Thursday, February 27, 2014

അദ്ധ്യായം - 28.

പാതയുടെ ഓരം ചേർന്ന് കാർ നിർത്തി. ഗെയിറ്റ് വെളിയിൽ നിന്ന് കുറ്റിയിട്ടിരിക്കയാണ്. അത് തുറന്ന് അകത്ത് കടന്നതും മുറ്റത്തെ മാവിൻ ചുവട്ടിലിട്ട പ്ലാസ്റ്റിക്ക് ചെയറിൽ ദൂരെ നോക്കിയിരിക്കുന്ന കുഞ്ഞുണ്ണിമാമയെ കണ്ടു. അടുത്ത് എത്തിയിട്ടും അദ്ദേഹം അറിഞ്ഞ മട്ടില്ല. ഗാഢമായ ചിന്തയിലാണെന്ന് വ്യക്തം.

'' എന്തോ വലിയ ആലോചനയിലാണല്ലോ '' ശബ്ദം കേട്ടതും മാമൻ ചിന്തയിൽനിന്ന് ഉണർന്നു.

'' മരിക്കുന്നതുവരെ മനുഷ്യന് ആലോചനയില്ലാത്ത ഒരു നിമിഷം ഉണ്ടോ '' അദ്ദേഹം പറഞ്ഞു '' അതങ്ങിനെ ഉണ്ടാവട്ടെ. തനിക്ക് കാറ്റുംകൊണ്ട് ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളിൽനിന്ന് ഒരു കസേല കൊണ്ടുവരാം. അല്ല വയ്യ എന്നാണെങ്കിൽ അകത്തേക്ക് പോവാം ''.

'' കുഞ്ഞുണ്ണിമാമ ഇരുന്നോളൂ. ഞാൻ കസേല എടുത്തിട്ടു വരാം ''.

സിറ്റൗട്ടിൽ നിന്ന് ഒരു കസേല കൊണ്ടുവന്ന് കുഞ്ഞുണ്ണിമാമയ്ക്ക് അഭിമുഖമായി ഇട്ടിട്ട് ഇരുന്നു. അദ്ദേഹത്തിൻറെ മുഖം രാവിലെ കണ്ടതിനേക്കാൾ മ്ലാനമായിരിക്കുന്നു.

'' എന്താ വല്ലാതിരിക്കുന്നത് '' സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.

'' ആകെ വയ്യാടോ. ശരീരത്തിന്നും മനസ്സിന്നും ഒരുപോലെ വയ്യാ ''.

'' ആദ്യം എന്താണ് മനസ്സിൻറെ പ്രശ്നമെന്ന് പറയൂ. മനസ്സ് സ്വസ്ഥമാണെങ്കിൽ ശരീരം താനേ ശരിയായിക്കോളൂം ''.

'' അതിനുള്ള കാലമൊക്കെ എപ്പോഴോ കഴിഞ്ഞു. ഈ ദേഹം എന്ന് പട്ടടയിൽ വെക്കും എന്നേ ഇനി അറിയാനുള്ളു. അതിനു മുമ്പ് ഉള്ളിലെ വിഷമം ആരോടെങ്കിലും പറയണം എന്നുണ്ട്. പറ്റിയ ഒരാളെ കിട്ടാതെ പറയാതിരിക്കുന്നതാ ''.

'' എന്നോട് പറഞ്ഞൂടേ ''.

'' എന്താ പറഞ്ഞാൽ? ഒന്നൂല്യെങ്കിലും താനെൻറെ മരുമകനല്ലേ '' അമ്മായി ഏൽപ്പിച്ച കാര്യങ്ങൾ ചോദിക്കാൻ പറ്റിയ അവസരം ഇതാണ്.

'' എന്നാൽ പറഞ്ഞോളൂ. അതിനുമുമ്പ് എനിക്ക് ചിലതെല്ലാം അറിയാനുണ്ട് ''

'' എന്താച്ചാൽ ചോദിക്ക്. എനിക്ക് അറിയുന്നതൊക്കെ പറഞ്ഞു തരാം ''.

'' എന്താ കുറച്ചായിട്ട് കുഞ്ഞുണ്ണിമാമയുടെ സ്വഭാവത്തിൽ ഒരു മാറ്റം ''.

'' തനിക്ക് അങ്ങിനെ തോന്നാൻ വഴിയില്ലല്ലോ. ആട്ടെ, താൻ സരസ്വതിയെ കണ്ട്വോ ''.

'' ഉവ്വ്. വഴിക്കുവെച്ച് ഞാൻ അമ്മായിയെ കണ്ടു ''.

'' അങ്ങിനെ വരട്ടെ. എന്നാൽ താൻ ഒരു കാര്യം മനസ്സിലാക്കിക്കോ, എനിക്ക് അവള് പറയുന്ന മാറ്റമൊന്നും ഉണ്ടായിട്ടില്ല. പറയുന്നതു കേട്ട് തുള്ളുന്ന പതിവ് ഞാൻ നിർത്തി. അതേ സംഭവിച്ചിട്ടുള്ളു ''.

'' കുഞ്ഞുണ്ണിമാമ സ്വത്തൊന്നും മക്കൾക്ക് കൊടുക്കാതെ എന്തിനാ കയ്യിൽ വെച്ചോണ്ട് ഇരിക്കുന്നത്. മക്കൾക്ക് അവരുടെ ഓഹരി കൊടുത്താൽ അവർക്കത് ഉപകാരമാവില്ലേ. അതല്ല വേറെ ഉദ്ദേശം വല്ലതും മനസ്സിലുണ്ടോ ''.

'' ഒരു ഉദ്ദേശവും ഇല്ല. അവർക്ക് വേണ്ടിയിട്ടന്നെയാണ് ഒക്കെ സ്വരൂപിച്ചത്. എന്നാൽ എന്തിനാ അവർക്ക് കൊടുക്കുന്നത് എന്നാണ് ഇപ്പോഴത്തെ ചിന്ത ''.

'' അങ്ങിനെ തോന്നാൻ ''.

'' മക്കൾക്ക് അച്ഛനെ വേണ്ടെങ്കിൽ അച്ഛന് മക്കളേയും വേണ്ടാ. ഞാൻ ആസ്പത്രിയിൽ ആയ വിവരം അറിയിച്ചിട്ട് രണ്ടും തിരിഞ്ഞു നോക്കിയില്ല. ചത്താലും അറിയിക്കണ്ടാന്ന് മകൻ പറഞ്ഞു എന്ന് അമ്മ കൊട്ടിഘോഷിക്കുന്നത് കേട്ടു. അവൻ വന്നില്ലെങ്കിലെന്താ, എൻറെ ശവം അങ്ങിനെത്തന്നെ വെച്ചോണ്ടിരിക്ക്വോ ''.

'' ബിസിനസ്സ് ചെയ്യാൻ ഗോപു പണം ചോദിച്ചപ്പോൾ കൊടുക്കാത്തതോണ്ടല്ലേ അവന് അമ്മയിയച്ഛൻറെ സഹായം വേണ്ടി വന്നത് ''.

'' എന്ത് ബിസിനസ്സാണ് ചെയ്യുന്നത് എന്ന് തനിക്കറിയ്യോ. പട്ടിക്കാടുപോലെയുള്ള ഒരു സ്ഥലത്ത് ഭാര്യയുടെ അച്ഛൻ ഒരു ടയർ കട ഇട്ടിട്ടുണ്ട്. വല്ലപ്പോഴും അതില് എത്തുന്ന വണ്ടികളുടെ വീൽ അലൈൻമെൻറ് ചെയ്യലും ടയറ് മാറ്റലുമാണ് ഈ മഹാൻറെ പണി. ബിസിനസ്സ് ചെയ്യാൻ നല്ല കണ്ണും ദൃഷ്ടിയും ഉണ്ടാവണം. ഇല്ലെങ്കിൽ സംഗതി പാളും. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നമ്മുടെ വിദ്വാൻ കച്ചവടം ചെയ്താൽ എന്നാ പൊളിഞ്ഞ് പാളീസാവുക എന്നേ നോക്കാനുള്ളു. അത് അറിയുന്നതോണ്ടാ ഞാൻ പണം കൊടുക്കാഞ്ഞത് ''.

'' ഗോപിക വീട് വാങ്ങാൻ പണം ചോദിച്ചില്ലേ ''.

'' ഉവ്വ്. അവളുടെ കെട്ടിയവന് ഇവിടെ നിന്ന് കിട്ടാനുള്ളതൊക്കെ വലിച്ചെടുത്ത് സ്വന്തം കുടുംബത്തിലെത്തിക്കണം എന്നാ മോഹം. അവൻറെ വാക്ക് വിശ്വസിച്ച് എന്തെങ്കിലും ചെയ്താൽ പെണ്ണ് പെരുവഴിയിലാവും. ഏതെങ്കിലും അച്ഛൻ അത് ചെയ്യോ ''.

'' കുഞ്ഞുണ്ണിമാമ ഒന്നും പറയാതെ ഇടയ്ക്കിടയ്ക്ക് വീടുവിട്ട് പോവുന്നതോ ''.

'' കുറച്ചുകാലമായി ഞാൻ ചികിത്സയിലാണ് എന്ന് പറഞ്ഞില്ലേ. ഡോക്ടറെ കാണാനും ടെസ്റ്റുകൾക്കുമായി കുറെ ആസ്പത്രികൾ കയറേണ്ടി വന്നിട്ടുണ്ട്. അതിന് പോയതാണ് ആക്ഷേപമായി പറയുന്നത് ''.

'' എന്നാൽ ആ കാര്യം വീട്ടിൽ പറഞ്ഞൂടേ ''.

'' എന്നിട്ടുവേണം മക്കൾ ഭാഗത്തിന്ന് തല്ലുണ്ടാക്കാൻ. എൻറെ കാലം കഴിയാൻ പോണൂ എന്നു കേട്ടാൽ അവിറ്റ അടങ്ങിയിരിക്ക്വോ. ഉള്ള സ്വത്തിൽ നിന്ന് മറ്റാർക്കെങ്കിലും ഒരു വീതം കൊടുത്താലോ എന്നു കരുതുന്ന വകയാണ് എല്ലാം ''.

'' കുഞ്ഞുണ്ണിമാമ ആർക്ക് കൊടുക്കാനാണ് ''.

'' പെങ്ങമ്മാരും മരുമക്കളുമില്ലേ. ഞങ്ങളും അവകാശികളാണ് എന്നും പറഞ്ഞ് നാളെ ആരെങ്കിലും വന്നാലോ എന്ന് ചിന്തിക്കുന്ന ഭാര്യയും മക്കളും എന്നെ സമാധാനത്തോടെ  മരിക്കാൻ വിട്വോ ''.

'' പെങ്ങന്മാരോ അവരുടെ മക്കളോ വരില്ല. വേറെ ആരെങ്കിലും വരാനുണ്ടോ ''.

'' വേറെ ആരാ എനിക്കുള്ളത് ''.

'' ഉറപ്പായിട്ടും ഇല്ല ''.

'' എന്താ താൻ പറഞ്ഞോണ്ട് വരുന്നത്. മനസ്സിലെന്താണെച്ചാൽ അത് പറയ് ''.

'' ആരാ ഈ ലീലാവതി ''.

''  അപ്പോൾ അവൾ അതും പറഞ്ഞു. എന്നാൽ കേട്ടോ. കല്യാണം കഴിഞ്ഞ് അധികം കഴിയും മുമ്പ് പറയാൻ തുടങ്ങിയതാണ് ഈ പുരാതി. കേട്ടു കേട്ട് തഴമ്പായി. ആരോട് വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്കിതാ ഇതിന്ന് സമമാണ് '' കുഞ്ഞുണ്ണിമാമ ഒരു മുടിയിഴ പൊക്കി കാട്ടി.

'' എന്നോട് ഒന്നും തോന്നരുത്. കേട്ടത് ചോദിച്ചു എന്നേയുള്ളു ''.

'' തന്നോട് എന്താ തോന്നാൻ. ഭർത്താവിനെ പഴി പറയാൻ വേണ്ടി ഇരിക്കുന്ന മൂധേവി പറഞ്ഞത് താൻ എന്നോട് പറഞ്ഞു. അതല്ലേ താൻ ചെയ്തുള്ളു ''.

'' ശരിയാണ്. അമ്മായി പറഞ്ഞത് ഞാൻ ചോദിച്ചു. മടിയുണ്ടെങ്കിൽ പറയേണ്ടാ ''.

'' ഞാനെന്തിനാ പറയാൻ മടിക്കുന്നത്. താൻ കേട്ടോളൂ. തറവാട്ടിൽ പണിക്കു നിന്ന ഒരു സ്ത്രീയുടെ മകളായിരുന്നു അവള്. തള്ളയ്ക്ക് പണിക്ക് വരാൻ പറ്റാത്ത സമയത്ത് ആ പെണ്ണ് ജോലിക്ക് വരും. എനിക്കന്ന് പൊന്നാനിയിലായിരുന്നു ജോലി. വീട്ടിൽ വരുന്നത് എപ്പോഴെങ്കിലും ആണ്. ആകെ ഒന്നോരണ്ടോ പ്രാവശ്യമേ അവളെ കണ്ടിട്ടന്നെയുള്ളു ''.

'' എന്നാൽ അമ്മായിയോട് ഏതോ കൂട്ടുകാരി മറ്റെന്തോ പറഞ്ഞു കൊടുത്തിട്ടുണ്ട് ''.

'' അതും അറിയാം. വീട്ടിൽ പ്രത്യേകിച്ച് പണിയില്ലാത്ത പെണ്ണുങ്ങളുടെ തൊഴിലെന്താ? നുണക്കൂട്ടംകൂടൽ. അതൊക്കെ വിശ്വസിച്ച് ഭാര്യ ഭർത്താവിനെ സംശയിക്കാൻ പാടില്ല. പക്ഷെ നിൻറെ അമ്മായി അത് വിശ്വസിക്കുക മാത്രമല്ല പാടിക്കൊണ്ട് നടക്കും ചെയ്യും. ഇങ്ങിനെയാണെങ്കിൽ എനിക്ക് അവളെപ്പറ്റി എന്തെല്ലാം പറയാനുണ്ട് ''.

''  അമ്മായിക്കും ഉണ്ടോ ഇതുപോലെ എന്തെങ്കിലും കുറ്റം ''.

'' ഉണ്ടോന്നോ. ശീലാവതിയൊന്നുമല്ല അവള്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ട്യൂഷൻ വാദ്ധ്യാർക്ക് പ്രേമലേഖനം കൊടുത്ത പുള്ളിയാണ് ഈ കക്ഷി. പലരും പറഞ്ഞ് നാട്ടിൽ അത് പാട്ടായപ്പോൾ അവളുടെ അച്ഛൻ ആളെ വിട്ട് ട്യൂഷൻമാസ്റ്ററെ തല്ലിച്ചു ''.

'' അപ്പോൾ രണ്ടുപേരും ഓരോ ഗോളടിച്ച് സമാസമം ആയി അല്ലേ. ഒരു കാര്യം ഞാൻ പറഞ്ഞാൽ ദേഷ്യം വരരുത്. ഈ കുറ്റം പറച്ചില് രണ്ടാൾക്കും മോശമാണ്. അതറിഞ്ഞ് പെരുമാറിയാൽ നന്ന് ''.

'' എടോ, ഇന്നേവരെ ഈ സംഭവത്തെപ്പറ്റി ഒരക്ഷരം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അല്ലെങ്കിലും ആണുങ്ങൾക്ക് പറഞ്ഞ പണിയാണോ അത് '' കുഞ്ഞുണ്ണിമാമ കാർക്കിച്ച് തുപ്പി '' സ്ത്രീ വിഷയത്തിൽ ആണിനേയും പെണ്ണിനേയും ആരും ഒരുപോലെ കാണില്ല. ആണൊരുത്തൻ തെറ്റ്ചെയ്തൂന്ന് നാലാള് അറിഞ്ഞാൽ അതിൻറെ മോശം അയാൾക്ക് മാത്രമേയുള്ളൂ. പെണ്ണിൻറെ കാര്യത്തിൽ അതല്ല. അവളെ പറയുംപോലെ ഭർത്താവിനെ കുറ്റം പറയാനും ആളുണ്ടാവും. വേലിചാടിയ ഒരുത്തിയെ കൂടെ വെച്ചോണ്ടിരിക്കുന്നവൻ ആണാണോ എന്ന് ആളുകള് പറയില്ലേ. അതുകൊണ്ട് ഈ സംഭവം കേട്ടതായി ഞാൻ നടിച്ചിട്ടില്ല ''.

'' അതേതായാലും നന്നായി. പോട്ടെ, ഇനിയെന്താ കുഞ്ഞുണ്ണിമാമയുടെ പ്ലാൻ ''.

'' അർജ്ജെൻറായിട്ട് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്യണം ''.

'' സ്വത്തു സംബന്ധിച്ച കാര്യങ്ങളാണോ ''.

 '' അതെ. പൂർവ്വീകമായി കിട്ടിയ സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശമുണ്ട്. അത് അവരെടുത്തോട്ടെ. പക്ഷെ ഞാൻ സമ്പാദിച്ച സ്വത്ത് എൻറെ ഇഷ്ടംപോലെ ചെയ്യും. അതിൽനിന്ന് ഒരുവക ഞാൻ ഭാര്യക്കും മക്കൾക്കും കൊടുക്കില്ല. ചിലപ്പൊ ഏതെങ്കിലും ധർമ്മസ്ഥാപനത്തിന്ന് ഞാൻ എഴുതിവെക്കും. ചെയ്തുകൂട്ടിയ തെറ്റിന്ന് ഒരു പരിഹാരം ആവട്ടെ ''.

'' ഞാൻ ഉപദേശിക്കുകയാണെന്ന് കരുതില്ലെങ്കിൽ ഒരു കാര്യം പറയാം ''.

'' പറയ്. കേൾക്കട്ടെ ''.

''ഇപ്പോഴത്തെ ദേഷ്യത്തിന്ന് ഇങ്ങിനെ ചെയ്താൽ പിന്നെയത് തിരുത്താൻ പറ്റി എന്നു വരില്ല. സുന്ദരേശ്വരമേനോന് അറിവും വിവരവുമെല്ലാം ഉണ്ടായിട്ട് ഒടുവിൽ ഭാര്യയേയും മക്കളേയും ഗതിയില്ലാത്തവരാക്കി പോയി എന്ന് പറയിക്കരുത് ''.

'' പിന്നെന്താ ഞാൻ ചെയ്യണ്ട്. അവരുടെ കാലു പിടിക്കാൻ പോണോ ''.

'' അതു വേണ്ടാ. അമ്മായിയേയും മക്കളേയും ഞാൻ പറഞ്ഞു ബോദ്ധ്യപ്പെടുത്താം. ഇനി അവർ കുഞ്ഞുണ്ണിമാമ പറയുന്നത് അനുസരിച്ച് കഴിഞ്ഞാൽ പോരേ ''.

'' തനിക്കങ്ങിനെ ഒരു മോഹമുണ്ടെങ്കിൽ പറഞ്ഞു നോക്കിക്കോളൂ. എന്തായാലും ഒട്ടും വൈകാതെ എനിക്ക് മറുപടി കിട്ടണം ''.

'' അതാവാം. കുഞ്ഞുണ്ണിമാമ അന്ന് ചോദിച്ച സ്ഥലം അമ്മ വന്നാൽ വാങ്ങിത്തരാം ''.

'' വേണ്ടേ വേണ്ടാ. അന്നത്തെ മോഹത്തിന് ചോദിച്ചു. തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു '' അദ്ദേഹം ഒന്നു കൂടി കാർക്കിച്ചു തുപ്പിയിട്ട് തുടർന്നു '' എൻറെ ഉള്ളില് ഒരു മോഹം കൂടി ബാക്കി കിടപ്പുണ്ട് ''.

'' അതെന്താ ''.

'' സുഭദ്രയുടെ മകൾക്ക് കുറച്ച് സ്ഥലം കൊടുക്കണം ''.

'' അമ്മായിയും മക്കളും സമ്മതിക്ക്വോ ''.

'' സമ്മതിപ്പിക്കണം. അവളുടെ അച്ഛന്ന് ഞാൻ കുറച്ച് പണം കൊടുക്കാനുണ്ട്. എൻറെ കല്യാണ സമയത്ത് കൈവായ്പ്പ വാങ്ങിയതാണ്. അതാരും അറിയില്ല. പണം തിരിച്ച് കൊടുക്കുംമുമ്പ് ആള് പോയി. ഓരോ അസൗകര്യം കാരണം ആ കാലത്ത് കൊടുക്കാൻ കഴിഞ്ഞില്ല. ആറിയകഞ്ഞി പഴങ്കഞ്ഞി എന്നു പറയുന്നപോലെ ആ ബാദ്ധ്യത വീട്ടാതെ കിടക്കുന്നു. മരിക്കുന്നതിന്നു മുമ്പ് ആ കടം വീട്ടണം. മുതലും പലിശയും ഒന്നും ഇപ്പോൾ കണക്കാക്കാൻ പറ്റില്ല. അതാ സ്ഥലം കൊടുക്കാന്ന് വെച്ചത്. ആ പെണ്ണിന് അതൊരു ഉപകാരവും ആവും ''.

'' അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തരാം. ഇനിയെങ്കിലും കുഞ്ഞുണ്ണിമാമയുടെ സുഖക്കേട് എന്താണെന്ന് പറയൂ ''.

'' താൻ ഒരാളോടും പറയില്ല എന്ന് ഈ കയ്യിൽ പിടിച്ച് സത്യം ചെയ്യ് '' അദ്ദേഹം കൈ നീട്ടി. എന്താണ് വേണ്ടതെന്ന് ഒരുനിമിഷം ചിന്തിച്ചു. കുഞ്ഞുണ്ണിമാമ പറയാൻ പോവുന്ന രഹസ്യം മനസ്സിൽ സൂക്ഷിക്കാൻ തനിക്കാവുമോ? സത്യം ചെയ്തില്ലെങ്കിൽ അദ്ദേഹം അതൊട്ട് പറയുകയുമില്ല. പിന്നീടെങ്കിലും മറ്റുള്ളവർ മനസ്സിലാക്കണമെങ്കിൽ ആ സത്യം അറിഞ്ഞിരിക്കണം.

'' കുഞ്ഞുണ്ണിമാമയുടെ സമ്മതമില്ലാതെ ആരോടും ഞാൻ പറയില്ല '' നീട്ടിയ കൈകളിൽ തൊട്ട് സത്യം ചെയ്തു.

'' കീമോ തെറാപ്പിയോ റേഡിയേഷനോ ഒന്നും ഇനി ചെയ്യാൻ പറ്റില്ല. വേദന വന്നാൽ പെയിൻ കില്ലർ കഴിക്കും. ബാക്കിയൊക്കെ താൻ ഊഹിച്ചാൽ മതി ''.

നേരത്തെ സംശയം തോന്നിയതാണ്. അതിപ്പോൾ ശരിയായി എന്നേയുള്ളു. എങ്കിലും ദുഃഖം താങ്ങാൻ കഴിയുന്നില്ല. ഇരു കവിളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടെന്ന് തോന്നുന്നു.

'' താൻ എന്തിനാടോ കരയുന്നത്. ജനിച്ചാൽ ഒരു ദിവസം മരിക്കണ്ടേ. എൻറെ സമയം ആവാറാവുന്നു. അതിൽ എനിക്ക് ദുഃഖമൊന്നുമില്ല ''.

കുഞ്ഞുണ്ണിമാമയെക്കുറിച്ചുള്ള ധാരണകളെല്ലാം മാറുകയാണ്. എത്ര ധൈര്യമായിട്ടാണ് അദ്ദേഹം മരണത്തെ നേരിടുന്നത്. അവസാനം അടുത്തുവെന്നറിഞ്ഞിട്ടും തോൽക്കാൻ തയ്യാറാവാത്ത സേനാനിയെപ്പോലെ അദ്ദേഹം തൻറേടത്തോടെ കഴിയുന്നു. ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ തീർത്തും ശാന്തനായി അദ്ദേഹം ഈ ലോകത്തുനിന്ന് കടന്നു പോവണം. ഗോപുവിനേയും ഗോപികയേയും അമ്മായിയേയും കണ്ട് അതിന്ന് വേണ്ടതെല്ലാം ചെയ്യണം.

'' എന്താടോ വല്ലാത്തൊരു ആലോചന '' കുഞ്ഞുണ്ണിമാമയുടെ സ്വരം ചിന്തയിൽ നിന്ന് ഉണർത്തി.

'' ഞാൻ നാളെ വൈകുന്നേരം വരാം '' വാക്കുകളാണോ വിതുമ്പലാണോ പുറത്തു വന്നത് എന്നറിയില്ല. ഇരുന്ന കസേല സിറ്റൗട്ടിൽവെച്ച് ഇറങ്ങി നടന്നു. ഏഴുമണി ആവാറായി. എങ്കിലും ഇരുട്ടാവുന്നതേയുള്ളു. അകലെ പുഴ വക്കത്തുള്ള പൂളമരത്തിലേക്ക് ഒരു പറ്റം കൊറ്റികൾ ചേക്കേറാൻ പോവുന്നുണ്ട്. ഡോർ തുറന്ന് കാറിൽ കയറി.

Wednesday, February 12, 2014

അദ്ധ്യായം - 27.

ചെറിയമ്മ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ നിന്ന് എത്തിയത്.

'' ഒരുങ്ങീലേ '' വന്നത്തിയതും അവർ വലിയമ്മയോട് ചോദിക്കുന്നത് കേട്ടു.

'' എനിക്കെന്താ ഒരുങ്ങാൻ. നീ ചായ കുടിക്കുമ്പോഴേക്കും സാരി മാറ്റി വരാം '' വലിയമ്മ അകത്തേക്ക് നടന്നു.

'' ഞങ്ങളുടെ സ്കൂളിലെ ഒരു ടിച്ചറുടെ ഭർത്താവ് കൊയമ്പത്തൂരിൽ നിന്ന് ബൈപ്പാസ്സ് ഓപ്പറേഷൻ കഴിഞ്ഞ് എത്തിയിട്ടുണ്ട്. ഞങ്ങള് രണ്ടാളും പോയി കണ്ടിട്ടു വരാം '' ഒറ്റ വലിക്ക് ചായ മോന്തിയിട്ട് ചെറിയമ്മ പറഞ്ഞു.

ഉണ്ണിക്കുട്ടൻ അനിയത്തിയെ കാണാൻ പോയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ച കഴിയും അവൻ എത്താൻ. ചെറിയച്ഛൻ വരുമ്പോൾ രാത്രിയാവും. ഇവർ തിരിച്ചെത്തുന്നതുവരെ ഒറ്റയ്ക്കിരുന്ന് മുഷിയും. അതുവരെ ഒന്ന് കറങ്ങിയിട്ടു വരാം.

'' നിങ്ങള് എത്തുമ്പോഴേക്ക് ഞാനും വരാം '' എന്നും പറഞ്ഞ് വേഷം മാറി പുറപ്പെട്ടു.

ഓട്ടോയ്ക്ക് മുമ്പേ കാർ വിട്ടു. എങ്ങോട്ടാണ് പോവേണ്ടത്? അങ്ങിനെ വ്യക്തമായ ഒരു ധാരണയില്ല. പപ്പനമ്മാമൻ സ്ഥലത്തില്ല. അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തേക്ക് പോയതാണത്രേ. കുഞ്ഞുണ്ണിമാമയെ ഒന്നുകൂടി പോയികണ്ടാലോ. ചിലപ്പോൾ ഇനിയും എന്തെങ്കിലും പറയാനുണ്ടാവും. കാർ റോഡിൽ കയറി ഇടത്തോട്ട് തിരിഞ്ഞു. കഷ്ടിച്ച് നൂറു മീറ്റർ ചെല്ലുമ്പോഴേക്കും അമ്മായി എതിരെ വരുന്നതു കണ്ടു. കാർ ഓരം ചേർത്തു നിർത്തി.

'' എങ്ങോട്ടാ അമ്മായി പോണത് '' അവർ അരികത്ത് എത്തിയപ്പോൾ ചോദിച്ചു.

'' മാരിയമ്മ കോവിലിലേക്ക്. നാളെയാണ് പൂജ. ഇന്നു രാത്രി കുംഭം നിറയ്ക്കും. അതിന് പോവാനാവില്ല. നടയ്ക്കൽ പണംവെച്ച് തൊഴുതുപോരണം '' അവർ പറഞ്ഞു '' ആട്ടേ, നീ എങ്ങോട്ടാ ''.

'' അങ്ങിനെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല. വെറുതെ കറങ്ങാനിറങ്ങി ''.

'' നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. രാവിലെ പണിക്കാരുള്ളതോണ്ട് പറ്റിയില്ല ''.

'' അതിനെന്താ. കാറിൽ കയറിക്കോളൂ. നമുക്ക് വീട്ടിലേക്ക് പോവാം ''.

'' അതുവേണ്ടാ. സ്വകാര്യായിട്ട് പറയാനുള്ളതാ. നിൻറെ മാമൻ കേൾക്കരുത് ''.

'' എന്നാൽ കാറിൽ കയറൂ. എവിടെയെങ്കിലും നിർത്തി സംസാരിക്കാം ''.

'' അതാ നല്ലത് '' അമ്മായി കാറിൽ കയറി. കാർ തിരിച്ചു വിട്ടു.

'' എനിക്ക് നീയും എൻറെ ഗോപുവും തമ്മിൽ ഒരു ഭേദൂം ഇല്ല. എൻറെ മുലപ്പാല് കുടിച്ച് വളർന്ന കുട്ടിയാണ് നീ ''.

ഓർമ്മവെച്ചതുമുതൽ എത്ര തവണ കേട്ട പല്ലവിയാണ് ഇത്. അമ്മായി ഗോപുവിനെ പ്രസവിച്ചതിൻറെ അമ്പത്താറാം പക്കമാണ് അമ്മ തന്നെ പ്രസവിച്ചത്. ആ കാലത്ത്   കുഞ്ഞുണ്ണിമാമയും അമ്മായിയും പത്തായപ്പുരയിലായാണ് താമസിച്ചിരുന്നത്. എങ്കിലും തൊട്ടതിനും പിടിച്ചതിനും രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും  ചെയ്യും. അമ്മയ്ക്കോ അമ്മയിയ്ക്കോ ജലദോഷോ പനിയോ മറ്റോ വന്നാൽ കുട്ടിക്ക് മുലപ്പാല് കൊടുക്കില്ല. സുഖക്കേട് കുട്ടിക്ക് പകരില്ലേ. അപ്പോൾ രോഗമില്ലാത്ത ആൾ കുട്ടികൾക്ക് മാറിമാറി പാലു കൊടുക്കും. ഗോപു അമ്മയുടെ മുല കുടിച്ചിട്ടുണ്ട്. അമ്മായി  തനിക്കും പാല് തന്നിട്ടുണ്ട്.

'' അമ്മ ഈ കാര്യം പലപ്പോഴും പറയാറുണ്ട് ''.

'' അതാ പറഞ്ഞത്. അങ്ങിനെ കഴിഞ്ഞതാണ് നമ്മളൊക്കെ. പിന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ് ഞങ്ങള് വേറെ വീടുണ്ടാക്കി പോന്നത് ''.

'' അത് എനിക്ക് ഓർമ്മയുണ്ട്. ഞാൻ ഹൈസ്ക്കൂളിൽ ചേർന്നത് അക്കൊല്ലമാണ് ''.

'' ശരിയാണ്. ഗോപു അവിടെനിന്നാണ് സ്കൂളിൽ പോയിരുന്നത്. എവിടെയെങ്കിലും നീ കാറ് നിറുത്ത്. നമുക്ക് സമാധാനമായിട്ട് കുറെ നേരം സംസാരിക്കാം ''.

റോഡിൻറെ രണ്ടുവശത്തും വയലുകളാണ്. പോക്കുവെയില് തടുക്കാൻ ഒരു തണൽമരം പോലുമില്ല. കുറച്ചു ദൂരം കൂടി ചെന്നാൽ പാതവക്കത്തുള്ള ക്ഷേത്രകുളത്തിൻറെ ഓരത്ത് ഒരാൽമരമുണ്ട്. വെയിലു താണാലേ സ്ത്രീകൾ കുളത്തിൽ കുളിക്കാനെത്തൂ. അതുവരെ അടുത്തൊന്നും ആളുകളുണ്ടാവില്ല. സൗകര്യംപോലെ സംസാരിക്കാം. കാറ് തണലത്ത് നിർത്തി.

'' എന്താ അമ്മായിക്ക് പറയാനുള്ളത് '' അവരുടെ മുഖത്തേക്ക് നോക്കി.

'' നിൻറെ കുഞ്ഞുണ്ണിമാമയെക്കുറിച്ചന്നെ. അല്ലാതെ എനിക്കെന്താ പറയാൻ. മാമടെ സ്വഭാവം കുറച്ചായിട്ട് മാറീട്ടുണ്ട് എന്ന് രാവിലെ ഞാൻ പറഞ്ഞില്ലേ . ചില സംശയം എൻറെ മനസ്സില് തോന്നുന്നുണ്ട് ''.

'' എന്തു സംശയം ''.

'' കല്യാണംകഴിഞ്ഞ് ഏറെവൈക്കാതെ മാമൻ എന്നെ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയാൻ തുടങ്ങി. ഭർത്താവിന്ന് എത്ര ശമ്പളം ഉണ്ട്, പിടുത്തം കഴിഞ്ഞ് എത്ര കയ്യിൽ കിട്ടും എന്നൊക്കെ ഏതൊരു ഭാര്യയും ചോദിക്കില്ലേ. ഞാൻ അങ്ങിനെ ചോദിച്ചാൽ നീ ഷൈലോക്ക് ശിവരാമൻ നായരുടെ മകളല്ലേ, പത്തിന് കാല് പലിശയ്ക്ക് പണം കടം  കൊടുത്തിട്ടല്ലേ അയാള് കാശുണ്ടാക്കുന്നത് എന്നൊക്കെ വിളിച്ചുപറയും. കാര്യം എൻറെ അച്ഛൻ പ്രൈവറ്റ് ബാങ്ക് നടത്തീട്ടുണ്ടായിരുന്നു എന്നത് സത്യം തന്നെ. അതിന് എന്നെ കുറ്റം പറയുന്നതിലെന്താ ന്യായം ''.

'' അത് അമ്മായിയുടെ കുറ്റമല്ലല്ലോ. അതു പോട്ടെ, എന്താ പത്തിന് കാല് പലിശ എന്നു പറഞ്ഞാൽ. എനിക്ക് അതിൻറെ അർത്ഥം അറിയില്ല ''.

'' പത്തുറുപ്പികയ്ക്ക് ഒരു മാസത്തേക്ക് കാലുറുപ്പിക പലിശ ''.

ഒരു നിമിഷം മനസ്സിൽ കണക്കു കൂട്ടി. പത്തുറുപ്പികയ്ക്ക് കാലുറുപ്പിക. നൂറ് ഉറുപ്പികക്ക് രണ്ടര ഉറുപ്പിക. കൊല്ലത്തിൽ മുപ്പതുറുപ്പിക. അതായത് മുപ്പതു ശതമാനം പലിശ.

'' അമ്മായീ, അത് കൊള്ളപ്പലിശയല്ലേ ''.

'' ആ കാലത്ത് പതിവുള്ള നിരക്കാണ് അത്. ഇന്നത്തെ ബ്ലേഡുകാർ വാങ്ങുന്ന പലിശ ആലോചിച്ചാൽ അതു വല്ലതുമാണോ '' അൽപ്പനേരം എന്തോ ആലോചിച്ച് ഇരുന്നിട്ട്  അവർ തുടർന്നു '' തൊട്ടതിനൊക്കെ നിൻറെ അമ്മാമൻ കുറ്റംപറയാൻ തുടങ്ങിയപ്പോൾ എന്താ അതിനുള്ള കാരണം എന്നറിയണം എന്നുണ്ടായിരുന്നു. ഈശ്വരൻ സഹായിച്ച് ഏറെ വൈകാതെ കാര്യം പിടികിട്ടി ''.

'' എന്താ അമ്മായി അത് ''.

'' നിൻറടുത്ത് പറയാൻ പാടില്ല. എന്നാലും നീയിപ്പോൾ വലിയ ആളായില്ലേ. അതോണ്ട് പറയാം. പക്ഷെ മൂന്നാമതൊരാള് അറിയാൻ പാടില്ല ''.

'' ഞാനാരോടും പറയില്ല ''.

'' തറവാട്ടില് മുമ്പ് പണിക്കൊരു നായർ സ്ത്രീ ഉണ്ടായിരുന്നു, അയമ്മയ്ക്ക് ലീലാവതി എന്നപേരില് ഒരുമകളും. പേരുപോലെ ആളൊരു ലീലാവതിതന്നെ ആയിരുന്നു എന്നാ  കേട്ടിട്ടുള്ളത്. നല്ല വെളുത്തുചുവന്ന നിറം. കറുത്ത് ചുരുണ്ട് പനങ്കുലപോലത്തെ തലമുടി. ആരു കണ്ടാലും നോക്കിനിൽക്കും. തള്ള പണിക്ക് വരാത്തപ്പോൾ അവളാണ് പണിക്ക് വരാറ്. നിൻറെ അമ്മാമനും അവളും തമ്മിൽ ലോഹ്യമായിരുന്നു എന്നും അതറിഞ്ഞതും നിൻറെ മുത്തശ്ശി ഒരുപവൻറെ താലിച്ചങ്ങലയും തുണിയും കാശുമൊക്കെ കയ്യിൽനിന്ന് കൊടുത്ത് അവളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചയച്ചു എന്നുമൊക്കെ ഞാനറിഞ്ഞു ''.

അത്ഭുതമാണ് തോന്നിയത്. സ്വതവേ ഗൗരവക്കാരനായ കുഞ്ഞുണ്ണിമാമയ്ക്ക് ഇങ്ങിനെ ഒരു പൂർവ്വകാലചരിത്രമുണ്ടോ? അതോ ഇത് വെറുമൊരു ആരോപണമാണോ?

'' അമ്മായി ആ സ്ത്രീയെ കണ്ടിട്ടുണ്ടോ ? എവിടേക്കാണ്  അവരെ കല്യാണം കഴിച്ച് അയച്ചത്. ഇതൊക്കെ എങ്ങിനെയാണ് അമ്മായി അറിഞ്ഞത് ? '' ചോദ്യങ്ങൾ ഒന്നിച്ച് ഉയർന്നു.

'' എന്തൊക്കൊന്നാ നിനക്ക് അറിയണ്ടത്. അതോ അമ്മാമനെക്കുറിച്ച് പറഞ്ഞപ്പോൾ പൊള്ളിപ്പോയോ? എന്തായാലും കേട്ടോ. എൻറെ കല്യാണത്തിന്ന് മുമ്പന്നെ അവളുടെ കല്യാണം കഴിഞ്ഞ് പോയിരുന്നു. ആ തള്ളടെ ആങ്ങളയും കുടുംബവും തെക്ക് ഏതോ ചായത്തോട്ടത്തില് പണിക്കാരായിരുന്നു. അതിലെ ഒരു ചെക്കനാണ് ആ പെണ്ണിനെ  കെട്ടിക്കൊണ്ടു പോയത്. എൻറെകൂടെ പ്രീഡിഗ്രിക്ക് ഇവിടെ തെക്കുമ്പുറത്തുനിന്ന് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കല്യാണത്തിന്നു ശേഷം ഒരിക്കൽ അവളെ കണ്ടപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ശമ്പളത്തിൻറെ കണക്ക് പറയാൻ മടിച്ചത് ഞാനറിയാതെ ആ പെണ്ണിന്ന് പണം അയച്ചു കൊടുക്കാനാണെന്ന് കരുതിയാൽ എന്താ തെറ്റ് ''.

'' ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽത്തന്നെ അത് പഴയ കഥയല്ലേ. ഇപ്പോൾ അതിന് എന്താ പ്രസക്തി ''.

'' ഉണ്ടല്ലോ. കുറച്ചായി നിൻറെമാമൻ ഇടയ്ക്കിടയ്ക്ക് ഓരോയാത്ര പോവാറുണ്ട്. എന്നും ഒറ്റയ്ക്കേ പോവൂ. കൂടെയുണ്ടായിരുന്ന കിങ്കരന്മാരെകൂടി കൂടെ കൂട്ടില്ല. പോയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടേ മടങ്ങി വരുള്ളു. എവിടേക്കാ പോയത് എന്നു ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. ങാ എന്ന് ഒരു മൂളലിൽ ഒതുങ്ങും. എന്തോക്കേയോ എന്നെ മറച്ചു വെക്കുന്നുണ്ട് ''.

'' അതാണോ അമ്മായിക്ക് സംശയം ഉണ്ടാക്കുന്നത് ''.

'' അതെ. ഞാനറിയാതെ ആ പെണ്ണിനെ കാണാൻ പോണതാണോ, അതോ വേറെ വല്ല പുതിയ ബന്ധം ഉണ്ടാക്കീട്ടുണ്ടോ എന്നറിയില്ലല്ലോ ''.

'' എന്തൊക്കെയാ അമ്മായി ഈ പറയുന്നത്. ഈ വയസ്സുകാലത്താണോ കുഞ്ഞുണ്ണിമാമ വേണ്ടാത്ത പരിപാടിക്ക് ഇറങ്ങുന്നത്. അത് വെറും തോന്നലാണ് ''.

'' എങ്കിൽ എന്താ മകൾക്കും മകനും ഒന്നും കൊടുക്കാതെ സ്വത്തൊക്കെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത്. അവസാനം ആരുമറിയാതെ അവൾക്ക് എഴുതിവെക്കാൻ വേണ്ടീട്ടല്ലേ ''.

'' എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഗോപുവിന്നും ഗോപികയ്ക്കും ഇതുപോലെ വല്ലതും മനസ്സിലുണ്ടോ ''.

'' അത് എനിക്കറിയില്ല. പക്ഷെ രണ്ടാൾക്കും ഉള്ളുകൊണ്ട് അച്ഛനെ ഇഷ്ടമല്ല. അയാള് ചത്താൽ എന്നെ അറിയിക്കണ്ടാ എന്നാ ഗോപു പറഞ്ഞത് ''.

'' അയ്യോ, അതൊന്നും ശരിയല്ല. എല്ലാവരുടെ അലോഹ്യവും നമുക്ക് പറഞ്ഞു തീർക്കാം. അമ്മയുടെ പിറന്നാളിന്ന് എത്തുമ്പോൾ ഞാൻ രണ്ടാളോടും സംസാരിക്കുന്നുണ്ട് ''.

'' അതിനുമുമ്പ് നീ മാമൻറെ മനസ്സിലിരുപ്പ് അറിഞ്ഞിട്ട് എന്നോട് പറയണം ''.

'' ശരി. ഞാൻ നാളെ അങ്ങോട്ട് വരാം ''.

'' ഞാനുള്ളപ്പോൾ മനസ്സ് തുറന്ന് എന്തെങ്കിലും പറയ്യോ. നീ ഒരു കാര്യം ചെയ്യ്. എന്നെ മാരിയമ്മകോവിലിൻറെ മുമ്പിൽ ഇറക്കി വിട്ടിട്ട് വീട്ടിലേക്ക് ചെല്ല്. മാമൻ ഒറ്റയ്ക്കല്ലേ അവിടെ. എല്ലാം ചോദിച്ചറിയ്. നാളെ ഞാൻ ഇന്നത്തെപ്പോലെ കാത്തു നിൽക്കാം. നീ ഇങ്ങോട്ട് കൂട്ടീട്ട് വന്ന് ഒക്കെ പറഞ്ഞു താ ''.

'' ഇത്രയേ ഉള്ളൂ. അതു ഞാൻ ചെയ്യാം '' മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല.

കാർ തിരിച്ചു വിട്ടു. മാരിയമ്മകോവിലിന്നു മുമ്പിൽ അമ്മായിയെ ഇറക്കി മുന്നോട്ട് നീങ്ങി.

Friday, February 7, 2014

അദ്ധ്യായം - 26.

പ്രാതൽ എടുത്തു വെച്ച് വലിയമ്മ അമ്പലത്തിലേക്ക് പോയതാണ്. രാജിച്ചേച്ചിയുടെ ചെറിയമകളുടെ ജന്മനക്ഷത്രമാണത്രേ. ശിവന് ധാരയ്ക്കും മൃത്യുഞ്ജയഹോമത്തിന്നും പിൻവിളക്കിന്നും ഏൽപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ രാത്രി പറഞ്ഞിരുന്നു. കുറെനേരം പത്രം  നോക്കിയ ശേഷം ഭക്ഷണമെടുത്തു കഴിച്ചു. ചെറിയമ്മ സ്കൂളിലേക്ക് പോയി. എന്തോ ആവശ്യത്തിന്ന് ചെറിയച്ഛനും പോയിരിക്കുന്നു. ഒറ്റയ്ക്ക് വെറുതെയിരുന്നപ്പോൾ മടുപ്പ് തോന്നി. പപ്പനമ്മാമനെ കാണാൻ പോയാലോ? രാജിച്ചേച്ചിയുടെ മകളെ ഡോക്ടറെ കാണിച്ച വിവരം പറയാം. ഉച്ചയാവുമ്പോഴേക്ക് മടങ്ങിയെത്തുകയും ചെയ്യാം. വാതിൽ പൂട്ടി താക്കോൽ വിറകുപുരയുടെ ഉത്തരത്തിന്മേൽ വെച്ചു. വലിയമ്മ അതാണ് ചെയ്യാറ്. കാറ് പുറപ്പെട്ടതും ഗെയിറ്റിന്ന് മുമ്പിൽ വലിയമ്മയെത്തി. 

'' ഞാൻ വേഗം വരാട്ടോ '' കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വണ്ടി വിട്ടു.

പപ്പനമ്മാമൻറെ വീട് അടച്ചിരിക്കുന്നു. അടുത്ത വീടിന്നു മുമ്പിൽ നിൽക്കുന്ന കുട്ടിയോട് വിവരം അന്വേഷിച്ചു.

'' മുത്തച്ച കാറില് പോയി '' എട്ടു പത്ത് വയസ്സായ കുട്ടിയാണ്. അതിന് കൂടുതലൊന്നും അറിയില്ല. പരിസരത്ത് ആരേയും കാണാനുമില്ല. ചിലപ്പോൾ ഏതെങ്കിലും മീറ്റിങ്ങിന്ന് ചെന്നതാവണം. വൈകുന്നേരം വന്നു കാണാം.

ഗണപതികോവിൽ കടന്നപ്പോൾ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് ചെന്നാലോ എന്നു തോന്നി. ആസ്പത്രിയിൽനിന്നു വന്നതിന്നുശേഷം കാണാനൊത്തില്ല. എന്നാലങ്ങോട്ടു തന്നെയാവട്ടെ.

പണിക്കാരൻ ഓടിവന്നു ഗെയിറ്റ് തുറന്നു. കാർ മുറ്റത്തെ ഒരു ഓരത്ത് നിർത്തി ഇറങ്ങി നടന്നു. അമ്മായി മുൻവശത്തുതന്നെയുണ്ട്.

'' തേങ്ങയിടാൻ ആളുവന്നിട്ടുണ്ട്. തീരെ വകതിരിവ് ഇല്ലാത്ത ഒരുത്തൻ. നമ്മള് നോക്കി പറഞ്ഞു കൊടുത്തില്ലെങ്കിൽ മൂത്തതും മൂക്കാത്തതും ഒക്കെ ഇട്ടിട്ടു പോവും. അവന് കൂലി കിട്ടിയാൽ പോരേ. നഷ്ടം നമുക്കല്ലേ '' അവർ ഒറ്റവീർപ്പിന്ന് പറഞ്ഞു '' നിന്നെ പിന്നെ കണ്ടില്ലാന്ന് മാമ ഇടക്ക് പറയാറുണ്ട് ''.

'' അതല്ലേ ഞാൻ വന്നത്. കുഞ്ഞുണ്ണിമാമ എവിടെ ''.

'' എന്താ ഞാൻ പറയണ്ടത്. ഇന്നേവരെ മൂപ്പർക്ക് ഒരു ജലദോഷംകൂടി വന്നു കണ്ടിട്ടില്ല. ഏതു കാലക്കേട് പിടിച്ച സമയത്താണോ ആസ്പത്രിയിൽ കിടക്കേണ്ടി വന്നത് എന്ന് എനിക്കറിറിയില്ല. അതിൽ പിന്നെ ഡോക്ടറും മരുന്നും ഒഴിഞ്ഞ നേരൂല്യാ. കുറച്ചു മുമ്പ് കഞ്ഞി ചോദിച്ചു. കൊടുത്തതിൽനിന്ന് രണ്ടുവായ കുടിച്ച് പോയി സോഫയില് കിടന്നു ''.

അമ്മായിയുടെ പുറകെ അകത്തേക്ക് ചെന്നു. കുഞ്ഞുണ്ണിമാമ ക്ഷീണിതനാണെന്ന് ഒറ്റ നോട്ടത്തിലേ അറിയാം.

'' തന്നെ കാണണം എന്നുണ്ടായിരുന്നു. വന്നത് നന്നായി '' അദ്ദേഹം പറഞ്ഞു '' ഫോൺ
 ചെയ്ത് വരാൻ പറഞ്ഞാൽ താൻ പരിഭ്രമിച്ചാലോ എന്നുവിചാരിച്ച് ചെയ്യാഞ്ഞതാണ് ''.

'' ദീപൂ തീരെ ധൈര്യം ഇല്ലാത്ത ആളാണ് . ഫോൺചെയ്ത് ബേജാറാക്കണ്ടാന്ന് ഞാനാ പറഞ്ഞത് '' അമ്മായി വിശദീകരിച്ചു.

'' താൻ വിസ്തരിക്കാനൊന്നും നിൽക്കണ്ടാ. പോയി എന്താ പണീച്ചാൽ നോക്കിക്കോളൂ '' കുഞ്ഞുണ്ണിമാമന്ന് ദേഷ്യം വന്ന മട്ടുണ്ട്. 

'' എഴുന്നേൽക്കാൻ വയ്യാതെ കിടപ്പിലായാലും ശുണ്ഠിക്ക് മാത്രം കുറവൊന്നൂല്യാ. ഇപ്പൊ ഞാനൊന്നും പറയുന്നില്ല. ഇനി എന്തിനെങ്കിലും എന്നെ വിളിക്കിൻ, അപ്പോൾ പറഞ്ഞു തരാം ''.

'' പോട്ടെ അമ്മായി. ഇതൊന്നും കാര്യമാക്കണ്ടേ '' അവരുടെ കലഹത്തിൽ ഇടപെട്ടു.

'' കുട്ടീ, മാമ മുമ്പ് ഇങ്ങിനെയൊന്നും ആയിരുന്നില്ല. ഞാനെന്തു പറഞ്ഞാലും കമാന്ന് ഒരു അക്ഷരം പറയില്ല. ഇപ്പോൾ കുറച്ചായിട്ടാണ് ഇങ്ങിനെയൊരു സ്വഭാവം. വയസ്സായില്ലേ, ഇനി ഭാര്യടെ ആവശ്യം ഇല്ലാന്ന് കരുതീട്ടാവും ''. അമ്മായി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.

'' എന്തിനാ വെറുതെ അമ്മായിയെ ദേഷ്യം പിടിപ്പിച്ചത് '' ദിലീപ് മേനോൻ ചോദിച്ചു.

'' നിനക്കത് അറിയില്ല. സുന്ദരേശ്വരമേനോൻ ശുണ്ഠിക്കാരനാണ്, മനുഷ്യപ്പറ്റ് ഇല്ലാത്ത ആളാണ് എന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട്. അതെല്ലാം ശരിയാണ് എന്ന് സമ്മതിച്ചു തരുന്നു. പക്ഷെ എപ്പോഴാ ഞാൻ അങ്ങിനെയായത്. ആ കാര്യം ഒരാൾ‌ക്കും അറിയണ്ടാ. കല്യാണം കഴിഞ്ഞ ശേഷം എനിക്ക് സ്വൈരം കിട്ടിയിട്ടില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റംതന്നെ. എത്രയാണ് എന്നുവെച്ചാ സഹിക്കുക. വീട്ടിന്നുള്ളില് എൻറെ ദേഷ്യം വിലപ്പോവില്ല എന്നു കണ്ടപ്പോൾ ഞാൻ എതിർത്തുപറയുന്നത് നിർത്തി. എല്ലാം ഉള്ളിൽ അടക്കിവെച്ചു. പിന്നെപിന്നെ വീട്ടുകാരോടുള്ള ദേഷ്യം എൻറെ മുമ്പിൽ എത്തുന്നവരോട് കാണിക്കാൻ തുടങ്ങി. അതോടെ വീട്ടുകാർക്കും നാട്ടുകാർക്കും എന്നെ പിടിക്കാതായി ''.

'' അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നു പറയുന്നതുപോലെ ആയി ''.

'' അത് അങ്ങിനെയാണ്. വീട്ടിൽനിന്ന് പിണങ്ങിവരുന്ന സ്കൂൾ മാഷ് തൻറെ ദേഷ്യം  തീർക്കുന്നത് പിള്ളരുടെ ദേഹത്താവും. അതുപോലെ പോലീസ് ഉദ്യോഗസ്ഥൻ കയ്യിൽ കിട്ടിയ പുള്ളികളോടും. മേലുദ്യോഗസ്ഥന്മാർ കീഴ്ജീവനക്കാരെ ചാടിച്ച് സ്വന്തം ഉള്ളിൽ പുകഞ്ഞു നിൽക്കുന്ന അമർഷം കുറയ്ക്കുന്നു. ഏതു വിധത്തിലെങ്കിലുംമനസ്സിന്നുള്ളിൽ ഒതുക്കി വെച്ചതിനെ പുറത്തേക്ക് ഒഴുക്കി കളയണ്ടേ. പുറത്ത് പുലിയായി നടക്കുന്നവർ വീട്ടിനകത്ത് വെറും പൂച്ചയായിരിക്കും ''.

'' അത് സമ്മതിച്ചു. പക്ഷേ കുഞ്ഞുണ്ണിമാമ ദേഷ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു എന്നാണല്ലോ അമ്മായി പറഞ്ഞത് ''.

'' ആ പറഞ്ഞത് ശരിയാണ്. തൂക്കിക്കൊല്ലാൻ കഴുത്തിൽ കയറിട്ടുകഴിഞ്ഞാൽ പിന്നെ എന്തിനാ പേടിക്കുന്നത്. എനിക്കാണെങ്കിൽ ഇനി കുറച്ചുകാലം കൂടിയെ ബാക്കിയുള്ളു. അപ്പോഴെങ്കിലും ഇവരെയൊന്നും പേടിക്കാതെ ആണായിട്ട് ജീവിക്കണം എന്നുണ്ട് ''.

'' എന്താ ഈ പറയുന്നത്. കുഞ്ഞുണ്ണിമാമയ്ക്ക് അത്ര പ്രായമൊന്നും ആയില്ലല്ലോ ''.

'' പ്രായം ആയിട്ടാണോ എല്ലാ ആളുകളും മരിക്കാറ്. ഒരു കാര്യം താൻ ഉറപ്പിച്ചോളൂ. ലീവു കഴിഞ്ഞു പോയി അടുത്ത തവണ താൻ വരുമ്പോൾ ഈ കുഞ്ഞുണ്ണിമാമ ഉണ്ടാവില്ല ''.

'' വെറുതെ ഓരോന്ന് പറയരുത്. അങ്ങിനെയൊന്നും സംഭവിക്കില്ല ''.

'' ഒന്നും അല്ലാടോ. കത്തിക്കരിഞ്ഞുകൊണ്ട് ഇരിക്കുകയാണ് ഞാനിപ്പോൾ. ഇനിയത് ചാരമാവണം. അത് എന്നു വേണമെങ്കിലും ആവാം ''.

'' എന്താണ് കുഞ്ഞുണ്ണിമാമയുടെ അസുഖം. അതു പറയൂ. വേണ്ട ചികിത്സ ചെയ്യാലോ ''.

'' ആ സ്റ്റേജൊക്കെ തെറ്റി കഴിഞ്ഞു. അറിഞ്ഞില്ലാന്നോ കൂട്ടാക്കീലാന്നോ എന്നൊക്കെ വേണച്ചാൽ പറയാം. അതോണ്ട് എന്താ ഗുണം. വിഷമിപ്പിക്കാതെ വേഗം പോവണേ എന്നേ ദൈവത്തിനോട് പറയാനുള്ളു ''.

'' കുഞ്ഞുണ്ണിമാമയ്ക്ക് എന്താ അസുഖം എന്ന് പറഞ്ഞില്ലല്ലോ ''.

'' തൽക്കാലം ഇത്രയൊക്കെ അറിഞ്ഞാൽ മതി. ജോലി സ്ഥലത്തേക്ക് തിരിച്ചുപോവുന്ന സമയത്ത് എല്ലാം ഞാൻ തനിക്ക് വിശദമായി പറഞ്ഞുതരാം ''.

'' എന്നെ അന്വേഷിച്ചത് ''.

'' മരിക്കുന്നതിന്നുമുമ്പ്  ആരോടെങ്കിലും ചിലതൊക്കെ പറയാനുണ്ട്. നേരത്തെ പറഞ്ഞ പോലെ എൻറെ മനസ്സിലുള്ളത് ആരെയെങ്കിലും അറിയിണ്ടേ. അതിനു വേണ്ടിയാണ് തന്നെ കാണണം എന്നു പറഞ്ഞത്. കേൾക്കാൻ തനിക്ക് വിരോധമൊന്നുമില്ലല്ലോ ''.

'' എനിക്കെന്താ വിരോധം ''.

'' എന്നാൽ കേട്ടോളൂ. കൂടപ്പിറപ്പുകളെ വിട്ട് തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ് എനിക്കു പറ്റിയ ആദ്യത്തെതെറ്റ്. പെങ്ങമ്മാരെ വേണ്ടപോലെ സംരക്ഷിച്ചില്ല എന്നത് അടുത്ത തെറ്റ്. കണക്കു പറഞ്ഞ് അവരുടെ കയ്യിൽ നിന്ന് ഭാഗം വാങ്ങിയത് മൂന്നാമത്തെ തെറ്റ്. ഒരുപക്ഷെ ഏട്ടനല്ലേ എന്നു വിചാരിച്ച് ഇതൊക്കെ പൊറുത്തേക്കും. പക്ഷെ അവരെ പറ്റിച്ച് തറവാട് വക സ്വത്ത് കുറെയൊക്കെ കൈകലാക്കിയതിന്ന് ദൈവം കൂടി മാപ്പ് തരില്ല ''.

'' കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് ആലോചിക്കണ്ടാ ''.

'' ഒരുതുണ്ട് സ്ഥലത്തിന്നു വേണ്ടി തന്നോട് ഞാൻ മുഷിഞ്ഞ് സംസാരിച്ചു. അത് എൻറെ ജീവിതത്തിൽ അവസാനമായിട്ടുണ്ടായ മോഹമാണ്. ഇനി ഈ ജീവിതത്തിൽ എനിക്ക് ഭൂമിയും വേണ്ടാ സ്വത്തും വേണ്ടാ. ആർക്കുവേണ്ടി എല്ലാം വെട്ടി പിടിച്ചുവോ അവർക്ക് എന്നെ വേണ്ടാ. പിന്നെ എന്തിനാ ഞാൻ സമ്പാദിച്ചു കൂട്ടുന്നത് ''.

'' അമ്മ വരട്ടെ. കുഞ്ഞുണ്ണിമാമയുടെ ആഗ്രഹം ഞാൻ സാധിപ്പിച്ചു തരുന്നുണ്ട് ''.

'' ഒന്നും വേണ്ടാ. എല്ലാവരുടേയും മനസ്ഥിതി നന്നായി അറിഞ്ഞു. കിട്ടുമ്പോൾ സ്നേഹം അല്ലെങ്കിൽ ഇല്ല. ഇനി അവർക്കായി ഒരു ഉറുപ്പികയുടെ മുതല് ഉണ്ടാക്കി വെക്കില്ല ''.

'' ഇങ്ങിനെ വെറുപ്പ് തോന്നാൻ മക്കള് എന്താ ചെയ്തത് ''.

'' അടികൊണ്ട് ആസ്പത്രിയിൽ ആയപ്പോൾ രണ്ടിനേയും വിളിച്ചു. കുട്ടികളുടെ സ്കൂൾ പൂട്ടിയിട്ടേ വരാൻ പറ്റൂന്ന് മകള്. തിരുവനന്തപുരത്ത് ചികിത്സയ്ക്ക് ഭാര്യയുടെ അച്ഛനെ കൊണ്ടുപോവാനുണ്ടെന്ന് മകൻ. സ്വന്തം അച്ഛനേക്കാൾ വലുത് ഭാര്യയുടെ അച്ഛനല്ലേ. ഇത്ര ദിവസമായിട്ടും രണ്ടും തിരിഞ്ഞു നോക്കീട്ടില്ല ''.

'' ഞാൻ എന്താ ചെയ്യേണ്ടത് ''.

'' ഒന്നും ചെയ്യാനില്ല. കുഞ്ഞുണ്ണിമാമയുടെ ഉള്ളിൻറെഉള്ളിൽ ഇങ്ങിനെ ചില സങ്കടങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർമ്മിച്ചാൽ മതി ''.

എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. കുഞ്ഞുണ്ണിമാമയാണെങ്കിൽ ഒന്നും മിണ്ടുന്നില്ല. നിമിഷങ്ങൾ ക്ലോക്കിൻറെ ശബ്ദത്തോടൊപ്പം വിട പറയുകയാണ്.

'' എന്നാൽ ഞാൻ ''.

'' പോയിക്കോളൂ. ഞാൻ പറഞ്ഞത് മനസ്സിൽ സൂക്ഷിച്ചാൽ മതി. ആരോടും പറയണ്ടാ ''.

കാൽക്കൽ തൊട്ടു വന്ദിച്ച ശേഷം പുറത്തേക്ക് നടന്നു. അമ്മായി മുറ്റത്തു തന്നെയുണ്ട്.

'' ഭാര്യയേയും മക്കളേയും കുറിച്ച് ഇല്ലാത്ത കുറ്റമൊക്കെ ഓതി നിറച്ചിട്ടുണ്ടാവും അല്ലേ '' അവർ ചോദിച്ചു.

'' അങ്ങിനെയൊന്നുമില്ല ''.

'' എന്താ പറയ്യാ എന്ന് എനിക്കറിയില്ലേ. പറയുന്നതുംകേട്ട് പല്ലിളിച്ച് കാണിക്കാൻ ചില ശിങ്കിടികളുണ്ടായിരുന്നു. സകലതിനേയും ആട്ടിവിട്ട് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കി. ഇനി കുറ്റം പറഞ്ഞ് രസിക്കണ്ടാ ''.

'' മകനും മകളും ''.

'' എന്തിനാ അവർ വരുന്നത്. ചാടി കടിക്കുന്നത് കണ്ടോണ്ട് നിൽക്കാനോ. ഗത്യന്തരം ഇല്ലാത്തതോണ്ട് ഞാൻ എല്ലാം സഹിച്ചു കഴിയുന്നു. കുട്ട്യേളെ അതിന് കിട്ടില്ല ''.

'' രണ്ടാളും എന്തു ചെയ്യുന്നു ''.

'' മകള് ഭർത്താവിൻറെ കൂടെ അവൻറെ വീട്ടിലാണ്. സ്വന്തമായിട്ട് ഒരു വീട് വാങ്ങാൻ സഹായിക്കണം എന്നു പറഞ്ഞപ്പോൾ എൻറേല് പണമില്ല എന്നും പറഞ്ഞ് ഒഴിഞ്ഞു. അതോടെ അവള് വരാതായി ''.

'' മകൻ ''.

'' പഠിച്ചു നന്നായില്ല. അതെങ്ങിനെയാണ്. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കുറ്റം. ഒരുപാട് നിയന്ത്രണം പാടില്ല. പഴുത് കിട്ടിയാൽ ചാടി പോവും. അതാ ഉണ്ടായത് ''.

'' എന്നിട്ട് ''.

'' എന്നിട്ടെന്താ. കോളേജിൻറെ പടികടന്ന് ഉള്ളിൽ പോയതുപോലെ അവിടുന്ന് ഇറങ്ങി പോന്നു. ജീവിക്കേണ്ടേ. എന്തെങ്കിലും ബിസിനസ്സ് ചെയ്തു കഴിഞ്ഞുകൂടാമെന്നു കരുതി കുറച്ച് പണം ചോദിച്ചപ്പോൾ അവനോടും ഇല്ല എന്ന പല്ലവി പാടി. ഒടുവിൽ അവൻറെ ഭാര്യയുടെ അച്ഛനാണ് സഹായിച്ചത്. ഇനി ദീപു പറയ്, അവന് ഇയാളോടോ അവൻറെ ഭാര്യയുടെ അച്ഛനോടോ കടപ്പാട് ''.

'' എന്താ ഞാൻ പറയുക. ഒക്കെ ശരിയാവും ''.

'' എപ്പോൾ ? മണ്ണിനടിയിൽ പോവുമ്പോഴോ ''.

'' ഞാൻ വരട്ടെ അമ്മായി '' യാത്ര പറഞ്ഞ് കാറിനടുത്തേക്ക് നടന്നു.

ആകെക്കൂടി ആശയക്കുഴപ്പമായി. ആരു പറയുന്നതാണ് ശരി, ആരു പറയുന്നതാണ് തെറ്റ്. ഒന്നും മനസ്സിലാവുന്നില്ല. ഡോർ തുറന്ന് കയറിയിരുന്നു.