Tuesday, December 31, 2013

അദ്ധ്യായം - 22.

ദിലീപ് മേനോൻ കയറിച്ചെല്ലുമ്പോൾ പപ്പനമ്മാമൻ ചാരുകസേലയിൽ നിലക്കടലയും കൊറിച്ചുകൊണ്ട് കിടപ്പാണ്. അരികിലായി നിലത്ത് കട്ടൻകാപ്പി നിറച്ച ചില്ലുഗ്ലാസുണ്ട്.

'' ഇന്നെന്താ ആഹാരം കഴിക്കാൻ വൈകിയത് '' അയാൾ ചോദിച്ചു.

'' ചെറുപയർ വറുത്ത്അരങ്ങിയതും പൊടിയരിയുംകൂടി കഞ്ഞിവെച്ചത് എട്ടുമണിയോടെ ഒരു വീട്ടിൽനിന്ന് എത്തിച്ചിരുന്നു. തേങ്ങാച്ചമ്മന്തിയും കൂട്ടി അത് കഴിച്ചു ''.

'' അതുശരി. ഒറ്റയ്ക്കിരുന്ന് മടുത്തപ്പോൾ കാപ്പിവെച്ചു കുടിച്ചതാണല്ലേ ''.

'' പത്തുപന്ത്രണ്ട് കുട്ടികൾ ഇത്രനേരം ഉണ്ടായിരുന്നു. അവർ പോയപ്പോൾ കട്ടൻകാപ്പി ഉണ്ടാക്കി. കുറച്ച് നിലക്കടല വറത്തതും എടുത്ത് ഇവിടെയിരുന്നു ''.

'' എന്തിനാ വെറുതെ ഇരുന്ന് ബോറടിക്കുന്നത്. ആ നേരത്ത് ടി.വി. കണ്ടൂടെ '' ദിലീപ് മേനോൻ ടി.വി. ഓണാക്കി. കാർട്ടൂൺ ചാനലാണ്.

'' എന്താ ഇതാണോ കണ്ടുകൊണ്ടിരുന്നത് '' അയാൾ ചോദിച്ചു.

'' ഞാൻ പറഞ്ഞില്ലേ. കുട്ടികൾ ഉണ്ടായിരുന്നു. അവർക്കുവേണ്ടി വെച്ചതാണ്. ഇതിൽ മനസ്സു വെച്ചിട്ട് അവരുടെ പഠിപ്പ് കളയാൻ പാടില്ലല്ലോ. അതുകൊണ്ട് എല്ലാവരോടും പോയി കുറെനേരം പഠിച്ചിട്ട് വരാൻ പറഞ്ഞു ''.

'' പപ്പനമ്മാമൻ എന്താ കാണാറ് ''.

'' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്. മലയാളം സിനിമകളും. കുറെനേരം പാട്ട് കേട്ടിരിക്കും. ഇത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല ''.

'' ആകെക്കൂടി സന്തോഷമായി അല്ലേ ''.

'' എന്താ സംശയം. നല്ല സന്തോഷം തോന്നുന്നുണ്ട്. സ്വപ്നത്തിൽ വിചാരിച്ചതാണോ ഇതൊക്കെ ''.

'' മനസ്സ് വെക്കാഞ്ഞിട്ടല്ലേ ഇത്രകാലം വൈകിയത്. ഒരു ടി.വി.വാങ്ങുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമാണോ ''.

'' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാലത്ത് കേട്ടറിവില്ലാത്ത സാധനമാണ് ടി.വി. അത് കാണാനും ആസ്വദിക്കാനും കഴിയുക എന്നത് ഈ ജന്മത്തിൽ ലഭിച്ച ഒരു സൗഭാഗ്യമല്ലാതെന്താ ''.

'' എനിക്ക് ഓർമ്മവെച്ച കാലത്ത് കുറെ വീടുകളിൽ ടി.വി. ഉണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാമായണം സീരിയൽ കാണാൻ സ്കൂളിനടുത്തുള്ള വീട്ടിൽ പോകാറുണ്ട്. മഹാഭാരതം ആരംഭിക്കുമ്പോഴേക്ക് തറവാട്ടിൽ ഒരു ടി.വി. വാങ്ങിയിരുന്നു ''.

'' ഇതൊക്കെ ഇന്നാള് നടന്നത്. കൂടിവന്നാൽ ഒരു പത്തുമുപ്പത് കൊല്ലം ആയിട്ടുണ്ടാവും. അതിനു മുമ്പത്തെ അവസ്ഥ കേൾക്കണോ '' പപ്പനമ്മാമൻ ഗ്ലാസ്സിലുള്ള കട്ടൻ കാപ്പി ഒരുവലിക്ക് കുടിച്ചുതീർത്ത് പറയാൻ തുടങ്ങി '' എൻറെ കുട്ടിക്കാലത്ത് റേഡിയോ എന്ന സാധനത്തെക്കുറിച്ച് കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല. പുനാങ്കിൽ നിന്ന് തിരിച്ചുവന്ന ഒരു പ്രമാണിയുടെ വീട്ടിൽവെച്ചാണ് ഞാൻ ആദ്യമായി റേഡിയോ കാണുന്നത്. അതിൻറെ മാജിക്ക് ഐയുടെ പ്രകാശം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴും മനസ്സിലുണ്ട്. അന്നൊക്കെ റേഡിയോ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസ് ഫീസ് പതിനഞ്ച് ഉറുപ്പികയാണെന്നാണ് എൻറെ ഓർമ്മ. ആ തുക പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. ഇല്ലെങ്കിൽ കേസ്സെടുക്കും ''.

'' എനിക്കതൊന്നും അറിയില്ല ''.

'' അതിന് ദീപു ജനിക്കുമ്പോഴേക്കും ലൈസൻസ് സമ്പ്രദായം നിർത്തലാക്കിയല്ലോ ''.

'' ഒരു കൂട്ടുകാരൻറെ വീട്ടിൽ പഴയൊരു റേഡിയോ സൂക്ഷിച്ചുവെച്ചത് ഞാൻ കണ്ടിട്ടുണ്ട്. എന്താ അതിൻറെ വലുപ്പം ''.

'' ആദ്യ കാലത്തേത് വലിയ വാൾവുകളുള്ള റേഡിയോകളായിരുന്നു. ഒക്ടൽ. നോവൽ, റിംലോക്ക് എന്നിങ്ങനെ പലതരം വാൾവുകളുണ്ട്. പിന്നെ മിനിയേച്ചർ വാൾവുകളായി. EL 84, EZ 80, UL 41 എന്നിങ്ങിനെ ഓരോ നമ്പറാണ് വാൾവുകൾക്ക് ഉണ്ടായിരുന്നത്. അതു കഴിഞ്ഞാണ് ട്രാൻസിസ്റ്റർ വന്നത് ''.

'' പപ്പനമ്മാമന്ന് ഇതൊക്കെ എങ്ങിനേയാ അറിയുന്നത് ''.

'' പട്ടാളത്തിൽനിന്ന് പിരിഞ്ഞുവന്ന ഒരു കുറുപ്പുണ്ടായിരുന്നു. റേഡിയോമെക്കാനിക്കാണ്   അയാൾ. ആ കക്ഷി അങ്ങാടിയിൽ മുറി വാടകയ്ക്കെടുത്ത് റേഡിയോ നന്നാക്കാനൊരു കട തുടങ്ങി. ചിലപ്പോൾ ഞാൻ അവിടെ ചെന്നിരിക്കും. അയാളിൽ നിന്ന് പഠിച്ചതാണ് ഇതെല്ലാം ''.

'' റേഡിയോ നന്നാക്കാൻ പഠിച്ചോ ''.

'' ഏയ്. അതിനെവിടെ നേരം. അയാളുടെ കയ്യിലുള്ള പുസ്തകം നോക്കി ഒരിക്കൽ ഒരു ട്രാൻസിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട് ''.

'' ആഹാ. അതുകൊള്ളാമല്ലോ ''.

'' ആറ് ട്രാൻസിസ്റ്റർ വെച്ച ഒരു സർക്യൂട്ടാണ് ചെയ്തത്. ഒരു ദിവസം ട്രെയിനിൽ കേറി കൊയമ്പത്തൂരിൽ ചെന്നു. ഒപ്പനക്കാര തെരുവിൽ സ്പെയർ പാർട്ട്സ് വിൽക്കുന്ന ഒരു കടയുണ്ട്. അവിടെനിന്ന് സാധനങ്ങൾ വാങ്ങി. വലിയൊരു സോപ്പുപെട്ടിയിലാണ് അത് അസംബിൾ ചെയ്തത് ''.

'' എന്നിട്ട് ആ സാധനം വർക്ക് ചെയ്തോ ''.

'' ഉവ്വ്. ഒരു ഹിന്ദി പാട്ടാണ് ആദ്യമായി അതിൽനിന്ന് പുറത്തുവന്നത്. അതു കേട്ടപ്പോൾ മനസ്സിലുണ്ടായ സന്തോഷം പറയാൻ പറ്റില്ല ''.

'' സത്യം പറയാലോ, പപ്പനമ്മാമൻ ആളൊരു സംഭവമാണ് ''.

'' അങ്ങിനെയൊന്നും പറയണ്ട്. ഓരോകാലത്ത് ഓരോന്നിനോട് കമ്പം തോന്നും. കുറച്ചു കഴിഞ്ഞാൽ അത് മടുക്കും, അല്ലെങ്കിലോ വേറെ എന്തിനോടെങ്കിലും താൽപ്പര്യം വരും. അതോടെ ആദ്യത്തേത് വിടും ''.

'' ട്രാൻസിസ്റ്റർ വന്നപ്പോൾ ആളുകൾക്ക് അതിനോട് ക്രെയ്സായിരിക്കും അല്ലേ ''.

'' പിന്നെന്താ. ചില അൽപ്പന്മാർ ട്രാൻസിസ്റ്ററും തൂക്കിപ്പിടിച്ച് വഴിനീളെ പാട്ടുംകേട്ടോണ്ട് നടക്കും. അതൊക്കെ ഒരു കാലം ''.

'' ടി.വി. വന്നതോ ''.

'' ഒരിക്കൽ എന്തോ ആവശ്യത്തിന് മദിരാശിവരെ പോവേണ്ടിവന്നു. കുറെ അങ്ങോട്ട് ചെന്നപ്പോൾ കെട്ടിടങ്ങളുടെ മുകളിൽ അലുമിനിയംകൊണ്ട് പക്ഷിയുടെ അസ്ഥികൂടം മാതിരി എന്തോ വെച്ചത്കണ്ടു. എന്താ സാധനം എന്ന് എനിക്കൊട്ട് മനസ്സിലായതുമില്ല. അടുത്തിരുന്ന ആളോട് ചോദിച്ചപ്പോഴാണ് അത് ടെലിവിഷൻറെ ആൻറിനയാണെന്ന്  അറിയുന്നത്. പിന്നേയും പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞിട്ടാണ് നമ്മുടെ നാട്ടിൽ ടി.വി. എത്തിയത് ''.

'' വല്ലാത്ത മാറ്റം വന്നതുപോലെ തോന്നുന്നു അല്ലേ ''.

'' നീശ്ചയമായും തോന്നുന്നുണ്ട്. ശാസ്ത്രത്തിൻറെ കുതിച്ചുചാട്ടം ഏറെ പ്രകടമാവുന്നത് വാർത്താവിനിമയരംഗത്തു തന്നെ. ടെലഫോണിൻറെ കാര്യം ചിന്തിച്ച് നോക്കിയാലോ. അമ്പതുകൊല്ലം മുമ്പ് നമ്മുടെ നാട്ടില് മൂന്നോ നാലോ വീട്ടിലേ ഫോണുണ്ടായിരുന്നുള്ളൂ. പാലക്കാട്ടേക്ക് വിളിക്കണച്ചാൽ ട്രങ്ക് ബുക്ക്ചെയ്യണം. ബസ്സിൽ അവിടെപോയി കാര്യം നടത്തി വന്നാലും ഫോൺ ബുക്ക് ചെയ്തത് കിട്ടില്ല. പിന്നെയാണ് ഓട്ടോമാറ്റിക്ക് c- dot എക്സ്ചേഞ്ചുകൾ വരുന്നത്. ഇപ്പോൾ വയർലെസ്സ് ഫോണുകളും മൊബൈലുകളുമായി ''.

'' വേറെ എന്തെങ്കിലും ഓർമ്മ തോന്നുന്നുണ്ടോ ''.

'' ഹാം റേഡിയോ എന്നൊരു ഏർപ്പാട് ഉണ്ട്. അമേച്ച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് അന്യോന്യം സന്ദേശങ്ങളയക്കാനും സംഭാഷണം നടത്താനും ഉള്ള സംവിധാനമാണ് അത്. അതിനും ലൈസൻസ് വേണം. ഒരു ടെസ്റ്റ് പാസ്സായാലേ ലൈസൻസ് കിട്ടുള്ളു. ഫിസിക്സും മോഴ്സ്കോഡും ആണ് ടെസ്റ്റിനുള്ള വിഷയങ്ങൾ ''.

'' പപ്പനമ്മാമൻ ഹാം ലൈസൻസ് എടുത്തിട്ടുണ്ടോ ''.

'' ഹേയ്. ഇല്ല. നേരത്തെ പറഞ്ഞ കുറുപ്പിന്ന് ഉണ്ടായിരുന്നു. അതിനുവേണ്ട വയർലെസ്സ് സെറ്റ് അയാൾതന്നെ ഉണ്ടാക്കിയതാണ് ''.

'' സത്യം പറഞ്ഞാൽ എന്തൊക്കയോ പുതിയ കാര്യങ്ങൾ ഇന്ന് പഠിക്കാനായി ''.

മുറ്റത്ത് കുട്ടികളുടെ ശബ്ദം കേൾക്കാനുണ്ട്. ടി.വി. കാണാൻ വന്നതാവണം.

'' കുട്ടികള് വന്നൂന്ന് തോന്നുന്നു '' പപ്പനമ്മാമൻ പറഞ്ഞു '' അവരിരുന്ന് ടി.വി.കണ്ടോട്ടെ. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം ''.

ടി.വി.ഓൺ ചെയ്ത് പുറത്തേക്കിറങ്ങി, കുട്ടികൾ അകത്തേക്കും.
      

Wednesday, December 11, 2013

അദ്ധ്യായം - 21.


'' നീ ഇപ്പൊ പുറത്തേക്ക് വരണ്ടാ. ഇവിടെത്തന്നെ കിടന്നോ '' വാതിൽക്കൽ വന്നുനിന്ന് വലിയമ്മ പറഞ്ഞു. ദിലീപ് മേനോന് അമ്പരപ്പാണ് തോന്നിയത്.

'' എന്താ വലിയമ്മേ '' അയാൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു. പ്രാതൽ കഴിഞ്ഞ് ന്യൂസ് പേപ്പറുമായി മുറിയിലേക്ക് ചെന്നതാണ് അയാൾ. ജനലോരം ചേർന്ന് കട്ടിലിൽ കിടന്ന് പത്രം വായിക്കുന്നതാണ് രീതി.

'' അതേ. കാവിലെ പാട്ടുതാലപ്പൊലിക്ക് പിരിവിന് വരുന്നുണ്ട്. നിന്നെ കണ്ടാൽ അവർ എന്തെങ്കിലും ചിലവ് ചെയ്യിക്കും ''.

'' അതിനെന്താ. എന്താ ചോദിക്കുന്നത് എന്നുവെച്ചാൽ കൊടുക്കാം ''.

'' എനിക്ക് അതറിയാം. അതാണ് വരണ്ടാ എന്നു പറഞ്ഞത് ''. വലിയമ്മ വാതിൽ ചാരി പുറത്തേക്ക് പോയി.

മുറ്റത്തുനിന്ന് സംഭാഷണം കേൾക്കുന്നുണ്ട്. പിരിവുകാരും വലിയമ്മയും പിരിവിനെപ്പറ്റി സംസാരിക്കുകയാണ്.

'' ഇക്കുറി പൂർവ്വാധികം ഗംഭീരമാക്കാനാണ് ഉദ്ദേശം '' ആരോ പറയുകയാണ് '' പിന്നെ ചിലവിൻറെ കാര്യം പറയണ്ടല്ലോ. ആനയ്ക്കും തായമ്പകക്കാർക്കും ചോദിച്ച സംഖ്യ കൊടുക്കണം. അവരെ കുറ്റം പറയാൻ പറ്റില്ല. കൊടുക്കാൻ വേറെ ആളുണ്ട് ''.

'' എന്തിനാ ഇത്ര കഷ്ടപ്പെട്ട് കഴിക്കുന്നത്. ഉള്ളതോണ്ട് ചെയ്താൽ പോരേ ''.

'' നല്ല കാര്യായി. ഇത്തിരി മോശമായാൽ മതി. നൂറു കുറ്റം പറയാൻ ആളുണ്ടാവും. പന്തല് പോരാ, ആനയ്ക്ക് പൊക്കം കമ്മി, തായമ്പക മോശം, വെടിക്കെട്ട് ഉഷാറായില്ല എന്നു വേണ്ടാ തൊട്ടതിനും പിടിച്ചതിനും കുറവ് കാണും ''.

'' എന്നാൽ പറയുന്ന ആളുകള് ചിലവാക്കട്ടെ. വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണോ ''.

'' ടീച്ചർക്ക് എന്താ അത്രയ്ക്ക് പ്രാരബ്ധം. പെൻഷനില്ലേ ''.

'' അതുശരി. സംഭാവന കൊടുക്കാനാണോ പെൻഷൻ തരുന്നത്. നൂറുകൂട്ടം ചിലവുകൾ ഒരു വീടായാലുണ്ടാവും. അതൊന്നും പറഞ്ഞു നടക്കുന്നില്ല എന്നേയുള്ളു ''.

'' വലിയ തറവാടല്ലേ ഇത്. അതിന് യോജിച്ച മട്ടിൽ തരിൻ ''.

അലമാറ തുറക്കുന്ന ശബ്ദം കേട്ടു. വലിയമ്മ പണം എടുക്കുകയാവും.

'' ഇത് മതിയോ '' പണം വാങ്ങിയ ആളാവും അത്.

'' തൽക്കാലം ഇതോണ്ട് തൃപ്തിപ്പെടിൻ. ഉണ്ടാവുന്ന കാലത്ത് കൈ നിറയെ തരാം ''.

'' ഇതേതാ കാറ് '' വേറൊരു ശബ്ദമാണ് അത്.

'' സുശീലടെ മകൻ വന്നിട്ടുണ്ട്. അവൻ കൊണ്ടു വന്നതാ ''.

'' എന്നിട്ട് ആളെവിടെ. കണ്ടാൽ പഞ്ചവാദ്യം അദ്ദേഹത്തെക്കൊണ്ട് സ്പൊൺസർ ചെയ്യിക്കായിരുന്നു ''.

'' അവൻ ബിസിനസ്സ് കാര്യായിട്ട് ബാംഗ്ലൂരിലേക്ക് പോയി. മടങ്ങി വരാൻ ഒരു മാസം കഴിയും ''.

വലിയമ്മ എത്ര ഭംഗിയായി നുണ പറയുന്നു. ദിലീപ് മേനോൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഉമ്മറത്തെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. പിരിവുകാർ പോയിട്ടുണ്ടാവും.

'' ഒരു വിധത്തിൽ അവരെ പറഞ്ഞയച്ചു '' വലിയമ്മ അടുത്തെത്തി.

'' എല്ലാം ഞാൻ കേട്ടു. ബാംഗ്ലൂരിലേക്ക് പോയി എന്നു പറഞ്ഞിട്ട് ആരെങ്കിലും എന്നെ കണ്ടാലോ ''.

'' അതിനെന്താ. പോയ കാര്യം പെട്ടെന്ന് തിർന്നു. ഇന്നു രാവിലെ തിരിച്ചെത്തി എന്നു പറഞ്ഞാൽ അല്ലാന്ന് തെളിയിക്കാൻ അവർ മിനക്കെട്വോ ''.

'' താലപ്പൊലിക്ക് ആനയെ കൊണ്ടുവരാൻ എന്താവും ''.

'' എന്താ. നിനക്ക് അതിനുള്ള ഉദ്ദേശം ഉണ്ടോ ''.

'' ഏയ്. ഇല്ല. അറിയാൻ വേണ്ടി ചോദിച്ചതാണ് ''.

'' അമ്പതിനായിരം ഒരു ലക്ഷം എന്നൊക്കെ കേൾക്കുന്നുണ്ട്. ആനടെ തരാതരംപോലെ കൊടുക്കേണ്ടി വരും ''.

'' എന്തൊക്കെ പരിപാടികളാണ് ഇക്കൊല്ലം ''.

'' നോട്ടീസ് തന്നിട്ടുണ്ട്. ഞാൻ വായിച്ചു നോക്കിയില്ല. പിന്നെ പരിപാടിക്കൊന്നും ഞാൻ പോവാറില്ല. ഉച്ചപൂജയ്ക്ക് ചെന്ന് തൊഴുകും. സന്ധ്യക്ക് ദീപാരധന തൊഴാനും പോവും ''.

'' ഒന്നും കാണുകയും കേൾക്കുകയും വേണ്ടേ ''.

'' എൻറെ കുട്ടിക്കാലത്ത് ഹരികഥ ഉണ്ടാവും. ചില ദിവസം ഭജനകളാവും. ഒരു ദിവസം കഥകളി. പിന്നെ അതു മാറി. ഓട്ടൻ തുള്ളല്. കഥാപ്രസംഗം, ബാലെ, ഭക്തി ഗാനമേള ഒക്കെയായി. ഇപ്പോൾ സിനിമാറ്റിക്ക് ഡാൻസും ഗാനമേളയും തന്നെ പ്രധാനം. എനിക്ക് ആ വലിയ സ്പീക്കറിൽ കൂടിയുള്ള നിലവിളി കേട്ടാൽ തലവേദന വരും. പാട്ടാണത്രേ പാട്ട്. കൂക്കി നിലവിളിക്കുന്നതിനെ പാട്ട് എന്ന് പറയാനാവ്വോ ''.

'' വലിയമ്മേ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളല്ലേ ഇതൊക്കെ ''.

'' ഉവ്വ്. സമ്മതിച്ചു. എന്നാലും ഇത്ര മാറ്റം ഉണ്ടാവ്വോ '' വലിയമ്മ പഴയ കാലത്തിലേക്ക് മനസ്സ് തിരിക്കുകയാണ്.

'' അതൊരു കാലം. ഒരാഴ്ചമുമ്പേ പൂതനും തിറയും വീടുവീടാന്തരം എത്തും. അവർക്ക് നെല്ലും പണവും മതി. പിന്നെ നായാടിയും പാമ്പൂതനും വരും. അവർക്ക് പഴയ മുണ്ടും ഷർട്ടും ഒക്കെ വേണം. നെല്ലും പണവും കൊടുത്താലൊന്നും പോവില്ല. മുറ്റത്തുതന്നെ നിൽക്കും. തുണികൾ കിട്ടിയിട്ടേ പോവൂ ''.

'' ഇപ്പോൾ പൂതനൊന്നും വരാറില്ലെ ''.

'' ഉവ്വ്. എല്ലാവർക്കും പണംമതി. അതാവുമ്പൊ ഷാപ്പിൽ കൊടുക്കാൻ എളുപ്പാണല്ലോ ''.

'' വലിയമ്മ കുട്ടിക്കാലത്ത് താലപ്പൊലിക്ക് പോവാറില്ലേ ''.

'' പിന്നല്ലാതെ. അന്ന് അതൊക്കെ അല്ലേ സന്തോഷം. പെണ്ണുങ്ങള് കുളിച്ച് സാരിയോ മുണ്ടും വേഷ്ടിയോ ഉടുത്ത് മുടിയിൽ പൂ ചൂടി അണിഞ്ഞൊരുങ്ങി എത്തും. താലത്തിൽ കത്തിച്ചുവെച്ച ചിരാതുമായി അവർ വരിയായി നിൽക്കുന്നതുതന്നെ ഒരു കാഴ്ചയാണ്.  നാട്ടിലെ പ്രമാണികളായ ആണുങ്ങൾ നല്ല കരയുള്ള മുണ്ടുടുത്ത് തോളിലൂടെ വേഷ്ടി പുതച്ച് നിൽക്കും. വെളിച്ചപ്പാട് അവർക്കാണ് ആദ്യം കൽപ്പന കൊടുക്കാറ് ''.

'' എങ്ങിനേയാ ഇതൊക്കെ ഇപ്പോഴും ഓർമ്മിക്കുന്നത് ''.

'' മനുഷ്യന് ഒരു ഗുണമുണ്ട് ദീപൂ. അതികൂടാതെ വേദനിപ്പിച്ചതും സന്തോഷംതന്നതുമായ കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല. അങ്ങിനെ മനസ്സിൽ ഇപ്പോഴുമുള്ള ഒരു സംഗതി പറയാം. ആ കാലത്ത് നാണിക്കുട്ടിയുണ്ടായിരുന്നു. അവളെ കണ്ടാൽ പെണ്ണുങ്ങള് കൂടി മോഹിക്കും. അത്ര ഭംഗിയാണ് ആ പെണ്ണിന്. അതന്യാണ് അവൾക്ക് ആപത്തായതും ''.

'' അവർക്ക് എന്താ സംഭവിച്ചത് ''.

'' ആരോ പറഞ്ഞ് പറ്റിച്ചു വയറ്റിലുണ്ടാക്കി. പത്തമ്പത്തഞ്ച് കൊല്ലം മുമ്പുള്ള കാലമല്ലേ. അന്ന് എളുപ്പത്തിൽ അലസിപ്പിക്കാനൊന്നും പറ്റില്ല. നാലഞ്ചു മാസം അവളത് ഒതുക്കി വെച്ചു. പിന്നെ ഒരു ദിവസം ആരും ഇല്ലാത്ത നേരം നോക്കി വീടിൻറെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി. ഇന്നും അവളുടെ മുഖം എൻറെ മനസ്സിന്ന് പോയിട്ടില്ല ''.

'' കഷ്ടമായി ''.

'' അന്നും ഇന്നും ഒരു കാര്യം ഒരുപോലെയാണ്. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ കുറ്റം പെണ്ണിനാണ്. പുരുഷൻ തടി തപ്പും ''.

'' പിന്നെയെന്തൊക്കെ ഓർമ്മയുണ്ട് ''.

'' ധാരാളം ആളുകള് താലപ്പൊലിക്ക് എത്തും. അമ്പലപറമ്പില് നിൽക്കാൻ ഇടം കിട്ടില്ല. ബലൂണും പീപ്പയും വിൽക്കുന്നവർ, മിഠായി തട്ടുകാർ. കൈനോക്കി ഫലം പറയുന്നവർ, മുച്ചീട്ടുകളിക്കാർ അങ്ങിനെ ഒരു കൂട്ടം. പറമ്പിൻറെ ഒരു ഓരത്ത് യന്ത്ര ഉഴിഞ്ഞാലാണ്. മരംകൊണ്ട് ഉണ്ടാക്കിയ അതിൽ രണ്ടോ മൂന്നോ ആളുകൾക്ക് കയറാൻ പറ്റുന്ന നാല് പെട്ടികളുണ്ടാവും. കാലണ കൊടുക്കണം അതിൽ കയറാൻ ''.

'' വലിയമ്മ അതില് കേറീട്ടുണ്ടോ ''.

'' നല്ല കഥ. തറവാട്ടിൽപിറന്ന പെൺകുട്ടികളൊന്നും അതിൽ കേറില്ല. നമ്മുടെ വീട്ടിന്ന് ആരേയും കയറാൻ സമ്മതിക്കാറില്ല. ഒരിക്കൽ കുഞ്ഞുണ്ണ്യേട്ടൻ വീട്ടുകാർ  അറിയാതെ അതില് കയറി. അന്ന് അമ്മ ഒരു ചൂരല് മുറിയുന്നതുവരെ ഏട്ടനെ തല്ലി ''.

'' അന്നും ആരു പറഞ്ഞാലും കേൾക്കാത്ത ആളായിരുന്നു അല്ലേ ''.

'' ചൊട്ട മുതൽക്കുള്ള ശീലം തന്നെ ഇപ്പോഴും ഉള്ളത്. സകല ആളുകളേയും വെറുപ്പിക്കും. താൻ പിടിച്ച മുയലിന്ന് മൂന്നു കൊമ്പ് എന്നതാണ് പ്രകൃതം. എന്തായാലും നീ ഇന്നലെ പോയി കണ്ടത് നന്നായി. ഇല്ലെങ്കിൽ നിന്നോടുള്ള ദേഷ്യം മനസ്സിൽ സൂക്ഷിക്കും. ഒരു പക്ഷെ മുകുന്ദേട്ടൻ അതിൽ കേറി വല്ലതും പറഞ്ഞാൽ സുശീലടെ ഷഷ്ടിപൂർത്തിക്ക് ഏട്ടൻ വരില്ല. ആകെക്കൂടി അഭംഗിയാവും ചെയ്യും. അത് കൂടാതെ കഴിഞ്ഞു ''.

'' ഒരു ചായ വേണം ''.

'' അയ്യോ. സാമ്പാറിന്ന് പരിപ്പ് അടുപ്പത്തിട്ട് വന്നതാ. അടിപിടിച്ചിട്ടുണ്ടാവും '' വലിയമ്മ എഴുന്നേറ്റ് ധൃതിയിൽ നടന്നു.

Sunday, December 8, 2013

അദ്ധ്യായം - 20.

ദിലീപ് മേനോൻ റൂം നമ്പർ106 ൻറെ വാതിൽക്കൽ ഒരുനിമിഷം മടിച്ചുനിന്നു. അകത്ത് കുഞ്ഞുണ്ണിമാമയെ കാണാൻവന്ന ആരെങ്കിലും ഉണ്ടാവുമോ? അപരിചിതരുടെ മുന്നിൽ വെച്ച് അദ്ദേഹം തന്നോട് തട്ടികയറിയാൽ എന്താ ചെയ്യുക. ആരേയും അറിയിക്കാതെ തിരിച്ചുപോവുന്നതാവും നല്ലത്. പെട്ടെന്ന് പപ്പനമ്മാമനെ ഓർമ്മവന്നു. അദ്ദേഹം കൂടെ വരാമെന്ന് പറഞ്ഞതാണ്. അങ്ങിനെ ചെയ്താൽ മതിയായിരുന്നു. കുഞ്ഞുണ്ണിമാമയെ കാണാതെ തിരിച്ചുപോയാൽ അദ്ദേഹം ചോദിക്കുമ്പോൾ എന്താണ് പറയുക. വരുന്നത് വരട്ടെ. വാതിൽക്കൽ മെല്ലെ മുട്ടി.

വാതിൽ തുറന്നത് അമ്മായിയാണ്. തീരെ പ്രതീക്ഷിക്കാതെ എത്തിയതിനാലാവും ആ മുഖത്ത് ഒരു അമ്പരപ്പ്.

'' വാ '' അവർ ക്ഷണിച്ചു.

അകത്ത് മറ്റാരും ഇല്ല. സമാധാനമായി. ഇനി എന്തു വേണമെങ്കിലും സംഭവിച്ചോട്ടെ. കുഞ്ഞുണ്ണിമാമ ശകാരിക്കുകയോ രണ്ടു തല്ലുകയോ ചെയ്താലും വിരോധമില്ല.

'' താൻ ഇവിടെ ഇരിയ്ക്കടോ '' കുഞ്ഞുണ്ണിമാമ കട്ടിലിൻറെ ഓരത്തിരിക്കാൻ ക്ഷണിച്ചു.  നല്ലകാലം. ദേഷ്യപ്പെട്ടില്ലല്ലോ. പറഞ്ഞതുപോലെ ചെയ്തു.

'' ഞാൻ ഇവിടെയുള്ള കാര്യം എങ്ങിനെയാ അറിഞ്ഞത് ''.

'' ഇന്നലെ രാത്രി ചെറിയച്ഛൻ പറഞ്ഞ് അറിഞ്ഞതാണ്. രാവിലെ ഞാൻ വീട്ടിൽചെന്നു. പണിക്കാരനാണ് ഇവിടെയുള്ള കാര്യം പറഞ്ഞത് ''.

'' ഓ, അതുശരി. വിവരം എല്ലാവരും അറിഞ്ഞല്ലോ. എന്നിട്ട് ഒരെണ്ണം എഴുന്നള്ളിയോ. ഇല്ല. അതെങ്ങിനെ. സർവ്വ എണ്ണത്തിനും ഞാനല്ലേ ശത്രു ''.

'' അങ്ങിനെ കരുതണ്ടാ. അവരൊക്കെ വരും ''.

'' വന്നാലും വന്നില്ലെങ്കിലും താൻ വന്നല്ലോ. എനിക്ക് സന്തോഷായി ''.

'' കുഞ്ഞുണ്ണിമാമയ്ക്ക് എന്തെങ്കിലും പറ്റീന്ന് കേട്ടാൽ എനിക്ക് കേട്ടില്ല എന്നുവെക്കാൻ ആവില്ല ''.

'' താൻ നല്ലവനാണ്. വാസ്തവം പറഞ്ഞാൽ തന്നെ ഞാൻ തെറ്റിദ്ധരിച്ചു ''.

'' എന്താ അത് ''.

'' താൻ ആളെ വിട്ട് തല്ലിച്ചതാവും എന്നാ ആദ്യം കരുതിയത്. തനിക്ക് അതിന് ആവില്ല എന്ന് പിന്നീട് തോന്നി. ഇപ്പോൾ താനല്ല ചെയ്യിച്ചത് എന്ന് ഉറപ്പായി ''.

'' കുഞ്ഞുണ്ണിമാമ ചീത്ത പറഞ്ഞപ്പോൾ സങ്കടം തോന്നി എന്നത് നേരാണ്. പക്ഷെ ആരോ കയ്യേറ്റം ചെയ്തു എന്നു കേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല ''.

'' എനിക്ക് കുറെയധികം ശത്രുക്കളുണ്ട്. കാര്യം ഉണ്ടായിട്ടൊന്നും അല്ല. ഞാൻ നന്നായിട്ട് ജീവിക്കുന്നതിലുള്ള അസൂയയാ എല്ലാറ്റിനും. കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് കേട്ടിട്ടില്ലേ. അതന്നെ സംഗതി ''.

'' അപ്പോൾ മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടോ ''.

'' ദേഹോപദ്രവം ഉണ്ടായിട്ടില്ല. ആളില്ലാത്ത നേരത്ത് മതില് ചാടിക്കടന്ന് പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുക, ജനലിൻറെ ചില്ല് പൊട്ടിക്കുക, പുറത്ത് ഉണങ്ങാനിട്ട തുണികൾ കീറുക ഒക്കെ ചെയ്തിട്ടുണ്ട്. ഒരിക്കൽ കുടിവെള്ളം മുടക്കാൻ വേണ്ടി കിണറിൽ ചത്ത നായിനെ കൊണ്ടുവന്ന് ഇട്ടിട്ടുമുണ്ട്. ഈ ജാതി പണികൾ ചെയ്താൽ ഞാൻ പേടിച്ച് നാട്ടിൽ നിന്ന് പോവുംന്ന് കരുതീട്ടുണ്ടാവും. അതിന് വേറെ ആളെ നോക്കണം ''.

'' കഴിയുന്നതും ഒരാളോടും വാക്കുതർക്കത്തിനൊന്നും പോകരുത് എന്ന് ഞാൻ പടിപ്പടി പറഞ്ഞു കൊടുക്കും.കേൾക്കണ്ടേ '' അമ്മായി പരിഭവം പറഞ്ഞു '' നോക്ക്, നിൻറടുത്ത് ലഹളയ്ക്ക് നിൽക്കണ്ട വല്ല കാര്യൂണ്ടോ. ഈ വയസ്സാൻ കാലത്ത് ഭൂമി വാങ്ങി കൂട്ടീട്ട് എന്ത് ചെയ്യാൻ പോവ്വാണാവോ ''.

'' മിണ്ടാതെ ഒരിടത്ത് മൂടിക്കൊണ്ടിരുന്നോ. ഞാൻ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് നിനക്കും മക്കൾക്കും വേണ്ടിത്തന്നെയാണ്. അല്ലാതെ എൻറെ കുടുംബക്കാർക്ക് വേണ്ടീട്ടല്ല ''.

'' നിങ്ങള് എന്തോ ചെയ്തോളിൻ. ഞാൻ പറയാൻ വരുന്നില്ല '' അമ്മായി ഒതുങ്ങി.

'' നോക്ക് ദീപൂ. മക്കള് രണ്ടേ ഉള്ളൂച്ചാലും അവരെക്കൊണ്ടുള്ള വേവലാതിയാണ് എന്നും. ഒരുത്തിയുള്ളതിനെ കെട്ടിച്ചുവിട്ടു. ആ മരുമകൻ ഒരു വസ്തൂന്ന് കയ്യിലാവാത്തവനായി. ചിലവിന്ന് ഞാൻ അയച്ചുകൊടുക്കണം. മകനുള്ളത് പത്ത് രൂപ കിട്ടിയാൽ പതിനഞ്ച് ചിലവാക്കുന്ന സാധനം. അപ്പോൾ ഞാൻ വേണ്ടേ എന്തെങ്കിലും ഉണ്ടാക്കി വെക്കാൻ ''.

'' കുഞ്ഞുണ്ണിമാമ വിഷമിക്കണ്ടാ. എന്ത് പ്രയാസം ഉണ്ടെങ്കിലും എന്നെ അറിയിക്കണം. എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാൻ ചെയ്യാം ''.

'' ഒന്നും വേണ്ടാടോ. താൻ ഈ പറഞ്ഞില്ലേ. അതന്നെ ധാരാളം. പിന്നെ ഒരു കാര്യം. ഞാൻ ഇന്നലെ പറഞ്ഞത് താൻ മനസ്സില് വെക്കണ്ടാ. അങ്ങിനെ ഉണ്ടായില്ല എന്ന് കരുതിക്കോളൂ ''.

'' ഞാനത് അപ്പോഴേ മറന്നു ''.

'' എന്നാൽ പൊയ്ക്കോ. ഡോക്ടറ് വരുന്ന നേരായി. വലത്തെ കയ്യിന് ഒരു വേദനയേ ഉള്ളൂ. കാര്യമാക്കാനില്ല. എങ്ങിനെയെങ്കിലും ഡിസ്ചാർജ്ജ് വാങ്ങിപ്പോണം ''.

മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അതിയായ സന്തോഷം തോന്നി. വീട്ടിലേക്ക് വിളിച്ച് ഈ വിവരം അറിയിക്കണം, ജാഫറിനോടും പറയണം. മെല്ലെ കാറിനടുത്തേക്ക് നടന്നു.

*************************************

വളരെമെല്ലെ കാറോടിച്ചു. പുറകിൽ പെട്ടിഓട്ടോ വരുന്നുണ്ട്. അതിൻറെ ഡ്രൈവർക്ക് വഴി അറിയില്ല, ഓട്ടോയുടെ പിന്നിൽ ബൈക്കിൽ വരുന്നവർക്കും.

സ്കൂൾ വിട്ട സമയമാണ്. റോഡിലാകെ ചെറിയ കുട്ടികളാണ്. സമയം നാലു കഴിഞ്ഞു. ആസ്പത്രിയിൽ നിന്ന് നേരെ ചെന്നത് ജാഫറിനെ കാണാനാണ്. മുഴുവൻ വിവരങ്ങളും കേട്ടതോടെ അവൻ ഉറക്കെ ചിരിച്ചു.

'' ബെസ്റ്റ്. അന്യായക്കാരനും പ്രതിയും ഒന്നായി. കണ്ടു നിന്നവരൊക്കെ വേറെ. ഞാൻ ചോദിക്കട്ടെ, നീയല്ലാതെ വേറെ ആരാ ആ കഴുവേറിയെ കാണാൻ പോവ്വാ ''.

'' വല്ലപ്പോഴുമല്ലേ ഞാൻ നാട്ടിലേക്ക് വരുന്നത് . ഇവിടെ താമസിക്കുന്നതോ ഏതാനും ദിവസങ്ങൾ മാത്രം. അതിനിടയിൽ ബന്ധുക്കളോട് തമ്മിൽത്തല്ലണോ ''.

'' പണ്ടു മുതലേ മണ്ണ്വോല്ല ചാണക്വോല്ല എന്ന മട്ടിലൊരു സാധനമാണ് നീ. അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല ''.

ജാഫറിനോടൊപ്പം കുറെ നേരം സംസാരിച്ചിരുന്നു. അവൻറെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഷോപ്പിങ്ങിന് ഇറങ്ങി. തിരിച്ചെത്താൻ വൈകുമെന്ന് തറവാട്ടിലേക്ക് വിളിച്ചു പറഞ്ഞതിനാൽ വലിയമ്മ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവില്ല.

പപ്പനമ്മാമൻറെ വീടിന്നു മുന്നിൽ വാഹനങ്ങൾ നിർത്തി. ശബ്ദം കേട്ട് അദ്ദേഹം പടി തുറന്ന് അടുത്തെത്തി.

'' ആരാ ഇവരൊക്കെ. എന്താ ഇതില് ''  അദ്ദേഹം പരിഭ്രമിച്ച മട്ടാണ്.

'' കുട്ടികൾക്ക് കളിക്കാൻ കുറെ കളിക്കോപ്പുകൾ വാങ്ങി, ഒപ്പം ഒരു എൽ.സി.ഡി. ടി.വി. യും ഡിഷ് ആൻറിനയും ''.

'' എന്തിനാ ഇതെല്ലാം ''.

'' അന്നേ പറഞ്ഞതല്ലേ കുട്ടികൾക്ക് കളിക്കാൻ വാങ്ങിച്ചു കൊടുക്കാമെന്ന്. ഞാൻ അത് മറന്നു. ഇന്നുരാവിലെ ഒരുകുട്ടി പൊട്ടിയ പന്തുമായി വരുന്നത് കണ്ടപ്പോൾ ഓർമ്മവന്നു. ടൗണിൽ ചെന്നപ്പോൾ ചിലതൊക്കെ വാങ്ങി. പിന്നെ ഒരു ടി.വി. പപ്പനമ്മാമന് ന്യൂസ് കാണാനും അയൽപക്കത്തെ കുട്ടികൾക്ക് സിനിമയോ കളികളോ കാണാനും ഒരെണ്ണം ഇരിക്കട്ടെ എന്നു വിചാരിച്ചു ''.

'' കുട്ടികൾക്ക് കളിക്കാൻ എന്തെങ്കിലും വാങ്ങി കൊടുക്ക്വോ എന്ന് ഞാൻ ദീപുവിനോട് ചോദിച്ചത് വല്ല പന്തോ പാവയോ അവർക്ക് കിട്ടിക്കോട്ടെ എന്നു വെച്ചിട്ടാണ്. ഇതിന് ഒരുപാട് സംഖ്യ വന്നിട്ടുണ്ടാവില്ലെ ''.

'' അത് കര്യമാക്കണ്ടാ. ജനിച്ചു വരുമ്പോൾ നമ്മളാരും ഒന്നും കൊണ്ടു വരുന്നില്ല. മരിച്ച് പോവുമ്പോൾ ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. പിന്നെന്തിനാ വിഷമം ''.

'' ഈ തത്വശാസ്ത്രം പറയാൻ എളുപ്പമാണ്. പ്രായോഗിക തലത്തിൽ അത് കൊള്ളില്ല. വലിയൊരു കുന്നാണെങ്കിലും വെട്ടിയെടുത്താൽ അത് നിരപ്പാവും, പിന്നെ അഗാധമായ ഗർത്തവും. ജീവിക്കാൻ പണം കൂടിയേ കഴിയൂ. അതുകൊണ്ട് കുറച്ചൊക്കെ നിയന്ത്രണം വേണം. ഇല്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടും ''.

'' കുറെയൊക്കെ സൂക്ഷിച്ചു വെക്കുന്നുണ്ട് ''.

'' അതു മതി.കുഞ്ഞുണ്ണിയെപ്പോലെ ആർത്തി വേണ്ടാ ''.

'' ഞാൻ രാവിലെ ആസ്പത്രിയുൽ ചെന്ന് കുഞ്ഞുണ്ണിമാമയെ കണ്ടു ''.

'' ഉവ്വോ. ആ വിദ്വാൻ എന്തെങ്കിലും ഏടാകൂടം എഴുന്നള്ളിച്ചോ ''.

'' ഏയ്. ഇല്ല '' ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

'' നന്നായി. താണ നിലത്തേ നീരോടൂ, അതിനെ ദൈവം തുണ ചെയ്യൂ എന്ന് കേട്ടിട്ടില്ലേ. എത്ര മൂർഖനാണെങ്കിലും നന്മ കണ്ടാൽ ചിലപ്പോൾ മനസ്സിന്ന് ഇളക്കം ഉണ്ടാവും ''.

മെക്കാനിക്കുകൾ ഡിഷ് ആൻറിനയും ടെലിവിഷൻസെറ്റും ഉറപ്പിക്കാൻ പോയി. മുച്ചക്ര സൈക്കിളുകളും ടൊയ് കാറുകളും ഓട്ടോയിൽ നിന്ന് താഴെ ഇറക്കി വെച്ചതും കുട്ടികൾ അവയ്ക്കു ചുറ്റും പൊതിഞ്ഞു. ചിലർ താഴേക്ക് ഉരുതി ഇറങ്ങാനുള്ള ക്ലൈമ്പർ അൻഡ് സ്ലൈഡിലെ കോണിയിൽ കയറാൻ ധൃതികൂട്ടി. അവരുടെ സന്തോഷത്തിൽ ലയിച്ച് പപ്പനമ്മാമനോടൊപ്പം ദിലീപ് മേനോൻ മുറ്റത്ത് നിന്നു.

Tuesday, December 3, 2013

അദ്ധ്യായം - 19.


'' വലിയമ്മേ, ഞാൻ വന്നിട്ടേ കുളിക്കുന്നുള്ളു '' എന്നും പറഞ്ഞ് ദിലീപ് മേനോൻ കാറിൽ കയറി.

കിഴക്കെ ചക്രവാളത്തിൽ വരച്ചിട്ട ചുവന്ന വൃത്തത്തിനെ തെങ്ങോലകൾ തുടച്ചുമാറ്റാൻ ശ്രമിക്കുകയാണ്. സർവത്ര മഞ്ഞിൻറെ ആവരണമാണ്. കുംഭമാസത്തിലും ഇത്രയേറെ മഞ്ഞോ ? ഒരു പക്ഷെ ഭൂമി മഞ്ഞിൽ കിടന്ന് വീർപ്പുമുട്ടുകയായിരിക്കും. പപ്പനമ്മാമനെ കണ്ട് സംസാരിച്ചാലേ തൻറെ മനസ്സിലെ വീർപ്പുമുട്ടൽ കുറച്ചെങ്കിലും ഒഴിവാക്കാനാവൂ. വലതുകാലിൻറെ തള്ളവിരൽ ആക്സിലറേറ്ററിന്നു മേൽ മൃദുവായി സ്പർശിക്കുന്നുണ്ട്.

'' എന്താ ദീപൂ ഈ നേരത്ത് '' എന്നു ചോദിച്ചുകൊണ്ടാണ് പപ്പനമ്മാമൻ വരവേറ്റത്. വാതിലിന്നു നേരെയിട്ട കസേലയിലിരിക്കുകയാണ് അദ്ദേഹം.

'' ഒരു കാര്യം പറയാൻ വന്നതാണ് '' മുറ്റത്ത് ചെരിപ്പ് അഴിച്ചുവെക്കുമ്പോൾ പറഞ്ഞു.

'' ഇന്നലെ ദീപുവിനെ കാണാഞ്ഞപ്പോഴേ എന്തോ വിശേഷമുണ്ടെന്ന് എനിക്ക് തോന്നി.  പറയൂ. കേൾക്കട്ടെ ''.

പപ്പനമ്മാമന് അഭിമുഖമായി കട്ടിലിൽ ഇരുന്നു. കുഞ്ഞുണ്ണിമാമയുമായി തലേ ദിവസം ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

'' അത് ഏതായാലും നന്നായി. രണ്ടു കയ്യും കൊട്ടിയാലല്ലേ ശബ്ദം ഉണ്ടാവൂ. മാത്രമല്ല ദീപു തിരിച്ചു പറഞ്ഞു എന്ന് ആരും കുറ്റം പറയില്ലല്ലോ '' എല്ലാം കേട്ടു കഴിഞ്ഞശേഷം പപ്പനമ്മാമൻ മറുപടി പറഞ്ഞു '' ക്ഷമാബലമശക്താനം, ശക്താനാം ഭൂഷണം ക്ഷമ എന്നാണല്ലോ പ്രമാണം. പിന്നൊരു കാര്യം ഞാൻ പറയാം. ഈ സംഭവം മറ്റൊരാളും അറിയാനിട വരരുത്. പ്രത്യേകിച്ച് അനിത. ഇതെങ്ങാനും ആ കുട്ടി കേട്ടാൽ നമ്മുടെ കുടുംബത്തിനെക്കുറിച്ച് അവൾ എന്തു കരുതും ''.

'' ഞാനും അങ്ങിനെ കരുതി അവളെ അറിയിക്കാതിരുന്നു. പക്ഷെ അനിത ഫോൺ ചെയ്തപ്പോൾ അമ്മ എല്ലാം പറഞ്ഞുകൊടുത്തു ''.

'' എന്നിട്ട് ആ കുട്ടി ദീപുവിനെ വിളിച്ച് ചോദിച്ചിട്ടുണ്ടാവും ''

'' ഉവ്വ്. ഞാൻ കാര്യങ്ങൾ മറച്ചു വെച്ചതിന്ന് ഒരുപാട് പരിഭവം പറഞ്ഞു ''.

'' അത് സ്വാഭാവികം. അതിന് അവളോട് കലഹിച്ചില്ലല്ലോ ''.

'' ഏയ്. അങ്ങിനെയൊന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ ഇന്നുവരെ ഞങ്ങള് രണ്ടാളും അലോഹ്യപ്പെട്ട് ഇരുന്നിട്ടേയില്ല ''.

'' അതന്യാണ് വേണ്ടത് ''.

'' ദിലീപേട്ടൻ സാധുവായതോണ്ട് എല്ലാം കേട്ട് സങ്കടപ്പെട്ടിരുന്നു, വേറെ ആരെങ്കിലും ആണെങ്കിൽ ചുട്ട മറുപടി കൊടുത്തേനേ, നമ്മുടെ മകനൊന്ന് വലുതാവട്ടെ, അച്ഛനെ വേദനിപ്പിച്ചവരോട് അവൻ പകരം ചോദിച്ചോളും എന്നൊക്കെ അനിത പറഞ്ഞു ''.

പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. എന്തോ അബദ്ധം പിണഞ്ഞ മട്ടിൽ ദിലീപ് മേനോൻ തല കുനിച്ചിരുന്നു.

'' ഭേഷ്. മകനെങ്കിലും ധൈര്യശാലിയാവട്ടെ എന്ന് അനിത കരുതിയിട്ടുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമയെപോലെ അല്ലേ ''.

'' അതിന് കുഞ്ഞുണ്ണി ധീരനൊന്നുമല്ല. തൻറേടം ഉള്ളവരെ കണ്ടാൽ അയാളുടെ മുട്ട് വിറയ്ക്കും '' ഒന്നു നിർത്തി പപ്പനമ്മാമൻ തുടർന്നു '' അങ്ങിനെ ഒരാള് ഉണ്ടായിരുന്നു. നമ്മുടെ കുടുംബത്തിൻറെ ഭാഗ്യദോഷംകൊണ്ട് അവൻ അധികകാലം ജീവിച്ചില്ല ''.

'' ആരാ ആള് ''.

'' ബാലകൃഷ്ണൻറെ തൊട്ടുതാഴെ ഒരാളുണ്ടായിരുന്നു. എൻറെ രണ്ടാമത്തെ അനിയൻ. അവൻ ശരിക്കും ഒരു ആൺകുട്ടിയായിരുന്നു ''.

'' അങ്ങിനെയൊരാളെ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലല്ലോ ''.

'' അതെങ്ങിനേയാ ഉണ്ടാവ്വാ. അവൻ മരിച്ചിട്ടന്നെ പത്തമ്പത്തഞ്ചു കൊല്ലം കഴിഞ്ഞു ''.

'' ആ അമ്മാമൻറെ പേരെന്താണ്. എങ്ങിനേയാ അദ്ദേഹം മരിച്ചത്. അദ്ദേഹത്തിൻറെ മക്കൾ എവിടെയാണ് '' അറിയാനുള്ള വ്യഗ്രത കുറെ ചോദ്യങ്ങളായി പുറത്തു വന്നു.

'' എന്നാൽ കേട്ടോളൂ. എന്നെക്കാൾ എട്ടു വയസ്സിന്ന് ഇളയതാണ് രാമചന്ദ്രൻ. കാണാൻ  സുന്ദരൻ. പക്ഷെ ചെറുപ്പത്തിലെ അവന് പഠിപ്പിനോട് വലിയ അഭിരുചി ഇല്ലായിരുന്നു. എന്നാലെന്താ, മറ്റെല്ലാറ്റിനും മിടുമിടുക്കനായിരുന്നു. പണിക്കാരോടൊപ്പം പാടത്തിറങ്ങി  കിളയ്ക്കും കന്നുപൂട്ടും. കൊയ്യാനും മെതിക്കാനുമൊക്കെ വലിയ താൽപ്പര്യമുണ്ടായിരുന്നു. നാട്ടില് ആരു മരിച്ചാലും അവിടെയെത്തും. കല്യാണ വീടുകളിൽ തലേദിവസം തന്നെ പോയി വേണ്ട സഹായങ്ങൾചെയ്യും. എന്നിട്ടും ചിലർക്ക് അവനെ ഇഷ്ടമായിരുന്നില്ല ''.

'' അതെന്തേ ''.

'' തീണ്ടലും തൊടീലുമുള്ള ആ കാലത്ത് അവൻ കീഴ്ജാതിക്കാരുടെ വീടുകളിൽ ചെല്ലും. അവരുടെ വീടുകളിൽനിന്ന് ഭക്ഷണം കഴിക്കും. അതൊന്നും അവർക്ക് പിടിച്ചിരുന്നില്ല ''.

'' ആ അമ്മാമൻ സ്കൂളിൽ പോയിട്ടില്ലേ ''.

'' ഉവ്വ്. എങ്ങിനെയൊക്കേയോ ഉന്തിത്തള്ളി എട്ടാം ക്ലാസ്സുവരെയെത്തി. അക്കൊല്ലം അവിടെ കിടന്നു. പിന്നെ സ്കൂളിൽ പോയിട്ടില്ല ''.

'' അപ്പോൾ വീട്ടിലാരും ദേഷ്യപ്പെടില്ലേ ''.

'' അതിന് ആരാ ഉള്ളത്. അമ്മാമന്മാരാണ് കുടുംബം ഭരിക്കേണ്ടത്. അമ്മയ്ക്ക് ആകെ കൂടി ഒരു ആങ്ങളയാണ് ഉണ്ടായിരുന്നത്. ആ മനുഷ്യൻ ഒരു പ്രത്യേക തരമായിരുന്നു. ചെറുപ്പത്തിലേ എല്ലാറ്റിനോടും ഒരു വിരക്തി. കാവിയുടുത്ത് സന്യാസിയായിട്ട് കുറച്ചു കാലം നടന്നു. ഞാൻ ജനിക്കുന്നതിന്ന് മുമ്പേ കാശിയിലേക്ക് പോവുകയാണ് എന്നും പറഞ്ഞ് വീടുവിട്ട് ഇറങ്ങി. പിന്നെ മടങ്ങി വന്നില്ല ''.

'' അപ്പോൾ അച്ഛൻ ''.

'' അച്ഛൻ നമ്പൂരി മഹാബലി പ്രജകളെ കാണാൻ വരുന്നതുപോലെ വല്ലപ്പോഴും വരും. പത്തായപ്പുരയിലാണ് താമസം. നമ്മളുടെ വീട്ടുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല. അച്ഛന് ആഹാരം ഉണ്ടാക്കി കൊടുക്കാൻ ഏതെങ്കിലും ഒരു ബ്രാഹ്മണനെ വരുത്തും. അതൊക്കെയായിരുന്നു ആ കാലത്തെ ചിട്ടകള്. അദ്ദേഹം ഞങ്ങളെ വിളിക്കുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. പിന്നല്ലേ ഗുണദോഷിക്കല് ''.

'' ധീരനായിരുന്നു എന്നു പറഞ്ഞത് ? ''.

'' അവന് പത്തുപതിനാറ് വയസ്സുള്ളപ്പോൾ പുഴയിൽ കുളിക്കാൻ ചെന്ന രണ്ടു കുട്ടികൾ വെള്ളത്തിൽ പെട്ടു. ആരോ ഉറക്കെ നിലവിളിച്ച് ആളെ കൂട്ടി. പറഞ്ഞിട്ടെന്താ ആരും വെള്ളത്തിലിറങ്ങാൻ ധൈര്യപ്പെട്ടില്ല. ആ കുണ്ടിൽ നീരാളിയുണ്ട് എന്നാണ് പൊതുവെ വിശ്വാസം. അപ്പോഴാണ് അവൻ എത്തുന്നത്. പലരും എതിർട്ടിട്ടും വെള്ളത്തിലേക്ക് എടുത്ത് ഒറ്റച്ചാട്ടം. പൊങ്ങി വന്നത് കുട്ടികളേയും കൊണ്ടാണ്. അതോടെ നാട്ടുകാർക്ക് അവനെന്നു പറഞ്ഞാൽ ജീവനായി. അതിലും സാഹസീകമായിട്ടാണ് അവൻ മറ്റൊരു കുഞ്ഞിനെ രക്ഷിച്ചത് ''.

'' അത് എന്തായിരുന്നു ''.

'' ആ കാലത്ത് ഏതാണ്ട് എല്ലാ പാവപ്പെട്ടവരുടെ വീടും പനമ്പട്ടകൊണ്ട് കുത്തിമറച്ച് ഉണ്ടാക്കിയവയായിരുന്നു. ഒരു വേനൽക്കാലത്ത് ഹരിജനങ്ങൾ താമസിക്കുന്ന ഇടത്ത് തൊട്ടുതൊട്ടുള്ള കുറെ വീടുകളിൽ ഒന്നിന്ന് തീ പിടിച്ചു. ആളുകൾ അലമുറ കൂട്ടി. ഒന്നിൽ നിന്ന് മറ്റൊന്നിന്ന് തീ പടർന്നു. അതിൽ നിന്ന് അടുത്തതിന്ന്. അങ്ങിനെ പനപ്രമാണം പൊക്കത്തിൽ തീ കത്തിപ്പൊങ്ങി. ആർക്കും അടുക്കാൻ ധൈര്യമില്ല. അപ്പോഴാണ് ഒരു കുടിലിൽ ഒരു പിഞ്ചുകുഞ്ഞ് ഉണ്ടെന്ന് അറിയുന്നത്. അതിൻറെ തള്ള ഉറക്കെ കരഞ്ഞു. നിമിഷങ്ങൾക്കകം കുഞ്ഞിനെ തീ വിഴുങ്ങും. വിവരം അറിഞ്ഞ് ഓടിയെത്തിയ അവൻ തീപിടിച്ച കുടിലിൽ കടന്ന്  ആ കുഞ്ഞിനെ രക്ഷിച്ചു. പിന്നത്തെ കാര്യം പറയാനുണ്ടോ. അവൻ പാവങ്ങൾക്ക് കൺകണ്ട ദൈവമായി ''.

'' ആള് തരക്കേടില്ലല്ലോ ''.

'' അധികാരിയുടെ മുഖത്തു നോക്കി കാര്യം പറഞ്ഞതാണ് അവനെ ഹീറോ ആക്കിയത് ''.

'' എന്താ ആ സംഭവം ''.

'' അധികാരിയുടെ വളപ്പിലെ തെങ്ങിൽനിന്ന് തേങ്ങ കട്ടു എന്നും പറഞ്ഞ് ഏതോ ഒരു ഹരിജനെ പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു. വാസ്തവത്തിൽ അവനല്ല അതു ചെയ്തത്. പലരും പറഞ്ഞു നോക്കി. ആരെന്തു പറഞ്ഞാലും അധികാരി സമ്മതിക്കില്ല. പൊതിരെ തല്ലിയിട്ട് പോലീസിൽ ഏൽപ്പിക്കും എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഒടുവിൽ എവിടെ നിന്നോ രാമചന്ദ്രനെത്തി ''.

'' എന്നിട്ട് ''.

'' അവിടെ കൂടിയ ആളുകളെ മുഴുവൻ കൊന്നതിന്നുശേഷമേ അവനെ കൊണ്ടുപോവാൻ കഴിയൂ എന്നുംപറഞ്ഞ് പടിക്കൽ നീണ്ടു നിവർന്ന് കിടന്നു. അതുകണ്ടതും അവിടെയുള്ള എല്ലാവരും അവനോടൊപ്പം ചേർന്നു. ഒടുവിൽ അധികാരിക്ക് അവനെ വിടേണ്ടിവന്നു ''.

'' ആ അമ്മാമൻ ശരിക്കും ധീരൻ തന്നെ. എങ്ങിനെയാണ് അദ്ദേഹം മരിച്ചത് ''.

'' കാവിലെ കൂത്തു കഴിഞ്ഞ് കൂട്ടുകാരോടൊപ്പം തിരിച്ചു വരുമ്പോൾ വിഷം തീണ്ടി. കടിച്ച പാമ്പിനെ തിരഞ്ഞ് രണ്ടു രണ്ടര നാഴിക നേരം കളഞ്ഞു. ഒടുക്കം അതിനെ തേടിപ്പിടിച്ച് തല്ലികൊന്നു. അപ്പോഴേക്കും വിഷം കേറി. എങ്ങോട്ടും കൊണ്ടുപോവാൻകൂടി പറ്റിയില്ല ''.

'' കഷ്ടമായി ആ അമ്മാമൻറെ കാര്യം ''.

'' ഓരോരുത്തരുടെ യോഗം. അതുപോലെയല്ലേ വരുള്ളു. കുഞ്ഞുണ്ണിയുടെ കാര്യം ദീപു വിട്ടുകളഞ്ഞോളൂ. അവൻ ചെയ്തതിന്ന് അവന് കിട്ടിക്കോളൂം ''.

'' ഇന്നലെ ആരോ കുഞ്ഞുണ്ണിമാമയെ കയ്യേറ്റം ചെയ്തു എന്നുകേട്ടു '' ദിലീപ് മേനോൻ അറിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു.

'' എന്തിനാണ് എന്നറിയ്യോ ''.

'' അറിയില്ല ''.

'' ഒരക്ഷരം മറുത്തു പറയാനറിയാത്ത ആളുടെ മേത്ത് കുതിര കേറാൻ ചെന്നത് ദൈവം കണ്ടിട്ടുണ്ടാവും. അതിനുള്ള ശിക്ഷയാണെന്ന് കരുതിയാൽ മതി ''.

'' ഞാൻ ആരോടും പകരം വീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ചെറിയച്ഛൻ ഈ കാര്യം അച്ഛനോടും ജാഫറിനോടും പറഞ്ഞിരുന്നു. ഇനി അവനോ മറ്റോ... ''.

'' ആയിക്കൂടാ എന്നില്ല. ദീപുവിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ആളാണല്ലോ ജാഫർ.   സുന്ദരേശ്വരൻ ചെയതത് അയാൾക്ക് സഹിച്ചിട്ടുണ്ടാവില്ല. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ദീപുവിനെ ഉപദ്രവിച്ച ഏതോ സഹപാഠിയെ മർദ്ദിച്ചതിന്ന് സസ്പെൻഷൻ വാങ്ങിയ ആളല്ലേ. ആ കാര്യം ഓർമ്മയുണ്ടല്ലോ ''.

'' ഉവ്വ് ''.

'' എന്നാൽ ഇനി നടന്നതിനെക്കുറിച്ച് ആലോചിക്കണ്ടാ ''.

'' എനിക്ക് ആസ്പത്രിയിൽ ചെന്ന് കുഞ്ഞുണ്ണിമാമയെ കാണണമെന്നുണ്ടായിരുന്നു. ആ കാര്യം പറഞ്ഞപ്പോൾ തറവാട്ടിൽ ഉള്ളവരെല്ലാം എതിർത്തു. കണ്ട് സന്തോഷിക്കനായി ചെന്നതാണെന്ന് കുഞ്ഞുണ്ണിമാമ പറയുമോ എന്നാ അവരുടെ പേടി ''.

'' ദീപുവിൻറെ മനസ്സിലുള്ള നന്മ ഞാൻ കാണുന്നുണ്ട്. ചിലപ്പോൾ കുഞ്ഞുണ്ണി മോശമായി പെരുമാറീന്ന് വരും. അതു കണക്കാക്കണ്ടാ. ഒന്നുചെന്ന് കണ്ടോളൂ. വേണച്ചാൽ ഞാനും കൂടെവരാം ''.

'' ആദ്യം ഞാനൊന്നു ചെന്ന് നോക്കട്ടെ. എന്നിട്ടു കൊണ്ടുപോവാം ''.

പടി കടന്ന് മുറ്റത്തെത്തിയ കുട്ടിയുടെ കയ്യിൽ പൊട്ടിയ പ്ലാസ്റ്റിക്ക് പന്ത് കണ്ടു. അവൻ ഒരു നിധിപോലെ അതിനെ മാറോടടക്കി പിടിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാമെന്ന് പപ്പനമ്മാമനോട് ഏറ്റതാണ്. അത് ചെയ്തിട്ടില്ല. വൈകാതെ വാങ്ങിക്കൊടുക്കണം, പറ്റിയാൽ ഇന്നുതന്നെ.

'' ഞാൻ വൈകുന്നേരം എത്താം '' പപ്പനമ്മാമനോട് യാത്ര പറഞ്ഞിറങ്ങി.

Saturday, November 23, 2013

അദ്ധ്യായം - 18.

കുളി കഴിഞ്ഞ് വേഷംമാറിയതേയുള്ളു. വാതിൽക്കൽ മുട്ടുന്ന ശബ്ദംകേട്ടു. തുറന്നപ്പോൾ മുന്നിൽ വലിയമ്മ.

'' കുഞ്ഞുണ്ണിമാമ നിന്നെ കാണണം എന്നു പറഞ്ഞ് പടിയ്ക്കൽ നിൽക്കുന്നു ''.

'' അതെന്താ അകത്തേക്ക് വരാത്തത് ''.

'' നീ അങ്ങോട്ടുചെന്ന് കാണണം എന്നാണ് ഉള്ളിലിരുപ്പ്. ഇത്ര ദിവസം നീ പോയില്ല. അതുകൊണ്ട് തിരഞ്ഞുവന്നു. എങ്കിലും ഗമ കളയാൻ പറ്റില്ലല്ലോ. ഒരുപക്ഷെ അതാവും പടിയ്ക്കലേക്ക് വിളിപ്പിച്ചത്. അല്ലെങ്കിലോ നിങ്ങൾ തമ്മിലുള്ള വർത്തമാനം ആരും കേൾക്കണ്ടാ എന്നുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമ ഗമ കളയണ്ടാ. ഞാൻ അങ്ങോട്ട് ചെല്ലാം ''.

'' എന്തിനാണ് വന്നത് എന്ന് അറിയാലോ. ഓരോന്ന് പറഞ്ഞ് പറ്റിക്കാൻ കേമനാണ്. നീയാണെങ്കിൽ വല്ലതും കേൾക്കുംമുമ്പ് അത് വിശ്വസിച്ച് വാക്ക് കൊടുക്കുംചെയ്യും. ഒരു കാര്യം ആദ്യമേ പറഞ്ഞുതരാം. അമ്മ സമ്മതിക്കാതെ സ്ഥലം കൊടുക്കാന്ന് ഒരിക്കലും നീ വാക്ക് കൊടുക്കരുത് ''.

'' ഏയ്. ഞാൻ ഒന്നും ഏൽക്കില്ല ''.

'' എന്നാൽ നിനക്കന്നെ നല്ലത് ''.

കുഞ്ഞുണ്ണിമാമ പടിക്കാലും ചാരി എങ്ങോട്ടോ നോക്കി നിൽക്കുകയാണ്. കാഴ്ചയിലേ അറിയാം നല്ല രസത്തിലല്ലെന്ന്. മുഖത്ത് നീരസം പ്രകടമാണ്.

'' തന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. എന്താണ് എന്ന് ഒന്നുവിളിച്ച് ചോദിക്കുകയും കൂടി ഉണ്ടായില്ല ''.

'' നേരിൽ വന്ന് കാണാമെന്ന് വിചാരിച്ചു. കുറച്ച് തിരക്കായിരുന്നതുകൊണ്ട് പറ്റിയില്ല ''.

'' എന്തു തിരക്ക്. നേരം വെളുത്താൽ ആ ജാംബവാൻറെ ഗുഹയിൽ ചെന്നുകൂടും. പിന്നെ സന്ധ്യ കഴിഞ്ഞേ പുറത്തിറങ്ങൂ. ഒക്കെ ഞാൻ അറിയുന്നുണ്ട് ''.

പപ്പനമ്മാമനെ കാണാൻ ചെല്ലുന്നതിലുള്ള വിരോധമാണ് ആ വാക്കുകളിൽ. കേട്ടില്ലെന്ന് നടിച്ചു. കൂടുതലെന്തെങ്കിലും പറയുന്നതിന്നുമുമ്പ് വന്ന കാര്യം പറഞ്ഞോട്ടെ.

'' എന്നെ കാണണം എന്നു പറഞ്ഞത് ''.

'' സുഭദ്രയുടെ അടുത്ത് ഒരു കാര്യം പറയാൻ ഏൽപ്പിച്ചിരുന്നു. അവൾ പറഞ്ഞില്ലേ ''.

'' ചെറുതായി സൂചിപ്പിച്ചു ''.

'' എന്നിട്ട് എന്താ തൻറെ അഭിപ്രായം ''.

'' ഞാനെന്താ പറയുക. അമ്മ വരുമ്പോൾ വിവരം പറയാം ''.

'' അവളുടെ അടുത്ത് ഞാൻ ചോദിച്ചോളാം. അതിനുമുമ്പ് എനിക്ക് തൻറെ തീരുമാനം അറിയണം ''.

'' എനിക്ക് ഇതില് ഒരു തീരുമാനം പറയാൻ പറ്റില്ല. അമ്മ എന്നോടൊന്നും ചോദിക്കാറും ഇല്ല. അനിയത്തി പറയുന്നതുപോലെയാണ് അമ്മ എന്തും ചെയ്യാറ് ''.

'' അത് നിങ്ങളുടെ തായ്‌വഴിടെ ഗുണം. പണ്ടു മുതലേ ആണുങ്ങളുടെ വാക്കിനെ വില വെക്കാത്ത വകയാണ്. ബാക്കി താൻ ചെയ്ത പ്രവർത്തിയുടെ ഗുണംകൊണ്ടും ''.

സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല. പറയത്തക്ക തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ ഈ വാക്കിൻറെ അർത്ഥം.

'' അതെന്താ അങ്ങിനെ പറഞ്ഞത് ''.

'' ഓ, ഞാൻ പറഞ്ഞാലേ അറിയൂ അല്ലേ. എന്നാൽ കേട്ടോ. അച്ഛനോടോ അമ്മയോടോ വേണ്ടപ്പെട്ടവരോടോ ഒന്നും ആലോചിച്ചിട്ടല്ലല്ലോ താൻ കല്യാണം കഴിച്ചത്. തന്നിഷ്ടം കാണിച്ചതല്ലേ. അങ്ങിനെയുള്ളവരുടെ അഭിപ്രായം ആരും കണക്കാക്കില്ല ''.

മുഖത്ത് അടിയേറ്റതുപോലെ തോന്നി. തിരിച്ചൊന്നും പറയാൻ കഴിയുന്നില്ല. കണ്ണുകൾ നനയുന്നുണ്ടോ. നിന്ന നിൽപ്പിൽ ഇല്ലാതായാൽ മതിയായിരുന്നു.

'' അങ്ങിനെ ഒരു സാഹചര്യത്തിൽ വേണ്ടി വന്നതാണ് '' ഒരുവിധം പറഞ്ഞൊപ്പിച്ചു.

'' വിവരമുള്ള ആണുങ്ങള് ഏതു സാഹചര്യത്തിലും വിഴുപ്പ് ചുമക്കാൻ നിൽക്കില്ല. ഏതോ ഒരു പെണ്ണിനെ കണ്ടതും കണ്ണങ്ങോട്ട് മഞ്ഞളിച്ചു. അവള് ഏതു തരക്കാരിയാണ് ഏതു തറവാട്ടിൽ പിറന്നതാണ് കുലമഹിമയുണ്ടോ എന്നൊന്നും നോക്കിയില്ല. ആരോടും ഒരുവാക്ക് പറയാതെ കല്യാണം കഴിച്ചു. കുടുംബക്കാർക്കെല്ലാം ചീത്തപ്പേരുണ്ടാക്കീട്ട് ന്യായം പറയുന്നു. തന്നോടൊക്കെ സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ '' കാർക്കിച്ചു തുപ്പിക്കൊണ്ട് കുഞ്ഞുണ്ണിമാമ പോവുന്നത് ശരിക്ക് കാണാൻ കഴിയുന്നില്ല. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മുണ്ടിൻറെതുമ്പു കൊണ്ട് തുടച്ച് തിരിച്ചു നടന്നു. കൽപ്പടവിൽ വലിയമ്മയും ചെറിയമ്മയും കാത്തു നിൽപ്പുണ്ട്.

'' എന്താ നിൻ‌റെ മുഖം വാടിയിരിക്കുന്നത് '' വലിയമ്മയുടെ ചോദ്യം നേരിടാനായില്ല.

'' കുഞ്ഞുണ്ണിമാമ എന്നെ '' പറയുമ്പോഴേക്ക് വിതുമ്പി.

'' എന്തിനാ എൻറെ കുട്ടി സങ്കടപ്പെടുന്നത്. എന്താ പറഞ്ഞത് എന്ന് പറയ് '' വലിയമ്മ ചുമലിൽ കൈവെച്ചു. വളരെ പ്രയാസപ്പെടാണ് മുഴുവനും പറഞ്ഞു തീർത്തത്.

'' ഇതിന് ഇത്ര വിഷമം തോന്നേണ്ട കാര്യമെന്താ '' ചെറിയമ്മ പറഞ്ഞു '' വേറെ വല്ല ആൺകുട്ടികളാണെങ്കിൽ അയാളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തിട്ടുണ്ടാവും ''.

'' അവന് അതൊന്നും ആവില്ല. തീരെ കട്ടിയില്ലാത്ത മനസ്സാണ് അവൻറേത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തറവാട്ടിലെ നായ പാമ്പുകടികൊണ്ട് ചത്തതിന് മൂന്നു ദിവസം ആഹാരം കഴിക്കാതെ കരഞ്ഞോണ്ട് നടന്നോനാ അവൻ ''.

'' അതു പറഞ്ഞിട്ടോ. ഇപ്പോൾ വലുതായില്ലേ. അതനുസരിച്ച് ധൈര്യം വേണ്ടേ ''.

'' ഓരോരുത്തരുടെ പ്രകൃതം ഓരോ വിധത്തിലല്ലേ. അവന് ആരുടെ അടുത്തും ഉരത്ത് സംസാരിക്കാൻ അറിയില്ല. കുട്ടികളുടെ മനസ്സാണ്. ചിരിച്ചു കളിച്ച് സന്തോഷവാനായി അങ്ങിനെ നടക്കണം. ഒരാളുടേയും സങ്കടം കാണാൻ വയ്യ. അറിയുന്നോർക്കല്ലേ ആ ഗുണം അറിയൂ ''.

'' എനിക്ക് വരുന്ന ദേഷ്യത്തിന്ന് അയാളെ നാലു പറയണംന്നുണ്ട് '' ചെറിയമ്മ ചൂടായി '' അയാളങ്ങിനെ യോഗ്യനാവ്വോന്നും വേണ്ടാ. ബാംഗ്ലൂരിൽ പഠിക്കാൻ പോയ ഇടത്തിന്ന് അയാളുടെ മകള് ഏതോ ഒരുത്തൻറെ കൂടെ ചാടി പോയിട്ട് പത്തിരുപത് ദിവസം കഴിഞ്ഞിട്ടാണ് കണ്ടു പിടിച്ചത്. പഠിപ്പു നിർത്തി ഇഷ്ടംപോലെ പൊന്നും പണവും കൊടുത്ത് തെക്ക് ഏതോ ദിക്കിലേക്ക് അതിനെ കല്യാണം കഴിച്ചയച്ചു. നാട്ടിൽ നിന്ന് ആരേയും വിളിച്ചതൂല്യാ, ഒരുപിടി ചോറ് കൊടുക്കും‌ ചെയ്തില്ല. ആ കഥകളൊക്കെ വിളമ്പിയാൽ ഈരേഴു പതിനാലു ജന്മം അയാളുടെ തല പൊങ്ങില്ല ''.

'' നീ വേണ്ടാത്തതിനൊന്നും നിൽക്കണ്ടാ. അതൊക്കെ ആണുങ്ങള് നോക്കിക്കോളും ''.

'' മാധവേട്ടൻ അമ്പലത്തിന്ന് വരട്ടെ. എന്താ വേണ്ടത് എന്ന് എനിക്കറിയാം ''.

'' ദീപൂ നീ വന്ന് ആഹാരം കഴിക്ക് '' വലിയമ്മ പറഞ്ഞു '' വെറുതെ ഓരോന്ന് ചിന്തിച്ച് മനസ്സ് വേദനിപ്പിക്കാതെ ''.

ഒന്നും കഴിക്കാൻ തോന്നുന്നില്ല. എങ്കിലും വലിയമ്മയുടെ നിർബന്ധം കാരണം കഴിച്ചു എന്നുവരുത്തി മുകളിലെ മുറിയിൽ ചെന്നുകിടന്നു. ഒരാളേയും വേദനിപ്പിക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും കുഞ്ഞുണ്ണിമാമ ദേഷ്യപ്പെട്ടു. ഓർക്കുംതോറും സങ്കടം പെരുകുകയാണ്. ചെറിയച്ഛൻ വേണ്ടപോലെ ചോദിച്ചോളും എന്നതാണ് സമാധാനം. ആലോചനയുടെ ഇടയിൽ ഉറക്കം കണ്ണുകളിലെത്തി.

'' ദീപൂ, നേരം എത്രയായി എന്നറിയ്യോ. ഉണ്ണു കഴിക്കണ്ടേ '' എന്നും പറഞ്ഞ് വലിയമ്മ എത്തിയപ്പോഴാണ് ഉണർന്നത്. ചെറിയച്ഛൻ ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിഞ്ഞു. കൈ കഴുകി ഒപ്പം ചെന്നിരുന്നു.

'' മാഷേട്ടൻ കുഞ്ഞുണ്ണിമാമയുടെ അടുത്ത് നാലുവാക്ക് ചോദിക്കാൻ ചെല്ലാനിരുന്നതാ. ഞാൻ വേണ്ടാന്ന് പറഞ്ഞ് മുടക്കി '' വലിയമ്മ പറഞ്ഞു.

'' മുകുന്ദേട്ടൻ പത്തര മണിയോടു കൂടി എന്നെ വിളിച്ചിരുന്നു. പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ ഈ വിവരം പറയുകയും ചെയ്തു '' ചെറിയച്ഛൻ പറഞ്ഞു '' മൂപ്പർക്ക് വന്ന ദേഷ്യത്തിന്ന് കണക്കില്ല. ഞാൻ അങ്ങോട്ട് വരട്ടെ. കുഞ്ഞുണ്ണിടെ വർത്തമാനം നിർത്തിക്കുന്നുണ്ട് എന്നു പറഞ്ഞു ''.

'' മുകുന്ദേട്ടനോട് പറഞ്ഞത് നന്നായി '' ചെറിയമ്മ പറഞ്ഞു '' പക്ഷെ എനിക്ക് ഇവൻറെ കൂട്ടുകാരനോട് പറഞ്ഞതുമാത്രം അത്ര പിടിച്ചില്ല. അവനൊക്കെ മേലുംകീഴും നോക്കാത്ത
ജാതിയാണ് ''.

'' ആരോടാ പറഞ്ഞത്. ജാഫറിനോടാണോ ''.

'' അതെ. ദീപു ഉറങ്ങുന്ന നേരത്ത് അവൻ വിളിച്ചിരുന്നു. പതിവില്ലാതെ എന്താ ഈ നേരത്ത് ഒരു ഉറക്കം എന്ന് ചോദിച്ചപ്പോൾ ചെറുതായിട്ടൊന്നു സൂചിപ്പിച്ചു. നിങ്ങൾ തമ്മിലുള്ള അടുപ്പം എനിക്ക് അറിയുന്നതല്ലേ ''.

'' അയ്യേ. അവന് എന്താ തോന്ന്വാ ''.

'' ദീപു പാവമാണ്. അയാൾ അവനെ ഇനിയൊരിക്കലും വേണ്ടാത്തത് പറയാത്ത പണി എനിക്കറിയാം എന്നു മാത്രം പറഞ്ഞു ''. 

'' കുഞ്ഞുണ്ണിമാമയുടെ വീട്ടിൽചെന്ന് അവൻ ലഹള ഉണ്ടാക്ക്വോ ''.

'' ഏയ്. അതൊന്നും ഉണ്ടാവില്ല. നൂറുകൂട്ടം തിരക്കുള്ള ആളല്ലേ. വേണ്ടാതെ കേസ്സിനും കൂട്ടത്തിനും പോവാൻ അവന് എവിടേയാ സമയം ''.

ഭക്ഷണം കഴിഞ്ഞതും ജാഫറിനെ വിളിച്ചു. മൊബൈൽ റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല. വൈകുന്നേരത്തിനുള്ളിൽ ആറേഴു തവണ ശ്രമിച്ചപ്പോഴും ഫലം ഒരേ മട്ടിൽ. പപ്പനമ്മാമൻറെ വീട്ടിലേക്ക് ചെല്ലാനും തോന്നുന്നില്ല. ടി.വി. ഓൺ ചെയ്തു. സ്പോർട്ട്സ് ചാനലാണ്. പഴയ ഏതോ ക്രിക്കറ്റ് മാച്ചിൻറെ പ്രസക്ത ഭാഗങ്ങളാണ് കാണിക്കുന്നത്. അതും നോക്കി വെറുതെയിരുന്നു.

ഇരുട്ടായി തുടങ്ങി. അകലെ തെരുവുവിളക്കുകൾ കത്തുന്നതും നോക്കി ചാരുപടിയിൽ കിടന്നു. വലിയമ്മയും ചെറിയമ്മയും മുറ്റത്ത് എന്തോ സംസാരിച്ചുകൊണ്ട് നിൽപ്പാണ്.  വൈകുന്നേരം നടക്കാനിറങ്ങിയ ചെറിയച്ഛൻ തിരിച്ചെത്തി.

'' എല്ലാവരും ഇങ്ങോട്ട് വരിൻ '' കരിങ്കൽ പടവിലിരുന്ന് അദ്ദേഹം വിളിച്ചു. എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.

'' പോരുന്ന നേരത്ത് ഒരു സംഗതി കേട്ടു. അതു പറയാൻ വിളിച്ചതാണ് '' മുഖവുരയായി അതു പറഞ്ഞപ്പോൾ കേൾക്കാൻ ആകാംക്ഷയായി.

'' എന്താ ഇത്ര വിശേഷിച്ച് '' ചെറിയമ്മ ചോദിച്ചു.

'' തൃസന്ധ്യ നേരത്ത് ആരോ സുന്ദരേശ്വര മേനോനെ നന്നായിട്ടൊന്നു പൂശി. അതന്നെ ''.

'' ആരാ, എവിടെ വെച്ചാ '' ചോദ്യങ്ങൾ ഒന്നിച്ചുയർന്നു.

'' അയാള് വീടിൻറെ ഗെയിറ്റിന്നു മുമ്പിൽ കാറ്റുംകൊണ്ട് നിൽക്കുമ്പോൾ ഏതോ രണ്ട് ചെറുപ്പക്കാർ റോഡിൽ ബൈക്ക് നിറുത്തി ഇറങ്ങിവന്ന് സുന്ദരേശ്വര മേനോനെ ഒന്നു കാണണം എന്നു പറഞ്ഞൂന്നും ഞാൻ തന്നെയാണ് ആള് എന്നു പറഞ്ഞതും പൊതിരെ തല്ലിയിട്ട് ബൈക്കിൽ കയറി ഓടിച്ചുപോയീന്നും ആണ് കേട്ടത് ''.

'' ആരാ ആളുകള് എന്ന് മനസ്സിലായില്ലേ ''.

'' അതെങ്ങിനെ. രണ്ടാളും ഹെൽമെറ്റ് ഇട്ടിരുന്നുവത്രേ ''.

'' വല്ലതും പറ്റിയിട്ടുണ്ടാവ്വോ '' വലിയമ്മയ്ക്ക് വേവലാതിയായി.

'' ആസ്പത്രീലിക്ക് കൊണ്ടുപോയീന്നാ കേട്ടത് ''.

'' ഇതാ പറഞ്ഞത്. ഇപ്പോഴേക്ക് ഈശ്വരൻ അപ്പോഴേക്കപ്പോഴേ എന്ന് '' ചെറിയമ്മ കൈകൊട്ടി ചിരിച്ചു '' സന്തോഷായി എനിക്ക്. ആരോടും കടുപ്പിച്ച് ഒന്നും പറയാത്ത ഇവൻറെ നേരെ തട്ടി കയറിയില്ലേ, അതിനുള്ള ശിക്ഷയാണ് ''.

എന്തൊക്കെ പറഞ്ഞാലും വയസ്സായ ആളല്ലേ കുഞ്ഞുണ്ണിമാമ. അദ്ദേഹത്തിന്ന് വല്ലാതെ വേദനിച്ചു കാണും. സാരമായ പരിക്ക് പറ്റിയിട്ടുണ്ടോ ആവോ. ആകപ്പാടെ ഒരു വിഷമം മനസ്സിൽ ഉടലെടുത്തു.

'' നാളെ രാവിലെത്തന്നെ കുഞ്ഞുണ്ണിമാമയെ പോയി കാണുന്നുണ്ട്. വിവരം അറിഞ്ഞിട്ട് നമ്മള് അന്വേഷിച്ചില്ല എന്നുവേണ്ടാ '' ദിലീപ് മേനോൻ എല്ലാവരോടുമായി പറഞ്ഞു.

'' നിനക്ക് പ്രാന്തുണ്ടോ '' ചെറിയമ്മയ്ക്ക് ദേഷ്യം വന്നു '' കണ്ട് സന്തോഷിക്കാൻവേണ്ടി ചെന്നതാണെന്നേ പറയൂ. വേണ്ടാത്ത പണിക്ക് നിൽക്കണ്ടാ ''.

ചാരുപടിയിൽ വെച്ച മൊബൈൽ ചിലച്ചു. പോയി എടുത്തുനോക്കിയപ്പോൾ ജാഫർ.

'' എന്താ നിൻറെ അമ്മാമന് പറ്റിയത് '' മറുഭാഗത്തു നിന്ന് അന്വേഷണം ഉയർന്നു. കേട്ട കാര്യങ്ങൾ മുഴുവനും പറഞ്ഞു.

'' യോഗമുണ്ടെങ്കിൽ അടി പാർസലായിട്ട് എത്തിക്കോളുമെന്ന് ആളുകൾ വെറുതെയല്ല പറയുന്നത് എന്ന് നിനക്കിപ്പോൾ മനസ്സിലായല്ലോ '' ജാഫർ ചിരിക്കുകയാണ്. ഒന്നും പറയാനാവാതെ ദിലീപ് മേനോൻ അവിടെത്തന്നെ നിന്നു. 

Tuesday, November 5, 2013

അദ്ധ്യായം - 17.


'' നീയെന്താ പപ്പനമ്മാമൻറെ വീട്ടിലേക്ക് പോവുമ്പോൾ മൊബൈൽ എടുക്കാഞ്ഞത് '' സന്ധ്യയോടെ തറവാട്ടിലെത്തിയ ദിലീപ് മേനോനോട് വലിയമ്മ ചോദിച്ചു.

'' മറന്നതാണ്. അവിടെ ചെന്നപ്പോഴാണ് മൊബൈൽ എടുക്കാത്ത വിവരം അറിഞ്ഞത്. പിന്നെ അതെടുക്കാൻവേണ്ടി തിരിച്ചുവരാൻ മടിച്ചു. എന്താ ആരെങ്കിലും വിളിച്ച്വോ ''.

'' ജാഫർ വിളിച്ചു, പിന്നെ രാജിയും ''.

'' എന്തിനാ രാജിചേച്ചി വിളിച്ചത് ''.

'' ങാ, ആർക്കറിയാം. ഞാൻ ചോദിച്ചപ്പോൾ വെറുതെ വിളിച്ചതാണെന്ന് പറഞ്ഞു ''.

രാജിചേച്ചി വെറുതെ വിളിച്ചതാവുമോ. ചിലപ്പോൾ വലിയമ്മ അറിയാതെ എന്തെങ്കിലും പറയാനുണ്ടെങ്കിലോ. ഏതായാലും വിളിച്ച് അന്വേഷിക്കണം. ആദ്യം ജാഫർ വിളിച്ചത് എന്തിനാണെന്ന് ചോദിക്കാം. മൊബൈൽ റിങ്ങ് ചെയ്തതും അപ്പുറത്ത് എടുത്തു.

'' നീയെന്താ എവിടേക്കെങ്കിലും പോവുമ്പോൾ മൊബൈൽ എടുക്കാത്തത്. ആരെങ്കിലും അത്യാവശ്യമായി വിളിച്ചാൽ എന്താ ചെയ്യാ ''.

'' ക്ഷമിക്ക്. ഇന്ന് അങ്ങിനെ പറ്റിപ്പോയി '' ദിലീപ് മേനോൻ ചിരിച്ചു '' ഇനി എന്തിനാണ് എന്നെ വിളിച്ചത് എന്നു പറയ് ''.

'' തൽക്കാലം ക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങിനെ ഉണ്ടായാൽ നിൻറെ മൂക്ക് ഞാൻ ഇടിച്ച് '' അപ്പോഴേക്കും ഇരുവർക്കും ചിരിപൊട്ടി '' പിന്നെ വിളിച്ചത് മണപ്പുള്ളിക്കാവ് വേലക്ക് പോവുന്ന കാര്യം പറയാൻ വേണ്ടിയാണ് ''.

'' എന്നാണ് വേല ''.

'' ഈ വ്യാഴാഴ്ച ''.

'' ഞാൻ ഇപ്പോഴേ റെഡി ''.

കാൾ കട്ട് ചെയ്ത് നോക്കുമ്പോൾ വലിയമ്മ സംഭാഷണം ശ്രദ്ധിച്ച് നിൽക്കുകയാണ്.

'' വേലയ്ക്ക് പോവാൻ വിളിച്ചതാണല്ലേ '' അവർ ചോദിച്ചു. അതെയെന്ന് തലയാട്ടി.

'' കുംഭമാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചയാണ് മണപ്പുള്ളി ഭഗവതിടെ വേല. ചില കൊല്ലം അത് ഫെബ്രുവരി ഒടുക്കം വരും. അല്ലെങ്കിൽ മാർച്ച് മാസം ആദ്യം. ഇക്കൊല്ലം വേല മാർച്ചിലായി '' വലിയമ്മ പറഞ്ഞു നിർത്തി.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് പുറപ്പെട്ടു വരുന്ന വേലകൾ കോട്ടമൈതാനത്ത് സംഗമിക്കും. പലതരം വണ്ടി വേഷങ്ങൾ, തട്ടിന്മേൽ കൂത്ത്, ഗജവീരന്മാർ, പഞ്ചവാദ്യം എന്നിവ പൊലിമചാർത്തുന്ന ആ മഹോത്സവം കണ്ടിട്ട് കാലമേറെയായി.

'' പോണില്യേ '' വലിയമ്മ അന്വേഷിച്ചു.

'' പിന്നല്ലാതെ '' മറുപടി പറയാൻ ഒട്ടും മടിച്ചില്ല.

വലിയമ്മ തന്ന ചായ കുടിച്ച് മൊബൈലുമായി ഇറങ്ങി. അമ്പലത്തിലേക്കുള്ള വഴി തിരിയുന്ന ദിക്കിലെ കരിങ്കല്ലത്താണി കണ്ടപ്പോൾ അതിൽ കയറി ഇരിക്കാൻ ഒരു മോഹം. ചുറ്റുപാടും ഒന്നുനോക്കി. അടുത്തെങ്ങും ആരുമില്ല. മെല്ലെ അത്താണിയിൽ കയറി മേലോട്ടുനോക്കി കിടന്നു. മൊബൈൽ എടുത്ത് രാജിചേച്ചിയെ വിളിച്ചു.

ഹലോ എന്നു പറയുന്നതിന്നു പകരം ആരാത് എന്ന ചോദ്യം കേട്ടു. രാജിചേച്ചിയാണ്.

'' ഇത് ഞാനാ ചേച്ചീ. ദീപൂ ''.

'' നിന്നെ വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്. പപ്പനമ്മാമൻറെ വീട്ടിലേക്ക് പോയി എന്നു പറഞ്ഞു ''.

'' ഞാൻ പോവുമ്പോൾ മൊബൈൽ എടുക്കാൻ മറന്നു. ആട്ടെ, എന്തിനാ ചേച്ചി എന്നെ വിളിച്ചത് ''.

'' ഭാസ്ക്കരേട്ടന് ഭാഗത്തിൽ കിട്ടിയ സ്ഥലം കൊടുത്താലോ എന്നൊരാലോചന. വീട് ഉണ്ടാക്കണം എന്നുവെച്ച് ഇത്രകാലം വെറുതെയിട്ടതാ. വീട് ഉണ്ടാക്ക്വോന്നും വേണ്ടാ എന്ന് നിങ്ങളൊക്കെ പറഞ്ഞപ്പോൾ വിറ്റാലോ എന്ന് തോന്നി. ഇപ്പോഴാണെങ്കിൽ ആ സ്ഥലം വാങ്ങാൻ ആളും ഉണ്ട് ''.

'' എന്നാൽ കൊടുത്തോളൂ. എന്തു വില കിട്ടും ''.

'' ഏഴര സെൻറാണത്രേ. നാലു ലക്ഷം കിട്ടുംന്ന് പറയുണൂ ''.

'' ഇതേ കിട്ടൂ ''.

'' ഇതന്നെ അമർന്ന വിലയാണ് എന്നാ പറയുന്നത്. ഒന്നാമത്ത് അങ്ങോട്ടേക്ക് വഴിയില്ല. വീടുണ്ടാക്കണച്ചാൽ വേനൽക്കാലത്ത് ആരുടേയെങ്കിലും പാടത്തുകൂടി ട്രാക്ടറിൽ കല്ലും സാധനങ്ങളും എത്തിക്കണം. ആരക്കെങ്കിലും സൂക്കട് വന്നുകിടന്നൂച്ചാൽ എടുത്തിട്ടന്നെ റോഡുവരെ കൊണ്ടുപോണം. അടുത്ത വീട്ടുകാരക്ക് കൊടുക്കുന്നതോണ്ടാ ഇത്രയെങ്കിലും വില കിട്ടുണത് ''.

'' എങ്കിൽ നന്നായി ''.

'' വിളിച്ചത് ഒരു കാര്യം പറയാനാ. കിട്ടുന്ന പണം മുഴുവൻ നിൻറെ കയ്യിൽ തരും. കടം വീട്ടാൻ നീ തന്ന പൈസ എടുത്തോ. ബാക്കി സൂക്ഷിച്ചുവെക്ക്. ഞങ്ങളുടെ കയ്യിൽ ആ പണം വെച്ചാൽ കാറ്റത്തിട്ട പഞ്ഞി പോലെ അത് ചിലവായി പോവും. എന്നെങ്കിലും കുട്ട്യോളക്ക് വല്ല ആവശ്യവും വരുമ്പോൾ നിൻറേന്ന് വാങ്ങാലോ ''.

'' ഭാസ്ക്കരേട്ടന് കടം വീട്ടാൻ കൊടുത്തത് തിരിച്ചുതരണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അത് ഞാൻ അറിഞ്ഞു തന്നതല്ലേ. പിന്നെന്തിനാ അത് എടുത്തോളാൻ പറയുന്നത് ''.

'' നീ ചെയ്തു തന്നതന്നെ വലിയ ഉപകാരം. പിന്നേം ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. പോരാത്തതിന്ന് നിൻറേന്ന് വാങ്ങിയത് മടക്കിത്തന്നില്ലെങ്കിൽ ഭാസ്ക്കരേട്ടന് അത് കുറച്ചിലല്ലേടാ. പണത്തിന്ന് ബുദ്ധിമുട്ടുണ്ടെന്ന് കരുതി മൂപ്പരുടെ അഭിമാനം പോവാതെ നോക്കണ്ടത് എൻറെ കടമയല്ലേ. അതോണ്ട് പണം മടക്കി കൊടുക്കണംന്ന് ഞാനാ പറഞ്ഞത് ''.

'' വായ പൊളിച്ചാൽ വിഡ്ഡിത്തരം മാത്രമേ പറയൂ. പണ്ടുമുതൽക്കേ അതാണല്ലോ ശീലം. ആങ്ങളമാർ പെങ്ങന്മാർക്ക് എന്തെങ്കിലും കൊടുത്താൽ അത് കടമായിട്ടാരും കാണില്ല. അതുകൊണ്ട് ഒരു കുറച്ചിലും വരില്ല. പിന്നെ ചേച്ചി കരുതുന്നതുപോലെ എനിക്കിപ്പോൾ പണത്തിന്ന് അത്ര വലിയ ബുദ്ധിമുട്ടൊന്നൂല്യാ ''.

'' എനിക്ക് ബുദ്ധീം ഇല്ല, വിവരൂം ഇല്ല. നിങ്ങളൊക്കെ എന്താ പറയുന്നത്  അതുതന്നെ എനിക്കും ശരി. നിനക്ക് ആ പണം വേണ്ടെങ്കിൽ വേണ്ടാ. ഞാൻ തരാനും പോണില്ല ''.

'' അങ്ങിനെ വഴിക്ക് വരൂ. ഇനി മുതൽ ഇടയ്ക്കൊക്കെ ഞാൻ പൈസ അയച്ചു തരും. അത് ചേച്ചിടെ ചിലവിനാണ്. കടം അല്ലാട്ടോ ''.

'' പോടാ. നീയെന്നെ വല്ലാതെ കളിയാക്കണ്ടാ ''.

'' ദേഷ്യം വരണ്ടാ ചേച്ചി. ഞാൻ തമാശ പറഞ്ഞതല്ലേ. അതുപോട്ടെ. നമുക്ക് മകളെ നല്ലൊരു ഡോക്ടറെ കാണിക്കണ്ടേ ''.

'' ചിലപ്പൊ തോന്നും വേണംന്ന്. ചിലപ്പൊ എന്തിനാന്നും ചിന്തിക്കും ''.

'' അതെന്താ അങ്ങിനെ ''.

'' എനിക്ക് മതിയായെടാ '' രാജിചേച്ചിയുടെ ശബ്ദത്തിൽ ഒരു പതർച്ച തോന്നി '' ഒരു കാര്യം മാത്രേ ഈശ്വരനോട് പറയാറുള്ളൂ. മാറുന്ന ദീനമാണെച്ചാൽ വേഗം അത് മാറ്റി തരിക. അല്ലെങ്കിലോ അവളെ വേഗം കൊണ്ടുപോവ്വാ. ഇങ്ങിനെ ഞങ്ങളെ ഇട്ട് തീയ്യ് തിന്നിക്കരുത് ''.

'' എന്താ ചേച്ചീ ഈ പറയുന്നത് ''.

'' പിന്നല്ലാണ്ടെ എന്താ ഞാൻ പറയണ്ടത്. പെറ്റിട്ട് പുല പോണതിന്നുമുമ്പ് ആസ്പത്രി കയറി ഇറങ്ങാൻ തുടങ്ങിയതാണ്. ഇനിയും മരുന്നുക്കുപ്പി കയ്യിന്ന് വെച്ചിട്ടില്ല. കുട്ടിടെ ചിലപ്പോഴത്തെ വിഷമം കണ്ടാൽ സങ്കടം തോന്നും ''.

'' ചേച്ചി വിഷമിക്കണ്ടാ. ഞാൻ അവളെ ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കുന്നുണ്ട് ''.

'' അതോണ്ടൊന്നും ഒരു കാര്യൂല്ലാ ദീപൂ. കുട്ടിടെ ഹാർട്ടിൽ തുളയാണ്, അത് അടയ്ക്കണം എന്നാ ഏത് ആസ്പത്രിയിൽ ചെന്നാലും പറയുന്നത്. വെറും പറ്റിക്കലാണ് അതൊക്കെ. നമ്മുടെ കയ്യിലെ കാശ് പിടുങ്ങണം. അതിനുവേണ്ടി ഓരോന്ന് പറയ്യേന്നെ ''.

'' രോഗം മാറ്റാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഡോക്ടർമാർക്കല്ലേ അറിയൂ ''.

'' നമുക്കെന്താ അത്രയ്ക്ക് വിവരൂല്യേ. ചെപ്പുകുടം ഓട്ടപ്പെട്ടാൽ വെട്ടിവെക്കുന്നപോലെ ദേഹത്തിനകത്തുള്ള തുള അടയ്ക്കാനാവില്ല എന്ന് എനിക്കറിയില്ലേ ''.

'' ചേച്ചിടെ തെറ്റിദ്ധാരണയാണ് അത്. നോക്കിക്കോളൂ, ഞാൻ അവളെ ചികിത്സിപ്പിച്ച് മിടുക്കിക്കുട്ടിയാക്കും ''.

'' നീ എന്താ വേണ്ടത്ച്ചാൽ ചെയ്തോ. എനിക്ക് ഒരു വിരോധൂല്യാ ''.

'' ഈ ശനിയാഴ്ച ഞാൻ വരുന്നുണ്ട്. അപ്പോൾ എല്ലാം നേരിട്ട് പറയാം ''.

'' അനിതയും ചെറിയമ്മയും ഒക്കെ എന്നാ എത്ത്വാ ''.

'' കഴിഞ്ഞമാസം ഒടുവിൽ എത്തേണ്ടതാണ്. അപ്പോഴേക്കും കുട്ടിയ്ക്ക് പനി വന്നു. യാത്ര മാറ്റി. അടുത്ത ആഴ്ച എന്തായാലും എത്തും ''.

'' എന്നാൽ ശരി '' രാജിചേച്ചി സംഭാഷണം അവസാനിപ്പിച്ചു. തെളിഞ്ഞ ആകാശം മനസ്സുപോലെ ശാന്തമാണ്. എഴുന്നേറ്റിരുന്ന് മൊബൈൽ പോക്കറ്റിൽ ഇട്ടു.

'' ദീപുവെന്താ ഇതിനു മുകളിൽ കയറിയിരിക്കുന്നത് '' ചോദ്യം കേട്ടു നോക്കിയപ്പോൾ ചെറിയച്ഛൻ.

'' വെറുതെ ഒരു രസത്തിന് ഇരുന്നതാണ് '' അത്താണിയിൽ നിന്ന് താഴെയിറങ്ങി.

'' ഞാൻ എത്തീട്ട് കുറച്ചു നേരമായി. വർത്തമാനത്തിനിടയിൽ ദീപു എന്നെ കണ്ടില്ല '' ചെറിയച്ഛൻ പറഞ്ഞു '' ഇനിയെന്താ പരിപാടി. എങ്ങോട്ടെങ്കിലും പോവാനുണ്ടോ ''.

'' ഇല്ല. നമുക്ക് തറവാട്ടിലേക്ക് പോവാം '' ചെറിയച്ഛൻറെ പുറകെ അയാൾ നടന്നു.

Wednesday, October 30, 2013

അദ്ധ്യായം - 16.


'' എന്നാൽ നമുക്ക് തുടങ്ങാല്ലേ '' തണ്ണിമത്തൻ ജ്യൂസിൽ നിന്നും സ്പൂണുകൊണ്ട് കറുത്ത വിത്തുകൾ എടുത്തുമാറ്റുന്നതിന്നിടെ പപ്പനമ്മാമൻ ചോദിച്ചു.

'' ശരി, പറഞ്ഞോളൂ '' ദിലീപ് മേനോൻ സമ്മതം മൂളി.

'' നമ്മൾ പറഞ്ഞു വന്നത് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരുന്ന ക്ഷാമത്തെ കുറിച്ചാണ്.  ഇന്നനുഭവിക്കുന്ന അവസ്ഥയല്ല മുമ്പുണ്ടായിരുന്നത്. ഇന്നിപ്പോൾ ഒരു ഉറുപ്പികയ്ക്ക്  ഒരു കിലോ അരി കിട്ടും. ഉറുപ്പികക്കാണച്ചാൽ പണ്ടത്തെ നയാപൈസയുടെ വിലയും കൂടിയില്ല. അതായത് നാട്ടിൽ ക്ഷാമം എന്നു പറയുന്നത് ഇല്ല എന്നന്നെ പറയണം. വല്ലപ്പോഴും ഏതെങ്കിലും ദിക്കിൽ പട്ടിണിയുള്ള വാർത്ത കണ്ടേക്കാം. അപൂർവ്വത്തിൽ അപൂർവ്വം എന്നേ അത്തരം സംഭവങ്ങളെക്കുറിച്ച് പറയാൻ പറ്റൂ ''.

'' അതുശരി. പഴയ കാര്യങ്ങൾ എങ്ങിനെയൊക്കെയാണ് ''.

'' പണ്ടു മുതലേ നമ്മുടെ നാട്ടിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം ഉണ്ടായിരുന്നു. ഇന്ത്യക്ക് സ്വതന്ത്രം ലഭിക്കുമ്പോൾ വളരെ പരിതാപകരമായ അവസ്ഥയണ് ഉണ്ടായിരുന്നത്. പാവപ്പെട്ടവന് ഒരു കുരുമണി അരി കിട്ടാനില്ലാത്ത കാലം. പഞ്ഞമാസങ്ങളിലെ കാര്യം പറയുകയേ വേണ്ടാ. പട്ടിണി കിടന്ന് ജനം നരകിച്ചിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ ഇന്ന് സ്വർഗ്ഗം കിട്ടിയ മട്ടാണ് ''.

'' എന്തേ അന്ന് അങ്ങിനെ ക്ഷാമം ഉണ്ടായത് ''.

'' അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായത് നമ്മുടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം കുറവായിരുന്നു എന്നതുതന്നെ. പരമ്പരാഗതിയിലുള്ള കൃഷിരീതിയായിരുന്നു അക്കാലത്ത് നടന്നുവന്നിരുന്നത്. അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളം ജലസേചനസൗകര്യം തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. അതുകാരണം വിളവ് തീരെ കുറവായിരുന്നു ''.

'' പിന്നെ ''.

'' ധാന്യങ്ങൾ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം നമുക്ക് വേണ്ടത്ര ഉണ്ടായിരുന്നില്ല.
ബർമ്മയിൽ നിന്ന് കുറെയൊക്കെ അരി കിട്ടിയിരുന്നു. അത് തീരെ പോരായിരുന്നു ''.

'' വേറെ ഏതെങ്കിലും രാജ്യത്തിൽ നിന്ന് സഹായം കിട്ടിയിരുന്നോ ''.

'' ഇല്ല എന്ന് പറയാൻ പറ്റില്ല. PL - 480 ഉടമ്പടി പ്രകാരം അമേരിക്കയിൽ നിന്ന് കുറെ കാലം ഗോതമ്പ് കിട്ടിയിരുന്നു. ഓർക്കാപ്പുറത്ത് അതും നിന്നു. വിയറ്റ്നാം യുദ്ധത്തിനിടെ ഹാനോയിൽ ബോമ്പിട്ട അമേരിക്കൻ നടപടിയെ മറ്റുരാജ്യങ്ങളോടൊപ്പംചേർന്ന് ഇന്ത്യ  വിമർശിച്ചതിന്ന് പ്രതികാരമായി നിർത്തലാക്കിയതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' എങ്കിൽ അത് കഷ്ടമായിപ്പോയി ''.

'' അങ്ങിനെ പറഞ്ഞാൽ മതിയോ. നമ്മുടെ രാജ്യത്തിൻറെ ഭരണത്തലവൻ ജനങ്ങളുടെ പട്ടിണി മാറ്റാൻവേണ്ടി മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരികളോട് ഭക്ഷ്യധാന്യങ്ങൾ യാചിക്കേണ്ടിവന്നതിൽവെച്ച് വലിയൊരു നാണക്കേടുണ്ടോ. ഇതു പറയുമ്പോൾ ഇന്നും എൻറെ മനസ്സിൽ എത്തുന്ന ഒരു രംഗമുണ്ട് ''.

'' അതെന്താ ''.

'' എൻറെ ചെറുപ്പകാലത്ത് തറവാട്ടിൽ പണിക്കു വന്നിരുന്ന ഒരു കണ്ടനുണ്ടായിരുന്നു. വലിയ അഭിമാനിയായിരുന്നു അവൻ. പണി ചെയ്യും, കൂലി വാങ്ങും. പോവും. ഒരിക്കലും ഒന്നും ചോദിച്ച് വരാറില്ല. അവന് അതിൻറെ ആവശ്യവും ഇല്ല. ഒറ്റത്തടി, മേലും കീഴും നോക്കാനില്ല. നല്ല തണ്ടും തടിയും. എന്നിട്ടും ഒരു ദിവസം അവൻ വന്നു ''.

'' എന്തിന് ''.

'' തോരാത്ത മഴക്കാലം. കൂലിക്കാർക്ക് പണിയൊന്നുമില്ല. നട്ടുച്ച നേരത്ത് അവനെത്തി.  എനിക്ക് വലഞ്ഞിട്ടു വയ്യാ. എന്തെങ്കിലും കഴിച്ചിട്ട് ദിവസം രണ്ടു കഴിഞ്ഞു,  ഇത്തിരി കഞ്ഞിവെള്ളം തരണം എന്നും പറഞ്ഞ് മുറ്റത്ത് അവൻ നിന്നത് ഇന്നലത്തെപ്പോലെ എനിക്ക് ഓർമ്മയുണ്ട്. അന്ന് അവൻറെ മുഖത്ത് കണ്ടത് നാണക്കേടും ദൈന്യതയും
കലർന്ന ഒരു ഭാവമായിരുന്നു. അതുപോലെയല്ലേ നമ്മുടെ രാജ്യത്തിൻറെ അവസ്ഥ എന്നോർത്ത് ആ കാലത്ത് ഞാൻ പലപ്പോഴും ഖേദിച്ചിട്ടുണ്ട് ''.

'' എനിക്കിതൊന്നും സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല ''.

'' നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. കഷ്ടപ്പാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ. ഞാൻ ഇതിനൊക്കെ സാക്ഷിയാണ്. അതുകൊണ്ടു തന്നെ നമ്മുടെ നാടിൻറെ ഓരോ നേട്ടവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതാണ് ഏറ്റവും വലിയ നേട്ടം ''.

ഇതിനകം ജ്യൂസിൻറെ പാത്രം കാലിയായി കഴിഞ്ഞിരുന്നു. പപ്പനമ്മാമൻ അതെടുത്ത് കഴുകാൻ ഒരുങ്ങി.

'' ഞാൻ ചെയ്തോളാം. ഇങ്ങോട്ടു തരൂ '' എന്നും പറഞ്ഞ് ദിലീപ് മേനോൻ അത് ഏറ്റു വാങ്ങി.

'' ഞാൻ ഇവിടെ ഉണ്ടേ '' കഴുകിയ പാത്രങ്ങൾ എടുത്തു വെക്കുമ്പോൾ പുറത്തു നിന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടു.

'' ആരാത്. ശ്രീധരനാണോ. ഇങ്ങോട്ട് വന്നോളൂ '' പപ്പനമ്മാമൻ അയാളെ അകത്തേക്ക് ക്ഷണിച്ചു. ആഗതൻ ഉള്ളിലേക്ക് കടന്നു. ഫുൾകൈ ഷർട്ടും ഡബിൾമുണ്ടുമാണ് വേഷം. കയ്യിലൊരു ബാഗും കുടയുമുണ്ട്. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി ചന്ദനം തൊട്ടത് മായ്ച്ചു തുടങ്ങിയിട്ടുണ്ട്.

'' എന്താ ഒരു ചൂട് '' ബാഗിൽ നിന്ന് ഒരു ടവ്വലെടുത്ത് അയാൾ മുഖം തുടച്ചു '' ആരാ ഇത്. എനിക്ക് മനസ്സിലായില്ല '' ദിലീപിനെ ചൂണ്ടിയാണ് ആ ചോദ്യം.

'' എൻറെ അനന്ത്രോൻ തന്നെ '' പപ്പനമ്മാമൻ ദീപുവിൻറെനേരെ തിരിഞ്ഞു പറഞ്ഞു '' ഇത് ശ്രീധരൻ നായർ. മുമ്പ് പനഞ്ചക്കര സൊസൈറ്റിയിൽ കണക്കെഴുത്തായിരുന്നു. അന്നു മുതൽക്കുള്ള സ്നേഹവും പരിചയവുമാണ്. കള്ളു ചെത്തി ചക്കര ഉണ്ടാക്കുന്നത് നിർത്തിയതോടെ സൊസൈറ്റി പൂട്ടി. അതോടെ ദല്ലാൾ പണി തുടങ്ങി. ലക്കിടിയുടെ സമീപത്താണ് ഇപ്പോൾ താമസം. ഇടയ്ക്കൊക്കെ എന്നെ കാണാൻ വരും ''.

'' ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായോ '' അയാൾ ചോദിച്ചു.

'' ഏയ്. അങ്ങിനെ ഒന്നൂല്യാ. ആട്ടെ, എവിടുന്നാടോ താൻ ഇപ്പോൾ വരുന്നത് ''.

'' ഒന്നും പറയണ്ടാൻറെ മേൻന്നേ. ബാംഗ്ലൂരിൽ ജോലിയുള്ള ഒരു ചെക്കന് പറ്റിയൊരു പെണ്ണന്വേഷിക്കാൻ ഒരാള് ഏൽപ്പിച്ചിരുന്നു. ചെക്കൻ എഞ്ചിനീയറാണ്. നല്ല പഠിപ്പും ഉണ്ട്. ഭരണി നക്ഷത്രം. മദ്ധ്യമരജുദോഷം ഉള്ളതു കൂടാതെ ശുദ്ധ ജാതകവും. എളുപ്പം ഒന്നും കിട്ടില്ല. പോരാത്തതിന് അവരുടെ സ്ഥിതിയ്ക്ക് പറ്റിയത് വേണ്ടേ. കുറെ നടന്ന് ചീരെഴെഞ്ഞു. പാകംപോലെ ഒരെണ്ണം ഒത്തുവന്നപ്പോൾ വിവരം കൊടുത്തു. ഇന്നലെ ആള് ബാംഗ്ലൂരിന്ന് വന്നിട്ടുണ്ട് എന്നറിഞ്ഞിട്ട് കാണാൻ ചെന്നതാ. കണ്ടതും മതിയായി. സംഗതി നടക്കുംന്ന് എനിക്ക് തോന്നുണില്യാ ''.

'' അതെന്താ അങ്ങിനെ ''.

'' ചെമ്മരിയാടിൻറെ ദേഹത്തുള്ളതുപോലത്തെ തലമുടി. ഒരു ചെവിയിൽ മേൽക്കാത് കുത്തി എന്തോ തിരുകിവെച്ചിട്ടുണ്ട്. കീഴ്ചുണ്ടിൻറെ താഴെ നഖത്തിൻറെ വലുപ്പത്തില് മറുകുപോലെ കുറെ രോമങ്ങളുണ്ട്. താടിടെ താഴെമാത്രം കുറച്ചു നിർത്തി ബാക്കി മുഴുവൻ വടിച്ചുകളഞ്ഞിട്ടുണ്ട്. ആകപ്പാടെ ഒരു അവലക്ഷണം. എങ്ങിനേയാ അതിനെ പെണ്ണു കാണാൻ കൂട്ടീട്ടുപോവണ്ടത് എന്ന് എനിക്കറിയില്ല ''.

'' അതെന്താടോ ''.

'' സത്യം പറയാലോ. എൻറെ മകളാണെങ്കിൽ ഞാൻ കൊടുക്കില്ല. കോലം കണ്ടാൽ മതി, പെണ്ണു കാണാൻ പോയ വീട്ടിൽ പെണ്ണില്ലെങ്കിൽ അയൽവക്കത്തുനിന്ന് വായ്പ വാങ്ങീട്ടെങ്കിലും ആരായാലും ഒന്നോ രണ്ടോ പെൺകുട്ടികളെ കൊടുക്കും. അത്രയ്ക്ക് വർക്കത്തുണ്ട് ആ മുഖത്ത് '' അയാൾ വാതിൽക്കലേക്ക് ചെന്ന് മുറ്റത്തേക്ക് നീട്ടിത്തുപ്പി. പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. ദിലീപ് മേനോനും ചിരിപൊട്ടി.

'' ഇങ്ങിനെയൊക്കെ നോക്കാൻ തുടങ്ങിയാൽ താൻ ഈ പണി വേണ്ടാന്ന് വെക്കേണ്ടി വരും '' പപ്പനമ്മാമൻ പറഞ്ഞു '' ഓരോ കാലത്ത് ഓരോ വേഷം, ഓരോ രൂപം. പണ്ട് ഇങ്ങിനെയായിരുന്നു എന്നു പറഞ്ഞാൽ ഇപ്പോൾ നടക്ക്വോ ''.

'' ശരിയാണ്. എന്നാലും എന്തിനും ഇല്യേ ഒരു നിജോക്കെ ''.

'' ഒന്നൂല്യാ. പണ്ട് കോണകം ഉടുത്ത് മുകളിൽ ഒരു തോർത്തും ചുറ്റിയാൽ ആണുങ്ങളുടെ വേഷം ആയി. എല്ലാർക്കും ഉണ്ടാവും കുടുമ. ഇപ്പൊ ആരെങ്കിലും അങ്ങിനെ നടക്ക്വോ ''.

'' ഒരു കണക്കില് ശരിയാണ് ''.

'' ഒരു കണക്കിലല്ല, എല്ലാ കണക്കിലും ശരിയാണ്. കുടുമ പോയി മൊട്ടയായി, പിന്നെ മൊട്ട ക്രോപ്പായി. പിന്നെ ക്രോപ്പ് ചെയ്യാൻ തുടങ്ങി. ഇടക്കാലത്ത് മുടി നീട്ടി വളർത്തി ഹിപ്പിയായി. ഇന്നത്തെ കാലത്ത് ഇങ്ങിനെ. നാളെ മാറില്ലാന്ന് ആരു കണ്ടു ''.

'' അതൊന്നും കാണാനിരിക്കാതെ പോയി കിട്ടിയാൽ മതിയായിരുന്നു ''.

'' അതാ തെറ്റ്. ജീവിച്ചിരിക്കുന്ന കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മൾ കണ്ടറിയണം. അതിനോട് പൊരുത്തപ്പെടണം. എന്നാലേ ശരിയായ ജീവിതമാവൂ ''.

'' എന്തോ എനിക്കൊന്നും മനസ്സിലാവുന്നില്ല '' അയാൾ നെടുവീർപ്പിട്ടു.

'' ഇരിക്കെടോ. ഊണും കാപ്പികുടിയും കഴിഞ്ഞ് വൈകുന്നേരത്തോടെ പോയാൽ മതി. തനിക്ക് കുടിക്കാൻ ഇപ്പോൾ എന്തെങ്കിലും ഉണ്ടാക്കട്ടെ '' പപ്പനമ്മാമൻ എഴുന്നേറ്റു, ഒപ്പം ദിലീപ് മേനോനും.
 

Sunday, October 20, 2013

അദ്ധ്യായം - 15.


'' നല്ല ചൂടുണ്ടല്ലോ. എന്താ ഫാൻ ഇടാത്തത് '' വന്നു കയറിയതും ദിലീപ് മേനോൻ ചോദിച്ചു. ഒരു മൂലയിൽ വെച്ച പെഡസ്റ്റൽ ഫാൻ ചലനരഹിതമാണ്.

'' അതിന്ന് കറണ്ട് ഉണ്ടായിട്ടു വേണ്ടേ '' പപ്പനമ്മാമൻ പറഞ്ഞു '' ഇന്നലെ രാത്രി പോയതാണ്. എപ്പോൾ വരും എന്ന് ദൈവത്തിനേ അറിയൂ ''.

'' അതെന്താ ശരിയാക്കാത്തത്. ഓഫീസിൽ വിവരം അറിയിച്ചില്ലേ ''.

'' ഉവ്വ്. ആരോ ഫോൺ ചെയ്ത് വിവരം അറിയിച്ചു എന്നുകേട്ടു. ജോലിക്കാർ രാവിലെ ഓഫീസിൽ ചെന്ന് നോക്കിയാലല്ലേ വിവരം അറിയൂ. കുറച്ചു കഴിയുമ്പോഴേക്ക് അവർ എത്തും ''.

'' ഇന്നലെ ചെറിയച്ഛനും കറണ്ട് ഇടയ്ക്കിടയ്ക്ക് പോവുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു ''.

'' കുറ്റം പറഞ്ഞിട്ടെന്താ കാര്യം. ലൈൻ വരുന്നത് റോഡിൽ കൂടി മാത്രമല്ലല്ലോ. ഓരോരുത്തരുടെ വളപ്പുകളിൽ കൂടിയും ഇടവഴിയിൽ കൂടിയും ഒക്കെയല്ലേ വരുന്നത്. അപ്പോൾ മരച്ചില്ലകളിലോ പരുവക്കൂട്ടത്തിലോ കമ്പികൾ മുട്ടി ഫ്യൂസ് പോവും ''.

'' അതൊക്കെ വെട്ടി കളഞ്ഞാൽ പ്രശ്നം തീരില്ലേ ''.

'' വെട്ടാഞ്ഞിട്ടൊന്ന്വോല്ല. വീണ്ടും അവച്ചു വരും. പിന്നെ വേറേ ചിലരുണ്ട്. ലൈനിൽ മുട്ടുന്ന മരക്കൊമ്പുകൾ വെട്ടാൻ ചെല്ലുമ്പോൾ ഇടപെടും. മുഴുവനും വെട്ടരുത്, കുറച്ച് വെട്ടിയാൽ മതി എന്നൊക്കെ പറയും. കറണ്ട് പോയാലത്ത ബുദ്ധിമുട്ടിനെക്കുറിച്ച് അവർ ഓർക്കില്ല. വേറൊരു കാര്യം കൂടിയുണ്ട്. മരക്കൊമ്പിൽ ഉരഞ്ഞ് കമ്പി പൊട്ടി വീണിട്ട് വല്ല അപകടം ഉണ്ടായാലോ. അതിൻറെ കുറ്റം മുഴുവൻ ജോലിക്കാർക്ക്. മരക്കൊമ്പ് മുറിക്കാൻ സമ്മതിക്കാഞ്ഞിട്ടാണെന്ന് അപ്പോഴും സമ്മതിക്കില്ല ''.

'' ഈ ഭാഗത്തേക്ക് ഇലക്ട്രിസിറ്റി വന്നിട്ട് കുറെയായോ ''.

'' വിസ്തരിച്ചുതന്നെ പറയാം. ഏതായാലും ദീപുവിന്ന് പഴയ കാര്യങ്ങൾ അറിയണമെന്ന് മോഹം ഉള്ളതല്ലേ. ഇന്നത്തെ വിഷയം ഇതായിക്കോട്ടേ ''.

'' അത് നന്നായി. ഇങ്ങിനെ ഓരോ കാര്യത്തെക്കുറിച്ച് അപ്പപ്പോൾ പറയുന്നതാണ് നല്ലത്. എല്ലാം കൂടി ഒന്നിച്ച് കേൾക്കുമ്പോഴുള്ളതിനേക്കാൾ അത് മനസ്സിൽ നിൽക്കും ''.

'' എന്നാൽ കേട്ടോളൂ '' പപ്പനമ്മാമൻ പറഞ്ഞു തുടങ്ങി '' നമ്മുടെ നാട്ടിലേക്ക് കറണ്ട് എത്തുമ്പോൾ എനിക്ക് മുപ്പത് വയസ്സെങ്കിലും ആയിട്ടുണ്ടാവും. മനയ്ക്കിലേക്കാണ് ആദ്യം ലൈൻ വലിച്ച് കറണ്ട് കൊടുത്തത്. അന്ന് ഇലക്ട്രിസിറ്റി എന്നത് ഒരു അത്ഭുതമായിരുന്നു. എന്നാലും കറണ്ട് കണക്ഷൻ കൊടുത്ത ദിവസം അവിടെ യാതൊരു വിധത്തിലുള്ള ചടങ്ങും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി അങ്ങിനെയാണോ? ഏതെങ്കിലും വഴിക്ക് പുതിയതായി ഒരു കെ.എസ്.ആർ.ടി.സി. ബസ്സ് ഓടാൻ തുടങ്ങിയാൽ, അതിനെ മാലയിടാനും സ്വീകരിക്കാനും ആളുകൂടും. പൊതുയോഗം നടത്തി മന്ത്രിയോ എം.എൽ.എ.യോ ഉത്ഘാടനം ചെയ്യാതെ ഇലക്ട്രിക് ലൈനിൽ കൂടി കറണ്ട് വിടില്ല ''.

'' ജനാധിപത്യത്തിൽ അതെല്ലാം ഒഴിവാക്കാൻ പറ്റില്ലല്ലോ ''.

'' ശരിയാണ്. പക്ഷെ തൊട്ടതിനും പിടിച്ചതിനും ആഘോഷം വേണം എന്ന നമ്മുടെ മനോഭാവം ശരിയല്ല. ഒരു കാര്യം ആലോചിക്കണം. ഉത്ഘാടനം ചെയ്യാൻ മന്ത്രിക്ക് വരാൻ പറ്റാത്തതിനാൽ റോഡും പാലവും സർക്കാർ വക കെട്ടിടങ്ങളുമൊക്കെ ഉപയോഗിക്കാനാവാതെ കിടക്കുന്നത് എത്ര  അസംബന്ധമാണ്. ഞാൻ വെറുതെ പറയുന്നതല്ല. ഇങ്ങിനത്തെ എത്രയെത്രയോ സംഭവങ്ങൾ ഈ നാട്ടിലുണ്ട് ''.

'' അതുപോട്ടെ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് മടങ്ങാം ''.

'' ങാ. അത് മറന്നു. റൈസ്മില്ലിലെ ഡീസൽ എഞ്ചിൻ മാറ്റി ഇലക്ട്രിക്ക്മോട്ടോർ വെച്ചത് കുറച്ചു കാലം കഴിഞ്ഞിട്ടാണ്. അവിടുന്നങ്ങോട്ട് ഒന്നും രണ്ടുമായി നാട്ടിൽ ഇലക്ട്രിസിറ്റി കണക്ഷനുകൾ കൂടാൻ തുടങ്ങി ''.

'' എനിക്ക് ഓർമ്മവെക്കുമ്പോൾ നമ്മുടെ തറവാട്ടിൽ ഇലക്ട്രിസിറ്റിയുണ്ട് ''.

'' അതിന് ദീപുവിന്ന് അത്രയ്ക്കൊന്നും പ്രായം ആയില്ലല്ലോ. മാത്രമല്ല അപ്പോഴേക്കും കാലം കുറെ കഴിയുകയും ചെയ്തില്ലേ. എന്നിട്ടും ആ കാലത്ത് എല്ലാ വീടുകളിലും വൈദ്യുതി എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആകെ മാറി. വിദ്യുച്ഛക്തിയില്ലാത്ത വീടുകൾ ഇല്ല എന്നന്നെ പറയാം ''.

'' നാട് പുരോഗമിച്ചു എന്നർത്ഥം ''.

'' അതിനെന്താ സംശയം. പുരോഗതിയൊക്കെ ഉണ്ടായിട്ടുണ്ട്. ഉണ്ടായില്ല എന്നു പറഞ്ഞാൽ അത് അസത്യമാവും. ഇലക്ട്രിസിറ്റിയുടെ കാര്യം തന്നെ നോക്കാം. ഉപഭോക്താക്കളുടെ എണ്ണം മാത്രമല്ല സൗകര്യങ്ങളും കൂടിയിട്ടുണ്ട്. പത്തു നാൽപ്പത് കൊല്ലംമുമ്പ് ഇത്രയധികം ഓഫീസുകൾ ഇല്ല. എല്ലാ മാസവും പണം അടയ്ക്കാൻ പാലക്കാടുവരെ പോവണം. ഇപ്പോഴോ. ഒരുവിധം എല്ലായിടത്തും  സെക്ഷൻ ഓഫീസുകളുകളായി. പണം അടയ്ക്കാനോ പുതിയ കണക്ഷൻ കിട്ടാനോ ദൂരേയുള്ള ഓഫീസിലേക്ക് മിനക്കെട്ടു ചെല്ലേണ്ട അവസ്ഥ മാറി. ആ കാലത്ത് ഉണ്ടായിരുന്ന സെക്ഷൻ ഓഫീസുകളേക്കാൾ കൂടുതൽ ഡിവിഷൻ ഓഫീസുകൾ ഇന്നുണ്ട് ''.

'' ടൗണിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ ഒരു സബ്‌സ്റ്റേഷൻ കണ്ടു ''.

'' അതു വന്നിട്ട് മൂന്നു നാല് കൊല്ലമായി. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ പോയാൽ ചെറിയൊരു സബ്‌സ്റ്റേഷൻറെ പണി നടക്കുന്നത് കാണാം. 33 K.V ആണെന്നാ പറഞ്ഞു കേട്ടത് ''.

'' എന്തായാലും സന്തോഷമുള്ള കാര്യങ്ങളാണ് എല്ലാം ''.

'' ഈ സ്ഥിതിവിവരകണക്കുകളൊക്കെ കേട്ടിട്ട് മടുപ്പ് തോന്നുന്നുണ്ടോ ''.

'' ഇത്ര ദൂരം പുതിയതായി ലൈൻ വലിച്ചു, ഇന്നിന്ന ദിക്കിൽ പുതിയ ട്രാൻസ്ഫോർമറുകൾ വെച്ചു, ഇത്ര ആളുകൾക്ക് കണക്ഷൻ കൊടുത്തു എന്നു പറയുന്നതുപോലെ അല്ലല്ലോ ഇത്. അതുകൊണ്ട് ഒട്ടും മടുപ്പ് തോന്നിയില്ല. കൂട്ടത്തിൽ ഒരു കാര്യം പറയാനുണ്ട്. സംസാരിച്ചിരുന്ന് ഒരുപക്ഷെ അത് മറന്നു പോയാലോ ''.

'' എന്താ സംഗതി ''.

'' വലിയമ്മ ഇന്നലെ വൈകുന്നേരം കുഞ്ഞുണ്ണിമാമയെ കാണാൻ ചെന്നിരുന്നു. എന്നോട് ചെല്ലാൻ  പറഞ്ഞയച്ചിട്ടുണ്ട് ''.

'' എന്തിനാന്ന് അറിയ്യോ ''.

'' അങ്ങാടി കഴിഞ്ഞതും റോഡുവക്കത്ത് അമ്മയുടെ പേരിലുള്ള ഇരുപത് സെൻറ് കൃഷിയില്ലേ. ആർക്കോ അത് വേണം. തൂർത്തിട്ട് ബിൽഡിങ്ങ് പണിയാനാണത്രേ ''.

'' എന്നിട്ട് ദീപു പോയോ ''.

'' ഇല്ല. ചോദിച്ചാൽ എന്താ പറയേണ്ടത് എന്നാലോചിക്കുകയാണ് ''.

'' ഒരു കാര്യം ഞാൻ പറയാം. നെല്ല് വിളയുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എവിടേയാ പിന്നെ കൃഷി ചെയ്യുക. വീടില്ലാത്ത ആളുകള് നാലോ അഞ്ചോ സെൻറ് കൃഷിഭൂമി വീടുണ്ടാക്കാൻ വേണ്ടി തൂർക്കുന്നതിന്ന് ഞാൻ എതിരല്ല. എന്നാൽ ഭൂമാഫിയക്കാർക്ക് കൊടുക്കുന്നതിന്ന് ഞാൻ എതിരാണ്.  നമ്മുടെ നാട്ടില് പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആരും അതൊന്നും ഓർക്കുന്നില്ല ''.

'' സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ക്ഷാമം ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' അന്നവൾ ജനിച്ചിട്ടില്ല. പറഞ്ഞുകേട്ട അറിവുവെച്ച് പറയുന്നതാണ്. ഞാൻ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞതാണ്  ''.

'' എനിക്ക് ആ കാര്യങ്ങളെല്ലാം കേൾക്കണം ''.

'' അതിനെന്താ വിരോധം. ആ മുക്കിൽ ഒരു തണ്ണിമത്തനുണ്ട്. അതു മുറിച്ച് വെള്ളത്തിൽ കലക്കി പഞ്ചാരയിട്ട് കഴിക്കാം. ഈ ചൂടിന് നല്ലതാണ്. എന്നിട്ട് പറഞ്ഞാൽ പോരേ ''.

ദിലീപ് മേനോൻ ശരിവെച്ചു. പപ്പനമ്മാമനോടൊപ്പം അയാളും എഴുന്നേറ്റു.

Sunday, October 6, 2013

അദ്ധ്യായം - 14.


'' ഇന്നലെയാണോ നിങ്ങള് അവിടുന്ന് പോന്നത് '' പപ്പനമ്മാമൻ ദിലീപ് മേനോനെ കണ്ടതും ചോദിച്ചു.

'' അല്ല. ഞങ്ങള് ഞായറാഴ്ച തന്നെ എത്തി. ചെറിയമ്മയ്ക്ക് സ്കൂളുള്ളതല്ലേ ''.

'' ദീപൂനേ ഇന്നലെ കാണാഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി. അതാ ചോദിച്ചത് ''.

'' ഇന്നലെ എനിക്ക് ആലത്തൂരുവരെ പോവാനുണ്ടായിരുന്നു. തിരിച്ചെത്താൻ വൈകി ''.

സരസ്വതിയമ്മയെ പോയി കാണാമെന്ന് അനിതയ്ക്ക് വാക്കുകൊടുത്തതും അതിന് കഴിയാതെ പോയതും കഴിഞ്ഞ ആഴ്ചയിലെ നാലു ദിവസവും തറവാട്ടിൽ പ്ലംബിങ്ങ് പണികൾ ചെയ്യിച്ചതും അതു കാരണം ആലത്തൂരിലേക്ക് പോവാൻ കഴിയാതെ വന്നതുമെല്ലാം അയാൾ വിവരിച്ചു.

'' ഞാൻ ചെന്നു കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എൻറെ അനിതക്കുട്ടിക്ക് പറ്റിയ ആളാണെന്നും പറഞ്ഞ് തലയിൽ കൈവെച്ചു ''.

'' സമ്പാദ്യം എന്നു പറഞ്ഞാൽ ഇതാണ് ദീപൂ. ഈ നേടിയത് ഒരു കാലത്തും നഷ്ടപ്പെടില്ല ''.

'' അതിരിക്കട്ടെ. പപ്പനമ്മാമൻ പോയ കാര്യം എന്തായി ''.

'' അതൊക്കെ അങ്ങിനെ നടന്നു. ഞങ്ങളുടേത് തീരെ ചെറിയൊരു സംഘടനയല്ലേ. അത്രയേറേ ആളുകളൊന്നും പരിപാടികൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ പങ്കെടുത്ത ആളുകൾക്കൊക്കെ നല്ല സന്തോഷമായി ''.

''രാഷ്ട്രീയ നേതാക്കളാരും വന്നില്ലേ ''.

'' കുറച്ചുപേർ വന്ന് മുഖം കാണിച്ചു പോയി. വോട്ടു മാത്രമല്ലേ അവരുടെ നോട്ടം. ഏതെങ്കിലുമൊരു സാമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പരിപാടിയാണെങ്കിൽ അവർ കുറച്ചു കൂടി താൽപ്പര്യം കാട്ടും. ഇത് അങ്ങിനെയല്ലല്ലോ. കിടപ്പാടം ഇല്ലാത്ത കുറെപേർ ഒത്തുകൂടിയതല്ലേ ''.

'' പ്രകടനവും സമ്മേളനവും നടത്തിയതോണ്ട് സ്ഥലവും വീടും കിട്ട്വോ ''.

'' കിട്ടേണ്ടതല്ലേ. തല ചായ്ക്കാനൊരിടം മനുഷ്യൻറെ ജന്മാവകാശമാണ്. സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നത്. ദുർബ്ബല വിഭാഗക്കാർക്ക് സ്ഥലം വാങ്ങാനും വീട് നിർമ്മിക്കാനും ധനസഹായം നൽകുന്നുണ്ട്. പക്ഷെ അത് എല്ലാവർക്കും കിട്ടില്ല. ചില വിഭാഗം ആളുകൾക്കായി ആ സഹായങ്ങൾ നീക്കിവെക്കുകയാണ് ചെയ്യുന്നത്. അത് പാടില്ല. അർഹിക്കുന്നവർക്കെല്ലാം ഇത്തരം സഹായങ്ങൾ നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം ''.

'' കിട്ടിയാൽ നല്ല കാര്യമാണ് ''.

'' അത്രയേ ഞങ്ങളും കരുതുന്നുള്ളു. പലവട്ടം മുട്ടിവിളിക്കുമ്പോൾ തുറക്കാത്ത വാതിലില്ലല്ലോ. ഇനി നിങ്ങൾ പോയ വിശേഷങ്ങൾ പറയൂ ''.

ശനിയാഴ്ച യാത്ര പുറപ്പെട്ടതു മുതൽ തിരിച്ച് തറവാട്ടിലെത്തുന്നതുവരെയുള്ള സംഭവങ്ങളെല്ലാം ദിലീപ് മേനോൻ വർണ്ണിച്ചു.

'' രാജിയുടെ കുടുംബത്തിൻറെ ചുറ്റുപാടുകളൊന്നും ദീപു പറഞ്ഞില്ലല്ലോ. കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നതുപോലെ അവർ കടക്കെണിയിലാണോ, എങ്കിൽ നമുക്ക് എന്തു ചെയ്യാൻ പറ്റും. അതല്ല ഭാസ്ക്കരൻ കടം വീട്ടിക്കഴിഞ്ഞോ. അതൊക്കെയാണ് എനിക്ക് അറിയേണ്ടത് ''.

'' ഞാൻ അത് പറയാൻ തുടങ്ങുകയായിരുന്നു. ഭാസ്ക്കരേട്ടൻറെ അമ്മ മരിച്ച സമയത്താണ് ആ കടം വാങ്ങിയത് എന്നല്ലേ രാജിചേച്ചി എഴുതിയത്. എന്നാൽ സംഗതി അങ്ങിനെയല്ല. അതിനും ഒരുകൊല്ലം മുമ്പ് ഏട്ടൻ പതിനയ്യായിരം ഉറുപ്പിക ബ്ലേഡിൽ നിന്ന് വാങ്ങിയിരുന്നു. കുറച്ചു കാലം മുടങ്ങാതെ തവണകൾ അടച്ചിരുന്നു. അപ്പോഴാണ് അമ്മ കിടപ്പിലാകുന്നതും മരിക്കുന്നതും. കടം വീടുന്നതിന്നു മുമ്പ് വീണ്ടും പതിനയ്യായിരം രൂപ വാങ്ങി. കുട്ടിയുടെ ചികിത്സയും രാജിച്ചേച്ചിയുടെ അസുഖവും കൂടിയായപ്പോൾ തവണയടക്കാൻ പണം തികയാതായി. ഇപ്പോൾ മുതലും പലിശയും കൂടി ഒരുലക്ഷം കടന്നു എന്നാ പറഞ്ഞത്. എങ്ങിനെ അത്രയധികം പലിശ വന്നു എന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല ''.

'' ബ്ലേഡുകാർ ബാങ്കുകളുടെ പലിശനിരക്കിലല്ല കടം കൊടുക്കുന്നത്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് സംഖ്യ പെരുകും. മീറ്റർ പലിശ എന്നൊരു ഏർപ്പാടുണ്ട്. കടം വാങ്ങുന്ന സമയംതൊട്ട് മണിക്കൂർവെച്ച് പലിശ കൂടും. ഒടുവിൽ മുതലും പലിശയും കൊടുത്തു തീർക്കാനാവതെ വരുമ്പോൾ  ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയും പലവിധത്തിൽ അപമാനിച്ചും പിരിച്ചെടുക്കാൻ നോക്കും. അതും പറ്റാതെ വന്നാൽ പണയം കാണിച്ച വസ്തുക്കൾ അവർ എടുക്കും. അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത എത്രയോ പേരുണ്ട് ''.

'' അതു ശരി. വെറുതെയല്ല ഭാസ്ക്കരേട്ടൻ ഇത്ര വലിയ കടക്കാരനായത് ''.

'' എന്നിട്ട് എന്തു ചെയ്തു ''.

'' വലിയമ്മയ്ക്ക് വല്ലാത്ത ആധിയായി. നറുക്ക് കിട്ടിയ പണം കൊടുക്കാമെന്ന് രാജിച്ചേച്ചിയോട് പറയുന്നത് കേട്ടു. അത്രയും തുക എൻറെ കയ്യിൽ എടുക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ ജാഫറിനെ വിളിച്ച് വിവരം പറഞ്ഞു. വൈകുന്നേരത്തേക്ക് അവൻ പണം എത്തിച്ചു തന്നു. ഭാസ്ക്കരേട്ടനെ കൂട്ടി ചെറിയച്ഛനും ഞാനും ചെന്ന് കടം വീട്ടി ആധാരവും ചെക്കുകളും മടക്കി വാങ്ങി ''.

'' എന്താ ജാഫറുമായി ഇങ്ങിനെയൊരു അടുപ്പം ''.

'' പഠിക്കുമ്പോഴേ ഞങ്ങൾ അടുത്ത കൂട്ടുകാരായിരുന്നു. ഞാൻ ജോലിയായി പോയതിന്നു ശേഷവും  ആ ബന്ധം നിലനിർത്തി. എൻറെ സമ്പാദ്യത്തിൽ കുറച്ചൊക്കെ അയാളുടെ കൂടെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് എന്ത് ആവശ്യം വന്നാലും ജാഫർ അത് നടത്തിത്തരാറുണ്ട് ''.

'' അല്ലെങ്കിലും ബന്ധുക്കളെന്ന് പറയുന്നവരേക്കാൾ അടുത്ത സുഹൃത്തുക്കൾ തന്നെയാണ് നല്ലത് ''.

'' അത് എനിക്ക് നേരത്തേ മനസ്സിലായി. അനിതയെ കല്യാണം കഴിച്ച വിവരം അറിഞ്ഞ ഉടനെ ജാഫർ ഭാര്യയേയും മക്കളേയും കൂട്ടി കാണാൻ വന്നിരുന്നു. എൻറെ അനിയത്തിക്കുപോലെ അത് തോന്നിയില്ല. എത്ര പണം മുടക്കിയിട്ടാണ് അവർ വന്നത് എന്നാലോചിക്കുമ്പോഴേ ആ സ്നേഹം മനസ്സിലാവൂ ''.

'' തുടക്കത്തിൽ എല്ലാവർക്കും ഇഷ്ടക്കേട് ഉണ്ടായിരുന്നു. അതായിരിക്കും പെങ്ങൾ വരാഞ്ഞത്. ഇനി അത് മനസ്സിൽ കൊണ്ടു നടക്കണ്ടാ. ഇപ്പൊ എല്ലാവരും യോജിപ്പായില്ലേ ''.

'' കടം വീട്ടി കഴിഞ്ഞതും രാജിച്ചേച്ചിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ''.

'' അതില്ലാതിരിക്ക്വോ. ആ പെൺകുട്ടി അത്ര കണ്ട് തീ തിന്നിട്ടുണ്ടാവും ''.

'' രാജിചേച്ചിയുടെ ആഭരണങ്ങൾ കുറെയൊക്കെ വിറ്റിരിക്കുന്നു. ബാക്കിയുള്ളത് ബാങ്കിൽ പണയം വെച്ചിരിക്കുകയാണെന്ന് പറഞ്ഞു. കെട്ടുതാലി ഒരു ചരടിൽ കോർത്തിട്ടിരിക്കുന്നതാണ് കണ്ടത് ''.

'' അത്ര കഷ്ടത്തിലാണെന്ന് അറിഞ്ഞില്ല. അവൾ അറിയിച്ചതുമില്ല ''.

'' വലിയമ്മ കഴുത്തിലെ മാല ഊരി മകൾക്ക് കൊടുത്തു. അടുത്ത ആഴ്ച ഭാസ്ക്കരേട്ടനെ വരാൻ പറഞ്ഞിട്ടുണ്ട്. ബാങ്കിലെ കടം വീട്ടാനുള്ള പൈസ കൊടുക്കാമെന്ന് പറയുന്നത് കേട്ടു ''.

'' സുശീലടെ ഷഷ്ടിപൂർത്തിക്ക് എല്ലാവരും ഒത്തു കൂടുമ്പോൾ അവളുടെ ദേഹത്തും എന്തെങ്കിലും വേണ്ടേ ''.

'' തീർച്ചയായും വേണം. ഞാൻ ഈ കാര്യം അനിതയോട് പറഞ്ഞു. അവൾ രാജിച്ചേച്ചിയുടേ രണ്ടു പെണ്മക്കൾക്കും ഓരോ മാല കൊടുക്കുന്നുണ്ട് ''.

'' വളരെ നന്നായി. ആട്ടേ, അവളുടേയും കുട്ടിയുടേയും സുഖക്കേട് എങ്ങിനീണ്ട് ''.

'' സത്യം പറയാലോ, രാജിച്ചേച്ചിയെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. അത്രയ്ക്ക് മാറിയിട്ടുണ്ട്. കോട്ടക്കലിൽ ചെന്ന് കിടത്തി ചികിത്സിക്കണം എന്നു വിചാരിച്ച് നടന്നില്ല എന്നു പറഞ്ഞു. ഈ വെക്കേഷന് ചികിത്സയ്ക്ക് ചെന്നോളാൻ പറഞ്ഞിട്ടുണ്ട്. പൈസ ഞാൻ എത്തിച്ചു കൊടുക്കും ''.

'' കുട്ടിയുടെ കാര്യം ''.

'' എന്തൊക്കേയോ മരുന്ന് കൊടുക്കുന്നുണ്ട്. അതൊന്നും പോരാ. നല്ലൊരു ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കണം. ഞാൻ പോവുന്നതിന്ന് മുമ്പ് അതും ചെയ്യും ''.

'' ഇതൊക്കെയാണ് ചെയ്യേണ്ടത്. അല്ലാതെ കാറ് വാങ്ങിക്കൊടുക്കലല്ല ''.

'' എനിക്കത് മനസ്സിലായി ''.

'' ദീപു വന്നതു കാരണം അവളുടെ ബാദ്ധ്യതയൊക്കെ തീർന്നു. ഇപ്പോൾ അവൾക്ക് മനസ്സമാധാനം ആയിട്ടുണ്ടാവും ''.

'' പഴയ രാജിയൊന്ന്വോല്ല. അവള് ജീവിക്കാൻ പഠിച്ചിരിക്കുന്നൂ എന്ന് ചെറിയച്ഛൻ പറഞ്ഞു ''.

'' അതെന്താ അങ്ങിനെ തോന്നാൻ ''.

'' മുറ്റം കുറച്ചേയുള്ളു. അവിടെ വെണ്ടയും വഴുതിനയും കയ്പ്പക്കയും ഒക്കെ വെച്ചിട്ടുണ്ട്. ഒക്കെ കായ്ക്കാറായി. അതു പോരാഞ്ഞിട്ട് അഞ്ചെട്ട് ആടുകളും ഉണ്ട് ''.

'' ഭേഷ്. ആടുകൾക്ക് തിന്നാൻ എളുപ്പമായി ''.

'' മുറ്റത്തിൻറെ ഒരു ഓരത്ത് മുളയുടെ അലകുകളും തെങ്ങോല മെടഞ്ഞതും കൊണ്ട് ആടുകളെ കെട്ടാൻ ഒരു കൂടുണ്ടാക്കിയിട്ടുണ്ട്. അതിലാണ് വളർത്തുന്നത് ''.

പത്തു തവണ ക്ലോക്ക് ശബ്ദിച്ചു. പപ്പനമ്മാമൻ എഴുന്നേറ്റു.

'' ദീപൂ. ഒരു ജാഥയ്ക്ക് സ്വീകരണം കൊടുക്കുന്നുണ്ട്. പത്തു മിനുട്ട് നേരത്തെ പരിപാടിയേ ഉള്ളു. അതു കഴിഞ്ഞതും ഞാനെത്തും. അതുവരെ വല്ലതും വായിച്ച് ഇരുന്നോളൂ ''.

ഒറ്റയ്ക്കായപ്പോൾ രാജിച്ചേച്ചിയെക്കുറിച്ചുള്ള ഓർമ്മകളെത്തി. ചെറിയച്ഛൻ പറഞ്ഞത് നേരാണ്. പഴയ രാജിച്ചേച്ചിയല്ല ഇപ്പോഴുള്ളത്. അനുഭവങ്ങൾ അവരെ മറ്റൊരാളാക്കിയിരിക്കുന്നു. സ്വന്തം പ്രാരബ്ധങ്ങൾ മറി കടക്കാൻ ആ പാവം ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. കുട്ടികൾ മൂന്നുപേരും സ്കൂളിൽ പോവാൻ തുടങ്ങിയതോടേ എന്തെങ്കിലും വരുമാനമുണ്ടാക്കണമെന്ന തോന്നലുണ്ടായി. പഠിപ്പില്ലാത്തതിനാൽ നല്ല ജോലിയൊന്നും കിട്ടില്ലെന്ന അറിവിൽ ഒരു മഹിള കുടിൽ വ്യവസായ കേന്ദ്രത്തിൽ പോയി തുടങ്ങി. മെഴുകുതിരി നിർമ്മാണം, അച്ചാറുണ്ടാക്കൽ എന്നിവയൊക്കെയാണ് പണികൾ. കൊല്ലങ്ങളോളം അതു ചെയ്തു. അടുത്ത കാലത്താണ് അത് വേണ്ടെന്നു വെച്ചത്.

കാണാൻ ചെന്ന ദിവസം വൈകുന്നേരം ഒറ്റയ്ക്കു വിളിച്ച് രാജിച്ചേച്ചി സംസാരിക്കുകയായിരുന്നു.

'' പണി കഷ്ടമുള്ളതൊന്നും അല്ല '' അവർ പറഞ്ഞു '' പണിസ്ഥലത്തിലേക്ക് ഇവിടെ നിന്ന് രണ്ടു നാഴിക ദൂരമുണ്ട്. ബസ്സില്ല. ഓട്ടോറിക്ഷയ്ക്ക് പോയാൽ മുതലാവില്ല. രാവിലേയും വൈകുന്നേരവും നടക്കണം. കാലിൻറെ മുട്ടിന്ന് വേദനയായതോടേ വേണ്ടെന്നുവെച്ചു. എന്നിട്ടാണ് ആടുവളർത്തൽ തുടങ്ങിയത് ''.

'' ആട്ടിൻപാലിന്ന് ഔഷധഗുണം ഉണ്ട് ചേച്ചി '' ദിലീപ് മേനോൻ അറിയാവുന്ന കാര്യം വിളമ്പി.

'' അതൊന്നും നോക്കിയിട്ടല്ല ഇവറ്റയെ വളർത്തുന്നത്. ഒരു പ്രസവത്തിൽ മൂന്നോ നാലോ കുട്ടികൾ ഉണ്ടാവും. കുറച്ച് കഷ്ടപ്പെട്ടാലും വലുതാക്കിയാൽ വാങ്ങാൻ ആളെത്തും. പെരുനാളിന്ന് ആടിനെ വാങ്ങാൻ വരുന്നവർ പറഞ്ഞ വില തരും ''.

'' ഇതിനൊക്കെ തീറ്റ കൊടുക്കാൻ എന്താ ചെയ്യാ ''.

'' കുട്ടികളും ഏട്ടനും സ്കൂളിലേക്ക് പോയാൽ ഞാൻ എല്ലാറ്റിനേയും ആട്ടിക്കൊണ്ട് ഏതെങ്കിലും തോട്ടത്തിലോ പറമ്പിലോ ചെല്ലും. ഉച്ചവരെ തിന്നാൻ വിടും. വീട്ടിലേക്ക് മടങ്ങി പോരുമ്പോൾ എവിടെ നിന്നെങ്കിലും കുറെ തൂപ്പുണ്ടാക്കി ഏറ്റിക്കൊണ്ടുവരും. എത്ര തിന്നാൻ ഇട്ടു കൊടുത്താലും ഇവറ്റയ്ക്ക് മതിയാവില്ല. ആയിരം ആനയെ പുലർത്താം അര ആടിനെ ആവില്ല എന്ന് പഴയ ആളുകൾ പറയുന്നത് വെറുതെയല്ല ''.

'' പിന്നെ എന്തിനാ എങ്ങിനെ ബുദ്ധിമുട്ടുന്നത് ''

'' ബുദ്ധിമുട്ടാതെ പറ്റില്ലല്ലോ ദീപൂ. കുടുംബം കഴിയണ്ടേ. അപ്പൊ ഇത്തിരി കഷ്ടപ്പെട്വൊന്നേ ''.

'' ചേച്ചി ഇങ്ങിനെ കഷ്ടപ്പെട്ടിട്ടും ഭാസ്ക്കരേട്ടൻ കടക്കാരനായി അല്ലേ ''.

'' ഏട്ടനെ ഞാൻ ഒരു കാലത്തും കുറ്റം പറയില്ല. ഒന്നൂല്യെങ്കിലും കാണാൻ കൊള്ളാത്ത എന്നെ കല്യാണംകഴിച്ച് ഇട്ടിട്ടുപോയില്യല്ലോ. പണത്തിന് ലേശം കുറവുണ്ടെങ്കിലും ഏട്ടന് സ്നേഹത്തിന് കുറവില്ല. എനിക്ക് അതുമതി. പിന്നെ കഷ്ടപ്പാട്. അത് എൻറെ തലേലെഴുത്ത്. മായ്ച്ചു കളയാൻ ആവില്ല. അനുഭവിച്ച് തീരട്ടെ ''.

'' സ്ഥലത്തിൻറെ പേരിലുള്ള കടം വീടിയില്ലേ. ഇനിയെന്താ ഉദ്ദേശം ''.

'' ജോലീന്ന് പിരിയുമ്പൊ എന്തെങ്കിലും കിട്ടും. അതോണ്ട് അവിടെ ചെറുക്കനെ ഒരു വീട് കെട്ടണം. രണ്ട് പെൺകുട്ടികളുണ്ട്. കല്യാണം കഴിച്ച് അയയ്ക്കാൻ പറ്റിയില്ലെങ്കിലും അടച്ചു കിടക്കാൻ ഒരു കൂരപ്പുര വേണ്ടേ ''.

'' തറവാട്ടിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ. പിന്നെന്തിനാ വേറെ വീട് ''.

'' ഇളയമ്മ ഒഴിമുറിവെച്ചു തന്നൂന്ന് കരുതി നിങ്ങൾക്കും കൂടിയുള്ള മുതലല്ലേ അത്. അവിടെ ഞാനും കുട്ട്യേളും താമസാക്കുന്നത് ശരി. പക്ഷേ ഏട്ടൻറെ കാര്യം അതാണോ. എത്രയായാലും അന്യനല്ലേ ''

'' ഇങ്ങിനെയാണോ ചേച്ചി കരുതിയത്. ഞങ്ങൾക്കാർക്കും തറവാടോ സ്ഥലമോ ഒന്നും വേണ്ടാ. നിങ്ങളെയൊക്കെ കാണണം എന്ന് തോന്നുന്നതോണ്ട് വരുന്നു എന്നേയുള്ളു. വലിയമ്മയ്ക്കോ അവകാശികൾക്കോ ഇഷ്ടമില്ല എന്നറിഞ്ഞാൽ ആരും വരാനും പോണില്ല ''.

'' നീയെന്താ ഈ പറയുന്നത്. നീ വരുന്നതും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കൊല്ലം എത്രയായി എന്നറിയ്യോ. നിനക്ക് ഇഷ്ടമാണ് എന്നു കരുതി എല്ലാ കൊല്ലവും ഞാൻ എവിടെ നിന്നെങ്കിലും പറങ്കിയണ്ടി പെറുക്കി എടുത്തു വെക്കും. കുറെ മാസം കഴിയുമ്പോ നീ വരില്യാന്ന് ബോദ്ധ്യാവും. അപ്പോൾ അതൊക്കെ ആരുടേയെങ്കിലും പറമ്പിൽ കുഴിച്ചിടും. മുളച്ച് വളർന്ന് വലിയ മരമായി കായ്ച്ചു നിൽക്കുന്നതുപോലെ എൻറെ ദീപുമോൻ വലിയ ആളാവട്ടെ എന്ന് മനസ്സിൽ കരുതും. എന്നാലും അത് വറുത്ത് മക്കൾക്ക് കൊടുക്കില്ല. നിന്നെ കണക്കാക്കി വെച്ചത് നിനക്ക് തരാൻ പറ്റിയില്ലെങ്കിൽ ആർക്കും വേണ്ടാ ''.

'' എന്നിട്ടാ ചേച്ചി ഇങ്ങിനെ പറഞ്ഞത് '' ദിലീപ് മേനോന് സങ്കടം തോന്നി.

'' ചേച്ചിക്ക് നിൻറത്ര ബുദ്ധിയും വിവരവും ഇല്ലാന്ന് നിനക്കറിയില്ലേ. നീ വേണ്ടേടാ ക്ഷമിക്കാൻ. എത്രയായാലും എൻറെ പാവാടത്തുമ്പിൽ തൂങ്ങി നടന്നോനല്ലേ നീ ''.

പടിക്കൽ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് എഴുന്നേറ്റു വാതിലിനടുത്തേക്ക് ചെന്നു. പപ്പനമ്മാമൻ വണ്ടിയിൽ നിന്ന് ഇറങ്ങി വരികയാണ്. കയ്യിൽ ഒരു പൊതിക്കെട്ടുണ്ട്.

'' പനങ്കൂമ്പാണ്. കണ്ടപ്പോൾ വാങ്ങി '' പപ്പനമ്മാമൻ പറഞ്ഞു '' ഈ സാധനം നിങ്ങളുടെ നാട്ടിൽ കിട്ടില്ലല്ലോ ''.

'' എനിക്ക് വലിയ ഇഷ്ടമാണ് '' ദിലീപ് മേനോൻ പൊതിക്കെട്ട് ഏറ്റുവാങ്ങി.

Friday, September 20, 2013

അദ്ധ്യായം - 13.


'' ഒലവക്കോട് എത്തിയാൽ പിന്നെ നേരെ പടിഞ്ഞാട്ട് പോണം. മുണ്ടൂരിൽ നിന്ന് വഴി രണ്ടായി പിരിയും. ഒന്ന് മണ്ണാർക്കാട്ടേക്ക്, മറ്റേത് ചെർപ്ലശ്ശേരിയിലേക്കും. രണ്ട് വഴീൽ കൂടി പോയാലും പെരിന്തൽ‌മണ്ണയിലെത്തും. അവിടുന്ന് നേരേ പോയാൽ മതി '' മുൻസീറ്റിൽ ദിലീപ് മേനോൻറെ അടുത്തിരുന്ന് ചെറിയച്ഛൻ വഴി പറഞ്ഞുകൊടുത്തു. പുറത്ത് കട്ടപിടിച്ച മഞ്ഞാണ്. അകലെയുള്ള വസ്തുക്കളെ കാണാനാവില്ല. അകത്ത് വിൻഡ് സ്ക്രീനിൽ പറ്റിപ്പിടിക്കുന്ന മൂടൽ മായ്ക്കാനായി എ.സി. ഓൺ ചെയ്തു.

'' പെരിന്തൽമണ്ണയുടെ അടുത്തല്ലേ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം '' ചെറിയമ്മ ചോദിച്ചു.

'' അതെ. അങ്ങാടിപ്പുറത്ത് '' ചെറിയച്ഛൻ മറുപടി നൽകി '' അതിൻറെ മുമ്പിൽ കൂടിയാണ് നമ്മള് പോവുന്നത് ''.

'' നമുക്കൊന്ന് അവിടെ കയറി തൊഴുതാലോ ''.

'' ആവാം. എനിക്ക് വിരോധം ഒന്നൂല്യാ ''.

''  ഇവിടെ നിന്ന് അവിടേക്ക് എത്ര ദൂരം കാണും '' ദിലീപ് മേനോൻ ചോദിച്ചു.

'' അറുപത്തഞ്ചോ എഴുപതോ കിലോമീറ്റർ. വളരെ പ്രസിദ്ധി ഉള്ളതാണ് ആ ക്ഷേത്രം. വിവാഹം നടക്കുന്നതിൽ തടസ്സം ഉള്ള ആളുകള് അവിടെ മംഗല്യപൂജ കഴിച്ചാൽ മതി. പെട്ടെന്ന് നടക്കും ''.

'' അതു ശരി. എനിക്ക് ഇതൊന്നും അറിയില്ല ''.

'' ചരിത്രപരമായിട്ടും വളരെ പ്രാധാന്യമുള്ള സ്ഥലമാണത്. ദീപു മാമാങ്കത്തിനെക്കുറിച്ച് കേട്ടിട്ടില്ല. മാമാങ്കത്തിൽ പൊരുതി മരിക്കാൻ ചാവേർ ഭടന്മാർ അവിടെ നിന്നാണ് പോയിരുന്നത് ''.

വളവും തിരിവും കൂടുതലാണെങ്കിലും റോഡ് നന്ന്. പുതുക്കി പണിതതാണെന്ന് തോന്നുന്നു. അധികം വാഹനങ്ങളുമില്ല. എങ്കിലും എൺപത് കിലോമീറ്ററിനപ്പുറം വേഗത കൂട്ടിയില്ല.

'' കുറച്ചും കൂടി കഴിഞ്ഞാൽ തിരക്കാവും. അപ്പോഴേക്ക് മണ്ണാർക്കാട് കടക്കണം '' ചെറിയച്ഛൻ പറഞ്ഞു '' ഇല്ലെങ്കിൽ ചിലപ്പോൾ കുരുക്കിൽപ്പെടും ''.

എതിരെ നിന്ന് നിരയായി നാലഞ്ച് ഗ്യാസ് ടാങ്കറുകൾ കടന്നു വന്നു. അവയെ മറി കടക്കാൻ ചില വാഹനങ്ങൾ ശ്രമിക്കുന്നുണ്ട്.

'' ഇങ്ങിനെത്തന്നെയാണ് അപകടം ഉണ്ടാവുന്നത്. സൈഡ് എടുക്കാൻ സ്ഥലം ഉണ്ടോന്ന് ഒരു നോട്ടൂം ഇല്ല. തിക്കിതിരക്കി കേറി വന്നോളും ''. ചെറിയച്ഛന് സംസാരിക്കാൻ വിഷയമായി. ഓരോ ദിവസവും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. വല്ലതും പറ്റിയാൽ രണ്ടു ദിവസത്തേക്ക് അതും പറഞ്ഞും കൊണ്ട് നടക്കും. പിന്നെ പഴയ പടി തന്നെ. ആർക്കും ഒരു ലക്കും ലഗാനും ഇല്ല. ചവിട്ടിപ്പിടിച്ച് അങ്ങോട്ട് പോവും. മനുഷ്യൻറെ ആയുസ്സിന്ന് യാതൊരു വിലയും ഇല്ലാതായി. അല്ലെങ്കിൽ നോക്കൂ. ഇത്രയധികം വളവുകളുള്ള വഴിയിലൂടെ ഇമ്മാതിരി കൂറ്റൻ വണ്ടികൾ ഓടിക്ക്വോ. പന്നിയമ്പാടത്തും നൊട്ടമല വളവിലും 

ഇടയ്ക്കിടയ്ക്ക് ടാങ്കർ ലോറി മറിയാറുണ്ട്. അപകടം പറ്റാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടത്രേ. എന്തു നടപടി. ഒന്നും ചെയ്യില്ല.

പാലത്തിനോട് ചേർന്നുള്ള തിരിവിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ്സ് ഇരച്ചെത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ഇടിച്ചില്ല.

'' വളവ് ഉള്ള ഇടത്ത് പാലം പാടില്ല. അതൊന്നും നോക്കാതെ പണിതതാണ് '' ചെറിയച്ഛൻ കുറ്റം കണ്ടെത്തി '' ശ്രദ്ധിച്ചതോണ്ട് അപകടം പറ്റീലാ. അല്ലെങ്കിലോ ''.

'' ആ കുട്ടി ഓടിച്ചോളും. നിങ്ങള് വേണ്ടാതെ ഓരോന്ന് പറഞ്ഞ് പരിഭ്രമിപ്പിക്കാതിരുന്നാൽ മതി '' പിന്നിൽ നിന്ന് ചെറിയമ്മ ഇടപെട്ടു.

'' ദീപു കോട്ടയം ഭാഗത്തൊക്കെ പോയിട്ടില്ലേ. ഇവിടുന്നങ്ങോട്ട് അതേ പ്രകൃതിയാണ്. കൃഷിയും കാലാവസ്ഥയും ഒക്കെ അതുപോലെത്തന്നെ ''. റോഡിനിരുവശത്തുമുള്ള റബ്ബർ തോട്ടങ്ങൾ അത് ശരിവെക്കുന്നുണ്ട്. നൊട്ടമല ഹെയർപ്പിൻ വളവുകളും മണ്ണാർക്കാട് ടൗണും ഇടുങ്ങിയ പാലവും കടന്നു.

'' ഒരു വൈതരണി കടന്നു '' ചെറിയച്ഛൻ സ്വയം ആശ്വസിച്ചു '' ചില ദിവസങ്ങളിൽ മണിക്കൂറ് കണക്കിൽ ഇവിടെ നിൽക്കേണ്ടി വരാറുണ്ട് ''.

ക്ഷേത്രത്തിന്നു മുമ്പിലുള്ള വിശാലമായ പാർക്കിങ്ങ് ഏരിയായിൽ കാർ നിർത്തി ഇറങ്ങി. കുറെ പടവുകൾ കയറി വേണം ക്ഷേത്രാങ്കണത്തിലെത്താൻ.

'' ഏടത്തിക്ക് കയറാൻ ബുദ്ധിമുട്ടാവ്വോ '' ചെറിയമ്മ ചോദിക്കുന്നത് കേട്ടു '' കാലിൻറെ മുട്ടിന്ന് വേദന ഉള്ളതല്ലേ ''.

'' അതൊന്നും സാരൂല്യാ. ദേവിടെ അടുത്തേക്ക് പോവുമ്പോൾ നോക്കേണ്ട കടമ ദേവിക്കുണ്ട്. പിന്നെ എന്തിനാ ആലോചിച്ച് ബേജാറാവുന്നത് ''.

'' നോക്ക് ദീപൂ. ഏടത്തിടെ മോഹം കേൾക്കണോ. ശബരിമലയിൽ പോയി തൊഴുകണോത്രേ ''.

'' അതിനെന്താ. നമുക്ക് പോവാലോ ''.

'' പറയാൻ എന്താ എളുപ്പം. നടക്കുന്ന കാര്യം വല്ലതും ആണോ ഇത്. എനിക്ക് അങ്ങിനത്തെ ഒരു മോഹൂം ഇല്ല. എൻറെ ദേഹംകൊണ്ടൊട്ട് ആവൂല്യാ ''.

തൊഴുത് പുറത്തിറങ്ങുമ്പോഴേക്ക് വിശപ്പ് തോന്നാൻ തുടങ്ങി.

'' അടുത്ത് നല്ല ഹോട്ടലുണ്ടോ ചെറിയച്ഛാ '' ദിലീപ് മേനോൻ ചോദിച്ചു.

'' ഉണ്ടാവും. അതൊന്നും തിരയാൻ നിൽക്കണ്ടാ. ഇവിടെ കാൻറീൻ പോലെ ഒന്നുണ്ട്. അവിടെ നിന്ന് എന്തെങ്കിലും കഴിക്കാം ''.

'' എനിക്കിപ്പൊ ഒന്നും വേണ്ടാട്ടോ '' വലിയമ്മ പറഞ്ഞു '' അവിടെ എത്തീട്ട് വല്ലതും മതി ''.

'' അതിന് സമയം കുറെയാവും ''.

'' ഛർദ്ദിക്കോ എന്ന് പേടിച്ചിട്ടാണ് ഏടത്തി കഴിക്കാത്തത് ''.

'' അങ്ങിനെ വല്ലതും തോന്നിയാൽ പറഞ്ഞോളൂ. ഞാൻ കാറ് നിർത്തിത്തരാം ''.

ഹോട്ടലിൽ നല്ല തിരക്കുണ്ട്. തൊഴാനെത്തിയരാണ് എല്ലാവരും. പഴയൊരു മേശയ്ക്ക് ചുറ്റും എല്ലാവരും ഇരുന്നു.

'' പപ്പനമ്മാമൻ ഇന്നലെ രാത്രി എത്തുംന്നല്ലേ പറഞ്ഞത്. എത്തീട്ടുണ്ടാവ്വോ '' വലിയമ്മ ചോദിച്ചു.

'' അറിയില്ല. എത്തും എന്ന് പറഞ്ഞിരുന്നു '' ദിലീപ് മേനോൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പപ്പനമ്മാമൻ കുറെപേരോടൊപ്പം പോയതാണ്. തലസ്ഥാനത്ത് എന്തോ മീറ്റിങ്ങോ പ്രകടനമോ ഉണ്ടെന്നാണ് പറഞ്ഞത്. പോവുന്നില്ലെന്ന് കുറെ പറഞ്ഞു നോക്കിയത്രേ. പക്ഷെ കൂടെയുള്ളവർ സമ്മതിക്കണ്ടേ. നടക്കാൻ വയ്യെങ്കിൽ വേണ്ടാ. പക്ഷെ ഞങ്ങളോടൊപ്പം  വരണമെന്ന് അവർക്ക് ഒരേ നിർബന്ധം. ഒടുവിൽ സമ്മർദ്ദത്തിന്ന് വഴിപ്പെട്ടു.

'' ഭഗവതി. വല്ലപ്പോഴും ഒന്നു വന്ന് കാണാനുള്ള യോഗം തരണേ '' വലിയമ്മ ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കി ഉറക്കെ പ്രാർത്ഥിക്കുന്നത് കണ്ടു. പാർക്കിങ്ങ് ഏരിയയിൽ നിന്ന് പുറത്തേക്ക് കടന്ന ശേഷം എല്ലാവരും ഒന്നുകൂടി തൊഴുതു. മെയിൻറോഡിലേക്ക് കയറിയ കാർ വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് കുതിച്ചു.

'' ദീപു ഈ വഴിക്ക് മുമ്പ് വന്നിട്ടുണ്ടോ '' ചെറിയച്ഛൻ ചോദിച്ചു.

'' എപ്പോഴോ ഒരിക്കൽ കോഴിക്കോട്ട് ഒരു കല്യാണത്തിന്ന് പോയിട്ടുണ്ട്. അന്ന് മഴയായിരുന്നു. ബസ്സിൻറെ കർട്ടൻ ഇട്ടതോണ്ട് ഒന്നും കണ്ടില്ല. കാലിക്കറ്റ് യുനിവേഴ്സിറ്റിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട്. അന്നൊക്കെ പാലക്കാട് നിന്ന് പരപ്പനങ്ങാടിവരെ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിലാണ് യാത്ര. ബാക്കി ദൂരം ബസ്സിലും ''.

വാഹനം ഹൈവേയിലൂടെ ഓടിക്കോണ്ടിരുന്നു. റോഡിൻറെ ഇരുവശത്തും തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടങ്ങളാണ്, വയലുകളിൽ നേന്ത്രവാഴകളും.

'' ഇനി വരുന്ന ജംക്ഷനിൽ നിന്ന് വലത്തോട്ട് തിരിയണം. പിന്നെ പത്തോ പന്ത്രണ്ടോ കിലോ മീറ്റർ. അത്രയേ ഉള്ളൂ ''.


ഹൈവേ കഴിഞ്ഞതോടേ റോഡ് മോശമായി. ആകെ പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. വാഹനം വേഗത്തിൽ ഓടിക്കാനാവില്ല.

'' മഴക്കാലം കഴിഞ്ഞാൽ മിക്ക റോഡുകളും ഇങ്ങിനെയാണ് '' ചെറിയച്ഛൻ പറഞ്ഞു '' ഇനി മാർച്ച് മാസത്തിൽ ഒരു നന്നാക്കലുണ്ട്. ഫണ്ട്സ് ലാപ്സാവാതെ കഴിക്കാൻ എന്തെങ്കിലും കാട്ടിക്കൂട്ടും ''.

വഴിവക്കിൽ മെറ്റൽ കൂട്ടിയിരിക്കുന്നത് കണ്ടു. റോഡുപണിക്കുള്ള ഒരുക്കമാവും. ദിലീപ് മേനോൻ വാച്ചിലേക്ക് നോക്കി. പത്ത് കിലോമീറ്റർ ഓടാൻ അരമണിക്കൂറിൽ താഴെ സമയമെടുത്തു.

'' ആ കാണുന്ന തട്ടുകടയുടെ ഇടത്തുഭാഗത്തേക്ക് തിരിയണം ''.
 




റോഡിൽ നിന്നും ടാറിടാത്ത ഇടവഴിയിലേക്ക് കാർ തിരിച്ചു. വഴി മുഴുവൻ കുണ്ടും കുഴിയുമാണ്. മുന്നിൽ ചെറിയൊരു കുന്നുണ്ട്. ഗിയർ മാറ്റി മെല്ലെ ഓടിച്ചു.

'' കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഈ വഴി ടാറിടുന്നു എന്നു പറഞ്ഞതാണ്. ഒന്നും ചെയ്തിട്ടില്ല '' ഉണ്ണിക്കുട്ടൻ പറയുന്നത് കേട്ടു.

'' അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. അതോടെ ആ കാര്യം മറന്നിട്ടുണ്ടാവും '' ചെറിയച്ഛൻ പറഞ്ഞു '' ഇനി അഞ്ചുകൊല്ലം തികയാറാവുമ്പോൾ ഓർമ്മ വരും ''.

കുന്നിറങ്ങിക്കഴിഞ്ഞു. ഇപ്പോൾ മുന്നിൽ കോൺക്രീറ്റ് റോഡാണ്.

'' ഇതെന്താ ഇങ്ങിനെ '' ദിലീപ് മേനോൻ ആശ്ചര്യപ്പെട്ടു.

'' ഈ ഭാഗം വേറെ വാർഡിലായിരിക്കും. ഇവിടുത്തെ മെമ്പറ് താൽപ്പര്യം എടുത്ത് ചെയ്യിച്ചതാവും. ഇതിലൊക്കെ എന്തെല്ലാം കളികളുണ്ട് എന്നറിയ്യോ '' ചെറിയച്ഛൻറെ വിശദീകരണം അയാൾക്ക് മനസ്സിലായില്ല.

'' ആ കാണുന്നതാ രാജി താമസിക്കുന്ന വീട് '' കുറച്ചകലെയുള്ള ചെറിയൊരു പുര ചൂണ്ടിക്കാണിച്ച് ചെറിയച്ഛൻ പറഞ്ഞു. വീട്ടിന്നു മുന്നിൽ വഴിയോരം ചേർത്തി കാറ് നിറുത്തി.

പടിക്കൽ കാത്തു നിൽക്കുന്ന സ്ത്രീ രാജിച്ചേച്ചിയാണെന്ന് വിശ്വസിക്കൻ പ്രയാസം തോന്നി.  ചേച്ചി അത്രയധികം മാറിയിരിക്കുന്നു. ദിലീപ് മേനോൻറെ കണ്ണുകൾ നനഞ്ഞു.

'' എന്താടാ ദീപൂ നീ മിഴിച്ചു നിൽക്കുന്ന് '' രാജിചേച്ചിയുടെ ഒച്ച കേട്ടു. പരുപരുത്ത ശബ്ദത്തിന്നു മാത്രം ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല.

'' ഇത്രകാലം ചേച്ചിയെ കാണാൻ വരാത്തതിന്ന് എന്നോട് ക്ഷമിക്കണം '' അയാൾ കൈ കൂപ്പി.

'' നീയെന്താ കുട്ടികളെപ്പോലെ. എനിക്കറിയില്ലേ നിനക്ക് തിരക്കാണെന്ന് '' രാജിച്ചേച്ചി അയാളുടെ കയ്യിൽ പിടിച്ചു. ഒരുനിമിഷം അയാൾ പഴയ ദീപുവായി. രാജിച്ചേച്ചിയുടെ നിഴലായി നടന്ന ദീപു.

Sunday, September 8, 2013

അദ്ധ്യായം - 12.

'' ഉച്ചഭക്ഷണം കഴിഞ്ഞാൽ ഉറങ്ങുന്ന പതിവുണ്ടോ '' കൈ കഴുകി വരുമ്പോൾ പപ്പനമ്മാമൻ ചോദിച്ചു. വീട്ടിൽ നിന്ന് വലിയമ്മ തന്നയച്ച ആഹാരത്തിന്ന് നല്ല രുചിയുണ്ടായിരുന്നു. രണ്ടു പേരും അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

'' ജോലി ഉള്ളതല്ലേ. ഉച്ച ഉറക്കം ശീലമായാൽ ശരിയാവില്ല ''.

'' ദീപു യാത്ര പോയ ദിവസം മാധവൻ വന്നിരുന്നു. തലേന്ന് രാത്രി നിങ്ങള് രണ്ടാളും കൂടി കുറേനേരം സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ''.

'' ശരിയാണ്. ചെറിയച്ഛൻ രാജിചേച്ചിയുടെ ചുറ്റുപാടുകൾ പറഞ്ഞുതന്നു ''.

'' കാര്യങ്ങളൊക്കെ മാധവൻ പറഞ്ഞു തന്നിട്ടുണ്ടാവും. എങ്കിലും ഞാൻ ഒന്നുംകൂടി പറയ്യാണ്. എൻറെ പെങ്ങള് സതിയുടെ നാലു മക്കളിൽ സുഭദ്രയ്ക്കാണ് കഷ്ടപ്പാടുള്ളത്. മറ്റുള്ളോരുടെ കാര്യം നോക്ക്. കുഞ്ഞുണ്ണി സമ്പാദിച്ചു കൂട്ടീട്ടുണ്ട്. പക്ഷെ ആ വിദ്വാന് ഉള്ളതും ഇല്ലാത്തതും ഒരുപോലെത്തന്നെ. സത്യം പറഞ്ഞാൽ അയാൾ ഒറ്റ ആളാണ് ആ കുട്ടിയെ ഇങ്ങിനെ ഒരു ബന്ധത്തിൽ കൊണ്ടുപോയി ചാടിച്ചത് ''.

'' വലിയമ്മ എപ്പോഴും ആ കാര്യം പറയും ''.

'' ഇനി ദീപൂൻറെ അമ്മയുടെ കാര്യം. ദൈവം സഹായിച്ച് സുശീലയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല.   പെൻഷനുണ്ട്. മുകുന്ദൻ നായർക്ക് പട്ടാളത്തിലെ പെൻഷനുണ്ട്. അതിനും പുറമെ എന്തോ ബിസിനസ്സുണ്ട്. അന്യനാട്ടിലാണെങ്കിലും നിനക്കും ഭാര്യക്കും നല്ല വരുമാനം ഉണ്ട്. നിൻറെ പെങ്ങള് ദീപ്തിക്ക് നിന്നേക്കാളും വരായ ഉണ്ടെന്നാണ് കേട്ടത്. അവളുടെ ഭർത്താവ് വലിയ ഉദ്യോഗസ്ഥൻ. അങ്ങിനെ നോക്കുമ്പോൾ നിങ്ങളുടെ തായ്‌വഴിയിലുള്ളോർക്ക് പണത്തിന് പ്രയാസം കാണില്ല ''.

'' ശരിയാണ് ''.

'' ഇനി മാധവൻറെയും സുമിത്രയുടേയും കാര്യം നോക്ക്വാ. മാധവൻ പെൻഷനായി. സുമിത്ര ഇക്കൊല്ലം പിരിയും. അവൾക്കും പെൻഷൻ കിട്ടും. ഇനി അവരുടെ മക്കൾ. രഞ്ജിനി ഹയർ സെക്കണ്ടറി സ്കൂൾടീച്ചറാണ്. ഭർത്താവ് സബ് ഇൻസ്പെക്ടർ. അവളുടെ താഴെയുള്ളവൻ മനോജ് ചെന്നെയിൽ ഏതോ വലിയ കമ്പിനിയിൽ മാനേജരാണ്. അതുകൊണ്ട് അവരുടെ കുടുംബത്തിനും കഷ്ടപ്പാടില്ല ''.

'' ചെറിയച്ഛൻ അതെല്ലാം പറഞ്ഞിരുന്നു ''.

''  ദീപു ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങള് മൂന്നു കൂട്ടരെപ്പോലെയാണോ സുഭദ്രയുടെ കാര്യം. പേരിന് ഒരു മകളേയുള്ളുവെങ്കിലും എന്നും അവളെ പറ്റി സങ്കടപ്പെടാനാ യോഗം. സ്വതവേ ആ കുട്ടിക്ക് വകതിരിവ് പോരാ. കല്യാണം കഴിച്ച് ചെന്ന ദിക്കിലാണച്ചാൽ അഷ്ട ദാരിദ്ര്യം. എന്താ ചെയ്യാ. വല്ലപ്പോഴും ഞാൻ ആ പെണ്ണിൻറെ പേരില് എന്തെങ്കിലും അയച്ചുകൊടുക്കും. ഞെരുങ്ങി പിടിച്ചിട്ടാണ് ആ കുടുംബം കഴിയുന്നത് ''.

'' ഞാൻ അവരെ സഹായിച്ചോളാം എന്ന് വലിയമ്മയോട് പറഞ്ഞിട്ടുണ്ട് ''.

'' അതും അറിഞ്ഞു. ദീപുവിൻറെ നല്ല മനസ്സാണ്. സ്വന്തം മക്കളേക്കാൾ മാധവന് ഇഷ്ടം ദീപുവിനോടാണ്. കയ്യിൽ കാശുണ്ടായിട്ടെന്താ, മനോജും രഞ്ജിനിയും കാൽ കാശ് ഒരൊറ്റ ആൾക്കും കൊടുക്കില്ലാത്രേ ''.

'' അതൊന്നും നമ്മള് നോക്കണ്ടാ. നമുക്ക് ആവുന്നത് ചെയ്യുക. അത്രതന്നെ ''.

'' അതാ ഞാൻ പറഞ്ഞോണ്ട് വരുന്നത്. ദീപുവിന് നല്ലോണം മനസ്സലിവുണ്ട്. അന്യൻറെ ദുഃഖം കണ്ടോണ്ടു നിൽക്കില്ല. പക്ഷെ ഒരു കുഴപ്പം ഉള്ളത് പറയാതെ വയ്യ. എന്തെങ്കിലും കേട്ടാൽ വരും വരായ ആലോചിക്കാതെ അതിൽ പോയി ചാടിവീഴും. മുകുന്ദൻ നായർക്ക് ദീപുവിനോട് തോന്നിയ അനിഷ്ടം തീരാൻ എത്ര കാലം വേണ്ടി വന്നുന്ന് ഓർമ്മീണ്ടല്ലോ ''.

അനിതയെ വിവാഹം ചെയ്തതിലാണ് അച്ഛന് അതൃപ്തിയുണ്ടായത്. എത്ര ആലോചിച്ചിട്ടും അന്നു ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല. അച്ഛനും അമ്മയും മരിച്ച ശേഷം അനിൽ പെങ്ങളേയുംകൂട്ടി ജോലി സ്ഥലത്തേക്ക് വന്നിട്ട് അധിക കാലമായിരുന്നില്ല. ഒരേ സ്ഥാപനത്തിലെ ജീവനക്കാർ എന്നതിലുപരി അനിൽ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു. ആ സമയത്താണ് അനിതയ്ക്ക് ഒരു വിവാഹാലോചന വരുന്നത്.

'' ദിലിപ്, എൻറെ സിസ്റ്റർക്ക് ഒരു കല്യാണാലോചന ഒത്തു വന്നിട്ടുണ്ട് '' പയ്യൻറെ പേരും ജോലിയും നാട്ടിലെ വിവരങ്ങളും അവൻ പറഞ്ഞതു കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി.

'' നെറ്റിൽ നിന്ന് കിട്ടിയതാ. ഞങ്ങളെപോലെ അജീഷിനും ബന്ധുക്കൾ ആരുമില്ല. പിന്നെ ഈ നാട്ടിൽതന്നെയാണ് അയാൾക്ക് ജോലി. അങ്ങിനെയൊരു സൗകര്യമുണ്ട് ''.

 ഏതാനും സുഹൃത്തുക്കൾ മാത്രമേ നിശ്ചയത്തിന്ന് ഉണ്ടായിരുന്നുള്ളു. അന്നാണ് അനിതയെ ആദ്യമായി കാണുന്നത്. നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയേ കല്യാണത്തിനുള്ളു.

'' ദിലീപ്, ഇതു കഴിയുന്നതുവരെ എൻറെ കൂടെയുണ്ടാവണം '' അനിലിൻറെ അഭ്യർത്ഥന മാനിച്ച് എല്ലാ കാര്യങ്ങൾക്കും ഒപ്പംനിന്നു. വിവാഹം നാട്ടിൽവെച്ചല്ലാത്തതിനാൽ അധികം ആളുകളെ ക്ഷണിക്കാനുണ്ടായിരുന്നില്ല. മറ്റെല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തീർത്തു. വിവാഹത്തിൻറെ തലേന്ന് രാത്രി അനിലിൻറെ ഫോൺ വന്നു.

'' ദിലീപ്, ഞാനും അനിതയും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല '' വിതുമ്പലിന്നിടയിലാണ് അനിൽ അതു പറഞ്ഞത് .

'' എന്താ സംഗതി '' പരിഭ്രമത്തോടേയാണ് അത് ചോദിച്ചത് .

'' അജീഷ് നമ്മളെ പറ്റിക്കുകയായിരുന്നു. അയാൾക്ക് നാട്ടിൽ ഭാര്യയും രണ്ടു മക്കളും ഉണ്ട് ''.

'' അതെങ്ങിനെ മനസ്സിലായി ''.

'' നാട്ടിൽ നമ്മുടെ ശരത്തിൻറെ ഭാര്യവീടിനടുത്താണ് അജീഷിൻറെ വീട്. കല്യാണത്തിന് അയാളെ ക്ഷണിക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ശരത്ത് ഭാര്യവീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അളിയനോട് ഈ വിഷയം പറഞ്ഞുവത്രേ. അളിയൻ പറഞ്ഞ വിവരമാണ് ഇത് ''.

'' ഈശ്വരാധീനം. കല്യാണം കഴിഞ്ഞിട്ടാണ് ഇത് അറിഞ്ഞതെങ്കിലോ ''.

'' നാളെ രാവിലെ എൻറെ പെങ്ങൾ വിവാഹത്തിന്ന് ഒരുങ്ങേണ്ടതാണ്. ഈ കാര്യം ഞാൻ എങ്ങിനെ അവളെ അറിയിക്കും. അതു മാത്രമോ ഞങ്ങൾ രണ്ടാളും എങ്ങിനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും ''.

'' ആളുകളെ കാണുന്നത് കണക്കാക്കണ്ടാ. വാസ്തവം പറഞ്ഞാൽ അവർക്ക് ബോദ്ധ്യമാവും. പക്ഷെ അനിയത്തിയെ എങ്ങിനെ ആശ്വസിപ്പിക്കും ''.

'' അതാണ് എനിക്കും അറിയാത്തത് ''.

'' വിഷമിക്കേണ്ടാ. എന്തെങ്കിലും വഴി ഉണ്ടാവും ''. അങ്ങിനെ പറഞ്ഞുവെങ്കിലും മനസ്സിൽ ഒരു വഴിയും അപ്പോൾ തോന്നിയിരുന്നില്ല. അന്നു രാത്രി കിടക്കുമ്പോഴാണ്  അനിതയെ വിവാഹം ചെയ്ത് അനിലിനും അവൾക്കും ഉണ്ടാകാവുന്ന നാണക്കേട് ഒഴിവാക്കിയാലോ എന്ന തോന്നലുണ്ടായത്.

പിറ്റേന്ന് അനിലിനെ വിവരം അറിയിച്ചതും സന്തോഷംകൊണ്ട് അയാൾക്ക് സംസാരിക്കാൻ ആയില്ല.

'' ദിലീപ് വീട്ടിൽ വിവരം അറിയിച്ചോ ''.

'' ഇല്ല. ചിലപ്പോൾ എതിർപ്പ് പറഞ്ഞാൽ കുഴപ്പമാവും ''.

വീട്ടിൽ പറയാതെ വിവാഹം ചെയ്തതിന്ന് അച്ഛനും അമ്മയും പെങ്ങളും അളിയനുമൊക്കെ കുറ്റപ്പെടുത്തി. ചെറിയച്ഛനാണ് അച്ഛനെ സമാധാനിപ്പിച്ചത്. വലിയമ്മയും ചെറിയമ്മയുംകൂടി അമ്മയേയും. അനിതയുടെ സ്വഭാവഗുണങ്ങൾ അറിഞ്ഞതോടെ അവളോട് എല്ലാവർക്കും ഇഷ്ടം തോന്നിയെങ്കിലും അച്ഛന് നീരസം ബാക്കിയുണ്ടോ എന്ന് തോന്നാറുണ്ട്.

'' എന്താ വല്ലാതെ ആലോചിക്കുന്നത് '' പപ്പനമ്മാമൻ ചോദിക്കുന്നത് കേട്ടു.

'' ആ സാഹചര്യത്തിൽ അനിതയെ വിവാഹം ചെയ്തു. അടുത്ത സുഹൃത്തിനെ അതല്ലാതെ സഹായിക്കാൻ വേറെ വഴി കണ്ടില്ല ''.

'' അതൊക്കെ എല്ലാവർക്കും ബോദ്ധ്യായിട്ടുണ്ട്. സംഭവം അറിഞ്ഞതും എനിക്ക് ദീപൂനോട്  ബഹുമാനമാണ് തോന്നിയത്. വധുവിൻറെ രൂപഭംഗി, സാമ്പത്തികം, വിദ്യാഭ്യാസം, ജോലി എന്നിവയൊക്കെ സൂക്ഷ്മമായി പരിശോധിച്ച് എന്തു നേട്ടമുണ്ടാക്കാം എന്ന് മനസ്സിലാക്കി വിവാഹബന്ധത്തിൽ ഏർപ്പെടുന്നവർക്കിടയിൽ കൂട്ടുകാരൻറെ അഭിമാനത്തിന്ന് പോറൽ പറ്റാതിരിക്കാൻ ഇങ്ങിനെയൊരു ത്യാഗം ചെയ്യാൻ മുതിർന്ന മനസ്ഥിതിയെ ആദരിക്കാതെ വയ്യ ''.

'' ഞാൻ അതൊന്നും ചിന്തിച്ചിട്ടില്ല. എന്നെക്കൊണ്ട് അതേ കഴിയൂ. ഞാൻ അതു ചെയ്തു ''.

'' അത് ശരി. ഇനി ഞാൻ പറയാൻ വന്ന കാര്യം മുഴുമിക്കട്ടെ. വലിയമ്മയ്ക്ക് കാറ് വാങ്ങി കൊടുക്കാം, മരുമകന് ബൈക്ക് വാങ്ങി കൊടുക്കാം എന്നൊക്കെ പറഞ്ഞതായി അറിഞ്ഞു. എല്ലാം നല്ലതന്നെ. പക്ഷെ അർജൻറായി ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട് ''.

'' രാജിചേച്ചിയെ കോട്ടക്കലിൽകൊണ്ടുപോയി ചികിത്സിക്കണം. ഇളയ കുട്ടിയെ നല്ലൊരു ആസ്പത്രിയിൽ കാണിക്കണം എന്നൊക്കെയല്ലേ. ചെറിയച്ഛൻ അതെല്ലാം പറഞ്ഞിട്ടുണ്ട് ''.

'' അതിനേക്കാളും പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് '' പപ്പനമ്മാമൻ തുടർന്നു '' രാജിയുടെ ഭർത്താവ് എന്തോ ആവശ്യത്തിന് പലിശക്കാരുടെ കയ്യിൽ നിന്ന് കുറെ പണം വാങ്ങീട്ടുണ്ട്. അമ്മ മരിച്ചപ്പോൾ അടിയന്തരം നടത്താനോ എന്തോ ആണത്രേ. സ്കൂളിലെ പ്യൂണല്ലേ അവൻ. എന്തന്നെ വരുമാനം ഉണ്ടാവും. കുടുംബ ചിലവിനന്നെ തികയില്ല. ഇപ്പോ മുതലും പലിശയും കൂടി സംഖ്യ പെരുകീട്ടുണ്ടാവും. വീതം വെച്ചപ്പോൾ അവന് കിട്ടിയത് നാലഞ്ച് സെൻറ് ഭൂമി മാത്രം. കടം കൊടുത്ത ആളുകള് അത് കൊണ്ടുപോവും എന്നാ അറിഞ്ഞത് ''.

'' വലിയമ്മയോ ചെറിയച്ഛനോ ഇത് എൻറടുത്ത് പറഞ്ഞില്ലല്ലോ ''.

'' അവർക്കാർക്കും ഇത് അറിയില്ല. ഞാൻ പറഞ്ഞില്ലേ, ചിലപ്പോൾ രാജിക്ക് എന്തെങ്കിലും അയച്ചുകൊടുക്കും എന്ന്. അവളെനിക്ക് ഇടയ്ക്കൊക്കെ കത്തയക്കും. അങ്ങിനെയാണ് ഈ വിവരം ഞാൻ അറിഞ്ഞത് ''.

'' വളരെ വലിയ സംഖ്യയാണോ ''.

'' അത്ര വലുതൊന്നുമാവില്ല. ആരാ ചുരുങ്ങിയ വരുമ്പടിയുള്ള ഒരാൾക്ക് വലിയ സംഖ്യ കടം കൊടുക്കുക ''.

'' ഈ ശനിയാഴ്ച ഞങ്ങൾ രാജിചേച്ചിയെ കാണാൻ പോവുന്നുണ്ട്. അതിനു മുമ്പ് എത്ര പണം വേണം എന്നറിഞ്ഞാൽ കൊടുക്കാമായിരുന്നു ''.

'' ധൃതി കൂട്ടണ്ടാ. അവിടെ ചെല്ലുമ്പോൾ രാജിടെ അടുത്ത് സ്വകാര്യത്തിൽ ചോദിച്ചറിയുക. പണം പിന്നെ എത്തിച്ചു കൊടുത്താൽ മതി ''.

'' അങ്ങിനെ ചെയ്യാം ''.

'' ഒരു കാര്യം കൂടി. കാറും ബസ്സും ഒന്നും ഇപ്പൊ വേണ്ടാ. അതൊക്കെ അവർക്ക് വേണ്ടാത്ത ബുദ്ധിമുട്ടാവും. പാണന് ആന മൂധേവി എന്നു പറയുന്നത് കേട്ടിട്ടില്ലേ. വേണച്ചാൽ ആ കുട്ടിടെ മോഹത്തിന് അധികം വില വരാത്ത ഏതെങ്കിലും ഒരു വണ്ടി വാങ്ങി കൊടുത്തോളൂ ''.

'' ശരി ''.

'' എന്തെങ്കിലും കേൾക്കുമ്പോഴേക്ക് ചാടി ഇറങ്ങരുത്. നല്ലോണം ആലോചിച്ച ശേഷമേ ഏതു കാര്യവും ചെയ്യാവൂ. അത് ഓർമ്മ വേണം ''. ദിലീപ് മേനോൻ ശരി എന്ന മട്ടിൽ തലയാട്ടി.

'' കുടിക്കാൻ കൊണ്ടുവന്നോട്ടേ '' കാലത്ത് കണ്ട ലീല വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

'' രണ്ട് ചായ കിട്ടാൻ വഴീണ്ടാവ്വോ ''.

'' നോക്കട്ടെ '' അവൾ പോയി.

'' നാലു മണിക്ക് അര ഗ്ലാസ്സ് ആട്ടിൻപാല് അത്രയും വെള്ളം ചേർത്തി തിളപ്പിച്ചു കൊണ്ടുവന്നു തരും. അതാ വന്നു ചോദിച്ചത് ''.

'' ഞാൻ കാരണം പതിവ് മുടങ്ങിയോ ''.

'' സാരൂല്യാ. ഇടയ്ക്ക് ഒരു മാറ്റം വേണ്ടേ ''. ലീലയുടെ മകൻ കയ്യിൽ ഒരു പന്തുമായെത്തി.

'' നിനക്ക് കളിക്കണം അല്ലേടാ കണ്ണാ. മുത്തച്ച ഇപ്പൊ കളിക്കാൻ വരാട്ടോ '' അദ്ദേഹം വാത്സല്യത്തോടെ അവനെ തഴുകുന്നത് ദിലീപ് മേനോൻ നോക്കിയിരുന്നു.

Saturday, August 31, 2013

അദ്ധ്യായം - 11.


'' മുത്തച്ചേ, ഈ പെണ്ണ് എന്നെ കളിയാക്കുന്നു '' ഒരു ആൺകുട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചു. ദിലീപ് മേനോൻ കണ്ണു തുറക്കാതെതന്നെ വർത്തമാനം ശ്രദ്ധിച്ചു കിടന്നു.

'' മുത്തച്ചേ, ഇവൻ പറയ്യാണ് ഒറ്റ സംഖ്യ പഠിക്കാനാണ് ബുദ്ധിമുട്ടെന്ന്. ഞാൻ പറഞ്ഞു സ്ക്വയർ റൂട്ടും, സ്ക്വയറും പഠിക്കാനാണ് പാടെന്ന് . ഏതാണ് പഠിക്കാൻ പാട്. മുത്തച്ച പറയൂ '' ഒരു പെൺകുട്ടിയുടെ ശബ്ദമാണ് അത്.

'' നിങ്ങളുടെ അച്ഛന് എന്താ ജോലി '' പപ്പനമ്മാമൻറെ ചോദിക്കുന്നത് കേട്ടു.

'' ലോറീന്ന് ലോഡ് ഇറക്കൽ '' പെൺകുട്ടി പറഞ്ഞു.

'' ശരി. അച്ഛൻ ലോറീന്ന് ഒരു ചാക്ക് സിമിൻറ് ഇറക്കും. നിന്നെക്കൊണ്ടാവ്വോ ഒരു ചാക്ക് സിമിൻറ് ഇറക്കാൻ ''.

'' അതിന്  ഞാൻ കുട്ടിയല്ലേ ''.

'' സമ്മതിച്ചോ. അതുപോലെത്തന്നെ ഇവനും കുട്ടിയാണ്. നിൻറെ പ്രായം ആവുമ്പോൾ ഇവനും നീ പഠിക്കുന്നതൊക്കെ പഠിക്കും ''.

'' അയ്യേ. ഇവള് തോറ്റേ '' പയ്യൻ കളിയാക്കി ചിരിച്ചു. പെൺകുട്ടിയുടെ കരച്ചിലാണ് പിന്നെ കേൾക്കുന്നത്.

'' നീ കരയ്യോന്നും വേണ്ടാ. അവൻ നിൻറെ അനുജനല്ലേ. നീ വേണ്ടേ ക്ഷമിക്കാൻ ''.

'' മുത്തച്ചൻ അവൻറെ സൈഡാണ് ''.

'' അല്ല മോളേ. മുത്തച്ചൻ രണ്ടാളുടേയും ആണ്. നീയും ഇവനും തമ്മിൽ ബന്ധം ഉള്ളതു പോലെ നിൻറെ സ്ക്വയറും ഇവൻറെ ഒറ്റ സംഖ്യയും തമ്മിൽ ഒരു ബന്ധൂണ്ട് ''.

അത് പുതിയൊരറിവാണ്. ദിലീപ് മേനോൻ എഴുന്നേറ്റിരുന്നു. പപ്പനമ്മാമൻ മേശതുറന്ന് കറുത്ത ഒരു റബ്ബർ ഷീറ്റെടുത്ത് ചുവരിലെ ആണിയിൽ തൂക്കി. എന്നിട്ടൊരു ചോക്കെടുത്തു.

'' ഒരു സംഖ്യയുടെ സ്ക്വയർ എന്നു പറഞ്ഞാലെന്താ. ആ സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്. അങ്ങിനെയല്ലേ ''. അതെയെന്ന് പെൺകുട്ടി തലയാട്ടി.

'' അപ്പോൾ ഒന്നിനെ ഒന്നുകൊണ്ട് ഗുണിച്ചാൽ ഒന്ന്. രണ്ടിനെ രണ്ടുകൊണ്ട് ഗുണിച്ചാൽ നാല്. മൂന്നിനെ മൂന്നുകൊണ്ട് ഗുണിച്ചാൽ ഒമ്പത്. ശരിയല്ലേ ''. പെൺകുട്ടി സമ്മതിച്ചു.

'' ഇനിയാണ് തമാശ. നോക്കിക്കോ '' പപ്പനമ്മാമൻ ചോക്കുമായി റബ്ബർഷീറ്റിനടുത്തേക്ക് ചെന്നു.

( 1 x I ) - ( 0 x 0 )  = I - 0 = I.  അതേപോലെ
( 2 x 2 ) - ( 1 x 1 ) = 4 - 1 = 3.
( 3 x 3 ) - ( 2 x 2 ) = 9 - 4 = 5.
( 4 x 4 ) - ( 3 x 3 ) = 16 - 9 = 7.
( 5 x 5 ) - ( 4 x 4 ) = 25 - 16 = 9.
( 6 x 6 ) - ( 5 x 5 ) = 36 - 25 = 11.
( 7 x 7 ) - ( 6 x 6 ) = 49 - 36 = 13.
( 8 x 8 ) - ( 7 x 7 ) = 64 - 49 = 15.
( 9 x 9 ) - ( 8 x 8 ) = 81 - 64 - 17.

'' ഇനി അവസാനത്തെ വരി മുകളിൽ നിന്ന് താഴോട്ട് നോക്കിൻ. ഒറ്റ അക്ഷരങ്ങൾ ക്രമമായി എഴുതിയ മട്ടിലായില്ലേ. രണ്ടു കുട്ടികളും തലയാട്ടി. ഇപ്പോൾ മനസ്സിലായോ ചേച്ചി പഠിക്കുന്ന സ്ക്വയറും അനിയൻ പഠിക്കുന്ന ഒറ്റ സംഖ്യയും തമ്മിൽ ബന്ധമുണ്ടെന്ന് ''. കുട്ടികൾ അത്ഭുത ഭാവത്തിൽ അന്യോന്യം നോക്കി.

'' ഇനി രണ്ടാളും തമ്മിൽ തല്ലാതെ വീട്ടിൽ പോയിരുന്ന് പഠിക്കിൻ ''.

'' ഞങ്ങൾക്ക് സ്കൂളിൽ പോണം ''.

'' എന്നാൽ പൊയ്ക്കോളിൻ ''. കുട്ടികൾ രണ്ടുപേരും എഴുന്നേറ്റുപോയി.

'' ഇത് എനിക്കും പുതിയ അറിവാണ്. ഞാൻ ഈ റിലേഷൻഷിപ്പ് പഠിച്ചിട്ടില്ല '' ദിലീപ് മേനോൻ പറഞ്ഞു.

'' ഞാനും ഇത് പഠിച്ചതൊന്ന്വോല്ല ''.

'' പിന്നെ ''.

'' പറയാൻ തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട്. ചിലപ്പൊ ബോറ് തോന്നും ''.

'' ഏയ്, ഒട്ടും ബോറാവില്ല. സത്യം പറഞ്ഞാൽ എന്താണ് സംഗതി എന്നറിയാതെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടില്ല ''.

'' എന്നാൽ കേട്ടോളൂ. പണ്ടുമുതലേ എനിക്കൊരു ശീലമുണ്ട്. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ ഒരാളെക്കുറിച്ചും ചിന്തിക്കാറില്ല. എന്തിനാ അവൻ ഇങ്ങിനെയാണ്, ഇവൾ അങ്ങിനെയാണ് എന്നൊക്കെ ആലോചിക്കുന്നത്. പാപം നേടാനോ. അതുപോലെ നാളെ എന്ത് സംഭവിക്കും ഇപ്പോഴുള്ളപ്രശ്നം എങ്ങിനെതീർക്കും എന്നൊന്നും ഓർക്കാറില്ല. ഓർത്താലും ഇല്ലെങ്കിലും വരേണ്ടത് വരും, ചിലതൊക്കെ വന്നതുപോലെ പോവും ചെയ്യും. പിന്നെന്തിനാ വേണ്ടാതെ ഓരോന്നാലോചിച്ച് വേവലാതിപെടുന്നത് ''.

'' ഉണർന്നിരിക്കുന്ന സമയത്ത് മനുഷ്യൻറെ മനസ്സിൽ ചിന്തകൾ ഉണ്ടായിക്കൊണ്ടിരിക്കില്ലേ. പപ്പനമ്മാന് അങ്ങിനെയില്ല എന്നാണോ ''.

'' ചിന്തിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. ചിന്തിക്കും. അതിൻറെ രീതിയിൽ വ്യത്യാസം ഉണ്ട് എന്നേയുള്ളു ''. ദിലീപ് മേനോന് അത് മനസ്സിലായില്ല.

'' എന്താ വ്യത്യാസം ''.

'' കുട്ടിക്കാലത്ത് സ്കൂളിലേക്ക് പുറപ്പെടുമ്പോൾ ഞാൻ പുസ്തകത്തിലുള്ള ഒരു കണക്ക് നോക്കിവെക്കും. വഴിനീളെ അതിൻറെ സ്റ്റെപ്പുകൾ മനസ്സിൽ ചെയ്യും. ഇടയ്ക്ക് തെറ്റും. അപ്പോൾ വീണ്ടും തുടങ്ങും. അങ്ങിനെ ഉത്തരത്തിലെത്തുമ്പോൾ ഒരു സന്തോഷമുണ്ട്. ഇതേപോലെ ക്ലാസിൽ പഠിപ്പിച്ച ചരിത്രത്തിലെ ഭാഗങ്ങൾ ചില ദിവസങ്ങളിൽ ചിന്തിച്ചു നടക്കും. അലക്സാണ്ടർ നടത്തിയ യുദ്ധങ്ങളും അക്ബറുടെ ഭരണപരിഷ്ക്കാരങ്ങളും എന്തിന് നമ്മുടെ വീരപുരുഷന്മാരായ ഒതേനനേയും ആരോമലേയും കുറിച്ച് ആലോചിച്ചാൽ മതി വരില്ല. ദൂരേ നിന്നും റേഡിയോവിലൂടെ ശബ്ദവും ടെലിവിഷനിലൂടെ കാഴ്ചകളും നമുക്ക് മുമ്പിൽ എത്തിക്കാമെങ്കിൽ എന്തുകൊണ്ട് വസ്തുക്കളെ ഒരു ദിക്കിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചു കൂടാ എന്ന് ചിന്തിച്ചു കൂടെ. ഏതാനും മണിക്കൂറുകൾകൊണ്ട് അന്യഗ്രഹങ്ങളിൽ എത്താനുള്ള സംവിധാനം ഉണ്ടാവുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുന്നതിൽ എന്താ തെറ്റ്. ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ എനിക്ക് കിറുക്കാണെന്ന് ദീപുവിന് തോന്നുന്നുണ്ടോ ''.

'' ശരിക്ക് പറഞ്ഞാൽ എനിക്ക് അത്ഭുതമാണ് തോന്നുന്നത് ''.

'' ഇങ്ങിനെയൊക്കെയല്ലേ സാഹിത്യകാരന്മാർ ഓരോന്ന് എഴുതുന്നത്. കഥാകാരൻ താൻ എഴുതുന്ന കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കണം. അവരുടെ മാനസീകവ്യാപാരങ്ങൾ അടുത്തറിയണം. എന്നാലല്ലേ എഴുതാനൊക്കൂ. പിന്നെ ഈ ശീലംകൊണ്ട് എന്താ ഗുണം എന്ന് അറിയ്യോ. ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുമ്പോൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാവില്ല. അതു കാരണം ജയിലിൽ കിടന്നപ്പോൾ എനിക്ക് ഒട്ടും വിഷമം തോന്നീട്ടുമില്ല ''.

'' അതും ഈ കണക്കും തമ്മിലെന്താ ബന്ധം ''.

'' പറയാം. അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചില തോന്നലുകളുണ്ടാവും. നമ്മൾ ഉൾവിളി എന്നൊക്കെ പറയില്ലേ. അങ്ങിനത്തെ ഒരു തോന്നലിലാണ് ഇത് മനസ്സിലായത്. വശങ്ങൾ ഒരേ അളവിലുള്ള രൂപങ്ങളെക്കുറിച്ച് ഒരുദിവസം ആലോചിച്ചിരുന്നു. മൂന്നുഭാഗം തുല്യ അളവിലുള്ള തൃകോണം, സമചതുരം, പഞ്ചഭുജം, ഷഡ്ഭുജം അങ്ങിനെ പോകും ആ പട്ടിക. അവയുടെ വിസ്തീർണം തമ്മിലുള്ള അനുപാതം കണക്കാക്കുന്നതിന്നിടയിലാണ്  ഇത് എൻറെ ശ്രദ്ധയിൽപെട്ടത്.

'' അപ്പോൾ ഇത് പപ്പനമ്മാമൻറെ കണ്ടുപിടുത്തമാണോ ''.

'' എന്നൊന്നും ഞാൻ പറയില്ല. ചിലപ്പോൾ ഇത് നേരത്തെതന്നെ അറിയുന്നതായിരിക്കും. ഞാൻ പഠിച്ചിട്ടില്ലയെന്നേയുള്ളു ''.

'' ശാസ്ത്ര സംബന്ധമായ തോന്നലുകൾ കുട്ടിക്കാലത്തേ മനസ്സിൽ ഉണ്ടായിരുന്നോ ''.

'' തറവാടിൻറെ മുൻഭാഗത്ത് നാല് മാവുകൾ ഉണ്ടായിരുന്നു. ഒരേതരം മാങ്ങയാണ് അവയിൽ ഉണ്ടാവുക. അന്ന് ഒട്ടുമാവുകളെക്കുറിച്ച് കേട്ടിട്ടേയില്ല. ഓരോന്നിലും ഓരോവിധം മാങ്ങകൾ എങ്ങിനെയുണ്ടാക്കാം എന്ന് ആ കാലത്ത് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ''.

'' ചരിത്രത്തെ സംബന്ധിച്ചോ ''.

'' യുദ്ധങ്ങളുടേയും ഭരണമാറ്റങ്ങളുടേയും വിവരണമാണ് നമ്മൾ പഠിച്ചിട്ടുള്ള ചരിത്രം. വിട്ടു പോയ വലിയൊരു ഘടകം അതിലുണ്ട്. ആ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സാധാരണ മനുഷ്യരുടെ ജീവിതരീതി, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, അവർ അനുഭവിച്ച ദുരിതങ്ങൾ എന്നിവയൊന്നും ചരിത്രത്തിൽ ഇടം പിടിക്കാറില്ല. ഏതാനും കൊല്ലം കഴിഞ്ഞാൽ നമ്മുടെ നാട്ടിലുള്ള റോഡ് എപ്പോൾ ഉണ്ടാക്കി, എപ്പോഴാണ് ഈ വഴിക്കുള്ള റെയിൽവെ ലൈൻ വൈദ്യുതീകരിച്ചത് എന്നൊക്കെ ചോദിച്ചാൽ ആർക്കാണ് പറയാനാവുക. മറ്റു പലതിനെ പോലെ അതെല്ലാം ചരിത്രത്താളുകളിലെ തമോഗർത്തങ്ങളിൽ പതിക്കും ''.

'' എനിക്ക് പപ്പനമ്മാമന് കാണാൻ കഴിഞ്ഞ മാറ്റങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട് ''.

'' എനിക്ക് തൊണ്ണൂറ് വയസ്സാവാറായി. പത്തു പതിനഞ്ച് വയസ്സുവരെയുള്ളത് ഓർമ്മയിൽ ഇല്ലെങ്കിലും മുക്കാൽ നൂറ്റാണ്ടുകാലത്തെ കാര്യങ്ങൾ എനിക്കറിയാം ''.

'' ഇന്ത്യ സ്വതന്ത്രമായതിന്നു ശേഷമുള്ള കാര്യങ്ങൾ എനിക്കറിഞ്ഞാൽ മതി ''.

'' എല്ലാം പറഞ്ഞു തരാം. പക്ഷെ ഒരിരുപ്പിന് ആവില്ല ''.

'' വേണ്ടാ. ഞാൻ ഇനി വരുമ്പോൾ ഒരു പുസ്തകവുമായി വരാം. പറയുന്നത് അപ്പപ്പോൾ കുറിച്ചെടുക്കാമല്ലോ ''.

പുറത്തു നിന്ന് ആരുടേയോ ശബ്ദം കേട്ടു. പപ്പനമ്മാമൻ വാതിൽക്കലേക്ക് ചെന്നു.

'' കുഴൽക്കിണറിനുള്ള സ്ഥലം നോക്കാൻ പഞ്ചായത്തിൽ നിന്ന് ആളുകൾ വരുന്നുണ്ട് '' വന്ന ആൾ പറയുന്നത് കേട്ടു.

'' ദീപൂ, ഞാൻ അവിടെ ഒന്ന് നോക്കീട്ട്  വരാം '' പപ്പനമ്മാമൻ മുറ്റത്തേക്കിറങ്ങി, '' ഞാനും
 വരുന്നൂ '' എന്നു പറഞ്ഞ് ദിലീപ് മേനോനും.

Sunday, August 25, 2013

അദ്ധ്യായം 10.

പതിവിലും നേരത്തെ ദിലീപ്മേനോന്‍ ഉറക്കമുണര്‍ന്നു. കുറച്ചുനേരം കണ്ണും മിഴിച്ച് കിടന്നു. തുറന്നിട്ട ജനാലയിലൂടെ പിന്‍നിലാവ് അകത്തേക്ക് എത്തിനോക്കുകയാണ്. സമയം അഞ്ചാവുന്നതേയുള്ളു. ഇനി ഉറങ്ങുന്നില്ല. രാവിലെത്തന്നെ പപ്പനമ്മാമന്‍റെ വീട്ടിലേക്ക് ചെല്ലണം. പറഞ്ഞ വാക്ക് പാലിക്കാത്തതിന്ന്  ക്ഷമ ചോദിക്കണം. പകല്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പം കഴിയണം.

മകരകൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കടന്ന് അമ്പലത്തില്‍നിന്നും ഭക്തിഗാനങ്ങള്‍ ഒഴുകിയെത്തി. പെട്ടെന്ന് കടന്നുപോയ കാലം മനസ്സിലെത്തി. കോളേജ് പഠനം തുടങ്ങിയതു മുതല്‍ തറവാട്ടിലെ മുന്‍വശത്തുള്ള ചാരുപടിയിലാണ് കിടന്നുറങ്ങാറ്. അതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്. തറവാടിന്ന് ചുറ്റുമുള്ള മരക്കൂട്ടം നല്ല തണുത്ത കാറ്റ് എല്ലായ്പ്പോഴും എത്തിക്കും. വീട്ടുകാര്‍ അറിയാതെ നാടകത്തിനോ സെക്കന്‍ഡ്ഷോ സിനിമയ്ക്കോ ഒക്കെ പോയി തിരിച്ചു വന്ന് കിടന്നുറങ്ങാം. നറുനിലാവില്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്ന മരങ്ങളുടെ ഭംഗി, പാല പൂക്കുന്നകാലത്ത് ചുറ്റുപാടും പരന്നൊഴുകുന്ന പാലപ്പൂവിന്‍റെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്നിവയൊക്കെ ആസ്വദിച്ച ആ കാലം മറക്കാനാവില്ല.

അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. വലിയമ്മ വീട്ടുപണികള്‍ തുടങ്ങി കാണും. എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.

'' ഇന്നെന്താ നീ ഇത്ര നേരത്തെ '' വലിയമ്മ ചോദിച്ചു.

'' ഒന്നൂല്യാ. നേരത്തെ ഉണര്‍ന്നു. ഇനി കിടന്നാലും ഉറക്കം വരില്ല ''.

'' എന്നാല്‍ പല്ലു തേച്ചോ. ഞാനിപ്പൊ ചായീണ്ടാക്കി തരാം ''. ചൂടുചായ ഊതി കുടിക്കുമ്പോള്‍ വലിയമ്മ നാളികേരം ചിരകാന്‍ ഒരുങ്ങുകയാണ്.

'' വലിയമ്മേ ഇങ്ങിട്ടു തരൂ. ഞാന്‍ ചിരകിത്തരാം ''.

'' വേണ്ടാ. പരിചയം ഇല്ലാത്തതല്ലേ. ചിലപ്പോ ചിരവടെ നാവ് തട്ടി കൈ മുറിയും ''.

'' മുമ്പൊക്കെ ഞാന്‍ ചെയ്യാറുള്ളതല്ലേ. ഒന്നും മറന്നിട്ടില്ല '' മുമ്പ് വലിയമ്മയ്ക്ക് നാളികേരം ചിരകി കൊടുക്കുന്ന പണി ഒരു അവകാശമായിരുന്നു. ചിരവ നാവില്‍ നിന്ന് പ്ലേറ്റിലേക്ക് അടര്‍ന്നു വീഴുന്ന നാളികേരത്തിലൊരു ഭാഗം വായിലെത്തും.

'' നീ ഇങ്ങിനെ തിന്നാല്‍ ചട്ടിണി അരയ്ക്കാന്‍ തികയില്ല '' എന്നു പറയുമെങ്കിലും ചിലപ്പോള്‍ വലിയമ്മ  ഒരച്ച് ശര്‍ക്കര തരും. ശര്‍ക്കര കൂട്ടി നാളികേരം തിന്നാന്‍ ബഹുസ്വാദാണ്.

'' ഞാന്‍ രാവിലെത്തന്നെ പപ്പനമ്മാമന്‍റെ അടുത്തേക്ക് പോവും. പിന്നെ വൈകുന്നേരമേ വരുള്ളു ''.

'' അപ്പോള്‍ ഭക്ഷണത്തിനോ ''.

'' ഞങ്ങള്‍ ഉണ്ടാക്കി കഴിക്കും ''.

'' വെറുതെ ആ സാധൂനേ ബുദ്ധിമുട്ടിക്കണ്ടാ. രാവിലേക്ക് ആപ്പവും ഇഷ്ടുവുമാണ്. പപ്പനമ്മാമനുള്ളത് ഞാന്‍ ഒരു പാത്രത്തിലാക്കി തരാം. പോവുമ്പോള്‍ കൊണ്ടുപൊയ്ക്കോ. ഉച്ചയ്ക്ക് ഇവിടംവരെ വന്നാല്‍ രണ്ടാള്‍ക്കും വേണ്ട ഭക്ഷണം ടിഫിന്‍ പാത്രത്തിലാക്കി എടുക്കും ചെയ്യാം ''. കുളിച്ചൊരുങ്ങി ഭക്ഷണം കഴിക്കുമ്പോഴേക്ക് ചെറിയമ്മയും ഇളയച്ഛനും എത്തി.

'' എവിടേക്കാ ഇത്ര നേരത്തേ '' ചെറിയമ്മ ചോദിച്ചു.

'' പപ്പനമ്മാമന്‍റെ വീട്ടിലേക്ക്. ഇന്ന് പകല് മുഴുവന്‍ അവിടെ കൂടും ''.

'' അവിടെത്തന്നെ എത്ത്വോലോ. അതോ വേറെ എവിടെയെങ്കിലും ചുറ്റിതിരിഞ്ഞ് നാലുദിവസം കഴിഞ്ഞ് മടങ്ങി വര്വോ ''.

'' എന്തിനാ അയാളെ ഇങ്ങിനെ കളിയാക്കുന്നത് '' ഇളയച്ഛന്‍ ഇടപെട്ടു '' ഒരുപാട് കാലം കഴിഞ്ഞ് പഴയ കൂട്ടുകാരന്മാര് തമ്മില് കാണുമ്പോള്‍ ഇങ്ങിനെ ചില സന്തോഷമൊക്കെ വേണ്ടേ ''.

'' നോക്കിക്കോളൂ ചെറിയമ്മേ. ഇനി തിരിച്ചു പോവുന്നതുവരെ ഒരു സ്ഥലത്തേക്കും ഞാന്‍ പോവില്ല ''.

'' അതാപ്പൊ നന്നായത്. ഒന്നുകില്‍ കുറുപ്പിന്‍റെ നെഞ്ഞത്ത്. അല്ലെങ്കില്‍ കളരിടെ പുറത്ത്. നിന്നോട് എങ്ങിട്ടും പോണ്ടാന്ന് ഞാന്‍ പറഞ്ഞ്വോ ''.

'' ഇനി അതു പറഞ്ഞ് നേരം കളയണ്ടാ '' ഇളയച്ഛന്‍ ഭക്ഷണം കഴിക്കാനിരുന്നു.

കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം പപ്പനമ്മാമന്‍ ഇറങ്ങി വന്നു. എഴുന്നേറ്റിട്ട് അധികനേരം ആയിട്ടില്ലെന്ന് തോന്നുന്നു. സ്വെറ്ററിട്ടിട്ടുണ്ട്, തലയിലൊരു മഫ്ലറും.

'' ദീപു എപ്പോഴാ എത്തിയത് '' മുറ്റത്ത് എത്തിയതും പപ്പനമ്മാമന്‍ ചോദിച്ചു.

'' ഇന്നലെ സന്ധ്യക്ക് ''.

'' രാജിടെ മകന്‍ രാവിലെ വന്നപ്പോഴേ ദീപു യാത്ര പോയ വിവരം അറിഞ്ഞു. പിന്നെ നമ്മുടെ മാധവന്‍ വന്നപ്പോഴാണ് ഉമ്മറ് സായ്‌വിന്‍റെ മകന്‍ വന്ന് കൂട്ടിക്കൊണ്ടു പോയതാണെന്ന് അറിഞ്ഞത് ''.

'' വൈകുന്നേരം മടങ്ങി വരും എന്ന് പറഞ്ഞതോണ്ട് ചെന്നതാണ്. ഓരോ ദിക്കില് കറങ്ങി ദിവസം നാല് പോയി ''.

ആഹാരത്തിന്‍റെ പാത്രവുമായി അകത്തേക്ക് കയറി. വീടിനകം വെവ്വേറെ മുറികളായി തിരിച്ചിട്ടില്ലെന്ന് അപ്പോഴാണ് അറിയുന്നത്. സിമിന്‍റ് കട്ടകള്‍കൊണ്ട് നിര്‍മ്മിച്ച് തേച്ചിട്ടില്ലാത്ത ഭിത്തി. വീടിന്‍റെ മുമ്പിലും പുറകിലും ഓരോ വാതില്, നാലു ചുവരുകളിലും ഈരണ്ട് ജനാലകള്‍, ഇരുമ്പുകൊണ്ടുള്ള മേല്‍ക്കൂര. അലുമിനീയംഷീറ്റുകള്‍ മേഞ്ഞിട്ടുണ്ട്. സിമിന്‍റുതറയില്‍ സമചതുരത്തിലുള്ള കളങ്ങള്‍. ഭിത്തിയില്‍ പല ഭാഗത്തായി നാലഞ്ച് വൈദ്യുത വിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഒരു ഫോട്ടോ മാത്രമാണ് ഏക അലങ്കാരം. കയറിചെല്ലുന്ന വാതിലിന്‍റെ വലതുവശത്ത് ഒരു പലകകട്ടില്‍. അതിന്‍റെ തല ഭാഗത്ത് മടക്കിവെച്ച പുല്ലുപായയും തലയണ്ണയും. മറുവശത്ത് മേശയും കസേലയും. ഒരു ചാരുകസേല  മടക്കിചുമരില്‍ ചാരിവെച്ചിട്ടുണ്ട്. ഒരു മൂലയില്‍ സ്റ്റൌവും ഏതാനും പാത്രങ്ങളും. മരത്തിലുണ്ടാക്കിയ ഒരു പെട്ടി ഒരുവശത്ത് ഇരിപ്പുണ്ട്, അയക്കോല്‍ കെട്ടിയതില്‍ അഴിച്ചിട്ട വസ്ത്രങ്ങളും. അതോടെ സ്ഥാവര ജംഗമ വസ്തുക്കള്‍ തീര്‍ന്നു.

'' ഇതെന്താ ഇങ്ങിനെയൊരു വീട് '' മനസ്സില്‍ തോന്നിയത് വാക്കുകളായി പുറത്തെത്തി.

'' വെയിലും മഴയും കൊള്ളാതെ ചുരുണ്ടു കൂടാന്‍ ഒരു താവളം വേണം. അതിന് ഇതുതന്നെ ധാരാളം. സ്വകാര്യത വേണമെന്നുണ്ടെങ്കിലല്ലേ ഇടച്ചുമരൊക്കെ കെട്ടി വേര്‍തിരിക്കലൊക്കെ വേണ്ടൂ '' പപ്പനമ്മാമന്‍ തുടര്‍ന്നു '' മാത്രമല്ല എന്‍റെ കാലം കഴിഞ്ഞാല്‍ കോളനിയില്‍ ഉള്ളവര്‍ക്ക് പൊതു ആവശ്യത്തിന് ഇത് ഉപകരിച്ചോട്ടേ എന്നും കൂടി കരുതിയാണ് ഇങ്ങിനെ ഉണ്ടാക്കിയത് ''.

പപ്പനമ്മാമന്‍ വാട്ടിയ വാഴയിലപ്പൊതി തുറന്ന് രണ്ട് ആപ്പം ഒരു പ്ലേറ്റില്‍ മാറ്റിവെച്ചു. എന്നിട്ട് അതിനു മീതെ കുറച്ചു കറിയൊഴിച്ചു. വാതില്‍ക്കല്‍ ചെന്നു നിന്ന് അദ്ദേഹം '' ലീലേ '' എന്ന് ഉറക്കെ വിളിച്ചു. പൂര്‍ണ്ണ നഗ്നനായ രണ്ടു രണ്ടര വയസ്സായ ആണ്‍കുട്ടിയാണ് ഓടിയെത്തിയത്. അവന്‍റെ പിന്നാലെ ഓടി  വന്ന യുവതി വാതില്‍ക്കല്‍വെച്ച് കുട്ടിയെ കടന്നു പിടിച്ചു.

'' മുത്തച്ചന്‍റെ വിളിക്കിണത് കേട്ടതും വെളിക്കിരിക്കുന്ന ഇടത്തിന്ന് ചെക്കന്‍ ഓടി വന്നതാണ്. കഴുകീട്ടില്ല '' അവള്‍ പറഞ്ഞു.

'' ആ പ്ലെയിറ്റ് കൊണ്ടുപോയി അതിലുള്ളത് അവന് കൊടുക്ക് '' അദ്ദേഹം നിര്‍ദ്ദേശിച്ചു. കുട്ടിയുടെ കയ്യും പിടിച്ച് പ്ലെയിറ്റുമായി അവള്‍ തിരിച്ചു പോയി.

'' കഷ്ടം ഉണ്ട് അവളുടെ കാര്യം ആലോചിച്ചാല്‍ '' പപ്പനമ്മാമന്‍ ആത്മഗതമെന്നോണം പറയുന്നത് കേട്ടു.

'' എന്താ പ്രശ്നം '' ദിലീപ് മേനോന് ചോദിക്കാതിരിക്കാനായില്ല.

'' ആ പെണ്‍കുട്ടിക്ക് ഇരുപത് വയസ്സ് ആവുണതേയുള്ളു. ഒരു കുട്ടിയും ആയി. അപ്പോഴേക്കും എല്ലാം കഴിഞ്ഞു ''.

'' എന്താ പറ്റിയത് ''.

'' ഒരു പനി. രണ്ടാഴ്ചയോളം ആസ്പത്രിയില്‍ കിടന്നു. അതോടെ അവളുടെ കെട്ട്യോന്‍ പോയി ''.

'' രക്ഷിതാക്കളില്ലേ അവള്‍ക്ക് ''.

'' അച്ഛനും അമ്മയും നേരത്തെ മരിച്ചു. ഒരു ഏട്ടനുള്ളതിന്‍റെ ഭാര്യ കടന്ന സൈസ്സാണ്. ഇവളെ കൂടെ കൂട്ടില്ല. കെട്ട്യോന്‍ മരിക്കുന്നതിന്ന് മുമ്പ് ഈ വീടിന്‍റെ തൊട്ടപ്രത്ത് ഒരു വീട് പണിതിരുന്നു. അതിലാ താമസം ''.

'' അപ്പോള്‍ ആ കുട്ടിയുടെ ഭാവി ''.

'' അതന്ന്യാണ് ഞാനും ചിന്തിച്ചോണ്ടിരിക്കിണത്. അഞ്ചാറ് മാസം കൂടി കഴിയട്ടെ. പാകംപോലെ  ഒരു ചെക്കനെ കിട്ടിയാല്‍ കെട്ടിച്ചു വിടണം. പെണ്ണായാല്‍ ഒരു ആണ്‍തുണ വേണം. ആണിന്ന് ഒരു പെണ്ണും  ''.

'' എന്നിട്ടെന്താ പപ്പമ്മാമന്‍ കല്യാണം കഴിച്ചില്ല ''.

'' വിതച്ചതില്‍ നിന്നു തെറിച്ച് വരമ്പത്തു വീണ വിത്തല്ലേ ഞാന്‍ . മനുഷ്യന് പറഞ്ഞതൊന്നും എനിക്ക് ബാധകമല്ലല്ലോ ''.

'' എന്നാലും നല്ല കാലത്ത് അങ്ങിനെയൊരു ആലോചന തോന്നീട്ടില്ലേ ''.

'' ഇല്ല്യാന്ന് പറയില്ല. പക്ഷെ നടന്നില്ല. പിന്നെ ഒരിക്കല്‍ ഒക്കെ വിസ്തരിച്ച് പറഞ്ഞു തരാം ''.

പപ്പനമ്മാമന്‍ ആഹരം കഴിക്കാന്‍ തുടങ്ങി. ദിലീപ് മേനോന്‍ മേശപ്പുറത്തു നിന്ന് പത്രമെടുത്തു നോക്കി. തലേന്നാളത്തേതാണ്.

'' ഇന്നത്തെ പേപ്പറ് എവിടെ ''.

''ഞാന്‍ പേപ്പറ് വരുത്താറില്ല. ഉച്ചയ്ക്കു ശേഷം വായിച്ചു കഴിഞ്ഞ പത്രം ആരെങ്കിലും കൊണ്ടുവന്ന് തരും. എന്നിട്ട് വായിച്ചാല്‍ പോരേ ''.

'' എന്തിനാ പപ്പനമ്മാമാ ഇത്ര പിശുക്ക്. പെന്‍ഷന്‍ കിട്ടിണില്യേ. ഒരു പേപ്പറ് വരുത്തിക്കൂടേ. ടി.വി. വാങ്ങിച്ചൂടേ. നാട്ടില് നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാം. സിനിമയോ, പാട്ടോ, സീരിയലോ  എന്തു വേണമെങ്കിലും കാണാം ''.

'' അതിനൊന്നും കയ്യില്‍ കാശില്ല. കിട്ടുന്ന പെന്‍ഷന്‍ ചിലവിനുതന്നെ തികയാറില്ല ''.

'' അതെന്താ ഇത്രയധികം ചിലവ് ''.

'' ഇപ്പോള്‍ ലീലയേയും, കുട്ടിയേയും കണ്ടില്ലേ. അതുപോലെ കഴിഞ്ഞു കൂടാന്‍ വകയില്ലാത്ത കുറെ ജന്മങ്ങളുണ്ട് ഈ കോളനീല്. ഇവള്‍ക്ക് കുട്ടിയെവിട്ട് പണിക്ക് പോവാന്‍ പറ്റില്ല. ജോലി ചെയ്യാനുള്ള ആരോഗ്യമോ സഹായിക്കാന്‍ ആളുകളോ ഇല്ലാത്തവരാണ് ബാക്കിയുള്ള ആളുകള്‍. വല്ല  കഞ്ഞിയോ വെള്ളമോ വേണ്ടേ ജീവന്‍ കിടക്കാന്‍. എനിക്ക് കിട്ടുന്നത് അവര്‍ക്കൊക്കെ വീതം വെക്കും. പിന്നെ വലുതായിട്ടൊന്നും ബാക്കി കാണില്ല ''.

പപ്പനമ്മാമനോടുള്ള ആദരവ് കൂടുകയാണ്. അന്യരുടെ സങ്കടം തീര്‍ക്കാന്‍ ഉഴിഞ്ഞുവെച്ച ജീവിതമാണ് അദ്ദേഹത്തിന്‍റേത് എന്നു പറയുന്നത് വെറുതെയല്ല. എന്തെങ്കിലും അദ്ദേഹത്തിന്നു വേണ്ടി ചെയ്യണം.

'' ഞാന്‍ ഒരു ടി.വി. വാങ്ങിത്തരട്ടെ ''.

'' വല്ലതും ചെയ്യണം എന്നുണ്ടെങ്കില്‍ '' പപ്പനമ്മാമന്‍ ഒന്നു നിറുത്തി വീണ്ടും തുടര്‍ന്നു '' ഇവിടെ കുറെ പാവപ്പെട്ട കുട്ടികളുണ്ട്. അവര്‍ക്ക് കളിപ്പാട്ടങ്ങളോ കുട്ടികള്‍ക്കുള്ള സൈക്കിളോ വാങ്ങിക്കൊടുത്താല്‍ മതി ''.

'' ഷുവര്‍ '' അയാള്‍ ഏറ്റു.

വൃദ്ധന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അയാള്‍ മെല്ലെ കട്ടിലിലേക്ക് ചെരിഞ്ഞു.