Monday, July 21, 2014

അദ്ധ്യായം - 34.

'' എത്രയാ വേണ്ടത് കുട്ടാ '' പപ്പനമ്മാമന്‍ പോക്കറ്റില്‍നിന്ന് പേഴ്സെടുത്തു.

'' വേണ്ടാ അമ്മാമേ, കാശ് ദീപു കൊടുത്തോളും '' അപ്പോഴേക്കും അടുത്തെത്തിയ വലിയമ്മ ഇടപെട്ടു.

'' പൈസ മാഷ് തന്നു '' ഓട്ടോറിക്ഷക്കാരന്‍ വാഹനം സ്റ്റാര്‍ട്ടാക്കി. 

'' അമ്മമ്മേ, ഇപ്പോള്‍ വരാം ''  എന്ന് വലിയമ്മയോടു പറഞ്ഞ് ഉണ്ണിക്കുട്ടന്‍ അതില്‍ കയറി തിരിച്ചു പോയി. പപ്പനമ്മാമന്‍റെ രണ്ടു വശത്തുമായി രണ്ടാളും നടന്നു. 

'' ദീപു കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വരാന്‍ ഒരുങ്ങിയതാണ് '' പപ്പനമ്മാമനോട് വലിയമ്മ പറഞ്ഞു '' ഇന്നുണ്ടായ സംഭവങ്ങള്‍ ഇന്നന്നെ അമ്മാമയോട് പറയണം എന്ന് അവന് ഒരേ നിര്‍ബ്ബന്ധം ''.

'' രാജിച്ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിച്ച വിവരം പറയാന്‍ വേണ്ടി ഞാന്‍  വന്നപ്പോള്‍ പപ്പനമ്മാമനെ കാണാനായില്ല. വീട് പൂട്ടിയിരുന്നു. രാവിലെ അങ്ങോട്ട് പോരുമ്പോള്‍ അന്ന് എങ്ങോട്ടാ പോയത് എന്ന് അന്വേഷിക്കണമെന്ന് വിചാരിച്ചു. പക്ഷെ അതിനൊന്നും സമയം കിട്ടിയില്ല '' ദിലീപ് മേനോന്‍ ബാക്കികൂടി ചേര്‍ത്തി.

'' പാര്‍ട്ടിക്ക് ചെന്നപ്പോള്‍ ഓഡിറ്റോറിയത്തില്‍വെച്ച് മാധവനേയും സുമിത്രയേയും കണ്ടു. കുഞ്ഞുണ്ണിയെ കാണാന്‍ നിങ്ങള് പോയകാര്യം അവര് പറഞ്ഞറിഞ്ഞു. ഇനി അതു പറയാന്‍ നിങ്ങള് രണ്ടാളും  ബുദ്ധിമുട്ടണ്ടാ '' പപ്പനമ്മാമന്‍ ചിരിച്ചു ''  പിന്നെ ദീപു എന്നെ അന്വേഷിച്ചു വന്നപ്പോള്‍ കാണാതിരുന്നതല്ലേ? അതിനെപ്പറ്റി ഇത്തിരി വിസ്തരിച്ച് പറയാനുണ്ട് ''. 

പടവുകള്‍ കയറുമ്പോള്‍ അദ്ദേഹം മുന്നോട്ടാഞ്ഞു. പെട്ടെന്ന് കയ്യില്‍ കടന്നു പിടിച്ചു.  കൈ വല്ലാതെ വിറയ്ക്കുന്നുണ്ട്.

'' ഈയിടെയായി സ്റ്റെപ്പുകള്‍  കയറുമ്പോള്‍ കാലിന്ന് തീരെ  ബലമില്ലാത്തതുപോലെ തോന്നും. ആരെങ്കിലും പിടിച്ചാലേ കാല് എടുത്തുവെക്കാന്‍ പറ്റൂ ''.

ചാരുകസേലയില്‍ അദ്ദേഹം നീണ്ടു നിവര്‍ന്നു കിടന്നു. നല്ലപോലെ  വിയര്‍ത്തിട്ടുണ്ട്.  പെഡസ്റ്റല്‍ ഫാന്‍ അരികിലേക്ക് നീക്കിവെച്ചു.

'' അമ്മാമയ്ക്ക് കുടിക്കാനെന്താ വേണ്ടത്. ചായ കൊണ്ടുവരട്ടെ '' അല്‍പ്പനേരത്തിന്നു ശേഷം വലിയമ്മ ചോദിച്ചു.

'' ചായ വേണ്ടാ. സംഭാരം ഉണ്ടെങ്കില്‍ അതാവാം  ''.

തണുത്ത മോരിന്‍വെള്ളം അകത്തു ചെന്നപ്പോള്‍ പപ്പനമ്മാമന്‍ ഉഷാറായി.

'' ദീപു വന്നതിന്‍റെ തലേ ദിവസം ഞാൻ  അത്യാവശ്യമായി  തിരുവനന്തപുരം വരെ പോയിരുന്നു. അതാ  കാണാഞ്ഞത് '' അദ്ദേഹം  സംഭാഷണം ആരംഭിച്ചു.

'' അമ്മാമ ഇക്കുറി സമരത്തിനോ സമ്മേളനത്തിനോ എന്തിനാ പോയത് ''.

 '' ഏയ്. ഇത്തവണ അതിനൊന്ന്വോല്ല പോയത്. എന്‍റെ പഴയൊരു കൂട്ടുകാരനുണ്ട്, നീലകണ്ഠന്‍ നമ്പൂതിരി. അദ്ദേഹം ക്യാന്‍സര്‍ ബാധിച്ച് അവിടെ ചികിത്സയിലാണ്. അയാളെ കാണാന്‍ വേണ്ടി പോയതാ ''.

''  വയസ്സുകാലത്ത്  ഇത്രദൂരം യാത്ര ചെയ്യേണ്ടിയിരുന്നില്ല. കൂട്ടുകാരൻ ട്രീറ്റ്മെന്‍റ് കഴിഞ്ഞു
 തിരിച്ചു വരുമ്പോൾ വീട്ടിൽചെന്നു കണ്ടാൽ മതിയായിരുന്നു ''.

''  അയാൾ തിരിച്ചു വരുന്ന കാര്യം ഉറപ്പിക്കാനാവില്ല. അത്യന്തം ഗുരുതരാവസ്ഥയിലാണ് ഇപ്പോഴുള്ളത്. പിന്നെ വയസ്സിനെപ്പറ്റിയാണെങ്കിൽ പ്രായത്തിൻറെ കോട്ടം ശരീരത്തിനല്ലേ, മനസ്സിനല്ലല്ലോ. മനസ്സുകൊണ്ട് ഞാൻ ഇപ്പോഴും ചെറുപ്പമാണ്  ''. 

'' കുട്ടികളുടെകൂടെ ചിരിച്ച് കളിക്കുന്നത് കണുമ്പോള്‍  എനിക്കും അങ്ങിനെ തോന്നാറുണ്ട്.
 ഒരു  സംശയം  ചോദിച്ചോട്ടെ. എപ്പോഴെങ്കിലും പപ്പനമ്മാമന്  പ്രായമായി എന്ന തോന്നല്‍ വരില്ലേ. അപ്പോഴോ ''.

'' അന്ന് ഞാന്‍ ജീവിച്ചത് മതി എന്ന് വെക്കും.  വയസ്സായി എന്ന തോന്നല്‍ മനസ്സിൽ വന്നാൽ
പിന്നെ ആ മനുസ്യന്‍ ജീവിക്കുന്നതിൽ അർത്ഥമില്ല.  ചത്തു പോവുന്നതാ നല്ലത് ''.

'' അസ്സല് വേദാന്തം. അമ്മാമയുടെ കൂട്ടുകാരന് എത്ര പ്രായമായി ''.

'' എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന്‍റെ കുറവ് കാണും.  പത്തെണ്‍പത്തിയെട്ട് വയസ്സായി എന്ന് കൂട്ടിക്കോളൂ. ആ കണക്കിന് നോക്കിയാൽ അയാള്‍ മരിച്ചാല്‍  ഒട്ടും സങ്കടപ്പെടാനില്ല. ഇത്ര കാലം ജീവിച്ചില്ലേ. എന്നായാലും ഈ ലോകത്തു നിന്ന് പോവാനുള്ളതാണ്. അപ്പോള്‍  വെറുതെ എന്തിനാ പണച്ചിലവിനും മക്കൾക്ക് ബുദ്ധിമുട്ടാനും വേണ്ടി  ഒരു ചികിത്സ ''.

'' അതെന്താ അങ്ങിനെ പറഞ്ഞത്. അച്ഛനോ അമ്മയ്ക്കോ രോഗം ബാധിച്ചാൽ ബുദ്ധിമുട്ടോ ചിലവോ ആരും നോക്കില്ലല്ലോ. കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ചെയ്യിക്കില്ലേ ''.

'' ശരിയാണ്.  അച്ഛനേയും  അമ്മയേയും സ്നേഹിക്കുന്ന മക്കൾക്ക് അവര്‍ ഇല്ലാതാവുന്നത് സങ്കടകരമാണ്.  മാതാപിതാക്കള്‍ എന്നും തങ്ങളോടൊപ്പമുണ്ടാവണം എന്ന് അത്തരക്കാര്‍ ആഗ്രഹിക്കും. അതിനുവേണ്ടി എന്തു കഷ്ടപ്പാട് സഹിക്കാനും എത്രപണം ചിലവാക്കാനും അവര്‍ മടിക്കില്ല.  ഞാന്‍ പറഞ്ഞത് ഒരു പരിധി കഴിഞ്ഞാല്‍ ചികിത്സ എന്നത് രോഗിക്കും വേണ്ടപ്പെട്ടവര്‍ക്കും ഒരുപോലെ അനാവശ്യമായ ഒരു ബാദ്ധ്യതയായി മാറും എന്നാണ് ''.

 '' അതെങ്ങിനെ? ''.

'' നീലകണ്ഠന്‍റെ കാര്യം തന്നെയെടുക്കാം. അയാളുടെ രോഗം ഒരു കാലത്തും മാറില്ല എന്ന് അയാള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഒക്കെ നന്നായി അറിയാം. മരുന്നുസൂചി കുത്തിക്കേറ്റി ശരീരത്തിനെ വേണ്ടാതെ വേദനിപ്പിക്കുന്നത് സഹിക്കേണ്ടി വരുന്നത് എന്നത് അയാളുടെ സങ്കടം. പ്രയോജനമില്ലാത്ത കാര്യത്തിന്നുവേണ്ടി പണച്ചിലവും ബുദ്ധിമുട്ടും സഹിക്കേണ്ടി വരുന്നു എന്നത് ബന്ധുക്കളുടെ പ്രശ്നം '' പപ്പനമ്മാമന്‍  തോളത്തിട്ട തോര്‍ത്തെടുത്ത് മുഖം തുടച്ചതിന്നുശേഷം തുടര്‍ന്നു '' ഞാനൊരു കാര്യം ചോദിക്കട്ടെ, എന്തിനാ മരണത്തെ വല്ലാതെ ഭയക്കുന്നത്.  എന്നായാലും സംഭവിക്കും എന്ന് ഉറപ്പുള്ള കാര്യമല്ലേ  അത് ''.

''  അമ്മാമേ, ആര്‍ക്കാ മരണഭയം ഇല്ലാത്തത് ''.

'' അപൂര്‍വ്വം  ചിലരെ  ഒഴിച്ചു നിര്‍ത്തിയാല്‍  ബാക്കി എല്ലാവര്‍ക്കും മരണത്തെ ഭയമാണ്. ഞാന്‍, എന്‍റെ എന്ന തോന്നലാണ് മരണഭയത്തിന്ന് ആധാരം. മായ കാരണമാണ് ഈ വിധം തോന്നല്‍ ഉണ്ടാവുന്നത് എന്ന് ജ്ഞാനികള്‍ പറഞ്ഞു തന്നിട്ടുണ്ട്. മായയെ അതിജീവിക്കാന്‍  കഴിഞ്ഞാല്‍ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ടി വരില്ല. അതിന്ന് ശരീരമല്ല അതിനകത്തുള്ള ആത്മാവാണ് ഞാന്‍ എന്ന് ബോധം വരണം ''.

'' പറഞ്ഞു പറഞ്ഞ് അമ്മാമ തത്വോപദേശത്തിലെത്തി ''.

'' എന്താ നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നുണ്ടോ ''.

'' ഇല്ല. പറഞ്ഞോളൂ. കേട്ടിട്ട് ലേശം വിവരം വെച്ചാല്‍ നല്ലതല്ലേ ''.

'' എവിടെ നിന്നാണ് ഈ ലോകത്തേക്ക് വന്നതെന്നോ എവിടേക്കാണ് തിരിച്ചുപോവുന്നത് എന്നോ ആര്‍ക്കും അറിയില്ല. എന്താണ് മരണം എന്ന് ചോദിച്ചാലോ? വ്യക്തമായ ഉത്തരം ഒരാള്‍ക്കും പറയാനാവില്ല.  പ്രാണന്‍ പോയതോണ്ട് മരിച്ചു എന്നല്ലാതെ ബാക്കിയൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എന്താണ് ഈ പ്രാണന്‍ എന്നോ, ജീവനുള്ള  ശരീരത്തിലത് എവിടെ കുടികൊള്ളുന്നു എന്നോ ഇന്നുവരെ ആരും മനസ്സിലാക്കിയിട്ടില്ല.  എന്നാൽ ഒരു കാര്യം ഉറപ്പാണ്. കാണാനോ, കേള്‍ക്കാനോ, തൊട്ടറിയാനോ, രുചിച്ചു നോക്കാനോ, മണം പിടിക്കാനോ പറ്റാത്ത എന്തോ ഒന്ന് ജീവജാലങ്ങള്‍ക്കുണ്ട്.  ശരീരത്തില്‍ നിന്ന് എപ്പോഴത് വേര്‍പെടുന്നുവോ അപ്പോഴാണ് ആ ജീവിയുടെ മരണം. അതായത് മരണം ആത്മാവിനല്ല ശരീരത്തിനാണ് എന്നര്‍ത്ഥം.  മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും മിക്ക മതങ്ങളും പഠിപ്പിക്കുന്നത് ഇതുതന്നെയാണ് ''.

'' മരണത്തെപ്പറ്റി പണ്ടുള്ളവര്‍ ഇതു മാത്രമാണോ പറഞ്ഞിട്ടുള്ളത് ''.

'' അല്ല. പലരും പല വിധത്തിലാണ് വിവരിച്ചിട്ടുള്ളത്. അഴുക്കു വസ്ത്രം മാറ്റി വേറൊന്ന് നമ്മള്‍ ധരിക്കുന്നതുപോലെ ജീര്‍ണ്ണിച്ചദേഹത്തെ ഉപേക്ഷിച്ച് പുതിയൊരു ദേഹത്തെ ദേഹി സ്വീകരിക്കുന്നതാണ് മരണമെന്ന് ചിലര്‍ കരുതിയിരൂന്നു. എന്നാല്‍ വേറെചിലര്‍ മരണത്തെ
മഹാനിദ്രയായിട്ടാണ് കണക്കാക്കിയിട്ടുള്ളത് ''.

'' ഈ കാര്യത്തിലും അഭിപ്രായവ്യത്യാസമോ '' ദിലീപ് മേനോന്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

'' കഴിഞ്ഞിട്ടില്ല. ഈ ജന്മത്ത് ചെയ്ത പുണ്യപാപങ്ങളുടെ  ഭാണ്ഡക്കെട്ടുമായി ആത്മാവ് വേറൊരു ജന്മത്തിലേക്ക് പുറപ്പെടുന്ന യാത്രയായിട്ടാണ് മൂന്നാമത് ഒരു കൂട്ടര്‍ മരണത്തെ വ്യാഖ്യാനിക്കുന്നത്. ഇനി എന്തൊക്കെയുണ്ടെന്ന് ആര്‍ക്കാ അറിയുക  ''.

 ഒരു ഓട്ടോറിക്ഷ പടി കടന്നുവന്നു മുറ്റത്ത് നിന്നു. അതില്‍ നിന്ന് മാധവന്‍ മാഷും ഭാര്യയും ഉണ്ണിക്കുട്ടനും ഇറങ്ങി.

'' ഇതാ അമ്മാമ '' സുമിത്രയുടെ വാക്കുകളില്‍ ആശ്ചര്യം നിഴലിച്ചു. സന്ധ്യയാവുന്നതിന്ന് മുമ്പ് വീടെത്താന്‍ തിടുക്കം കൂട്ടുന്ന ആളാണ് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്.

'' ഓരോന്ന് പറഞ്ഞിരുന്ന് പോവുന്ന കാര്യം  മറന്നു ''പപ്പനമ്മാമന്‍ എഴുന്നേറ്റു '' നേരം വൈകി. ദീപൂന് എന്നെ അവിടെ എത്തിക്കാന്‍ വയ്ക്കോ ''.

'' ഇന്നിനി എങ്ങോട്ടും അയയ്ക്കില്ല '' വലിയമ്മ മറുപടി പറഞ്ഞു.

'' അതു പറ്റില്ല. പോയിട്ട് ചില കാര്യങ്ങളുണ്ട് ''.

'' ഈ രാത്രി നേരത്ത് എന്താ ഇത്ര വലിയ കാര്യം.  ഒഴിവുകഴിവ് പറഞ്ഞാലൊന്നും ഞാന്‍ സമ്മതിക്കില്ല. എത്ര കാലമായി ഇവിടെ അന്തിയുറങ്ങീട്ട്. ഒരുദിവസം അമ്മാമ ഞങ്ങളുടെ കൂടെ വേണമെന്ന് ഞങ്ങള്‍ക്കും മോഹം കാണില്ലേ '' .

'' ശരി. സമ്മതിച്ചു. പക്ഷെ നാളെ വെളുക്കുമ്പോ എന്നെ അവിടെ എത്തിക്കണം. എട്ടര മണി കഴിഞ്ഞാല്‍ കുറച്ചാളുകള്‍ എത്തും. കോളനിയിലെ ഒരു പെണ്‍കുട്ടിക്ക് കല്യാണാലോചന വന്നിട്ടുണ്ട്. അതിനാണെങ്കില്‍ വേണ്ടപ്പെട്ട ആളായിട്ട് ഒരു മുത്തിത്തള്ള മാത്രമേ ഉള്ളൂ. ആ തള്ളയാണെങ്കില്‍  ഇന്നോ നാളയോ എന്നമട്ടില്‍ കിടപ്പാണ്. കല്യാണം നടത്താനുള്ള മാര്‍ഗ്ഗം ആലോചിക്കാനാണ് അവരുടെ വരവ്.  അപ്പോള്‍ ഞാനില്ലാതെ പറ്റില്ല ''.

'' എപ്പൊ വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പൊ ദീപു അവിടെ എത്തിച്ചോളും. അതോര്‍ത്ത്  അമ്മാമ വിഷമിക്കേണ്ടാ '' ചെറിയമ്മ ഉറപ്പു നല്‍കി.

'' എങ്കില്‍ ആരെങ്കിലും ചെന്ന് ഞാന്‍ ഇന്ന് വരില്ല എന്ന വിവരം അറിയിക്കണം ''.

'' ആരോടാ പറയേണ്ടത് ''.

'' ആരെങ്കിലും വീട്ടില്‍ ടി.വി. കണ്ടോണ്ട് ഇരിക്കുന്നുണ്ടാവും. അവരോട് പറഞ്ഞാല്‍ മതി ''.

'' അപ്പോള്‍ വീട് പൂട്ടിയിട്ടില്ലേ ''.

'' ദൂരെ എവിടേക്കെങ്കിലും പോവുമ്പോള്‍ ഞാന്‍ വീട് പൂട്ടിയിട്ട് താക്കോല്‍ അടുത്ത വീട്ടില്‍  കൊടുക്കും. അല്ലെങ്കില്‍ പൂട്ടുന്ന പതിവില്ല ''.

വലിയമ്മ ഉണ്ണിക്കുട്ടനെ ആ ദൌത്യം ഏല്‍പ്പിച്ചു. അവന്‍ സൈക്കിളില്‍ കയറി സ്ഥലം വിട്ടു.

 '' നമുക്ക് കുറെനേരം വര്‍ത്തമാനം പറഞ്ഞിരിക്കാം. പുലരുന്നവരെ ഇരിക്കാനും ഞാന്‍ തയ്യാറാണ് '' ദിലീപ് മേനോന്‍ നിലപാട് അറിയിച്ചു

'' നല്ല കഥ. അതിന്ന് ശിവരാത്രിയൊന്നും അല്ലല്ലോ '' വലിയമ്മ ആ നിര്‍ദ്ദേശത്തെ എതിര്‍ത്തു .

'' ഉറക്കം വന്നാല്‍ എനിക്ക് കിടന്നേ പറ്റൂ. ഇല്ലെങ്കില്‍ തല ചുറ്റും  '' പപ്പനമ്മാമന്‍ തന്‍റെ വിഷമം അറിയിച്ചു ''

''  അമ്മാമയ്ക്ക് രാത്രിയ്ക്ക് എന്താ വേണ്ടത്. ചോറോ, കഞ്ഞിയോ, ചപ്പാത്തിയോ എന്തു വേണമെങ്കിലും ഉണ്ടാക്കാം ''.

'' എനിക്ക് അങ്ങിനത്തെ നിര്‍ബന്ധമൊന്നും ഇല്ല. വല്ലതും കിട്ടിയാല്‍ കഴിക്കും. ഇല്ലെങ്കിലോ വേണ്ടാന്ന്‌ വെച്ച് കിടക്കും ''.

'' ചൂടുവെള്ളം ഉണ്ടാക്കാം.  കയ്യും കാലും കഴുകിയിട്ട് നാമം ജപിച്ചോളൂ ''.

'' എനിക്ക് അങ്ങിനത്തെ എടപാടൊന്നുമില്ല. ആരേയും ദ്രോഹിക്കാതിരിക്കുക.  കഴിയുന്ന സഹായങ്ങള്‍  മറ്റുള്ളവര്‍ക്ക് നല്‍കുക. അതു രണ്ടും ഞാന്‍ പാലിക്കുന്നുണ്ട്. അതിലേറെ വലിയ ഈശ്വരാരാധന എന്താ ഉള്ളത്  ''.

'' സുമിത്രയും മാഷേട്ടനും ഉടുത്തത് മാറ്റിയിട്ട് വരട്ടെ. അപ്പോഴേക്ക് ഞാന്‍ കഞ്ഞിക്ക് അരി അരിച്ചിടാം '' വലിയമ്മ അടുക്കളയിലേക്ക് നടന്നു, മറ്റുള്ളവര്‍ പത്തായപ്പുരയിലേക്കും. ഉമ്മറത്ത് പപ്പനമ്മാമനും ദിലീപ് മേനോനും അടുത്ത സംഭാഷണത്തിന്ന് ഒരുങ്ങി.