണ്ട് '' വലിയമ്മ മറുപടി നൽകി.

'' അങ്ങിനെയാണെങ്കിൽ പിന്നെ നിവൃത്തിയില്ലല്ലോ ''.

'' ശരി. പിന്നെ കാണാം '' അയാളോട് യാത്ര പറഞ്ഞു.

'' നല്ല ആളേയാണ് നിനക്ക് വർത്തമാനം പറയാൻ കിട്ടിയത്. കടിച്ചാൽ കടി വിടാത്ത സൈസ്സാണ് ആ മഹാൻ '' കാറിൽ കയയതും വലിയമ്മ പറഞ്ഞു '' എന്തായാലും നീ ഒറ്റയ്ക്കിരുന്ന് ബോറടിച്ചില്ലല്ലോ ''.

'' കൂടുതൽ നേരം സംസാരിച്ചാൽ തീർച്ചയായും ബോറ് തോന്നുമായിരുന്നു. ഭാഗ്യം,  അപ്പോഴേക്കും വലിയമ്മ വന്നു രക്ഷിച്ചു ''.

രണ്ടുപേരും ചിരിച്ചു. കാർ പതിപ്പാലത്തിനടുത്തെത്തി

8 comments:

  1. നാട്ടിൻ‌പുറങ്ങളിൽ പണ്ട് കാണാൻ കഴിഞ്ഞിരുന്ന നന്മയുടെയും കൂട്ടായ്മയുടെയും ഓർമ്മകളിലേക്ക് ഒരു നിമിഷം മടങ്ങിപ്പോയി...

    കേരളേട്ടാ, ഈ നോവലിലൂടെ സഞ്ചരിക്കുന്നത് ഒരനുഭവം തന്നെയാണ്...

    ReplyDelete
    Replies
    1. വിനുവേട്ടന്‍,
      കഥ ഇഷ്ടമായി എന്നറിഞ്ഞ് സന്തോഷിക്കുന്നു

      Delete
  2. ഇപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ പോലും വലിയ ചെലവുള്ള ഏര്‍പ്പാടാണെന്ന് കണ്ടു, നാട്ടില്‍ പോയപ്പോള്‍

    ReplyDelete
    Replies
    1. ajith,
      ശരിയാണ്. പണച്ചിലവ് കൂടിയതിന്നുപുറമേ പരിചയ സമ്പന്നരായവരെ കിട്ടാനുമില്ല.

      Delete
  3. നാട്ടിൻ‌പുറം അങ്ങനെയൊക്കെയായിരുന്നു പണ്ട്.. ഇന്ന് ആർക്കാ ഇതിനൊക്കെ നേരം. ഇന്ന് മരണ അറിയിപ്പ് മുതൽ സംസ്കാരം വരെ കൊട്ടേഷൻ കൊടുക്കാല്ലെ....!

    ReplyDelete
    Replies
    1. വി.കെ,
      മലബാറിലെ ചില ഭാഗങ്ങളില്‍ മരണ അറിയിപ്പ് ഓട്ടോറിക്ഷയില്‍ ഉച്ചഭാഷിണി വെച്ചിട്ടാണ്

      Delete
  4. എനിക്കും ഉണ്ടായിരുന്നു ഒരു ജാനു മുത്തി! പേരക്കുട്ടികൾക്ക് പലര്ക്കും അതേ പേരിട്ടു - ജാനകിക്കുട്ടി.

    ReplyDelete
  5. വാളയാറിനെ ഓർക്കുമ്പോൾ റോഡ്‌ യാത്ര വേണ്ട എന്ന് തോന്നും.

    ReplyDelete