Friday, April 19, 2013

അദ്ധ്യായം - 2.


ചെറിയമ്മയും വലിയമ്മയും മുറ്റത്
തു നിന്ന് വര്‍ത്തമാനം പറയുകയാണ്. ഓര്‍ക്കാപ്പുറത്തുള്ള ഈ വരവും അമ്മ എത്താത്തതിലുള്ള വിഷമവും ആണ് വിഷയങ്ങള്‍. ആറേഴു കൊല്ലങ്ങള്‍ക്കു ശേഷമുള്ള സമാഗമം  ഉണ്ടാക്കിയ സന്തോഷം വലിയമ്മയുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അവരുടെ സംഭാഷണം കഴിയട്ടെ. വലിയമ്മയോടു പറഞ്ഞതെല്ലാം വീണ്ടും പറയാതെ കഴിക്കാമല്ലോ. 

''  ഉള്ളിപൊക്കവട ഉണ്ടാക്കീട്ടുണ്ട്. ചായവെള്ളം തിളച്ചിട്ടുണ്ടാവും. പാകംപോലെ കൂട്ടിക്കോ '' വലിയമ്മ അനിയത്തിക്ക് നിര്‍ദ്ദേശം നല്‍കുകയാണ്. തന്നെക്കുറിച്ചുള്ള സംഭാഷണം അവസാനിച്ചുവെന്ന് തോന്നി.  അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടു തുടങ്ങി. ദിലീപ് മേനോന്‍ അങ്ങോട്ട് നടന്നു.

'' ഇത്തിരി മുമ്പ് ഞാന്‍ വന്നുനോക്കിയപ്പോള്‍ നീ മയക്കത്തിലായിരുന്നു '' വലിയമ്മ പറഞ്ഞു '' യാത്രടെ ക്ഷീണം തീര്‍ന്നോട്ടേ എന്ന് കരുതി വിളിക്കാതിരുന്നതാണ് ''.

'' എന്നാലും നീയെന്താ ഒന്ന് വിളിച്ചു പറയുകയും കൂടി ചെയ്യാതെ.... '' ചെറിയമ്മ അര്‍ദ്ധോക്തിയില്‍ അവസാനിപ്പിച്ചു.

'' ഒരു സര്‍പ്രൈസ് ആവട്ടെ എന്നു വെച്ചിട്ടാ ചെറിയമ്മേ ''.

'' എന്തേ അനിതയും കുട്ടിയും പോന്നില്ല ''.

'' അവള്‍ക്ക് ഈ മാസം ഒടുവിലേ ലീവ് കിട്ടൂ ''.

'' ഒറ്റയ്ക്ക് വര്വോ ''.

'' എന്താ വരാതെ. ടിക്കറ്റ് ഞാന്‍ ശരിയാക്കി കൊടുത്തിട്ടുണ്ട്. അവളുടെ ആങ്ങള പ്ലെയിനില്‍ കേറ്റി വിടും. മുംബെയില്‍ പെങ്ങളും അളിയനും ചെന്ന് അവരുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോവും. പിറ്റേ ദിവസം അച്ഛനേയും അമ്മയേയും കൂട്ടി  എല്ലാവരും കൂടി ഇങ്ങോട്ട് പോരും  ''.

'' അപ്പൊ നീ മിടുക്കനായിട്ട് ഒറ്റയ്ക്കിങ്ങിട്ട് പോന്നൂ '' ചെറിയമ്മ ചിരിച്ചു '' ആട്ടെ. ഇനി എന്താ നിന്‍റെ പരിപാടി ''.

'' എല്ലാവരേയും കണ്ടിട്ട് സന്ധ്യക്ക് മുമ്പ് പോണം. രണ്ടു ദിവസം കഴിഞ്ഞിട്ട് വരാം ''.

'' പോവ്വേ. എവിടേക്കാ പോണത് ''.

'' ടൌണിലെ ഏതെങ്കിലും നല്ല ഹോട്ടലില്‍ റൂം ഏര്‍പ്പാടാക്കാന്‍ ജാഫറിനോട് പറഞ്ഞിട്ടുണ്ട്. അവിടെ കൂടും. ഇടയ്ക്കൊക്കെ ഞാന്‍ വരാം ''.

'' ഇത്ര അടുത്ത് ഞങ്ങളൊക്കെ ഉണ്ടായിട്ട് നീ പോയി ഹോട്ടലില്‍ താമസിക്ക്യേ. ഞങ്ങളൊക്കെ നിനക്ക് അത്രയ്ക്ക് വേണ്ടപ്പെട്ടോരല്ലാണ്ടായ്യോ  '' ചെറിയമ്മ പരിഭവം പറഞ്ഞു.

'' അതൊന്ന്വോല്ല ചെറിയമ്മേ. വെറുതെ നിങ്ങളെയൊക്കെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതീട്ടാ ''.

'' സുശീല പ്രസവിച്ചപ്പൊ നിന്നെ കൈ നീട്ടി വാങ്ങിയത് ഞാനാണ്. കുട്ടിക്കാലത്ത് എടുത്തും കൊണ്ട് നടന്നതിന്‍റെ തഴമ്പ് ഇപ്പഴും എന്‍റെ ഒക്കത്തുണ്ട് '' വലിയമ്മയുടെ കണ്ണ് നിറഞ്ഞു കഴിഞ്ഞു. സാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് ഇടറിയ സ്വരത്തില്‍ അവര്‍ തുടര്‍ന്നു'' ഇപ്പൊ നീ വലിയ ആളായി. ഞങ്ങളൊക്കെ അന്യന്മാരാണെന്ന് തോന്നുന്നൂച്ചാല്‍ നിന്‍റെ ഇഷ്ടം പോലെ ചെയ്തോ. പക്ഷെ ഒരു കാര്യം നീ അറിയണം. ഞങ്ങളുടെ മനസ്സില്- നീ ഇന്നും ആ പഴയ കുട്ടി തന്നെയാണ് ഭാഗത്തില് എനിക്കും സുശീലയ്ക്കും കൂടിയാണ് ഈ നാലുകെട്ട് തന്നത്. പത്തായപ്പുര ഇവള്‍ക്കും കൊടുത്തു. എന്‍റെ ഓഹരി ഏടത്തി എടുത്തോളൂ എന്നു പറഞ്ഞ് നിന്‍റെ അമ്മ ഒഴിമുറി വെച്ചു തന്നു. എന്നു വെച്ചിട്ട് നിങ്ങളുടെ അധികാരം ഇല്ലാണ്ടായിട്ടൊന്നൂല്യാ ''.

'' ഞാന്‍ അതൊന്നുമാലോചിച്ചിട്ടില്ല വലിയമ്മേ. പഴയപോലെ കുറച്ചു ദിവസം വട്ടത്തിരിഞ്ഞ് നടക്കണം എന്ന് കരുതിയാണ് നാട്ടില്‍ വന്നത്. തോന്നുമ്പൊ വരികയും തോന്നുമ്പൊ പോവുകയും ചെയ്താല്‍ നിങ്ങള്‍ക്കൊക്കെ ബുദ്ധിമുട്ടാവും എന്ന് വിചാരിച്ചിട്ടാ അങ്ങിനെ നിശ്ചയിച്ചത് ''.

'' ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടൂല്യാ ''.

'' എന്നാല്‍ ഞാന്‍ എവിടേക്കും പോണില്ല. എന്‍റെ പെട്ടീം ബാഗും കാറിലുണ്ട്. അത് എടുത്ത് വെക്കണം ''.

'' നീ എടുക്ക്വോന്നും വേണ്ടാ. ഉണ്ണിക്കുട്ടന്‍ കോളേജിന്ന് വരാറായി. അവന്‍ ഒക്കെ എടുത്ത് വെച്ചോളും. അപ്പഴയ്ക്ക് മോളിലെ തെക്കേമുറി അടിച്ചു വൃത്തിയാക്കാം ''.

'' ഇന്നിപ്പൊ താഴത്ത് കൂടാം. ഉറക്കം വരുന്നതുവരെ വര്‍ത്തമാനം പറഞ്ഞ് ഇരിക്കാലോ ''.

 ചൂടുചായയും  ഉള്ളിപൊക്കവടയും നല്ല യോജിപ്പുണ്ട്. ഒന്നുപോലും ബാക്കി വെക്കാതെ മുഴുവനും തിന്നു.

'' നിനക്ക് പൊക്കവട ഇഷ്ടായോ '' വലിയമ്മ ചോദിച്ചു.

'' ഇഷ്ടയോന്നോ. എനിക്ക് പണ്ടേ ഇഷ്ടൂള്ള സാധനാണ്. പഠിക്കാന്‍ പോകുമ്പോള്‍ മുക്കിലെ ചായക്കടേന്ന് ജാഫര്‍ ഒരുപൊതി ഉള്ളിപൊക്കവട വാങ്ങി സൂക്ഷിച്ചിട്ടുണ്ടാവും. അതും തിന്നുകൊണ്ടാണ് സ്കൂളിലേക്ക് നടപ്പ് ''. 

'' വീരാന്‍കുട്ടിടെ കടേലത്തെ പൊക്കവടടെ കാര്യോല്ലേ നീ പറയിണത്. അതൊക്കെ ഏതോ കാലത്ത് പൊളിച്ചു ''.

തറവാട്ടിലേക്ക് തിരിയുന്ന മുക്കിലായിരുന്നു വീരാന്‍കുട്ടിയുടെ കട. അയാള്‍  ഈ നാട്ടുകാരനൊന്നുമല്ല.  സ്നേഹിച്ച പെണ്ണിനേയും കൂട്ടി നാടു വിട്ട് പോന്നതാണ്. തല ചായ്ക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നതു കണ്ട് പപ്പനമ്മാമന്‍ തറവാട് വക സ്ഥലത്തു നിന്ന് ഒരു തുണ്ട് ഭൂമി ദാനം ചെയ്തു. അതില്‍ പുര വെച്ചു കെട്ടി അവര്‍ കൂടി. ചെറുപ്പത്തിലേ പറഞ്ഞു കേട്ട അറിവാണ് ഇതൊക്കെ.  

പച്ചമണ്ണുകൊണ്ട് ഭിത്തികെട്ടി മുളംകമ്പുകളും അലകുകളും കൊണ്ട് മേല്‍കൂര തീര്‍ത്ത് പനമ്പട്ടകൊണ്ട് മേഞ്ഞ പുരയുടെ നിലം ചാണകം മെഴുകിയതായിരുന്നു. അതിന്‍റെ ഒരു ഓരത്താണ് ചായക്കട. രണ്ടോ മൂന്നോ ബെഞ്ചുകളും ഡെസക്കുകളും പലഹാരങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ ചെറിയൊരു അലമാറിയും ഒരു മേശയുമാണ് ഫര്‍ണ്ണിച്ചര്‍. കൂലിപണിക്കാരും ബീഡിതെറുപ്പുകാരുമാണ് സ്ഥിരമായി ചായ കുടിക്കാന്‍ എത്തിയിരുന്നത്. ചായ്പ്പിന്‍റെ മറുവശത്ത് പലചരക്കു കടയാണ്. എന്നും അതിന്‍റെ മുന്‍വശത്ത് രണ്ടു മൂന്ന് മുറങ്ങളിലായി ഉണക്ക മാന്തളോ, അയിലയോ, ചെള്ളിപ്പൊടിയോ കാണും. ചിലപ്പോള്‍ ഒരു കുല വാഴപ്പഴം തൂക്കിയിട്ടിരിക്കും. പുറകില്‍ പനമ്പട്ട കുത്തിമറച്ചുണ്ടാക്കിയ ചായ്പ്പില്‍ എരുമയും കുട്ടിയും
തൊട്ടടുത്ത ആടിന്‍കൂടില്‍ അഞ്ചാറ് ആടുകളുമുണ്ടാവും. എരുമപ്പാലുകൊണ്ടാണ് വീരാന്‍കുട്ടി ചായ ഉണ്ടാക്കുക. പീടികയുടെ ഉമ്മറത്തിണ്ടിന്നു മുകളില്‍ ചുമരും ചാരി വെച്ച അയാളുടെ പഴയ സൈക്കിള്‍ കണ്‍മുന്നിലുള്ളതുപോലെ. അതിലാണ് അയാള്‍ ടൌണില്‍ ചെന്ന് കടയിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി വരിക.

എണ്ണപലഹാരങ്ങളായി വാഴയ്ക്കബജ്ജിയും പരിപ്പുവടയും ഉള്ളിപൊക്കവടയും മാത്രമേ ഉണ്ടാവാറുള്ളു. പൊറോട്ടയാണ് പ്രധാന വിഭവം. കൂടാതെ ഇഡ്ഡലിയോ ദോശയോ ഏതെങ്കിലുമൊന്ന് ഉണ്ടാവും. ക്യാരറ്റും ബീന്‍സും സവാളയും തക്കാളിയും ചേര്‍ത്ത് വെള്ളം പോലെ നേര്‍ത്ത ഒരു കൂട്ടാനാണ് പൊറോട്ടയ്ക്ക് കൊടുക്കുക. ആവശ്യക്കാര്‍ക്ക് ചാപ്സോ മീന്‍കറിയോ വാങ്ങാം. ഒരു ഗുരുവായൂര്‍  ഏകാദശി ദിവസം വീരാന്‍കുട്ടിയുടെ കടയില്‍ നിന്നും പാര്‍സലായി ജാഫര്‍ വാങ്ങിക്കൊണ്ടു വന്ന പൊറോട്ടയും ചാപ്സും കഴിച്ചതും വിവരം വീട്ടിലറിഞ്ഞാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് സംഭ്രമിച്ചതും ഗുരുവായൂരപ്പന്ന് പത്തു രൂപ നടയ്ക്കല്‍ വെക്കാമെന്ന് നേര്‍ന്നതും ഓര്‍മ്മ വന്നു.

'' നീ എന്താ ആലോചിക്കുന്നത് ''.

'' ഹേയ്. ഒന്നൂല്യാ. വീരാന്‍കുട്ടിടെ കാര്യം ആലോചിച്ചതാ ''.

'' അവനും കെട്ട്യോളും കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലത്തിന്‍റെ ആ തലയ്ക്കലും ഈ തലയ്ക്കലും ആ ഉമ്മക്കുട്ടിക്ക് പ്രസവം ആയിരുന്നു. മക്കളെ വളര്‍ത്താന്‍ ഇശി ബുദ്ധിമുട്ടീട്ടുണ്ട് ''.

'' അവരൊക്കെ എന്തു ചെയ്യുന്നു ''.

'' മൂത്ത മകന്‍ ബസ്സില് ഡ്രൈവറാണ്. രണ്ടാമത്തേം മൂന്നാമത്തേം ചെക്കന്മാര് ദുബായിലാണ്. നാലോ അഞ്ചോ പെണ്‍കുട്ട്യേളെ കെട്ടിച്ചുവിട്ടു. ഇനി ഒടുവിലെ പെണ്ണിനെ മാത്രമേ കെട്ടിക്കാനുള്ളു. അവള് ഒമ്പതില്‍ പഠിക്കുകയാണ്. ഒടുക്കത്തെ ആമ്പിള്ളര് മിടുക്കന്മാരാ. ഒരുത്തന്‍ എഞ്ചിനീയറായി. അതിന്‍റെ താഴെ ഉള്ളോന്‍ ഡോക്ടറ് ഭാഗത്തിന്ന് പഠിക്കുന്നു ''.

'' ആ കുടുംബം രക്ഷപ്പെട്ടു ''.

'' പറഞ്ഞിട്ടെന്താ. വീരാന്‍കുട്ടിക്ക് ചപ്പില പെറുക്കാനേ യോഗം ഉണ്ടായുള്ളു, തീ കായാന്‍ ഉണ്ടായില്ല. പിള്ളര് നന്നാവുമ്പോഴേക്കും അവന്‍ പോയി. ക്യാന്‍സര്‍ ആയിരുന്നു ''.

മനുഷ്യന്‍റെ അവസ്ഥ ഇത്രയൊക്കയേ ഉള്ളു. മറ്റന്നാള്‍ ഭാഗ്യം, ഇന്നു മരണം. വിധിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല.

'' അവന്‍റെ കട നിന്നോടത്ത് അസ്സലൊരു ബംഗ്ലാവ് പൊങ്ങുന്നുണ്ട്. നീ വരുമ്പൊ കണ്ടില്ലേ ''.

'' നാട് എത്തിയ സന്തോഷത്തില്‍ ഒന്നും ശ്രദ്ധിച്ചില്ല. പിന്നെ കാണാലോ ''.

പോക്കറ്റില്‍ കിടന്ന മൊബൈല്‍ അടിച്ചു. എടുത്തുനോക്കിയപ്പോള്‍ ജാഫറാണ്.

'' പുറപ്പെട്ട്വോ. റൂം ഏര്‍പ്പാടാക്കണ്ടേ ''.

'' ഇവിടെ കൂടാന്ന് വലിയമ്മയും ചെറിയമ്മയും പറയുന്നു. അങ്ങിനെ ആവാന്ന് കരുതി ''.

''അതന്യാ നല്ലത്. നാളെ ഞാന്‍ അങ്ങോട്ട് വരാം. എല്ലാവരേയും കണ്ടിട്ട് കുറച്ച് കാലായി ''. ഫോണ്‍ കട്ട് ചെയ്തു. ദൂരെ നിന്ന് ബസ്സിന്‍റെ ഹോണ്‍ കേട്ടു.

'' ഉണ്ണിക്കുട്ടന്‍ ആ ബസ്സിലാ വര്വാ. ഇപ്പൊ എത്തും '' വലിയമ്മ പറഞ്ഞു '' ചെക്കന് ലേശം പാലുംവെള്ളം ഉണ്ടാക്കട്ടെ. അവന്‍ ചായ കുടിക്കില്യാ ''.

വലിയമ്മ അടുക്കളയിലേക്ക് നടന്നു, '' ഞാനൊന്ന് മേല്‍ക്കഴുകി വേഷം മാറീട്ടു വരട്ടെ '' എന്നും പറഞ്ഞ് ചെറിയമ്മ പത്തായപ്പുരയിലേക്കും. പടിക്കലേക്കും നോക്കി ദിലീപ് മേനോന്‍ ചാരുപടിയില്‍ കിടന്നു.

Wednesday, April 10, 2013

നോവല്‍ ( അദ്ധ്യായം - 1 ).

 
 
നോവല്‍ ( അദ്ധ്യായം - 1 ).

പുതുക്കി പണിത ഹൈവേ നന്നായിട്ടുണ്ട്. സ്പീഡോമീറ്ററിന്‍റെ സൂചി നൂറു കടന്നിട്ടും ചിറകനക്കാതെ വായുവിലൂടെ തെന്നി നീങ്ങുന്ന ഗരുഡനെപ്പോലെ കാര്‍ റോഡിലൂടെ ഒഴുകുകയാണ്. ഒരു കുലുക്കമോ അനക്കമോ ഇല്ല. കാലപ്പഴക്കം കാറിനെ ഒട്ടും ബാധിച്ചിട്ടില്ല. ഉള്ളില്‍ ജാഫറിനോട് ബഹുമാനം തോന്നി. അവനാണ് ഈ വാഹനം തരപ്പെടുത്തിയത്.

പാലം കടന്ന് അര കിലോമീറ്റര്‍ ചെന്ന് വലത്തോട്ട് തിരിഞ്ഞാല്‍ അണക്കെട്ടിലേക്കുള്ള റോഡാണ്. പത്തു കിലോമീറ്ററോളം അതിലൂടെ ചെന്നാലേ നാട്ടിലെത്തൂ. ആ റോഡിന്‍റെ സ്ഥിതി എങ്ങിനെയാണെന്നറിയില്ല. രണ്ടോ മൂന്നോ പ്രൈവറ്റ് ബസ്സുകളും നിരവധി ജീപ്പുകളും സര്‍വീസ് നടത്തുന്ന ആ റോഡ് എപ്പോഴും പൊട്ടി തകര്‍ന്ന് കുണ്ടും കുഴിയുമായിട്ടേ കണ്ടിട്ടുള്ളു.

പാലത്തിന്ന് ഒരു മാറ്റവുമില്ല. കൈവരികള്‍ തകര്‍ന്ന മട്ടില്‍ത്തന്നെയാണ്. റോഡ് നന്നാക്കുമ്പോള്‍ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പാലം കടന്നതും വേഗത ചുരുക്കി. കൂട്ടുപാത എത്തി കഴിഞ്ഞു. റോഡിന്‍റെ രണ്ടു വശത്തും ഉണ്ടായിരുന്ന ഓടുമേഞ്ഞ പഴയ പീടിക കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റിയിരിക്കുന്നു. രണ്ടും മൂന്നും നിലകളില്‍ പണിത കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അവയുടെ സ്ഥാനത്തുള്ളത്.

എതിരെ നിന്ന് വാഹനങ്ങളൊന്നുമില്ല. ഇന്‍ഡിക്കേറ്റര്‍ ഇട്ടു. ഗിയര്‍ ഡൌണ്‍ ചെയ്ത് കാര്‍ വലത്തോട്ട് തിരിച്ചു. ലൈന്‍ ബില്‍ഡിങ്ങിന്‍റെ അവസാന ഭാഗത്ത് ബേക്കറിയാണ്. കാര്‍ കുറച്ചു നീക്കി ഒതുക്കിയിട്ടു. തറവാട്ടിലേക്ക് ചെല്ലുകയല്ലേ. കുട്ടികള്‍ക്ക് എന്തെങ്കിലും വാങ്ങണം.

'' ഈ റോഡ് എങ്ങിനെയുണ്ട് '' ബിസ്ക്കറ്റുകളും ചോക്ലേറ്റുകളും അടങ്ങിയ പൊതി ഏറ്റു വാങ്ങുമ്പോള്‍ പീടികക്കാരനോട് ചോദിച്ചു.

'' എന്താ സാറേ അങ്ങിനെ ചോദിക്കാന്‍ '' തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യമാണ്.

'' ആറേഴു കൊല്ലമായി ഞാന്‍ ഈ വഴിക്ക് വന്നിട്ട്. അന്ന് ആകെ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല. അതുകൊണ്ട് ചോദിച്ചതാണ് ''.

'' കഴിഞ്ഞ കൊല്ലം റോഡ് വീതി കൂട്ടി ടാറിട്ടു. അതോടെ സുഖായിട്ട് യാത്ര ചെയ്യാന്നായി. എന്നാലും ഹൈവേയുടെ അത്ര നന്നല്ല ''.

കൂട്ടുപാത മുതല്‍ക്ക് വലിയ മാറ്റമൊന്നും കാണാനില്ല. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ വെയിലേറ്റ് വരണ്ടു കിടപ്പാണ്. അവയ്ക്ക് നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിന്‍റെ ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയിരിക്കുന്നു. വയല്‍ വരമ്പുകളില്‍ സമൃദ്ധിയായി കാണാനുണ്ടായിരുന്ന കരിമ്പനകള്‍ മിക്കവാറും ഇല്ലാതായി. നാലഞ്ചിടങ്ങളില്‍ പാടം നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

തറവാടിന്‍റെ ഗെയിറ്റ് തുറന്നിട്ടിരിക്കുന്നത് അകലെ നിന്നുതന്നെ കണ്ടു. മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒട്ടുമാവിന്‍റെ ചുവട്ടില്‍ കാറ് നിര്‍ത്തി. എഞ്ചിന്‍ ഓഫ് ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും വാതില്‍ക്കല്‍ വലിയമ്മ പ്രത്യക്ഷപ്പെട്ടു.

'' ആരാത്. എന്‍റെ ദീപുമോനല്ലേ വന്നിരിക്കുന്നത് '' അടുത്തെത്തിയതും അവര്‍ ചേര്‍ത്തണച്ചു. ആറേഴു കൊല്ലത്തിന്ന് ശേഷമാണ് വലിയമ്മയെ കാണുന്നത്. കാലം അവരുടെ ദേഹത്തില്‍ ഒന്നു സ്പര്‍ശിച്ചിട്ടു കൂടിയില്ല. ഒന്നുകൂടി ചെറുപ്പമായിട്ടുണ്ടോ എന്നേ സംശയിക്കാനുള്ളു.

'' നീ എപ്പഴേ നാട്ടിലെത്തിയത് ''.

'' വരുന്ന വഴിയാണ് വലിയമ്മേ ''.

'' അപ്പോ സുശീലയും അനിതയും ഒക്കെ എവിടെ ''.

'' അനിതയും കുട്ടിയും ഈ മാസം അവസാനത്തിലേ വരൂ. മുംബെയില്‍ ഇറങ്ങി പെങ്ങളുടെ വീട്ടില്‍ ചെന്ന് പിറ്റേ ദിവസം അവിടുന്ന് പോരും. അച്ഛനും അമ്മയും അവരോടൊപ്പം വരും. ''.

'' എന്നാലും വരുന്ന വഴിക്ക് നിനക്കൊന്ന് അമ്മയെ കണ്ടിട്ട് വരായിരുന്നില്ലേ ''.

'' ആലോചിക്കാഞ്ഞിട്ടല്ല. പക്ഷെ എന്നെ കണ്ടാല്‍ അമ്മ വിടില്ല. അവരോടൊപ്പം പോരാന്‍ നിന്നാല്‍ നാട്ടില്‍ കുറച്ചു ദിവസം ചുറ്റി കറങ്ങണം എന്ന എന്‍റെ മോഹം നടക്കില്ല. അതോണ്ട് ഞാന്‍ നേരെ പോന്നൂ ''.

'' ചെണ്ടപ്പുറത്ത് കോല് വെക്കുന്ന ഇടത്ത് എത്തണം എന്ന നിന്‍റെ സ്വഭാവം വിട്ടിട്ടില്ല അല്ലേ ''.

'' അങ്ങിനെ വന്നാല്‍ നമ്മള് നമ്മളല്ലാതാവില്ലേ, വലിയമ്മേ ''.

'' അതു പോട്ടെ. സുശീലടെ ഷഷ്ടിപൂര്‍ത്തി ഇവിടെ വെച്ചാണ് നടത്തുന്നത്, കുറെ ദിവസം എല്ലാവരോടും കൂടെ ഇവിടെ കഴിയണം എന്നൊക്കെ ഇന്നാള് ഫോണ്‍ ചെയ്തപ്പൊ പറയ്യേണ്ടായി. ഞാനും സുമിത്രയും കുട്ടികളുമൊക്കെ അതും കാത്ത്  ഇരിക്ക്യാണ് ''.

'' പറയുമ്പോലെ ചെറിയമ്മ എവിടെ '' നാലുകെട്ടിന്‍റെ കിഴക്കു ഭാഗത്തുള്ള പത്തയപ്പുരയിലേക്ക് നോക്കി. അത് അടച്ച് പൂട്ടിയിരിക്കുന്നു.

'' അവള്‍ക്ക് സ്കൂളില്ലേ. മാര്‍ച്ച് മുപ്പത്തിയൊന്നു വരെ പോണം. അന്നാണ് പിരിയിണത് ''.

'' സുഭദ്ര ടീച്ചറേയും സുശീല ടീച്ചറേയും പോലെ സുമിത്ര ടീച്ചറും സ്വസ്ഥം  ഗൃഹഭരണം ആയി കൂടാന്‍ പോണൂന്ന് സാരം ''. വലിയമ്മ ചിരിച്ചു.

'' അഞ്ചാറു കൊല്ലത്തെ സര്‍വ്വീസ് ബാക്കിയുള്ളപ്പോഴാ നിന്‍റെ അമ്മ പിരിഞ്ഞത്. സുശീല പിരിഞ്ഞതിന്ന് ശേഷമാണ് ഞാന്‍ റിട്ടയറായ്ത് ''. വലിയമ്മയുടെ പിന്നാലെ അകത്തേക്ക് നടന്നു.

'' നിനക്ക് എന്താ വേണ്ടത്. ആഹാരം കഴിച്ച്വോ ''.

'' വരുന്ന വഴിക്ക് കഴിച്ചു ''.

'' ഞാന്‍ ഇതാ വരാം '' വലിയമ്മ അടുക്കള ഭാഗത്തേക്ക് നടന്നു. ഒരു ഗ്ലാസ്സ് നിറയെ സംഭാരവുമായിട്ടാണ് അവര്‍ തിരിച്ചെത്തിയത്.

'' ഇന്നാ കുടിച്ചോ. ദാഹത്തിന്ന് വളരെ നല്ലതാണ് ''. പച്ചമുളകും കറിവേപ്പിലയും  അരിഞ്ഞു ചേര്‍ത്തി പാകത്തിന് ഉപ്പിട്ട സംഭാരത്തിന്ന് നല്ല സ്വാദുണ്ട്. ലോകത്തിലെ മറ്റൊരു പാനീയത്തിനും ഇത്ര രുചി കിട്ടില്ല.

'' പറയുമ്പോലെ ഒരു കാര്യം ചോദിക്കാന്‍ വിട്ടു. നീ വന്ന കാറ് ആരടേണ് ''.

'' വലിയമ്മയ്ക്ക് ജാഫറിനെ ഓര്‍മ്മീണ്ടോ '' തിരിച്ചു ചോദിച്ചു.

'' ഉമ്മറ് സായ്‌വിന്‍റെ മകന്‍ ''.

'' അതന്നെ ആള് ''.

'' ഓര്‍മ്മീല്ലാതിരിക്ക്വോ. പഠിക്കുമ്പൊ തൊട്ടുള്ള നിന്‍റെ ഉറ്റ ചങ്ങാത്യല്ലേ. സിനിമയ്ക്കും നാടകത്തിനും വേലയ്ക്കും പൂരത്തിനും നിങ്ങള് ഒന്നിച്ചല്ലേ പോയിരുന്നത് ''.

'' കാറ് ജാഫര്‍ ഏപ്പാടാക്കി തന്നതാ ''.

'' അത് നന്നായി. തുടുതുടുക്കനേള്ള അതിന്‍റെ കളറ് മിന്നുണുണ്ട്. പുത്തന്‍ മാഞ്ഞിട്ടില്ല '' വലിയമ്മ പറഞ്ഞു ''  പഠിക്കുന്ന കാര്യമൊഴിച്ച് മറ്റെല്ലാറ്റിനും അവന്‍ ബഹുമിടുക്കനായിരുന്നു. പത്താം ക്ലാസ്സോടെ പഠിപ്പ് നിര്‍ത്ത്യാലെന്താ. എന്തൊക്കെ ബിസിനസ്സാ അവന്‍ നടത്തുന്നത്. മാഷേട്ടന്‍ എപ്പഴും അവനെപറ്റി പറയും. ആട്ടെ. നീ വരുന്ന കാര്യം അവനെങ്ങിന്യാ അറിഞ്ഞത് ''.

'' ആഴ്ചയില്‍ ഒരു തവണയെങ്കിലും ഞങ്ങള് ഫോണ്‍ ചെയ്യാറുണ്ട്. സുഹൃത്തുക്കളുടെ വിശേഷങ്ങളും നാട്ടു വര്‍ത്തമാനങ്ങളും അങ്ങിനെ അറിയും. പോരുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു ''.

'' കാറ് മൂച്ചിടെ ചോട്ടില്‍ നിര്‍ത്തീട്ട് പശ ഒറ്റി വീഴണ്ടാ. തെക്കുപുറത്തെ വിറകുപുര ഒഴിഞ്ഞു കിടപ്പുണ്ട്. അതിന്‍റെ ഉള്ളില്‍ നിര്‍ത്തീട്ട് നീ ഇത്തിരി നേരം ചാരുകസേലയില്‍ ചാരിക്കിടന്നോ. സുമിത്ര സ്കൂളിന്ന് വരുമ്പോഴേക്കും ചായയ്ക്ക് എന്തെങ്കിലും ഉണ്ടാക്കട്ടെ '' വലിയമ്മ എഴുന്നേറ്റു. കാറ് മാറ്റി നിര്‍ത്തിയിട്ടു വന്ന് ചാരുകസേലയില്‍ നിവര്‍ന്നു കിടന്നു.

രണ്ടു മാസം നാട്ടില്‍ കൂടണമെന്ന് തീര്‍ച്ചയാക്കിയതോടെ ഒരു റെന്‍റ് എ. കാര്‍ ഏര്‍പ്പാടാക്കി തരണമെന്ന് ജാഫറിനോട് പറഞ്ഞിരുന്നു. ചുറ്റിത്തിരിയാന്‍ ഒരു വാഹനം അത്യാവശ്യമാണ്. നാട്ടില്‍ എത്തിയ ശേഷം വാഹനം ഏര്‍പ്പാടാക്കി തരുമെന്നാണ് കരുതിയത്. എന്നാല്‍ എയര്‍പോര്‍ട്ടിന്നു വെളിയില്‍ ജാഫര്‍ കാത്തു നിന്നത് ഈ  കാറുമായിട്ടാണ്.

'' ഈ വണ്ടി എങ്ങനീണ്ട് '' യാത്രയ്ക്കിടയില്‍ ജാഫര്‍ ചോദിച്ചു.

'' തരക്കേടില്ല ''.

'' രണ്ടു മാസത്തെ ആവശ്യത്തിന്ന് ഇതുപോരേ ''.

'' ധാരാളം ''.

'' റെന്‍റ് എ കാറ് വേണ്ടാന്ന് വെച്ചു. ഒന്നാമത് വാടക പിടിപ്പത് വരും. ആള്‍ട്ടോ കാറിനും കൂടി ദിവസ വാടക എഴുന്നൂറും എഴുന്നൂറ്റമ്പതും ഒക്കെ കൊടുക്കണം. ഇത്തിരി വലിയ കാറാവുമ്പൊഴത്തെ കാര്യം പറയും വേണ്ടാ. രണ്ടു മാസത്തേക്ക് കാശ്  കുറെ വരും. അതു കൂടാതെ വേറൊരു സൊല്ലീം കൂടീണ്ട്. മോട്ടോര്‍ വാഹനം ആവുമ്പൊ തട്ടീനും മുട്ടീനും ഒക്കെ വരും. വല്ലതും പറ്റിച്ചാല്‍ ഉടമസ്ഥന്‍ വായില്‍ തോന്നുന്ന പൈസ ചോദിക്കും. ഇതാവുമ്പൊ പേടിക്കണ്ടല്ലോ ''.

'' അപ്പൊ ഇത് ''.

'' ചുളുവില് ഒപ്പിച്ചു '' ജാഫര്‍ ആ കഥ വിവരിച്ചു. ഒരു അപ്പാവിയുടെ കയ്യിന്ന് വാങ്ങ്യേതാണ്. പത്ത് പതിമൂന്ന് കൊല്ലം പഴക്കം വന്ന എസ്റ്റീം ആ സാധൂന്‍റെ പെരടീല് ഏതോ ഒരു ബ്രോക്കര്‍ പിടിപ്പിച്ചതാ. അയാള് ഇതില്‍ കണ്ടമാനം കാശിറക്കി. എഞ്ചിന്‍ പണി ചെയ്തു. പാച്ച് വര്‍ക്ക് ചെയ്ത് മെറ്റാലിക്ക് പെയിന്‍റ് അടിച്ചു. എന്തിനു പറയുണൂ വണ്ടിടെ ബമ്പറും ഡാഷ്ബോര്‍ഡും ഡോര്‍ പാഡും  ഹെഡ് ലൈറ്റും ബ്രേക്ക്‌ ലൈറ്റും വരെ മാറ്റി. സീറ്റ് പണി ചെയ്തു. ചുരുക്കി പറഞ്ഞാല്‍ വണ്ടി പുത്തന്‍റെ കണ്ടീഷനിലായി.

'' പിന്നെന്തിനേ അയാള് ഇത് വിറ്റത് ''.

'' ഗള്‍ഫിന്ന് അയാളുടെ മകന്‍ വന്നു. ചെക്കന് ഇത് പറ്റീലാ. കിട്ടുന്ന വിലയ്ക്ക് കയ്യയയ്ക്കണം എന്ന് ഒരേ വാശി. വിവരം അറിഞ്ഞപ്പോള്‍ ഞാനൊന്ന് മുട്ടി നോക്കി. ഒത്തു കിട്ട്യേപ്പൊ പിന്നെ മടിച്ചില്ല ''.

'' കൊള്ളാം. എന്തു കൊടുത്തു ഇതിന് ''.

'' അറുപത്തെട്ട്. കൊടുക്കുമ്പൊ രണ്ടോ മൂന്നോ പോയാലും ബാക്കി കിട്ടും '' ജാഫര്‍ തുടര്‍ന്നു '' ഒരേ ഒരു ദൂഷ്യേ ഇതിനുള്ളു. മൈലേജ് ഇത്തിരി കുറവാണ്. പക്ഷെ എല്‍.പി.ജി. കിറ്റ് പിടിപ്പിച്ചിട്ടുണ്ട്. ആര്‍.സി. ബുക്കില്‍ എന്‍ഡോര്‍സ്മെന്‍റും ചെയ്തിട്ടൂണ്ട്. സ്റ്റാര്‍ട്ടിങ്ങ് മാത്രം പെട്രോളില്. പിന്നെ ഈ സ്വിച്ച് ഇങ്ങിട്ട് നീക്കിയാല്‍ മതി, ഗ്യാസില്‍ ഓടിക്കോളും ''.

ലാഭത്തില്‍ കച്ചവടം ചെയ്യാനുള്ള കൂട്ടുകാരന്‍റെ കഴിവോര്‍ത്ത് വെറുതെ കിടന്നു. മയക്കത്തിലേക്ക് വഴുതി വീണത് എപ്പോഴാണ് എന്നറിയില്ല.

'' ഏടത്ത്യേ, ഏതാ ഈ കാറ് '' പുറത്തു നിന്ന് ചെറിയമ്മയുടെ ശബ്ദം കേട്ടുണര്‍ന്നു. ദിലീപ് മേനോന്‍ കസേലയില്‍ നിന്ന് എഴുന്നേറ്റു.