Thursday, March 27, 2014

അദ്ധ്യായം - 30.

തറവാട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മണി പത്തര കഴിഞ്ഞു. പപ്പനമ്മാമനെ കണ്ടതിന്നു ശേഷം
തിരിച്ചുവരണം. വലിയമ്മ കാലത്തു തന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു. അത് ബാക്കി വരുത്താൻ പാടില്ല.

കുഞ്ഞുണ്ണിമാമയും അമ്മായിയുമായി സംസാരിച്ചതെല്ലാം പപ്പനമ്മാമനോട് പറയണം. ഇനി എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും. അതുപോലെ ചെയ്യാം. അബദ്ധം പറ്റിക്കൂടാ. ഏതായാലും വൈകുന്നേരം അമ്മായിയെ കാണണം. ഇന്നലെ കണ്ടുമുട്ടിയ സ്ഥലത്ത് കാത്തു നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

കാർ ഗണപതി കോവിലിനടുത്തെത്തി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന മട്ടിൽ അമ്മായി കോവിലിന്ന് മുന്നിലുള്ള ഇടവഴിയിലൂടെ നടന്നു വരുന്നതു കണ്ടു. ഒരു പ്ലാസ്റ്റിക്ക് കാരിബാഗ് അവരുടെ കയ്യിലുണ്ട്. എങ്ങോട്ടായിരിക്കും അവർ ഈ നേരത്ത് ഇതിലെ പോവുന്നത്. കാർ വഴിയോരത്തെ മരച്ചുവട്ടിൽ നിർത്തി.

'' എങ്ങോട്ടാ ഈ വഴിക്ക് '' അമ്മായി അടുത്തെത്തിയപ്പോൾ ചോദിച്ചു.

'' ഇവിടെ അടുത്തൊരു വീട്ടിൽ കുട്ടിയുടെ വയസ്സ് തികയുന്ന പിറന്നാളാണ്. എന്നെ അതിന്ന് വിളിച്ചിട്ടുണ്ട്. പോവുന്ന വഴിയാണ് ''.

'' കയ്യില് ''.

'' കുട്ടിക്ക് വല്ലതും കൊടുക്കേണ്ടേ. ഒരു പാവ വാങ്ങി. ചാവി കൊടുത്താൽ ചെണ്ട കൊട്ടുന്ന കരടിയുടെ ''.

'' എന്നാൽ സംസാരിച്ചു നിന്ന് നേരം വൈകണ്ടാ. അമ്മായി പൊയ്ക്കോളൂ. നമുക്ക് ഇന്നലെ കണ്ടു മുട്ടിയ സ്ഥലത്ത് ഇന്ന് വൈകുന്നേരവും കാണാം ''.

'' എനിക്ക് തിരക്കില്ല. ഉണ്ണാറാവുമ്പോഴേക്ക് അവിടെ എത്തിയാൽ മതി. ഇന്നലെ നീ പോയി കുഞ്ഞുണ്ണിമാമനെ കണ്ടതിൻറെ വിവരം പറയ് ''. അമ്മായിക്ക് അതറിയാൻ ധൃതിയാണെന്ന് മനസ്സിലായി. കാറിൽ നിന്ന് ഇറങ്ങി.

'' ഞാൻ കുഞ്ഞുണ്ണിമാമയുമായി സംസാരിച്ചിരുന്നു. ആ വിവരം പറയുന്നതിന്നു മുമ്പ് എനിക്ക് അമ്മായിയിൽ നിന്ന് കുറെ കാര്യങ്ങൾ അറിയാനുണ്ട് ''.

'' എന്താ നിനക്ക് അറിയേണ്ടത്. ചോദിച്ചോ ''.

'' കുഞ്ഞുണ്ണിമാമയ്ക്ക് എന്താ അസുഖം ''.

'' അതെങ്ങിന്യാ എനിക്ക് അറിയ്യാ. രണ്ടുകണ്ണിലും തിമിരമുണ്ട്. ഓപ്പറേഷൻ ചെയ്യണം എന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. വേനൽക്കാലം മാറട്ടെ, എന്നിട്ട് ചെയ്യിക്കാം എന്ന് കഴിഞ്ഞ കൊല്ലം പറഞ്ഞിരുന്നു. മഴക്കാലമായപ്പോൾ ഓണം കഴിയട്ടെ എന്നായി. ഇപ്പോൾ പറയുന്നത് വിഷു കഴിയട്ടെ എന്നാണ് ''.

'' അതല്ല ഞാൻ ചോദിച്ചത്. കുഞ്ഞുണ്ണിമാമയുടെ ശരീരത്തിന്ന് വേറെ എന്തെങ്കിലും അസുഖം  ഉണ്ടോ എന്നാണ് ''.

'' ഒന്നും എനിക്കറിയില്ല എൻറെ ദീപൂ. എന്നോടൊട്ട് പറയാറും ഇല്ല. എന്തിനും ഒരു സ്വയം ചികിത്സയുണ്ട്. പല്ലുവേദന വന്നാൽ വേദന വിടാനുള്ള ഗുളിക വാങ്ങി കഴിക്കും. തലവേദന വന്നാലും അതന്നെ ചികിത്സ. ഇടയ്ക്ക് വയറുവേദന വരാറുണ്ട്. അപ്പോൾ സോഡാപ്പൊടി വെള്ളത്തിൽ കലക്കി കുടിക്കും ''.

'' ഡോക്ടറെ കാണിക്കാൻ കൂട്ടിക്കൊണ്ട് പൊയ്ക്കൂടെ ''.

'' ഞാൻ കൂട്ടീട്ടന്നെ പോവാൻ പാടുള്ളു എന്നില്ലല്ലോ. ദേഹത്തിന്ന് വയ്യാ എന്ന് തോന്നുമ്പോ ഡോക്ടറെ പോയി കാണണം. ചെറിയ കുട്ടിയൊന്നുമല്ലല്ലോ എടുത്തും കൊണ്ട് പോവാൻ ''.

'' കുഞ്ഞുണ്ണിമാമയെ കാണാൻ ഹോസ്പിറ്റലിൽ വന്നപ്പോൾ അമ്മായിയെ ഞാൻ അവിടെ കണ്ടല്ലോ ''.

'' അത് നാട്ടുകാരെ ബോധിപ്പിക്കാനാണ്. ഭർത്താവ് തല്ലുകൊണ്ട് ആസ്പത്രിയിലായിട്ട് ഭാര്യ തിരിഞ്ഞു നോക്കിയില്ല എന്നാരും പറയരുതല്ലോ. അല്ലാതെ സ്നേഹം ഒലിച്ചിട്ടൊന്നും അല്ല. എന്നിട്ടു തന്നെ അന്ന് നിൻറടുത്ത് ഞാനെന്തോ പറഞ്ഞപ്പോൾ ചാടി കടിക്കാൻ വന്നത് നീ കണ്ടതല്ലേ ''.

'' നന്നായിട്ടുണ്ട്. ഭാര്യമാർക്ക് ചില കടമയും ഉത്തരവാദിത്വവും ഇല്ലേ അമ്മായി ''.

'' ഉണ്ടല്ലോ. പക്ഷെ ഇങ്ങോട്ട് സ്നേഹം ഉണ്ടെങ്കിലേ അതൊക്കെ ഉണ്ടാവൂ ''.

'' അതുതന്നെയാണ് കുഞ്ഞുണ്ണിമാമയും പറയുന്നത് ''.

'' എന്തോ പറഞ്ഞോട്ടെ. എനിക്കൊരു ചുക്കും വരാനില്ല. അന്യപെണ്ണ് ഒരുത്തിയെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന ആളോട് ഒരു ഭാര്യയും ക്ഷമിക്കില്ല ''.

'' ഓഹോ. അതാണ് വിഷയം. തോട്ടുമ്പുറത്തെ ദാക്ഷായണിയമ്മയെ കുഞ്ഞുണ്ണിമാമ പെണ്ണു കാണാൻ ചെന്നതും പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നുപറഞ്ഞ് ആലോചന അവസാനിച്ചതും അവർ അമ്മായിയോട് പറഞ്ഞിട്ടില്ലല്ലോ ''.

'' എന്തൊക്കേയാ നീ പറഞ്ഞോണ്ട് വരുന്നത്. ഇങ്ങിനെയൊരു സംഗതി ഇന്നേവരെ ഒരാളും എന്നോട് പറഞ്ഞിട്ടില്ല ''.

'' എന്നാൽ അങ്ങിനെയൊരു കാര്യം നടന്നിട്ടുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്ന മാതിരി അയമ്മ ഒരു ഏഷണി പറഞ്ഞതാണെങ്കിലോ? ''.

'' എന്തോ. എനിക്കത്ര വിശ്വാസം വരുന്നില്ല. ഒരു കാര്യവും ഇല്ലാതെ അവളത് പറയില്ല ''.

'' ഇല്ലെങ്കിൽ വേണ്ടാ. പക്ഷെ ഒരു കാര്യം ഓർമ്മവേണം. കുഞ്ഞുണ്ണിമാമയെ ഇങ്ങിനെ കുറ്റം പറയുമ്പോൾ അമ്മായി അത്ര പെർഫെക്റ്റ് ആയിരുന്നില്ല എന്ന കാര്യം  ''.

'' എന്നു വെച്ചാൽ '' അവരുടെ മുഖത്ത് ഒരു ചോദ്യ ചിഹ്നം നിഴലിച്ചു.

'' അമ്മായി ട്യൂഷൻ മാസ്റ്റർക്ക് ലൗ ലെറ്റർ കൊടുത്തതും അതറിഞ്ഞ് അമ്മായിയുടെ അച്ഛൻ അയാളെ ആളെ വിട്ട് തല്ലിച്ചതും ഒന്നും മറന്നിട്ടില്ലല്ലോ ''.

പറഞ്ഞതിന്നു ശേഷമാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്. അമ്മായി ആരോപണങ്ങൾ നിഷേധിക്കുമെന്നും ശകാരിക്കുമെന്നും കരുതി. പക്ഷെ അതുണ്ടായില്ല. കുറെ നേരം അവർ തല കുനിച്ചു നിന്നു.

'' കല്യാണം കഴിഞ്ഞിട്ട് നാൽപ്പത് കൊല്ലം ആവാറായി. ഇന്നേവരെ ഇതാരും പറഞ്ഞിട്ടില്ല '' അവർ കണ്ണു തുടച്ചു.

'' അമ്മായി വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. സംസാരിച്ചപ്പോൾ പറഞ്ഞു എന്നേയുള്ളു '' അവരെ ആശ്വസിപ്പിച്ചു.

'' ഏതോ കാലത്ത് നടന്നതാണ്. ഇപ്പോൾ അയാളുടെ മുഖംപോലും എൻറെ ഓർമ്മയിലില്ല ''.

'' അത് വിടൂ. കുഞ്ഞുണ്ണിമാമ ഇതും പറഞ്ഞ് അമ്മായിയോട് വഴക്കടിക്കാറുണ്ടോ ''.

'' ഇല്ല. ഇന്നേവരെ ഒരക്ഷരം എന്നോട് പറഞ്ഞിട്ടില്ല ''.

'' അമ്മായി ഇല്ലാത്തൊരു ബന്ധം പറഞ്ഞ് കുഞ്ഞുണ്ണിമാമയെ എപ്പോഴും കുറ്റപ്പെടുത്തുന്നുണ്ട്. അദ്ദേഹം അമ്മായിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ല. ഇനി പറയൂ,  നിങ്ങളിൽ ആർക്കാണ് കൂടുതൽ സ്നേഹമുള്ളത് ''.

'' ഈ കാര്യം കുഞ്ഞുണ്ണിമാമയ്ക്ക് അറിയില്ലെങ്കിലോ ''.

'' എന്താ അറിയാതെ. കുഞ്ഞുണ്ണിമാമയ്ക്ക് മാത്രമല്ല എല്ലാവർക്കും ഈ സംഗതി അറിയാം ''. അത് വെറുതെ പറഞ്ഞതാണ്. അമ്മായി അൽപ്പം പരിഭ്രമിക്കട്ടെ.

'' അപ്പോൾ എല്ലാവരുടേയും മുമ്പിൽ ഞാൻ മോശക്കാരിയായി '' അവർ വിതുമ്പി '' ഞാനിനി എങ്ങിനെ അവരുടെയൊക്കെ മുഖത്ത് നോക്കും ''.

'' അറിവും പക്വതയും ഇല്ലാത്ത പ്രായത്തിൽ നടന്നതല്ലേ. അതിനാരും അമ്മായിയെ കുറ്റം പറയില്ല ''.

'' വേണ്ടാ, ഒന്നും പറയണ്ടാ. ഞാൻ എങ്ങോട്ടെങ്കിലും പോവും. എനിക്കു വയ്യാ ആളുകളുടെ മുഖത്ത് നോക്കാൻ ''. പറഞ്ഞത് അബദ്ധമായി എന്ന് തോന്നുന്നു. എന്തെങ്കിലും പറഞ്ഞ് അമ്മായിയുടെ മനസ്സ് മാറ്റണം.

'' ഇത്രയും കാലം കുറ്റം പറഞ്ഞതിനേക്കാൾ വലിയ തെറ്റാണ് ചെയ്യാൻ പോവുന്നത് ''.

'' പിന്നെ ഞാൻ എന്താ ചെയ്യണ്ട് ''.

'' അങ്ങിനെ വഴിക്കു വരൂ. ചെയ്യാനുള്ള കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞുതരാം. അതിന്നുമുമ്പ് അമ്മായി കണ്ണു തുടയ്ക്കൂ ''.

വേഷ്ടിത്തലപ്പുകൊണ്ട് അവർ കണ്ണു തുടച്ച് മുഖത്തേക്ക് നോക്കി നിന്നു.

'' ഒന്നാമതായി ചെയ്യേണ്ടത് കുഞ്ഞുണ്ണിമാമയെ ഒറ്റയ്ക്കാക്കി സപ്താഹം, പൂജ എന്നൊക്കെ പറഞ്ഞ് പോവുന്ന പതിവ് നിർത്തണം. സദാ അദ്ദേഹത്തിൻറെ അടുത്ത് ഉണ്ടാവണം. കുറ്റം പറയുന്ന ഏർപ്പാട് മതിയാക്കൂ. എന്നിട്ട് മനസ്സറിഞ്ഞ് അദ്ദേഹത്തിനെ സ്നേഹിക്കൂ. ഇത്രയും കാലം ഭാര്യയിൽ നിന്ന് കിട്ടാത്ത സ്നേഹം ലഭിമ്പോൾ സ്വഭാവത്തിന്ന് മാറ്റം വരും. അമ്മായി പറയുന്നതുപോലെ ജീവിക്കും ''.

'' നോക്കട്ടെ. പിന്നെ എന്താണ് വേണ്ടത് ''.

'' ഗോപുവിനും ഗോപികയ്ക്കും അച്ഛനോടുള്ള പിണക്കം തീർക്കണം ''.

'' അത് നടക്കില്ല. അവര് പറയുന്നതില് ന്യായം ഇല്ലാന്ന് പറയാൻ പറ്റില്ല ''.

'' ഗോപുവിന്ന് ഒട്ടും ഉത്തരവാദിത്വബോധം ഇല്ല എന്നറിയാവുന്നതുകൊണ്ടാണ് ബിസിനസ്സ് ചെയ്യാൻ പണം ചോദിച്ചപ്പോൾ കൊടുക്കാഞ്ഞത് എന്നാണ് എന്നോട് പറഞ്ഞത് ''.

'' അതു ശരി. ഗോപിക വീടുണ്ടാക്കാൻ സഹായം ചോദിച്ചപ്പോഴോ ''.

'' വീടുണ്ടാക്കുന്നത് ഭർത്താവിൻറെ നാട്ടിൽ. അവളുടെ ഭർത്താവ് കിട്ടുന്നതെല്ലാം അയാളുടെ പേരിലാക്കി ഭാവിയിൽ അവളെ വേണ്ടാ എന്നു വെച്ചാൽ അവള് കഷ്ടപ്പെടില്ലേ ''.

'' ഇതൊക്കെ ഓരോ കാരണം പറയുന്നതാണ്. വേറെ എന്തെങ്കിലും മനസ്സിലുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമയുടെ മനസ്സിൽ അങ്ങിനെ യാതൊരു ഉദ്ദേശവും ഇല്ല. ഉള്ള സ്വത്ത് മുഴുവൻ അമ്മായിക്കും മക്കൾക്കും തന്നെ. അതിന്ന് ഇപ്പോഴത്തെ രീതിയിൽ ജീവിച്ചാൽ പറ്റില്ല ''.

'' അയാള് തന്നില്ലെങ്കിൽ വേണ്ടാ. ചത്തുപോവുമ്പോൾ കൂടെ കൊണ്ടുപോവില്ലല്ലോ. അപ്പൊ കിട്ടിയാൽ മതി ''.

'' അമ്മായിക്ക് അറിയാഞ്ഞിട്ടാണ് ഇങ്ങിനെ പറയുന്നത്. തറവാട്ടിൽ നിന്ന് ഭാഗിച്ചു കിട്ടിയ സ്വത്തിൽ മാത്രമേ നിങ്ങൾക്ക് അവകാശമുള്ളു. അദ്ദേഹം സ്വന്തമായി സമ്പാദിച്ചതൊക്കെ ഇഷ്ടംപോലെ ചെയ്യാം. ആർക്കും ഒന്നും പറയാൻ പറ്റില്ല. ദേഷ്യം കാണിച്ച് കിട്ടാനുള്ളത് കളയരുത്. സ്നേഹത്തോടെ നിന്നാൽ എല്ലാം നിങ്ങൾക്ക് കിട്ടും. അല്ലെങ്കിൽ കുഞ്ഞുണ്ണിമാമ അതെല്ലാം ഏതെങ്കിലും ധർമ്മസ്ഥാപനത്തിന്ന് എഴുതി വെക്കും. അതു വേണോ ''.

'' മക്കൾക്ക് അച്ഛൻ ഉണ്ടാക്കിയതെന്തോ അതേയുള്ളൂ. അവരായിട്ട് അരയ്ക്കാൽ പൈസടെ മുതൽ സമ്പാദിച്ചിട്ടില്ല. കുഞ്ഞുണ്ണിമാമയോട് നീ വേണ്ടതുപോലെ പറഞ്ഞ് അത് അവർക്ക് കിട്ടുന്ന മാതിരിയാക്കണം ''.

'' അത് ചെയ്യാം. പിന്നെ ഒരു കാര്യം കൂടിയുണ്ട് ''.

'' എന്താ പറയ്യ് ''.

'' തോട്ടിൻറടുത്തുള്ള തെങ്ങിൻതോപ്പ് ഒഴിച്ച് ബാക്കി മാത്രമേ നിങ്ങൾക്ക് തരൂ ''.

'' അതെന്താ അങ്ങിനെ ''.

'' അത് രാജിചേച്ചിക്ക് കൊടുക്കാനാണ് ഉദ്ദേശം ''.

'' അത് ഞാൻ സമ്മതിക്കില്ല. അച്ഛൻറെ സ്വത്തിൽ മക്കൾക്കാണ് അവകാശം '' അമ്മായി എതിർപ്പ് പ്രകടമാക്കി '' ഞാൻ ചോദിക്കട്ടെ. ഈ രാജിക്കെന്താ രണ്ട് കൊമ്പുണ്ടോ? മൂന്ന് പെങ്ങന്മാർക്കും മക്കളുണ്ട്. ഒരാൾക്കു മാത്രം ഭാഗം കൊടുക്കേണ്ട ആവശ്യം എന്താണ് ''.

'' ഭാഗം കൊടുക്കുന്നതല്ല. നിങ്ങളുടെ കല്യാണത്തിന്ന് രാജിചേച്ചിയുടെ അച്ഛൻറെ കയ്യിൽ നിന്ന് കുഞ്ഞുണ്ണിമാമ കുറച്ച് പൈസ കടം വാങ്ങിയിരുന്നു. കല്യാണം കഴിഞ്ഞതും ആ തുക തിരിച്ചുകൊടുക്കാമെന്ന് കരുതിയതാണത്രേ. ആ സമയത്താണ് തെങ്ങിൻതോപ്പ് നിൽക്കുന്ന സ്ഥലം വിൽക്കുന്ന വിവരം അറിയുന്നത്. വലിയച്ഛൻറെ സമ്മതത്തോടെ കയ്യിലുള്ള പണം കൊടുത്ത് സ്ഥലം വാങ്ങി. പെട്ടെന്നല്ലേ വലിയച്ഛൻറെ മരണം. ആ കടം വീട്ടാൻ ആയില്ല. അതുകൊണ്ടാണ് ആ സ്ഥലം രാജിചേച്ചിക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് ''.

'' കടം വാങ്ങിയ പണവും അതിൻറെ പലിശയും കൊടുത്താൽ പോരേ. എന്തിനാണ് സ്ഥലം കൊടുക്കുന്നത് ''.

'' മതി. വാങ്ങിയ സംഖ്യയും അതിന്ന് ഇത്രയും കാലത്തെ പലിശയും പലിശയുടെ പലിശയും കൂടി കണക്കാക്കിയാൽ സ്ഥലത്തിൻറെ ഇപ്പോഴത്തെ വിലയേക്കാൾ വരും. അപ്പോൾ ഏതാ ലാഭം. സ്ഥലം കൊടുക്കുന്നതല്ലേ. മരിക്കുന്ന സമയത്ത് കുഞ്ഞുണ്ണിമാമയ്ക്ക് മനസ്സമാധാനം കിട്ടിക്കോട്ടെ ''.

'' ഇനിയെന്തെങ്കിലും ആർക്കെങ്കിലും കൊടുക്കാനുണ്ടാവ്വോ ''.

'' ഇല്ല ''.

'' മക്കളുടെ സമ്മതം വാങ്ങണ്ടേ ''.

'' അതെല്ലാം അമ്മായിയുടെ ചുമതല. ഒരുകാര്യം ഉറപ്പാണ്. കുഞ്ഞുണ്ണിമാമ ഒരു ദേഷ്യത്തിന് എന്തെങ്കിലും ചെയ്താൽ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല ''.

'' നീ പറഞ്ഞതെല്ലാം ചെയ്യാം. ഇനി പറയ്. എന്താ മൂപ്പരുടെ സൂക്കട് ''.

'' വ്യക്തമായി എനിക്കറിയില്ല. എങ്കിലും ഗൗരവമുള്ളതാണ്. സൂക്ഷിക്കണം ''.

'' നമുക്ക് ഏതെങ്കിലും നല്ല ഡോക്ടറെ കാണിച്ചാലോ ''.

'' ചെയ്യാം. ആദ്യം അച്ഛനും മക്കളും യോജിക്കട്ടെ. അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് വേണ്ടതു ചെയ്യാം. ഇവിടെ നിന്ന് പോയാൽ ഞാൻ പറഞ്ഞതൊക്കെ മറക്കില്ലല്ലോ ''.

'' ഇല്ല. നീ പറഞ്ഞതുപോലെ എല്ലാം ചെയ്യാം. പോരേ ''.

'' ശരി. അമ്മായി പൊയ്ക്കോളൂ. ഞാൻ വൈകുന്നേരം വീട്ടിലേക്ക് വരാം ''.

'' ഞാനിനി നേരെ വീട്ടിലേക്കാണ്. പിറന്നാളിനൊന്നും പോണില്ല ''.

'' എന്താ പെട്ടെന്ന് ഇങ്ങിനെയൊരു തീരുമാനം ''.

'' മനസ്സ് മടുത്തു. ഇനി പോയാൽ ശരിയാവില്ല ''.

'' ഒരു മടുപ്പും വേണ്ടാ. നേരെ ചെന്ന് പിറന്നാൾ സദ്യ ഉണ്ണൂ. എന്നിട്ട് വീട്ടിലേക്ക് പോയാൽ മതി. അമ്മായി പോവുന്നതുവരെ ഞാൻ ഇവിടെ നിൽക്കും ''.

'' നിന്നെക്കൊണ്ട് തോറ്റു. ഞാൻ പൊയ്ക്കോളാം ''.

അൽപ്പം കൂടി മുന്നോട്ടു ചെന്നിട്ട് ഇടത്തോട്ടുള്ള വഴിയിലേക്ക് അമ്മായി നടന്നു മറയുന്നതും നോക്കി ദിലീപ് മേനോൻ നിന്നു. വലിയൊരു പ്രശ്നം എളുപ്പത്തിൽ തീർക്കാനായതിൻറെ സന്തോഷം അയാളിലുണ്ടായി.

Tuesday, March 11, 2014

അദ്ധ്യായം - 29.

ഇപ്പോൾ തന്നെ അമ്മായിയെ കണ്ട് സംസാരിച്ചാലോ? കാർ നീങ്ങി തുടങ്ങിയപ്പോൾ ദിലീപ് മേനോന് അങ്ങിനെയൊരു തോന്നലുണ്ടായി. മാരിയമ്മകോവിലിൻറെ മുമ്പിൽ കാത്തു നിൽക്കാം. വരുമ്പോൾ കാണാമല്ലോ. എന്നാൽ അധികദൂരം പോവുമ്പോഴേക്കും എതിരെ അമ്മായി വരുന്നതു കണ്ടു. കൂടെ വേറൊരു സ്ത്രീയുമുണ്ട്. ഇപ്പോൾ അവരോട് സംസാരിക്കാൻ ചെല്ലുന്നത് ഭംഗിയല്ല. അവരെ കാണാത്ത മട്ടിൽ യാത്ര തുടർന്നു.

കുഞ്ഞുണ്ണിമാമയെക്കുറിച്ചോർക്കുമ്പോൾ ചങ്കു തകരുകയാണ്. അദ്ദേഹവുമായി അധികം അടുത്തുപെരുമാറേണ്ടി വന്നിട്ടില്ല. ഓർമ്മവെച്ചതിന്നുശേഷം ഒരിക്കലും അദ്ദേഹത്തിൽ നിന്ന് സ്നേഹവാത്സല്യങ്ങൾ ലഭിച്ചിട്ടുമില്ല. എങ്കിലും അദ്ദേഹത്തിൻറെ ജീവിതം തീരുന്നു എന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ല. ആ മനസ്സിലെ ദുഃഖം തൻറേതാണെന്ന് തോന്നി പോവുന്നു. ഒരിക്കലും ഈ രീതിയിൽ വികാരാധീനനാവരുതെന്ന് പരിചയമുള്ളവരെല്ലാം ഉപദേശിക്കാറുണ്ട്. എന്തുകൊണ്ടോ അതിന്ന് കഴിയുന്നില്ല.

മെയിൻറോഡിൽ നിന്ന് തിരിഞ്ഞപ്പോൾ കാർ നിർത്തി. അൽപ്പം കഴിഞ്ഞ് പോയാൽ മതി. മുഖത്തെ ദുഃഖഭാവം ആരും കാണരുത്. മനസ്സിലുള്ള വിഷമം ആരോടെങ്കിലും പങ്കുവെക്കാൻ കഴിഞ്ഞെങ്കിൽ. മൊബൈൽഫോൺ ശബ്ദിച്ചപ്പോൾ എടുത്തുനോക്കി. ഭാഗ്യത്തിന്ന് ജാഫറാണ് .

'' എന്താടാ നിൻറെ ഒച്ചയ്ക്ക് പറ്റിയത്. കരയുന്നതുപോലെ ഉണ്ടല്ലോ '' ശബ്ദത്തിലെ വ്യത്യാസം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു.

'' ഏയ്. ഒരു ജലദോഷം. അതാണ് ''.

'' എന്നാൽ നിന്നെ വിളിക്കുന്നില്ല. മഞ്ഞുകൊണ്ട് സുഖക്കേട് അധികമാക്കണ്ടാ ''.

എന്തോ പരിപാടി ആസൂത്രണം ചെയ്ത് അവൻ വിളിച്ചതായിരിക്കും. ഒന്നിനും മനസ്സ് വരുന്നില്ല. വീട്ടിൽ ചെന്നതും കിടക്കണം. ഭക്ഷണം പോലും വേണമെന്നില്ല.

'' നീയെന്താ ഒന്നും പറയാത്തത്. കിടപ്പാണോ '' ജാഫർ ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവനോട് പറഞ്ഞു.

'' കഷ്ടായെടാ. ഇത് നേരത്തെ അറിഞ്ഞാൽ പടം വിടുന്ന നേരംനോക്കി ആ കെഴവന് ഒരുതാങ്ങ് കൊടുക്കില്ലായിരുന്നു. നിന്നെ അയാൾ വേണ്ടാത്തത് പറഞ്ഞൂന്ന് കേട്ടപ്പോൾ സഹിക്കാൻ പറ്റീല്ല. അതാ അന്നങ്ങിനെ ചെയ്തത് ''.

'' ഇനി അത് ആലോചിച്ചിട്ട് എന്താ കാര്യം. കയ്യേറ്റം ചെയ്യാൻ ഞാനല്ല കാരണക്കാരൻ, വേറെ ഏതോ ശത്രുക്കളാണ് എന്നാണ് കുഞ്ഞുണ്ണിമാമ കരുതീട്ടുള്ളത് ''.

'' അത്രയും സമാധാനം. ഇനിയെന്താ നിൻറെ പരിപാടി ''.

'' ഗോപുവിനേയും ഗോപികയേയും കണ്ട് സംസാരിക്കണം. എല്ലാ കാര്യങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കി അച്ഛനും മക്കളും തമ്മിലുള്ള പിണക്കം തീർക്കണം ''.

'' അത് വേണ്ടതാണ്. എന്തു വേണച്ചാലും ഞാൻ കൂടെ ഉണ്ടാവും. ഇപ്പൊ നീ വേണ്ടാതെ സങ്കടപ്പെടണ്ടാ. അയാള് ജീവനോടെ ഉണ്ടല്ലോ ''.

തറവാട്ടിലെത്തുമ്പോൾ ഗൃഹസദസ്സ് കൂടിയിരിക്കുകയാണ്. മുറ്റത്തിട്ട ചാരുകസേലയിൽ ചെറിയച്ഛൻ ഇരിക്കുന്നു, അടുത്തൊരു പ്ലാസ്റ്റിക്ക് കസേലയിൽ ചെറിയമ്മയും. പതിവു പോലെ വലിയമ്മ പടവിലാണ് ഇരിപ്പ്. നടുവിലായി സ്റ്റൂളിൽ ഗ്യാസ്‌ ലൈറ്റ് കത്തിച്ചു വെച്ചിട്ടുണ്ട്. കറണ്ട് പോയതാണ്. മുറ്റത്ത് ഒരു ഓരത്ത് കാർ നിറുത്തി വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു.

'' ഞങ്ങളെത്തിയിട്ട് നേരം എത്രയായി എന്ന് അറിയ്യോ '' ചെറിയമ്മ ചോദിച്ചു '' നിങ്ങള് എത്തുമ്പോഴേക്ക് വരാമെന്നു പറഞ്ഞു പോയ നിന്നെ കാത്ത് ഞങ്ങളിവിടെ ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂറ് ഒന്നു കഴിഞ്ഞു ''.

എന്താണ് പറയേണ്ടത്, എങ്ങിനെയാണ് തുടങ്ങേണ്ടത് എന്നൊന്നും അറിയുന്നില്ല. ഒരു സത്യം കുഞ്ഞുണ്ണിമാമയോട് ചെയ്തിട്ടുണ്ട്. അത് ഇപ്പോഴേ തെറ്റി. എല്ലാ രഹസ്യങ്ങളും ജാഫറിനോട് പറഞ്ഞു പോയി.

'' അമ്മയുടെ ഷഷ്ടിപൂർത്തിയല്ലേ വരുന്നത് '' ചെറിയമ്മ ചോദിച്ചു '' ഇത്ര ദിവസമായിട്ട് അതിനുവേണ്ട എന്തെങ്കിലും നീ ഏർപ്പാടാക്കീട്ടുണ്ടോ ''.

വാസ്തവത്തിൽ ആ കാര്യം ഓർത്തിട്ടുകൂടിയില്ല. എന്തൊക്കെയാണ് അമ്മയുടെ മോഹം എന്നറിയണ്ടേ. എന്നാലല്ലേ വേണ്ടത് ചെയ്യാനൊക്കൂ.

'' ഇന്നന്നെ അമ്മയോട് ചോദിക്കാം. എന്നിട്ട് എന്താണ് എന്നുവെച്ചാൽ ചെയ്യാം ''.

'' വേണ്ടാട്ടോ ദീപൂ '' ചെറിയച്ഛൻ ഇടപെട്ടു '' സുമിത്ര പറ്റിക്കാൻ വേണ്ടി ചോദിച്ചതാണ്. മുകുന്ദേട്ടൻ എന്നോട് എന്തൊക്കെ ഏർപ്പാടാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. കാവിൽ ആ ദിവസത്തേക്ക് വഴിപാട് ഏർപ്പാടാക്കി. സദ്യക്ക് കാറ്ററിങ്ങ്കാരനെ ഏൽപ്പിച്ചുകഴിഞ്ഞു. ഇനി ഒന്നു രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. അത് മുകുന്ദേട്ടൻ വന്നിട്ട് മതി ''.

'' ഇത്രനേരം നീ എവിടെയായിരുന്നു '' വലിയമ്മ ചോദിച്ചപ്പോൾ ഉള്ള കാര്യങ്ങൾ മറച്ചു വെക്കാനായില്ല.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കേൾവിക്കാരുടെ മുഖം മങ്ങി. വലിയമ്മ തേങ്ങി കരയുന്ന ശബ്ദം കേൾക്കാനുണ്ട്.

'' എത്ര ദുഷ്ടനാണെങ്കിലും കൂടപ്പിറപ്പല്ലേ. കേൾക്കുമ്പോൾ സങ്കടം വരുന്നുണ്ട്. എന്താ ചെയ്യാ '' ചെറിയമ്മ കണ്ണു തുടച്ചു '' ഇത്രകാലം ഭാര്യ മക്കൾ എന്നൊക്കെ കരുതി നടന്നു. അവസാന കാലത്ത് അവർ അവരുടെ പാടുനോക്കി. എന്തോ അയമ്മ വിട്ടു പോയിട്ടില്ല. അതുതന്നെ വലിയ കാര്യം. വാൽമീകിയോട് ഭാര്യയും മക്കളും പറഞ്ഞതുപോലെ താൻ താൻ ചെയ്യുന്നതിൻറെ ഫലം താൻ താൻ അനുഭവിക്കേണ്ടി വരും. ആരും പങ്കു പറ്റാൻ ഉണ്ടാവില്ല ''.

'' എനിക്ക് ഇപ്പോത്തന്നെ ഏട്ടനെ കാണണം എന്ന് തോന്നുന്നുണ്ട്. നേരം പുലർന്നതും ഞാൻ ചെന്നു കാണും '' വലിയമ്മ കണ്ണു തുടച്ചു.

'' വേണ്ടാ വലിയമ്മേ. ആരോടും പറയില്ല എന്ന് സത്യം ചെയ്യിച്ചിട്ടാണ് കുഞ്ഞുണ്ണിമാമ ഇതെല്ലാം എന്നോട് പറഞ്ഞത് '' ദിലീപ് മേനോൻ പറഞ്ഞു ''  മനസ്സിൽ സൂക്ഷിക്കാൻ പറ്റാത്തതോണ്ട് ഞാൻ പറഞ്ഞു പോയതാണ് ''.

'' അറിഞ്ഞ അവസ്ഥയ്ക്ക് പോവാതെ വയ്യ. എന്തായാലും ഞാൻ പോവും '' വലിയമ്മ ഉറപ്പ് പറഞ്ഞു.

'' വെറുതെ അബദ്ധം കാട്ടരുത് '' ചെറിയച്ഛൻ തടഞ്ഞു '' ദീപു ഈ കാര്യം പറഞ്ഞതായി ആരും ഭാവിക്കരുത്. നിങ്ങൾക്ക് ഏട്ടനെ കാണണം. അത്രയല്ലേ ഉള്ളു. തക്കതായ ഒരു കാരണം പറഞ്ഞു നമുക്ക് ചെല്ലാം ''.

'' സുശീലടെ പിറന്നാളിന്ന് ക്ഷണിക്കാൻ പോവുന്ന മട്ടിൽ പോയാലോ? ''.

'' അതു മതി. അതാവുമ്പോൾ സംശയം തോന്നില്ല ''.

'' ഞാനും പോണുണ്ട്. ഈ മുപ്പത്തൊന്നാം തിയ്യതി ഞാൻ സ്കൂളിന്ന് പിരിയുകയല്ലേ. ആ വിവരം ഏട്ടനോട് പറഞ്ഞ് കാലു പിടിച്ചിട്ട് വരാം ''.

'' അങ്ങിനെയാവട്ടെ. ഇനി ആരോടെങ്കിലും ദീപു ഈ കാര്യം പറഞ്ഞിട്ടുണ്ടോ ''.

'' ജാഫറിനോട് പറഞ്ഞു ''.

'' അത് വേണ്ടായിരുന്നു. പപ്പനമ്മാമനെ കാണാൻ പറ്റാത്തതോണ്ട് അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടാവില്ല '' ചെറിയച്ഛൻ സ്വയം പറഞ്ഞു '' അഥവാ അദ്ദേഹം അറിഞ്ഞാലും അതിൽ തെറ്റില്ല. തറവാട്ടിലെ കാരണവരല്ലേ. മാത്രമല്ല നമ്മൾ എന്താ ചെയ്യേണ്ടത്  എന്ന് പറഞ്ഞു തരാനും അദ്ദേഹത്തിനാവും ''.

'' ഞാൻ നാളെ പപ്പനമ്മാമനെ കാണുന്നുണ്ട് ''.

'' ദീപു ഒരു ചുമതല ഏറ്റെടുത്തില്ലേ. അതിന്ന് എന്താ വഴി കണ്ടിട്ടുള്ളത് ''.

'' ആദ്യം ഗോപുവിനെ കാണണം. സത്യം അറിഞ്ഞാൽ ഒരു പക്ഷേ അവൻറെ ദേഷ്യം മാറും. എങ്കിൽ ഞങ്ങൾ രണ്ടാളും കൂടി ഗോപികയെ ചെന്നു കാണും ''.

'' തൽക്കാലം അതൊക്കെ ചെയ്യാൻ വരട്ടെ. നാളെ അമ്മായിയെ കണ്ട് സംസാരിച്ചോളൂ. കുഞ്ഞുണ്ണിമാമയുടെ മനസ്സിലിരുപ്പ് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നോക്കൂ ''.

'' ശരി ''.

'' കുറച്ചു കാലമായി ഞങ്ങള് തമ്മിൽ കണ്ടിട്ട്. ഉള്ളുകൊണ്ട് നല്ല സുഖത്തിലുമല്ല. എന്നെ കാണുമ്പോൾ ആ മനുഷ്യൻ എങ്ങിനെ പെരുമാറും എന്നും അറിയില്ല. എങ്കിലും സുമിത്ര പോവുമ്പോൾ കൂടെ ഞാനും ചെല്ലുന്നുണ്ട്. മനുഷ്യാവസ്ഥയല്ലേ. ഒന്നും പറയാൻ പറ്റില്ല. ഇന്ന് കാണുന്നവരെ നാളെ കണ്ടു എന്ന് വരില്ല. എന്തെങ്കിലും സംഭവിച്ചാൽ ഒരുനോക്ക് കണ്ടില്ല എന്നൊരു മനസ്സിൽ കുത്ത് ഉണ്ടാവരുതല്ലോ ''.

'' കുഞ്ഞുണ്ണിമാമ ദേഷ്യം കാണിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് ''.

'' എങ്കിൽ നന്നായി. നല്ല നിലയ്ക്ക് സംസാരിക്കാൻ തുടങ്ങിയാൽ എങ്ങിനേയെങ്കിലും ഞാൻ കാരണവരെക്കൊണ്ട് മക്കളുടെ കാര്യങ്ങൾ പറയിക്കും. പിന്നെ അവരെ കണ്ട് സംസാരിക്കുന്നതിന്ന് എനിക്ക് പ്രയാസം ഇല്ലല്ലോ ''.

'' അല്ലെങ്കിലും ദീപു പറഞ്ഞാലൊന്നും ആ മക്കള് അനുസരിക്കില്ല. ചെറിയച്ഛൻ അവരെ മയത്തിൽ പറഞ്ഞ് മനസ്സിലാക്കി വേണ്ടത് ചെയ്യിക്കും '' തലയിലേറ്റി വെച്ച ഒരു ഭാരം ഒഴിവായതായി ചെറിയമ്മ കൂടി പറഞ്ഞതോടെ ആശ്വസിച്ചു.

'' അടുത്തത് അസുഖത്തിൻറെ കാര്യം. നിങ്ങളുടെ ഏട്ടൻ മരിച്ചിട്ടൊന്നുമില്ലല്ലോ. രോഗം എന്താണെന്ന് ഒരു ധാരണയും കിട്ടി. വൈദ്യശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് ഏത് രോഗത്തിന്നും ചികിത്സയുണ്ട്. നമുക്ക് നോക്കാം. വേണ്ടാതെ ബേജാറാവണ്ടാ ''.

ഇളയച്ഛൻറെ വാക്കുകൾ എല്ലാവരിലും പ്രതീക്ഷയുണർത്തി. ലൈറ്റ് ഒന്നു മിന്നി വീണ്ടും കെട്ടു. മൂന്നു തവണ അത് ആവർത്തിച്ചു.

'' ടെസ്റ്റ്ചാർജ്ജ് ചെയ്തിട്ട് നിന്നിട്ടില്ല '' ചെറിയച്ഛൻ പറഞ്ഞു '' ലൈനിൽ എന്തെങ്കിലും തകരാറ് ഉണ്ടാവും. ഇന്നിനി കറണ്ട് വരുന്ന കാര്യം സംശയമാണ്. ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്കാം ''.

ഗ്യാസ് ലൈറ്റ് എടുത്ത് ചെറിയമ്മ നടന്നു, കസേലകളുമായി ചെറിയച്ഛനും. കഞ്ഞിയും പയറും ചമ്മന്തിയും വലിയമ്മ വിളമ്പി.

'' പുറമേ ആരോടും ഇതൊന്നും പറയരുത്. നമ്മളായിട്ട് ഒരു പബ്ലിസിറ്റി കൊടുക്കണ്ടാ ''.

'' ഇല്ല ചെറിയച്ഛാ. ഞാനിനി ആരോടും പറയില്ല ''.

'' എനിക്ക് നിൻറടുത്ത് ഒരു കാര്യം പറയാനുണ്ട്  '' ചെറിയമ്മ പറഞ്ഞു '' അപ്പോഴത്തെ സങ്കടത്തിൽ പറയാൻ വിട്ടു പോയതാണ് ''.

'' എന്താ ചെറിയമ്മേ ''.

'' നിന്നെപോലൊരു വങ്കശിരോമണിയെ നടന്ന നാട്ടിൽ കാണില്ല '' അവർ ചിരിച്ചു '' നീ അല്ലാതെ ആരെങ്കിലും അയാളുടെ മുഖത്തു നോക്കി ദാസിപ്പെണ്ണുമായി ബന്ധം ഉണ്ടോ എന്ന് ചോദിക്ക്വോ. ഒന്നൂല്യെങ്കിലും അയാള് നിൻറെ അമ്മാമനല്ലേ ''.

'' അമ്മായിയുടെ മനസ്സിൽ ആ തോന്നലുണ്ട്. കുഞ്ഞുണ്ണിമാമ അതറിയണം. പറയാതെ അത് അറിയാൻ സധിക്കില്ലല്ലോ ''.

'' നല്ല കാലത്താണെങ്കിൽ ആ മനുഷ്യൻ ആട്ടി കണ്ണു പൊട്ടിച്ചിട്ടുണ്ടാവും ''.

'' അമ്മായി പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ? ''.

'' തോട്ടുമ്പുറത്തു നിന്ന് ദാക്ഷായണി എന്ന പെണ്ണുമായി ഏട്ടന്ന് ഒരു കല്യാണാലോചന വന്നിരുന്നു. പെണ്ണു കണ്ടു വന്നിട്ട് എനിക്ക് ഇഷ്ടമായില്ല എന്ന് ഏട്ടൻ പറഞ്ഞതോടെ അത് മുടങ്ങി. അവളാണ് ഏടത്തിയമ്മയോട് ഈ ഇല്ലാക്കഥ പറഞ്ഞു കൊടുത്തത് ''.

പെട്ടെന്ന് വൈദ്യുത വിളക്കുകൾ പ്രകാശം ചൊരിഞ്ഞു. വലിയമ്മ എഴുന്നേറ്റ് ഗ്യാസ് ലൈറ്റ് കെടുത്തി.

'' നല്ല ശകുനം. വരില്ല എന്നു വിചാരിച്ച കറണ്ട് പെട്ടെന്നന്നെ വന്നു ''  അവർ പറഞ്ഞു '' ഇതുപോലെ എല്ലാ കാര്യവും ഭംഗിയായി കലാശിക്കും ''.

ആ വിശ്വാസത്തിൽ ദിലീപ് മേനോൻ സ്വയം ആശ്വസിച്ചു.