Sunday, September 8, 2013

അദ്ധ്യായം - 12.

'' ഉച്ചഭക്ഷണം കഴിഞ്ഞാൽ ഉറങ്ങുന്ന പതിവുണ്ടോ '' കൈ കഴുകി വരുമ്പോൾ പപ്പനമ്മാമൻ ചോദിച്ചു. വീട്ടിൽ നിന്ന് വലിയമ്മ തന്നയച്ച ആഹാരത്തിന്ന് നല്ല രുചിയുണ്ടായിരുന്നു. രണ്ടു പേരും അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

'' ജോലി ഉള്ളതല്ലേ. ഉച്ച ഉറക്കം ശീലമായാൽ ശരിയാവില്ല ''.

'' ദീപു യാത്ര പോയ ദിവസം മാധവൻ വന്നിരുന്നു. തലേന്ന് രാത്രി നിങ്ങള് രണ്ടാളും കൂടി കുറേനേരം സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ''.

'' ശരിയാണ്. ചെറിയച്ഛൻ രാജിചേച്ചിയുടെ ചുറ്റുപാടുകൾ പറഞ്ഞുതന്നു ''.

'' കാര്യങ്ങളൊക്കെ മാധവൻ പറഞ്ഞു തന്നിട്ടുണ്ടാവും. എങ്കിലും ഞാൻ ഒന്നുംകൂടി പറയ്യാണ്. എൻറെ പെങ്ങള് സതിയുടെ നാലു മക്കളിൽ സുഭദ്രയ്ക്കാണ് കഷ്ടപ്പാടുള്ളത്. മറ്റുള്ളോരുടെ കാര്യം നോക്ക്. കുഞ്ഞുണ്ണി സമ്പാദിച്ചു കൂട്ടീട്ടുണ്ട്. പക്ഷെ ആ വിദ്വാന് ഉള്ളതും ഇല്ലാത്തതും ഒരുപോലെത്തന്നെ. സത്യം പറഞ്ഞാൽ അയാൾ ഒറ്റ ആളാണ് ആ കുട്ടിയെ ഇങ്ങിനെ ഒരു ബന്ധത്തിൽ കൊണ്ടുപോയി ചാടിച്ചത് ''.

'' വലിയമ്മ എപ്പോഴും ആ കാര്യം പറയും ''.

'' ഇനി ദീപൂൻറെ അമ്മയുടെ കാര്യം. ദൈവം സഹായിച്ച് സുശീലയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല.   പെൻഷനുണ്ട്. മുകുന്ദൻ നായർക്ക് പട്ടാളത്തിലെ പെൻഷനുണ്ട്. അതിനും പുറമെ എന്തോ ബിസിനസ്സുണ്ട്. അന്യനാട്ടിലാണെങ്കിലും നിനക്കും ഭാര്യക്കും നല്ല വരുമാനം ഉണ്ട്. നിൻറെ പെങ്ങള് ദീപ്തിക്ക് നിന്നേക്കാളും വരായ ഉണ്ടെന്നാണ് കേട്ടത്. അവളുടെ ഭർത്താവ് വലിയ ഉദ്യോഗസ്ഥൻ. അങ്ങിനെ നോക്കുമ്പോൾ നിങ്ങളുടെ തായ്‌വഴിയിലുള്ളോർക്ക് പണത്തിന് പ്രയാസം കാണില്ല ''.

'' ശരിയാണ് ''.

'' ഇനി മാധവൻറെയും സുമിത്രയുടേയും കാര്യം നോക്ക്വാ. മാധവൻ പെൻഷനായി. സുമിത്ര ഇക്കൊല്ലം പിരിയും. അവൾക്കും പെൻഷൻ കിട്ടും. ഇനി അവരുടെ മക്കൾ. രഞ്ജിനി ഹയർ സെക്കണ്ടറി സ്കൂൾടീച്ചറാണ്. ഭർത്താവ് സബ് ഇൻസ്പെക്ടർ. അവളുടെ താഴെയുള്ളവൻ മനോജ് ചെന്നെയിൽ ഏതോ വലിയ കമ്പിനിയിൽ മാനേജരാണ്. അതുകൊണ്ട് അവരുടെ കുടുംബത്തിനും കഷ്ടപ്പാടില്ല ''.

'' ചെറിയച്ഛൻ അതെല്ലാം പറഞ്ഞിരുന്നു ''.

''  ദീപു ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങള് മൂന്നു കൂട്ടരെപ്പോലെയാണോ സുഭദ്രയുടെ കാര്യം. പേരിന് ഒരു മകളേയുള്ളുവെങ്കിലും എന്നും അവളെ പറ്റി സങ്കടപ്പെടാനാ യോഗം. സ്വതവേ ആ കുട്ടിക്ക് വകതിരിവ് പോരാ. കല്യാണം കഴിച്ച് ചെന്ന ദിക്കിലാണച്ചാൽ അഷ്ട ദാരിദ്ര്യം. എന്താ ചെയ്യാ. വല്ലപ്പോഴും ഞാൻ ആ പെണ്ണിൻറെ പേരില് എന്തെങ്കിലും അയച്ചുകൊടുക്കും. ഞെരുങ്ങി പിടിച്ചിട്ടാണ് ആ കുടുംബം കഴിയുന്നത് ''.

'' ഞാൻ അവരെ സഹായിച്ചോളാം എന്ന് വലിയമ്മയോട് പറഞ്ഞിട്ടുണ്ട് ''.

'' അതും അറിഞ്ഞു. ദീപുവിൻറെ നല്ല മനസ്സാണ്. സ്വന്തം മക്കളേക്കാൾ മാധവന് ഇഷ്ടം ദീപുവിനോടാണ്. കയ്യിൽ കാശുണ്ടായിട്ടെന്താ, മനോജും രഞ്ജിനിയും കാൽ കാശ് ഒരൊറ്റ ആൾക്കും കൊടുക്കില്ലാത്രേ ''.

'' അതൊന്നും നമ്മള് നോക്കണ്ടാ. നമുക്ക് ആവുന്നത് ചെയ്യുക. അത്രതന്നെ ''.

'' അതാ ഞാൻ പറഞ്ഞോണ്ട് വരുന്നത്. ദീപുവിന് നല്ലോണം മനസ്സലിവുണ്ട്. അന്യൻറെ ദുഃഖം കണ്ടോണ്ടു നിൽക്കില്ല. പക്ഷെ ഒരു കുഴപ്പം ഉള്ളത് പറയാതെ വയ്യ. എന്തെങ്കിലും കേട്ടാൽ വരും വരായ ആലോചിക്കാതെ അതിൽ പോയി ചാടിവീഴും. മുകുന്ദൻ നായർക്ക് ദീപുവിനോട് തോന്നിയ അനിഷ്ടം തീരാൻ എത്ര കാലം വേണ്ടി വന്നുന്ന് ഓർമ്മീണ്ടല്ലോ ''.

അനിതയെ വിവാഹം ചെയ്തതിലാണ് അച്ഛന് അതൃപ്തിയുണ്ടായത്. എത്ര ആലോചിച്ചിട്ടും അന്നു ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല. അച്ഛനും അമ്മയും മരിച്ച ശേഷം അനിൽ പെങ്ങളേയുംകൂട്ടി ജോലി സ്ഥലത്തേക്ക് വന്നിട്ട് അധിക കാലമായിരുന്നില്ല. ഒരേ സ്ഥാപനത്തിലെ ജീവനക്കാർ എന്നതിലുപരി അനിൽ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു. ആ സമയത്താണ് അനിതയ്ക്ക് ഒരു വിവാഹാലോചന വരുന്നത്.

'' ദിലിപ്, എൻറെ സിസ്റ്റർക്ക് ഒരു കല്യാണാലോചന ഒത്തു വന്നിട്ടുണ്ട് '' പയ്യൻറെ പേരും ജോലിയും നാട്ടിലെ വിവരങ്ങളും അവൻ പറഞ്ഞതു കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി.

'' നെറ്റിൽ നിന്ന് കിട്ടിയതാ. ഞങ്ങളെപോലെ അജീഷിനും ബന്ധുക്കൾ ആരുമില്ല. പിന്നെ ഈ നാട്ടിൽതന്നെയാണ് അയാൾക്ക് ജോലി. അങ്ങിനെയൊരു സൗകര്യമുണ്ട് ''.

 ഏതാനും സുഹൃത്തുക്കൾ മാത്രമേ നിശ്ചയത്തിന്ന് ഉണ്ടായിരുന്നുള്ളു. അന്നാണ് അനിതയെ ആദ്യമായി കാണുന്നത്. നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയേ കല്യാണത്തിനുള്ളു.

'' ദിലീപ്, ഇതു കഴിയുന്നതുവരെ എൻറെ കൂടെയുണ്ടാവണം '' അനിലിൻറെ അഭ്യർത്ഥന മാനിച്ച് എല്ലാ കാര്യങ്ങൾക്കും ഒപ്പംനിന്നു. വിവാഹം നാട്ടിൽവെച്ചല്ലാത്തതിനാൽ അധികം ആളുകളെ ക്ഷണിക്കാനുണ്ടായിരുന്നില്ല. മറ്റെല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തീർത്തു. വിവാഹത്തിൻറെ തലേന്ന് രാത്രി അനിലിൻറെ ഫോൺ വന്നു.

'' ദിലീപ്, ഞാനും അനിതയും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല '' വിതുമ്പലിന്നിടയിലാണ് അനിൽ അതു പറഞ്ഞത് .

'' എന്താ സംഗതി '' പരിഭ്രമത്തോടേയാണ് അത് ചോദിച്ചത് .

'' അജീഷ് നമ്മളെ പറ്റിക്കുകയായിരുന്നു. അയാൾക്ക് നാട്ടിൽ ഭാര്യയും രണ്ടു മക്കളും ഉണ്ട് ''.

'' അതെങ്ങിനെ മനസ്സിലായി ''.

'' നാട്ടിൽ നമ്മുടെ ശരത്തിൻറെ ഭാര്യവീടിനടുത്താണ് അജീഷിൻറെ വീട്. കല്യാണത്തിന് അയാളെ ക്ഷണിക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ശരത്ത് ഭാര്യവീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അളിയനോട് ഈ വിഷയം പറഞ്ഞുവത്രേ. അളിയൻ പറഞ്ഞ വിവരമാണ് ഇത് ''.

'' ഈശ്വരാധീനം. കല്യാണം കഴിഞ്ഞിട്ടാണ് ഇത് അറിഞ്ഞതെങ്കിലോ ''.

'' നാളെ രാവിലെ എൻറെ പെങ്ങൾ വിവാഹത്തിന്ന് ഒരുങ്ങേണ്ടതാണ്. ഈ കാര്യം ഞാൻ എങ്ങിനെ അവളെ അറിയിക്കും. അതു മാത്രമോ ഞങ്ങൾ രണ്ടാളും എങ്ങിനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും ''.

'' ആളുകളെ കാണുന്നത് കണക്കാക്കണ്ടാ. വാസ്തവം പറഞ്ഞാൽ അവർക്ക് ബോദ്ധ്യമാവും. പക്ഷെ അനിയത്തിയെ എങ്ങിനെ ആശ്വസിപ്പിക്കും ''.

'' അതാണ് എനിക്കും അറിയാത്തത് ''.

'' വിഷമിക്കേണ്ടാ. എന്തെങ്കിലും വഴി ഉണ്ടാവും ''. അങ്ങിനെ പറഞ്ഞുവെങ്കിലും മനസ്സിൽ ഒരു വഴിയും അപ്പോൾ തോന്നിയിരുന്നില്ല. അന്നു രാത്രി കിടക്കുമ്പോഴാണ്  അനിതയെ വിവാഹം ചെയ്ത് അനിലിനും അവൾക്കും ഉണ്ടാകാവുന്ന നാണക്കേട് ഒഴിവാക്കിയാലോ എന്ന തോന്നലുണ്ടായത്.

പിറ്റേന്ന് അനിലിനെ വിവരം അറിയിച്ചതും സന്തോഷംകൊണ്ട് അയാൾക്ക് സംസാരിക്കാൻ ആയില്ല.

'' ദിലീപ് വീട്ടിൽ വിവരം അറിയിച്ചോ ''.

'' ഇല്ല. ചിലപ്പോൾ എതിർപ്പ് പറഞ്ഞാൽ കുഴപ്പമാവും ''.

വീട്ടിൽ പറയാതെ വിവാഹം ചെയ്തതിന്ന് അച്ഛനും അമ്മയും പെങ്ങളും അളിയനുമൊക്കെ കുറ്റപ്പെടുത്തി. ചെറിയച്ഛനാണ് അച്ഛനെ സമാധാനിപ്പിച്ചത്. വലിയമ്മയും ചെറിയമ്മയുംകൂടി അമ്മയേയും. അനിതയുടെ സ്വഭാവഗുണങ്ങൾ അറിഞ്ഞതോടെ അവളോട് എല്ലാവർക്കും ഇഷ്ടം തോന്നിയെങ്കിലും അച്ഛന് നീരസം ബാക്കിയുണ്ടോ എന്ന് തോന്നാറുണ്ട്.

'' എന്താ വല്ലാതെ ആലോചിക്കുന്നത് '' പപ്പനമ്മാമൻ ചോദിക്കുന്നത് കേട്ടു.

'' ആ സാഹചര്യത്തിൽ അനിതയെ വിവാഹം ചെയ്തു. അടുത്ത സുഹൃത്തിനെ അതല്ലാതെ സഹായിക്കാൻ വേറെ വഴി കണ്ടില്ല ''.

'' അതൊക്കെ എല്ലാവർക്കും ബോദ്ധ്യായിട്ടുണ്ട്. സംഭവം അറിഞ്ഞതും എനിക്ക് ദീപൂനോട്  ബഹുമാനമാണ് തോന്നിയത്. വധുവിൻറെ രൂപഭംഗി, സാമ്പത്തികം, വിദ്യാഭ്യാസം, ജോലി എന്നിവയൊക്കെ സൂക്ഷ്മമായി പരിശോധിച്ച് എന്തു നേട്ടമുണ്ടാക്കാം എന്ന് മനസ്സിലാക്കി വിവാഹബന്ധത്തിൽ ഏർപ്പെടുന്നവർക്കിടയിൽ കൂട്ടുകാരൻറെ അഭിമാനത്തിന്ന് പോറൽ പറ്റാതിരിക്കാൻ ഇങ്ങിനെയൊരു ത്യാഗം ചെയ്യാൻ മുതിർന്ന മനസ്ഥിതിയെ ആദരിക്കാതെ വയ്യ ''.

'' ഞാൻ അതൊന്നും ചിന്തിച്ചിട്ടില്ല. എന്നെക്കൊണ്ട് അതേ കഴിയൂ. ഞാൻ അതു ചെയ്തു ''.

'' അത് ശരി. ഇനി ഞാൻ പറയാൻ വന്ന കാര്യം മുഴുമിക്കട്ടെ. വലിയമ്മയ്ക്ക് കാറ് വാങ്ങി കൊടുക്കാം, മരുമകന് ബൈക്ക് വാങ്ങി കൊടുക്കാം എന്നൊക്കെ പറഞ്ഞതായി അറിഞ്ഞു. എല്ലാം നല്ലതന്നെ. പക്ഷെ അർജൻറായി ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട് ''.

'' രാജിചേച്ചിയെ കോട്ടക്കലിൽകൊണ്ടുപോയി ചികിത്സിക്കണം. ഇളയ കുട്ടിയെ നല്ലൊരു ആസ്പത്രിയിൽ കാണിക്കണം എന്നൊക്കെയല്ലേ. ചെറിയച്ഛൻ അതെല്ലാം പറഞ്ഞിട്ടുണ്ട് ''.

'' അതിനേക്കാളും പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് '' പപ്പനമ്മാമൻ തുടർന്നു '' രാജിയുടെ ഭർത്താവ് എന്തോ ആവശ്യത്തിന് പലിശക്കാരുടെ കയ്യിൽ നിന്ന് കുറെ പണം വാങ്ങീട്ടുണ്ട്. അമ്മ മരിച്ചപ്പോൾ അടിയന്തരം നടത്താനോ എന്തോ ആണത്രേ. സ്കൂളിലെ പ്യൂണല്ലേ അവൻ. എന്തന്നെ വരുമാനം ഉണ്ടാവും. കുടുംബ ചിലവിനന്നെ തികയില്ല. ഇപ്പോ മുതലും പലിശയും കൂടി സംഖ്യ പെരുകീട്ടുണ്ടാവും. വീതം വെച്ചപ്പോൾ അവന് കിട്ടിയത് നാലഞ്ച് സെൻറ് ഭൂമി മാത്രം. കടം കൊടുത്ത ആളുകള് അത് കൊണ്ടുപോവും എന്നാ അറിഞ്ഞത് ''.

'' വലിയമ്മയോ ചെറിയച്ഛനോ ഇത് എൻറടുത്ത് പറഞ്ഞില്ലല്ലോ ''.

'' അവർക്കാർക്കും ഇത് അറിയില്ല. ഞാൻ പറഞ്ഞില്ലേ, ചിലപ്പോൾ രാജിക്ക് എന്തെങ്കിലും അയച്ചുകൊടുക്കും എന്ന്. അവളെനിക്ക് ഇടയ്ക്കൊക്കെ കത്തയക്കും. അങ്ങിനെയാണ് ഈ വിവരം ഞാൻ അറിഞ്ഞത് ''.

'' വളരെ വലിയ സംഖ്യയാണോ ''.

'' അത്ര വലുതൊന്നുമാവില്ല. ആരാ ചുരുങ്ങിയ വരുമ്പടിയുള്ള ഒരാൾക്ക് വലിയ സംഖ്യ കടം കൊടുക്കുക ''.

'' ഈ ശനിയാഴ്ച ഞങ്ങൾ രാജിചേച്ചിയെ കാണാൻ പോവുന്നുണ്ട്. അതിനു മുമ്പ് എത്ര പണം വേണം എന്നറിഞ്ഞാൽ കൊടുക്കാമായിരുന്നു ''.

'' ധൃതി കൂട്ടണ്ടാ. അവിടെ ചെല്ലുമ്പോൾ രാജിടെ അടുത്ത് സ്വകാര്യത്തിൽ ചോദിച്ചറിയുക. പണം പിന്നെ എത്തിച്ചു കൊടുത്താൽ മതി ''.

'' അങ്ങിനെ ചെയ്യാം ''.

'' ഒരു കാര്യം കൂടി. കാറും ബസ്സും ഒന്നും ഇപ്പൊ വേണ്ടാ. അതൊക്കെ അവർക്ക് വേണ്ടാത്ത ബുദ്ധിമുട്ടാവും. പാണന് ആന മൂധേവി എന്നു പറയുന്നത് കേട്ടിട്ടില്ലേ. വേണച്ചാൽ ആ കുട്ടിടെ മോഹത്തിന് അധികം വില വരാത്ത ഏതെങ്കിലും ഒരു വണ്ടി വാങ്ങി കൊടുത്തോളൂ ''.

'' ശരി ''.

'' എന്തെങ്കിലും കേൾക്കുമ്പോഴേക്ക് ചാടി ഇറങ്ങരുത്. നല്ലോണം ആലോചിച്ച ശേഷമേ ഏതു കാര്യവും ചെയ്യാവൂ. അത് ഓർമ്മ വേണം ''. ദിലീപ് മേനോൻ ശരി എന്ന മട്ടിൽ തലയാട്ടി.

'' കുടിക്കാൻ കൊണ്ടുവന്നോട്ടേ '' കാലത്ത് കണ്ട ലീല വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

'' രണ്ട് ചായ കിട്ടാൻ വഴീണ്ടാവ്വോ ''.

'' നോക്കട്ടെ '' അവൾ പോയി.

'' നാലു മണിക്ക് അര ഗ്ലാസ്സ് ആട്ടിൻപാല് അത്രയും വെള്ളം ചേർത്തി തിളപ്പിച്ചു കൊണ്ടുവന്നു തരും. അതാ വന്നു ചോദിച്ചത് ''.

'' ഞാൻ കാരണം പതിവ് മുടങ്ങിയോ ''.

'' സാരൂല്യാ. ഇടയ്ക്ക് ഒരു മാറ്റം വേണ്ടേ ''. ലീലയുടെ മകൻ കയ്യിൽ ഒരു പന്തുമായെത്തി.

'' നിനക്ക് കളിക്കണം അല്ലേടാ കണ്ണാ. മുത്തച്ച ഇപ്പൊ കളിക്കാൻ വരാട്ടോ '' അദ്ദേഹം വാത്സല്യത്തോടെ അവനെ തഴുകുന്നത് ദിലീപ് മേനോൻ നോക്കിയിരുന്നു.

12 comments:

  1. ഈ കഥാപാത്രങ്ങളെ ആരായാലും ഇഷ്ടപ്പെട്ടുപോകും. അല്ലേ?

    ReplyDelete
    Replies
    1. ajith,
      അതെ. അവരുടെ സ്വഭാവവും പെരുമാറ്റവും ആരേയും ആകർഷിക്കും.

      Delete
  2. അതേ അജിത്‌ഭായ്... ഈ കഥാപാത്രങ്ങൾ നമ്മെ നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് തേരിലേറ്റി കൊണ്ടുപോകുന്നു... ഈ എഴുത്ത് ഒരു വരദാനമാണ് കേരളേട്ടാ...

    ReplyDelete
    Replies
    1. വിനുവേട്ടൻ,
      ഈ അഭിപ്രായം വളരെ സന്തോഷം നൽകുന്നു.

      Delete
  3. Replies
    1. മുഹമ്മദ് ആറങ്ങോട്ടുകര,

      അഭിപ്രായം അറിയിക്കുമല്ലോ.

      Delete
  4. ''സാരൂല്യാ. ഇടയ്ക്ക് ഒരു മാറ്റം വേണ്ടേ ''.

    അതെ, ആരും അത് ആഗ്രഹിച്ചുപോകും. പ്രത്യേകിച്ച് കൂട്ടിനു ഒരാളെ കിട്ടുമ്പോൾ. അമ്മാവൻ, മരുമകന് ''കമ്പനി'' കൊടുക്കുന്നു.

    ReplyDelete
    Replies
    1. ഡോക്ടർ,
      ഒരു തുണ മോഹിക്കാത്തവർ ആരാണുള്ളത്.

      Delete
  5. ഏതോ പരിചയമുള്ള ഗ്രാമത്തില്‍, കുറെനാള്‍ കഴിഞ്ഞ് ചെന്ന് അവിടത്തെ കഥ കേട്ടിരിക്കുമ്പോലെ...

    ReplyDelete
    Replies
    1. Echmukutty,
      തികച്ചും ഗ്രാമീണമായ ചുറ്റുപാടിലെ കഥയായതിനാലാവാം അങ്ങിനെ തോന്നുന്നത്.

      Delete
  6. വീട്ടിൽ പറയാതെ വിവാഹം ചെയ്തതിന്ന് അച്ഛനും അമ്മയും പെങ്ങളും അളിയനുമൊക്കെ കുറ്റപ്പെടുത്തി.
    ദിലീപ് ചെയ്തത് നല്ലൊരു കാര്യമാണ്. പക്ഷെ ആ സ്ഥാനത് നമ്മുടെ മകൻ ആയിരുന്നെങ്കിലോ ? ആര്ക്കായാലും വിഷമം തോന്നും...
    ഈ കഥാ പാത്രങ്ങളൊക്കെ ഏട്ടന്റെ ചുറ്റുവട്ടത്ത് ഉള്ളവർ തന്നെയാണോ?

    ReplyDelete
  7. nalina kumari,

    എൻറെ ചുറ്റുവട്ടത്തുള്ളവരുടെ കഥയൊന്നുമല്ല. ഞാൻ ആഗ്രഹിക്കുന്ന തരക്കാരാണ് ഇവരെല്ലാം.

    ReplyDelete